“എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവരുവാൻ എന്റെ അമ്മ ഒരു പ്രവശ്യമേ പ്രസവവേദന അനുഭവിച്ചുള്ളു. എന്നാൽ എനിക്ക് നിത്യജീവൻ തരാൻ കഠിനവേദന ദീർഘനാൾ അവൾ അനുഭവിക്കേണ്ടി വന്നു” വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ.
“പാപത്തിൽ ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ അമ്മയുടെ അഗാധസ്നേഹത്തിന്റെ ഹൃദയം ആഴത്തിൽ മുറിവേൽക്കുമായിരുന്നു. അവൾ അങ്ങയുടെ ദിവ്യഭവനം മുടങ്ങാതെ സന്ദർശിച്ചിരുന്നത് വ്യർത്ഥഭാഷണങ്ങൾ നടത്തി സമയം കളയാനല്ല. കണ്ണുനീരൊഴുക്കി അവൾ യാചിച്ചത് പൊന്നോ വെള്ളിയോ, നശ്വരമായ ഭൗതികവസ്തുക്കളോ ഒന്നിനുമല്ല ..അവളുടെ മകന്റെ രക്ഷയാണ് അവൾ പ്രാർത്ഥിച്ചത്. അത് അങ്ങേക്ക് എങ്ങനെ നിരസിക്കാൻ കഴിയും? അവളെ ഇത്രയധികം പുണ്യവതിയാക്കിയത് അങ്ങയുടെ കരുണയാണ്. അങ്ങനെയെങ്കിൽ അവളുടെ പ്രാർത്ഥന അങ്ങേക്ക് അവഗണിക്കാൻ കഴിയുമോ? ഒരിക്കലുമില്ല”.
സെൽഫ് എക്സ്പ്ലനേറ്ററി ആയ ഈ വാക്കുകൾ, കണ്ണുനീരിന്റെ; ഉള്ളുലഞ്ഞുള്ള പ്രാർത്ഥനയുടെ; പുത്രന്മാരും പുത്രികളും ഒരിക്കലും നശിച്ചുപോകുകയില്ലെന്ന വലിയ ആശ്വാസമാണ് നമുക്ക് തരുന്നത്. പാപത്തിന്റെ കുഴിയിലായിരുന്ന അഗസ്റ്റിനെ വിശുദ്ധനാക്കിയ, കണ്ണുനീരുണങ്ങാത്ത തൂവാല പിടിച്ചു വർഷങ്ങൾ ജീവിച്ചൊടുവിൽ സ്വയം വിശുദ്ധപദവിയിലേക്കുയർന്ന പുണ്യവതിയുടെ, ത്യാഗങ്ങൾ സഹിച്ചുള്ള പ്രാർത്ഥന!
മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്, അനിതരസാധാരണമായ അവളുടെ വിശുദ്ധി കൊണ്ടാണ്. ദ്രോഹിക്കുന്നവരോട് ക്ഷമിച്ച്, അവരുടെ മാനസാന്തരത്തിനായും ആത്മരക്ഷക്കായും പ്രാർത്ഥിക്കാൻ കഴിയുന്നത് ഒട്ടും എളുപ്പമല്ല. അവളെ ദൈവം ഏൽപ്പിച്ച ആരെയും അവൾ നഷ്ടപ്പെടുത്തിയതുമില്ല.
നിരന്തരം ദ്രോഹിച്ചിരുന്ന ഭർത്താവിന്റെയും അമ്മായിഅമ്മയുടെയും കൂടെയുള്ള ജീവിതം, അതുകണ്ടു പരിഹസിക്കുന്ന വേലക്കാരികൾ… മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, നരകത്തിലൂടെന്ന പോലെയാണ് അവൾ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു ദിവസം പോലും ആശ്വാസം ലഭിക്കാത്ത അവസ്ഥ. മകൻ വലുതായപ്പോഴോ, അവൻറെ ദുർനടത്തം വഴിയുള്ള സഹനം. ദൈവത്തോട് പോലും ദേഷ്യം തോന്നാതെ ആർക്ക് പിടിച്ചു നിൽക്കാൻ പറ്റും ഈ സാഹചര്യങ്ങളിൽ! പക്ഷേ ദ്രോഹിച്ചവരുടെയും മകന്റെയും സ്വർഗ്ഗപ്രവേശനം ഉറപ്പാക്കിയിട്ടേ അവൾ പിൻവാങ്ങിയുള്ളു, നിത്യമായി വിശ്രമിച്ചുള്ളൂ.
എനിക്ക് വളരെ ഇഷ്ടപ്പെട്ട വിശുദ്ധയാണ് മോനിക്കാ പുണ്യവതി. സഹനത്തിനും കണ്ണീരോടെയുള്ള പ്രാർത്ഥനക്കും അർത്ഥമുണ്ട് എന്ന് കാണിച്ചുതന്നവൾ. ഒന്നും വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയോ വായുവിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്ന പോലെയോ അല്ല.സ്ത്രീകൾ വിവാഹജീവിതത്തിൽ സഹിക്കുന്ന കാണുമ്പോൾ എന്തിനാ നീ ഇത്ര സഹിക്കുന്നെ? ഇറങ്ങിപ്പോന്നൂടെ എന്ന് പറയുന്നവരുണ്ടാകും. ഇഷ്ടം കൊണ്ടാകും കേട്ടോ. പിന്നെയും കുറെ പേർ സഹതാപവും നിസ്സഹായതയും പ്രകടിപ്പിക്കും. എന്നാൽ ദൈവത്തിന് പദ്ധതികളുണ്ട്. ഇന്നത്തെ കാലത്ത് ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കാൻ മാത്രം സഹനശക്തിയുള്ളവരും കുറവ്.
എന്തിനാണ് സഹനം? ദൈവം ഇത്ര ക്രൂരനാണോ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ, ക്രിസ്ത്യാനിയല്ലാതിരുന്ന, ക്ഷിപ്രകോപിയായ, ഉപദ്രവിച്ചിരുന്ന, ഭർത്താവ് ക്രിസ്ത്യാനിയായത്, മാനസാന്തരപ്പെട്ടു കുഞ്ഞാടിനെ പോലെ ആയത്, ദൈവമകനായി മരിച്ചത്, അമ്മായി അമ്മ മാനസാന്തരപ്പെട്ടത്, ചുറ്റുപാടുമുള്ള അനേകം കുടുംബങ്ങൾ വഴക്കുമാറി രക്ഷപ്പെട്ടത്… ദുർനടത്തം കൊണ്ട് ഒരു കുഞ്ഞുണ്ടായ മകൻ, മാനിക്കേയിസത്തിൽ ആണ്ടുപോയിരുന്നവൻ, മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായത് , പുരോഹിതനായത് , ബിഷപ്പായത്, കത്തോലിക്കാ സഭയിലെ വിശുദ്ധനായത്, പങ്കുവെച്ച ക്രിസ്തീയ സിദ്ധാന്തങ്ങളും പഠനങ്ങളുമൊക്കെ മറ്റുള്ളവർ സഹസ്രാബ്ദങ്ങളോളം അതിശയത്തോടെ നോക്കികാണുന്ന പണ്ഡിതനായത്, സഭയിലെ വേദപാരംഗതനായത്… സ്വയം ഒരു വിശുദ്ധയായി മോനിക്ക പുണ്യവതി ദൈവസന്നിധിയിലേക്കെടുക്കപ്പെട്ടത് …ഇതൊക്കെ ദൈവത്തെ കൂട്ടുപിടിച്ചു സഹിച്ചുകൊണ്ടുള്ള അവളുടെ പ്രാർത്ഥനയാൽ സാധ്യമായതാണെന്നോർക്കുമ്പോൾ, ദൈവഹിതപ്രകാരമുള്ള സഹനത്തിന്, പ്രാർത്ഥനക്ക്, മൂല്യമില്ലേ? അർത്ഥമില്ലേ?
ചില കാര്യങ്ങൾ മാത്രം എടുത്തുപറയാം.
ചെറുപ്പത്തിലേ തന്നെ ആത്മനിയന്ത്രണവും പാവങ്ങളോട് കരുണയും ദൈവഭക്തിയും ശീലിച്ചാണ് അവൾ വളർന്നത്. തങ്ങളെ മറ്റുള്ളവർ വിമർശിക്കുമ്പോൾ, വിമർശിക്കുന്നവരോട് ദേഷ്യം തോന്നാതെ തങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നത് വീരോചിതമായ പ്രവൃത്തിയാണ്, തങ്ങളെ നേർവഴിക്കു നടത്താൻ ദൈവമാണ് അവരെ നിയോഗിച്ചത് എന്ന് കരുതുന്നതും. വെള്ളം കുടിക്കുന്നതിനു മോനിക്ക സ്വയം നിയന്ത്രണം വെച്ചിരുന്നത് കൊണ്ട്, ഭക്ഷണത്തിന് ശേഷമുള്ള വീഞ്ഞുകുടി സാധാരണമായ അക്കാലത്ത്, വേലക്കാരികളോട് കൂടെ നിലവറയിലേക്ക് വീഞ്ഞെടുക്കാൻ പോകുമ്പോൾ ഒരു കവിൾ വീഞ്ഞ് കുടിക്കുന്നത് അവൾ ശീലമാക്കിയിരുന്നു. അതിന്റെ അളവ് കൂടുകയും അത് സ്ഥിരമാവുകയും ചെയ്തപ്പോൾ ഒരു വേലക്കാരി അവളെ കളിയാക്കി. അവളുടെ ആത്മീയജീവിതത്തെ കളിയാക്കുന്ന തരത്തിൽ പറഞ്ഞപ്പോൾ അവൾക്ക് ചെറുതായി ദേഷ്യം വന്നു പ്രതികരിച്ചു. അപമാനിതയായ പരിചാരിക അവളെ മദ്യപാനി എന്ന് വിളിച്ചു. എല്ലാവരുടെയും മുമ്പിൽ കുറെ പ്രാർത്ഥന പോലെ കാണിച്ച്, ഇതുപോലെ വീഞ്ഞു കുടിക്കുന്നത് കപടവിശ്വാസമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു.
പെട്ടെന്ന് അവൾക്ക് ബോധോദയമുണ്ടായി. തെറ്റ് മനസ്സിലായി. നിറകണ്ണുകളോടെ പരിചാരികമാരോട് മാപ്പ് പറഞ്ഞു. വെള്ളമല്ലാതെ വേറെയൊന്നും കുടിക്കില്ലെന്നവൾ പ്രതിജ്ഞയെടുത്തു.അത് പിന്നെ തെറ്റിച്ചിട്ടില്ല.
അന്നാട്ടിലെ സ്ത്രീകൾ അവരുടെ ഭർത്താവിന്റെയും അമ്മായിഅമ്മയുടെയും കുറ്റങ്ങൾ പറഞ്ഞ് നടക്കുമ്പോൾ, ഇത്രയും സഹനമുണ്ടായിട്ടും അവരെ കുറ്റം പറയാൻ വാ തുറക്കാത്ത അവളെ കാണുമ്പോൾ അവർക്കൊക്കെ അത്ഭുതമായിരുന്നു. എത്ര ഉപദ്രവിച്ചിട്ടും തന്നോട് ദേഷ്യത്തിൽ ഒന്നും പറയാതെ തനിക്ക് വേണ്ടി മുട്ടുകുത്തി അവൾ പ്രാർത്ഥിക്കുന്ന കാണുന്ന പട്രീഷ്യസിന്റെ സ്വഭാവത്തിൽ പിന്നീട് അയവുവരാൻ തുടങ്ങി. അയല്പക്കത്തുള്ള വീടുകളിൽ സമാധാനം ഉണ്ടാകാൻ കാരണം തന്റെ ഭാര്യയാണെന്നും അറിഞ്ഞു. ആ സ്ത്രീകൾക്ക് , ഭർത്താവ് ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളുമ്പോഴും സ്നേഹത്തോടെ പ്രതികരിക്കാനും അവർക്കായി മുട്ടിപ്പായി പ്രാർത്ഥിക്കാനും ഉപദേശിച്ചുകൊടുത്തത് മോനിക്കയായിരുന്നു. അവരുടെ കുടുംബങ്ങളിൽ അത് സമാധാനമുണ്ടാക്കി. ക്രിസ്ത്യാനികളെ വെറുത്തിരുന്ന പട്രീഷ്യസ് ക്രിസ്ത്യാനിയായത് ആ നാട്ടിൽ സംസാരവിഷയമായി. കോപിഷ്ഠനായിരുന്ന അയാളെയും നിരന്തരം ബുദ്ധിമുട്ടിച്ച അമ്മായി അമ്മയെയും ശാന്തസ്വഭാവക്കാരായി മോനിക്ക പുണ്യവതി മാറ്റിയെടുത്തു.
അവളുടെ നിശ്ചയദാർഢ്യം അതുപോലെ തന്നെ പ്രശംസനീയമാണ്. അനേകം കൊല്ലങ്ങൾ കണ്ണീരൊഴുക്കി ത്യാഗമെടുത്ത് പ്രാർത്ഥിച്ചിട്ടും, തന്റെ മകൻ വിവാഹം കഴിക്കാതെ ഒരു കുഞ്ഞിന്റെ പിതാവാകുന്ന അത്രക്കും അധപതിച്ചത് അറിഞ്ഞതിനേക്കാൾ വേദനയായിരുന്നു അവൻ മാനിക്കേയിസം പ്രചരിപ്പിക്കാൻ നടക്കുന്നു എന്നറിഞ്ഞപ്പോൾ മോനിക്കക്ക് ഉണ്ടായത്. അവൾ മകൻ വന്നപ്പോൾ ആദ്യമായി വീട്ടിൽ കയറ്റിയില്ല.പക്ഷേ, ദൈവത്തോട് ഒരിക്കലും മറുതലിച്ചില്ല.അവൾക്കുണ്ടായ ഒരു ദർശനത്തിൽ ഒരു ദൂതൻ അഗസ്റ്റിനെ അവളോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു, “വിഷമിക്കേണ്ട മകളെ, നീ എവിടെ നിൽക്കുന്നോ അവിടെ തന്നെയാകും നിന്റെ പുത്രനും.’ അത് മോനിക്കക്ക് ആശ്വാസം നൽകി.
ദർശനം വിവരിച്ച അമ്മയോട് അഗസ്റ്റിൻ പറഞ്ഞു മനിക്കേയിസത്തിലേക്ക് അമ്മയും വരും എന്നാണതിന്റെ അർത്ഥമെനന്ന്. മോനിക്ക അവനെ തിരുത്തി, “നീ എവിടെയാണോ അങ്ങോട്ട് ഞാൻ വരുമെന്നല്ല, ഞാനെവിടെയാണോ അങ്ങോട്ട് നി വരുമെന്നാണ് പറഞ്ഞത്”. പിന്നീടങ്ങോട്ട്, തന്റെ മകനെ സാന്നിധ്യം കൊണ്ടും അതിന് പറ്റാത്തപ്പോൾ മനസ്സുകൊണ്ടും വിടാതെ പിന്തുടരുകയായിരുന്നു നിശ്ചയദാർഢ്യമുള്ള ആ അമ്മ, കണ്ണീരൊഴിയാത്ത തൂവാലയോടെ. മകൻ റോമിലേക്ക് പോകുന്നെന്നറിഞ്ഞു തടയാൻ കാർത്തേജിൽ എത്തിയെങ്കിലും കണ്ണ് വെട്ടിച്ചു പോയ മകനെ തേടി കപ്പലിൽ തനിയെ റോമിലേക്ക്, അതിനിടയിൽ കൊടുങ്കാറ്റടിച്ചു കപ്പൽനാശമുണ്ടാകുമെന്ന് എല്ലാവരും ഭയന്നപ്പോൾ മോനിക്കയുടെ ദൈവവിശ്വാസം അവർക്ക് തുണയായി. എല്ലാം കഴിഞ്ഞ് റോമിലെത്തിയപ്പോൾ അറിയുന്നു മകൻ മിലാനിലേക്ക് മുങ്ങിയെന്ന്. വിടാതെ അങ്ങോട്ടും വെച്ചടിച്ചു ആ അമ്മ.
ഈ ഭൂമിയിലെ വാസവും ശരീരവും ഒന്നുമല്ല നിത്യജീവനാണ് പ്രധാനമെന്നും നിലനിൽക്കുന്നതെന്നും അവൾക്കു നന്നായറിയാമായിരുന്നു. എല്ലാറ്റിനും ശേഷം തന്റെ മകന്റെ മാനസാന്തരം കാണാൻ ഭാഗ്യമുണ്ടായപ്പോൾ ” ഇനിയെന്താണ് എനിക്കിവിടെ ചെയ്യാനുള്ളത് ?” എന്നായിരുന്നു അവളുടെ ചോദ്യം. എത്രയും വേഗം ദൈവത്തോട് നിത്യതയിൽ ആയിരിക്കാൻ ആയിരുന്നു പിന്നീട് അവളുടെ ആഗ്രഹം. അത് വളരെവേഗത്തിൽ സാധിച്ചു കിട്ടുകയും ചെയ്തു. അവൾ മടങ്ങി, തന്റെ നിത്യസമ്മാനത്തിനായി.
“എന്റെ ശരീരം എവിടെ അടക്കിയാലും വേണ്ടില്ല, ഇതിനെക്കുറിച്ച് നിങ്ങൾ ഒരുവിധത്തിലും ആകുലരാകേണ്ടതില്ല. ഒന്നുമാത്രമേ എനിക്ക് അപേക്ഷിക്കാനുള്ളു, നിങ്ങൾ എവിടെയായിരുന്നാലും കർത്താവിന്റെ അൾത്താരയുടെ അടുക്കൽ എന്നെ ഓർമ്മിക്കണം”, അഗസ്റ്റിനോടും സഹോദരനോടും മരണക്കിടക്കയിൽ അവൾ പറഞ്ഞു. അമ്പത്തിയാറാം വയസ്സിൽ, നിർത്താതെ കണ്ണീരൊഴുക്കിയിരുന്ന വിശുദ്ധയായ ആ അമ്മയുടെ കണ്ണുകൾ മകൻ അവസാനമായി തിരുമ്മിയടച്ചു.
ഒരുദിവസവും മുടങ്ങാതെ ദിവ്യബലിയിൽ സംബന്ധിച്ചിരുന്ന അവൾക്ക് ബലിപീഠത്തിൽ നിന്നൊഴുകുന്ന ഈശോയുടെ ദിവ്യരക്തത്തിന്റെ വില അറിയാമായിരുന്നു. അതുകൊണ്ടാണ് അൾത്താരയിൽ അവളെ ഓർക്കണമെന്ന് മാത്രം അവൾ ആവശ്യപ്പെട്ടത്
ഭാഗ്യപ്പെട്ട അമ്മ എന്ന് നമ്മളിപ്പോൾ പറയും പക്ഷേ ആ അമ്മ ജീവിതത്തിലുടനീളം നമ്മുടെ കണ്ണിൽ, കഷ്ടപ്പെട്ട അമ്മയായിരുന്നു, കഷ്ടപ്പെട്ട ഭാര്യയായിരുന്നു, കഷ്ടപ്പെട്ട മരുമകളായിരുന്നു. ബൈബിളിൽ പറയും പോലെ, ഒരാൾ നിർഭാഗ്യവാനോ അനുഗ്രഹീതനോ എന്ന് തീരുമാനിക്കുന്നത് അയാളുടെ മരണമാണ്, ജീവിതത്തിലെ കഷ്ടപ്പാടുകളല്ല, കണ്ണുനീരല്ല, വേദനയല്ല, ആർഭാടങ്ങളോ സുഖസൗകര്യങ്ങളോ അല്ല.
കത്തോലിക്കാസഭയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന മോനിക്ക പുണ്യവതി നമുക്ക് വഴികാട്ടിയാവട്ടെ.മാധ്യസ്ഥം യാചിക്കാം നമുക്കവളോട് , നമ്മളെ വിശുദ്ധരാക്കാനും കുടുംബാംഗങ്ങളുടെ വിശുദ്ധിക്കായും ദൈവസന്നിധിയിൽ നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ.
ജിൽസ ജോയ്