സിഎന്‍എന്‍ പ്രക്ഷേപണം ചെയ്ത ടോക് ഏഷ്യ അഭിമുഖ പരിപാടിയില്‍ ചാനലിന്റെ അന്ന കൊരെണ്‍ പെലെയോട് ചോദിച്ചു, “ഫുട്ബോളിന്റെ സ്വപ്നതുല്യമായ കരിയറിനോട് 3 ദശാബ്ദമായി വിടപറഞ്ഞിരിക്കുമ്പോഴും, ലോകം മുഴുവനും പറയുന്നു താങ്കളാണ് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോളറെന്ന്, താങ്കള്‍ക്കെന്ത് തോന്നുന്നു?”.
പെലെ പറഞ്ഞു, “അതൊരു വലിയ ഉത്തരവാദിത്വമാണ്. കാരണം ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്. അത് കൊണ്ട് എന്നാല്‍ കഴിയും വിധം ഞാന്‍ പരിശ്രമിച്ചു”.
പെലെ എന്ന മഹത് വ്യക്തി തന്റെ 82-മത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഒരു ഫുട്ബോള്‍ ഇതിഹാസമെന്ന നിലയിലായിരിക്കും ഇന്ന് പുലര്‍ച്ചെ ഇറങ്ങുന്ന പത്രങ്ങള്‍ അദ്ദേഹത്തെ നമുക്ക് മുമ്പില്‍ ചര്‍ച്ച ചെയ്യുക. എന്നാല്‍ ഒരു ഉറച്ച കത്തോലിക്കാ സഭാംഗമായ ക്രിസ്തു വിശ്വാസി എന്ന നിലയിലും ഉത്തമ കുടുംബനാഥന് എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ യാത്ര എന്നത് വിസ്മരിക്കാതിരിക്കാനാകും ഈ കുറിപ്പ്.
“എനിക്ക് കരുത്തുണ്ട്, കാരണം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു,” എന്ന സന്ദേശം രോഗത്തോടും മരണത്തോടും പടവെട്ടി ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും ലോകത്തോടറിയിച്ച സന്ദേശത്തിലൂടെ താന്‍ ഉറച്ച ദൈവവിശ്വാസിയാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ തനിക്കുള്ള ദൈവവിശ്വാസം തന്റെ മക്കള്‍ക്കും പകര്‍ന്നു നല്കിയ ഒരു ഉത്തമ കുടുംബനാഥനായും അദ്ദേഹം ജീവിച്ചു. ഈ ക്രിസ്തുമസ് ദിനത്തില്‍ അദ്ദേഹത്തിന്റെ മകള്‍ കെലി പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചു,
“ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, പോരാട്ടത്തില്‍ എന്നാല്‍ വിശ്വാസത്തോടെ. മറ്റൊരു രാത്രി കൂടെ ഞങ്ങളൊന്നിച്ച്.” ദൈവവിശ്വാസമെന്നത് ഉള്ക്കരുത്തായി ച്ചേര്‍ന്ന് ജീവശ്വാസമായി ഒരു മനുഷ്യനെ ഒന്നാകെ പുണരുകയും ആ മനുഷ്യന്റെ തുടര്‍ തലമുറകളിലേക്ക് പടരുകയും ചെയ്യുന്ന വിസ്മയാവഹകമായൊരു കാഴ്ച നാം കാണുകയായിരുന്നു എന്ന് പറയാം.
പെലെ എന്ന വിശ്വാസത്തില്‍ അതികായനായൊരു മനുഷ്യന് ഇപ്രകാരം തന്നെയായിരുന്നു. തനിക്ക് ലഭിച്ച സര്‍വ്വവും ദൈവദാനമായി കണ്ട് ജീവിച്ച് വളര്‍ന്ന് ലോകത്തിന്റെ നെറുകയിലെത്തിയ മനുഷ്യന്. അദ്ദേഹത്തോട് കൊരെണ്‍ ചോദിച്ചു, “താങ്കള്‍ക്ക് ഇപ്പോള്‍ വന്ന പാതകള്‍ മനസ്സ് കൊണ്ട് പിന്തുടരാന് സാധിക്കുന്നുണ്ടാകുമല്ലോ, വളരെ ദാരിദ്ര്യം നിറഞ്ഞ് തികച്ചും ലളിതമായൊരു തുടക്കം. ഫുട്ബോള്‍ വാങ്ങാന്‍ പണമില്ലാതിരുന്നു കൊണ്ട് പഴകിയ സോക്സുകളിലൊന്നില്‍ കീറിയ വര്‍ത്തമാനപ്പത്രക്കഷണങ്ങള്‍ നിറച്ച് തുന്നിപ്പിടിപ്പിച്ച പന്തുമായി പന്തുതട്ടാനാരംഭിച്ചിട്ട് ഇപ്പോള്‍ വലിയ സ്ഥാനത്തെത്തി നില്ക്കുമ്പോള് എന്ത് തോന്നുന്നു?”
മനസ്സ് കൊണ്ട് തെരുവുകളില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പന്ത് തട്ടാനിറിങ്ങിയ തന്റെ ബാല്യകാലത്തെ അകക്കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്ത ശേഷം അദ്ദേഹം മെല്ലെ പറഞ്ഞു തുടങ്ങി, “ഞങ്ങള്‍ തെരുവുകളില്‍ പന്തു തട്ടുമായിരുന്നു.എനിക്ക് തോന്നുന്നു, അതും ദൈവത്തിന്റെ വലിയൊരു സമ്മാനമായിരുന്നു. എന്റെ പേര് എഡിസണ് അരാന്റസ് ഡൊ നാഷിമെന്തോ എന്നായിരുന്നു. എന്നാല്‍ ഒരു ദിവസം ഒരു കുട്ടി എന്നെ വിളിച്ചു പെലെ. ഞാന്‍ എല്ലാവരുമായി കലഹിച്ചിരുന്നതു കൊണ്ടായിരിക്കണം. അന്ന് അതിന്റെ പേരില്‍ പിന്നെയും എല്ലാവരോടും ഞാന്‍ വഴക്കിട്ടു.”
“എന്നാല്‍ പിന്നീട് കോളേജ് കാലത്ത് അവരും എന്നെ വിളിച്ചു, പെലെ. (പെലെ എന്ന പോര്‍ച്ചുഗീസ് വാക്കിന് കൊടുങ്കാറ്റ് എന്നാണര്‍ത്ഥം). ഇതും ദൈവത്തിന്റെ വലിയൊരു സമ്മാനമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ പേരിനെ സ്നേഹിക്കുന്നു. എന്നെ ലോകം സ്നേഹത്തോടെ വിളിക്കുന്നത് ആ പേരിലാണ്.” തനിക്ക് ലഭിച്ച നാമവും ദൈവദാനമായി കാണാന്‍ ഉറച്ച വിശ്വാസിക്കു മാത്രമേ സാധിക്കുകയുള്ളൂ.
പേരും ജീവിതസാഹചര്യങ്ങളും മാത്രമല്ല, ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളും ദൈവവിശ്വാസത്തിന്റെ കണ്ണിലൂടെയാണ് അദ്ദേഹം കണ്ടത്.
തന്റെ 1000 -ാമത്തെ ഗോളിനെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. “അതൊരു പെനാല്‍റ്റി കിക്കായിരുന്നു. എല്ലാവരും കരുതും പെനാല്‍റ്റി കിക്ക് വളരെ എളുപ്പമാണെന്ന്. എന്നാല്‍ ആ സമയം അനുഭവിക്കുന്ന മാനസീക സംഘര്‍ഷം നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ ഒരു കൂട്ടുകാരന് എന്റെ ചെവിയില്‍ പറഞ്ഞു, നിന്റെ ആയിരാമത്തെ ഗോള്‍ ലോകം മുഴുവന്‍ കാണാന്‍ വേണ്ടി ദൈവം ചെയ്ത ഒരു പദ്ധതിയാണിത്. എല്ലാവരും കാണാന്‍ വേണ്ടി ദൈവം കളി നിര്‍ത്തിച്ചു. പെനാല്‍റ്റി കിക്കായത് കൊണ്ടാണിത് സാധിച്ചത്. ധൈര്യമായി ഗോള്‍ നേടൂ.”
പെലെ ലോകത്തിന് എന്നും അത്ഭുതമായിരുന്നു, തുടര്‍ന്നും വിസ്മയം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് ലോകം അദ്ദേഹത്തെ വീക്ഷിക്കും തീര്‍ച്ച. എങ്കിലും വിശ്വാസം ഒരു വ്യക്തിയെ വിജയിയാക്കി മാറ്റുന്നതെപ്രകാരം എന്ന നിലയിലാണോ അതോ വിശ്വാസത്താല്‍ നിറഞ്ഞ ഒരു വ്യക്തി വിജയിയായി മാറുന്നതെങ്ങനെയാണെന്ന നിലയിലാണോ പെലെയെ നമുക്ക് പഠിക്കാന്‍ സാധിക്കുക, ഏതായിരിക്കും എളുപ്പം എന്നറിയില്ല. എങ്കിലും അവസാനം വരെ ദൈവവിശ്വാസം കൊണ്ട് ഉള്‍ക്കരുത്ത് പാകപ്പെടുത്തിയ ഒരു വ്യക്തിയെ പഠിക്കാന്‍ അദ്ദേഹത്തിലേക്ക് നോക്കിയാല്‍ മതി.