നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് … ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം …

ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ. ക്രിസ്തു ശിരസ്സായുള്ള സഭയുടേതും കൂട്ടായ്മയുടെ ജീവിതമാകണം , ആദിമസഭയിലെ പോലെ .തമ്മിൽ തമ്മിലും പുറമെയുള്ളവരോടും തുറവിയുള്ളവർ.

ലോകസൃഷ്ടിയോ യേശുവിന്റെ മനുഷ്യാവതാരമോ ,വിശുദ്ധ കുർബ്ബാനയോ ,ഓരോ മനുഷ്യാത്മാവിലെയും വാസമോ …അങ്ങനെ ഏതെടുത്താലും മൂവരുടെയും കൂട്ടായ പ്രവർത്തനമുണ്ട്. പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന മൂവർ.ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മൾ, ത്രിത്വൈകദൈവം മൂവരും ചേർന്നുള്ള ഐക്യത്തിൽ നിലനിൽക്കും പോലെ , മറ്റുള്ളവരോടുള്ള സ്നേഹത്തിൽ നിലനിൽക്കുമ്പോഴാണ് ദൈവമക്കൾ ആകുന്നത്.

കടലും കരയും കടന്നു ദൈവത്തെയും, ഹൃദയസമാധാനത്തേയും സംതൃപ്തിയെയും അന്വേഷിച്ച് നട്ടംതിരിയുന്നവരോട് പരിശുദ്ധ ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്തിന് പറയാനുള്ളത് ഉള്ളിലേക്ക് നോക്കാനാണ്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും വാസസ്ഥലമാണ് മനുഷ്യൻ എന്നസത്യം അവൾ വിശ്വസിച്ചു, അനുഭവിച്ചു, അവരുമായി നിരന്തരസമ്പർക്കത്തിന് ശ്രമിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം പ്രേഷിതത്വം അടങ്ങിയിരിക്കുന്നത് ദൈവൈക്യത്തിലും സ്നേഹത്തിലുമാണ്. ഇത് എൻറെ ജീവിതത്തിൽ സാർത്ഥകമാകുന്നതിനും അങ്ങനെ പ. ത്രിത്വത്താൽ ആവൃതയായി ജീവിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ”. അവൾ തൻറെ അമ്മക്കെഴുതി, “നമ്മുടെ ആത്മാവ് ദൈവഭവനമാണ്.രാപകൽ മൂന്നു ദൈവആളുകളും നമ്മിൽ വസിക്കുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ മാത്രമേ മിശിഹായുടെ മനുഷ്യത്വം നമ്മോടുകൂടെ സ്ഥിതി ചെയ്യുന്നുള്ളു. എന്നാൽ വിശുദ്ധർ സ്വർഗ്ഗത്തിൽ ആരാധിക്കുന്ന ദൈവത്വം സദാ നമ്മിൽ വസിക്കുന്നു”.

കൊറോണ വ്യാപിക്കുന്നതിന് മുൻപുള്ള വർഷത്തെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ ദിവസം. അപ്പോഴൊക്കെ ഞായറാഴ്ച ഇവിടെ പ്രവൃത്തിദിവസമായിരുന്നു, എല്ലാ ദിവസവും ജോലിക്ക് പോകും മുൻപ് വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാറുമുണ്ടായിരുന്നു. അന്നത്തെ കുടുംബപ്രാർത്ഥനക്കിടയിൽ ലുത്തിനിയ ചൊല്ലുമ്പോൾ ‘ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ‘ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്ന വരി വന്നപ്പോൾ ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ ദിവസമാണല്ലോ എന്ന ഓർമ്മയിൽ ആ വരി തന്നെ കുറച്ചു വട്ടം ആവർത്തിച്ചു ഞാൻ ചൊല്ലി. ഏകദൈവമായ പരിശുദ്ധ ത്രിത്വമേ , എന്ന് അങ്ങേയറ്റത്തെ സ്നേഹത്തോടെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ദൈവസ്നേഹം ഉള്ളിലേക്ക് ഇരമ്പിവന്ന ഒരു അനുഭവമുണ്ടായി. എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ പതിനേഴാം അധ്യായത്തിൽ തന്റെ എല്ലാകാലത്തെയും ശിഷ്യർക്കായി യേശു നടത്തിയ അഗാധമായ പ്രാർത്ഥന ത്രിത്വത്തിലെ ആളുകളും നമ്മളും തമ്മിലുള്ള ഐക്യത്തിന് വേണ്ടിയുള്ളതാണെന്നാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറഞ്ഞത്. ” ശ്വസിക്കൽ പോലുള്ള ദൈവികനിവേശനം വഴി പരിശുദ്ധാത്മാവ് അത്യുന്നതത്തിലേക്ക് ആത്മാവിനെ ഉയർത്തുന്നു. പഠിപ്പിക്കുന്നു. ദൈവത്തിൽ ശ്വസിക്കാൻ കഴിവുള്ളവളാക്കുന്നു. പിതാവ് പുത്രനിലും പുത്രൻ പിതാവിലും ശ്വസിക്കുന്ന സ്നേഹത്തിന്റെ അതേ ശ്വസനം തന്നെയാണിത്. സ്നേഹത്തിന്റെ ഈ ശ്വസനം പരിശുദ്ധാത്മാവ് തന്നെയാണ്”.

‘അവാച്യമായ നെടുവീർപ്പുകളാൽ നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്ന പരിശുദ്ധാത്മാവ്’ പരിശുദ്ധ കുർബ്ബാനയുടെ സമയത്ത് പ്രത്യേകമായി നമുക്ക് അത് സാധ്യമാക്കി തരുന്നു. നമുക്കായി ദിവസവും, നിരന്തരം, കുരിശിലെ യാതനകളും മരണവും അർപ്പിക്കുകയും , നമുക്കായുള്ള യാചനകള്‍ ആവർത്തിക്കുകയും ദൈവപിതാവിനോട് അടിയന്തിരമായി കരുണയും കൃപയും നമുക്കുവേണ്ടി ആവശ്യപ്പെടുകയും ചെയ്യുന്ന പുത്രനായ ദൈവവും പരിപാവനമായ അൾത്താരയിലെ ബലി വഴിയാണ് നമുക്കുവേണ്ടിയുള്ള മാധ്യസ്ഥം കൂടുതലും സാധിക്കുന്നത്. ആ ഒരു ഓർമ്മയിൽ വിശുദ്ധ കുർബ്ബാനയിൽ ഭക്തിപൂർവ്വം നമുക്ക് പങ്കെടുക്കാം. കൃപക്കായി യാചിക്കാം.

ത്രിനിത്താസ് എന്ന ലത്തീൻ പദത്തിൽ നിന്നാണ് ട്രിനിറ്റി എന്ന ഇംഗ്ലീഷ് വാക്ക് രൂപം കൊണ്ടത്. തുല്യരായ മൂന്നാളുകൾ ഏകദെവത്തിൽ, എന്നാണ് പരിശുദ്ധ ത്രിത്വം അല്ലെങ്കിൽ ത്രീയേകദൈവം എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്‌. “പുത്രൻ എന്തായിരിക്കുന്നോ അത് തന്നെയാണ് പിതാവ് ; പിതാവ് എന്തായിരിക്കുന്നോ അത് തന്നെയാണ് പുത്രൻ ; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നോ അത് തന്നെയാണ് പിതാവും പുത്രനും ; അതായത് സ്വഭാവത്തിൽ ഒരു ദൈവമാണ്” ( CCC 253)

ഈശോയുടെ മാമോദീസ സമയത്ത് പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും വ്യക്തമായ സാന്നിധ്യം ഉണ്ടായതുപോലെ നമ്മൾ മാമോദീസ സ്വീകരിക്കുമ്പോഴും ഒരു ത്രിത്വൈകബന്ധം അവിടെ ഉടലെടുക്കുന്നു. പിതാവായ ദൈവത്തിന്റെ മക്കളാകുന്നു, സഹോദരസ്നേഹത്തിൽ ഈശോയിൽ ഒന്നിക്കുന്നു. ഈശോയും പിതാവുമൊന്നിച്ചുള്ള സമർപ്പണജീവിതത്തിനു പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു.ഓരോ ക്രിസ്ത്യാനിയുടെയും വിളി പുത്രനായ ദൈവത്തോട് ഒന്നായി, പരിശുദ്ധാത്മശക്തിയിൽ പിതാവിനോടുള്ള സ്നേഹത്തിൽ വളരുന്നതാണ്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള അടുപ്പത്തിൽ വളരുമ്പോൾ ഈ സ്നേഹത്തിൽ നമ്മൾ ആഴപ്പെടുന്നു.

മാലാഖമാരും വിശുദ്ധരുമടങ്ങിയ സ്വർഗ്ഗീയഗണങ്ങളാൽ സദാ ആരാധിക്കപ്പെടുന്ന പരിശുദ്ധത്രിത്വം നമ്മുടെ ഹൃത്തിനുള്ളിൽ വസിക്കുമെന്നുള്ളത് എത്ര വിസ്മയനീയകരമായ കാര്യമാണ്.

ഓ എന്റെ ഈശോ, ഇതാ ഞാൻ എന്നെ പൂർണ്ണമായും അങ്ങയുടെ ദിവ്യസ്നേഹത്തിന് സമർപ്പിക്കുന്നു. ഞാൻ അങ്ങിൽ ഒന്നായിത്തീരട്ടെ. അങ്ങയോടുള്ള സ്നേഹത്തെപ്രതി അങ്ങയുടെ ഹിതത്തിന് എന്നെ പൂർണ്ണമായും വിട്ടുതരുന്നു.

ഏതവസ്ഥയിലും ഓരോ നിമിഷത്തിലും ഇപ്പോഴും എപ്പോഴും അങ്ങയുടെ ഹിതത്തെ സ്നേഹിച്ചുകൊണ്ട് അങ്ങിൽ ഒന്നായിതീർന്ന്, പരിശുദ്ധ സ്നേഹത്തിൽ ജീവിക്കാനുള്ള കൃപക്കായി പരിശുദ്ധാത്മാവേ ഞാൻ പ്രാർത്ഥിക്കുന്നു.

അങ്ങനെ ഞാൻ പരിശുദ്ധ സ്നേഹത്തിന്റെ ബലിവസ്തു ആയി മാറട്ടെ. പിതാവേ , അങ്ങേ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോമിശിഹായുടെ തിരുഹൃദയത്തിലെ അനന്തസ്നേഹം ഓരോ നിമിഷവും അങ്ങേക്ക് ഞാൻ അർപ്പിക്കുന്നു .എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ..

പരിശുദ്ധ ത്രിത്വത്തിന് പ്രത്യേകം പ്രസാദിച്ച ആലയമാണ് പരിശുദ്ധ അമ്മ. പരിശുദ്ധ ത്രിത്വത്തിന് ഇഷ്ടപ്പട്ട പൂങ്കാവനമായി നമ്മുടെ ഹൃദയം മാറാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കാം. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെവരോടും കൂടെ ഉണ്ടായിരിക്കട്ടെ ( 2 കോറി 13 : 14)

എല്ലാവർക്കും എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ മംഗളങ്ങൾ ഒരുപാട് സ്നേഹത്തോടെ ആശംസിക്കുന്നു.

ജിൽസ ജോയ് ✍️