“സ്നേഹമുള്ള കർത്താവേ, എത്രയും ആരാധ്യമായ അങ്ങേ തിരുശരീരവും രക്തവും ഉൾകൊള്ളുന്ന രാജകീയവിരുന്നിനായി ഞാൻ എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്ന് പറയാമോ?” ഈശോ വാനമ്പാടി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന വിശുദ്ധ മെക്ടിൽഡ് അവനോട് ചോദിച്ചു.”
എന്റെ പീഡാനുഭവത്തിന് മുൻപ്, എന്റെ ശിഷ്യരോടൊപ്പം എനിക്ക് ഭക്ഷിക്കേണ്ടിയിരുന്ന പെസഹാ ഒരുക്കാൻ എനിക്ക് മുൻപേ ഞാൻ അവരെ അയച്ചപ്പോൾ അവർ എന്താണ് ചെയ്തത്? നന്നായി സജ്ജീകരിച്ച, വലിയ ഒരു ഹാൾ തന്നെ അവർ ഒരുക്കി”. ഇങ്ങനെ പറഞ്ഞതുകൊണ്ട് നമ്മുടെ കർത്താവ് അർത്ഥമാക്കിയത്, പശ്ചാത്താപത്തിനൊപ്പം ആത്മവിശ്വാസവും നമുക്ക് വേണമെന്നാണ് – സ്നേഹത്തോടെ അവനെ സ്വീകരിക്കാനണയുന്നവരിൽ അവൻ ചൊരിയുന്ന അളവില്ലാത്ത കാരുണ്യത്തിലും ഉദാരതയിലുമുള്ള ആത്മവിശ്വാസം –
“ഓ പിതാവേ, അവർക്കോരോരുത്തർക്കുമെതിരായി ചുമത്തപ്പെട്ടിരിക്കുന്ന എല്ലാത്തിനും ഞാൻ സമാധാനം പറഞ്ഞോളാം, അവരോടുള്ള സ്നേഹത്തെ പ്രതി എന്റെ ഹൃദയമാണ് കുത്തിത്തുറക്കപ്പെട്ടത് “, ഈശോ പിതാവിനോട് പറയുന്നതായി മെക്ടിൽട് സാക്ഷ്യപ്പെടുത്തി.” ഒരു രാജാവ് നമ്മുടെ വീട്ടിൽ വരുമെങ്കിൽ, വേഗം തന്നെ നമ്മൾ എല്ലായിടവും വൃത്തിയാക്കി വെക്കുമല്ലേ? അല്ലെങ്കിൽ രാജാവിന് നീരസമായേങ്കിലോ എന്ന് നമ്മൾ ചിന്തിക്കും. പക്ഷേ രാജാവിന്റെ വരവ് പെട്ടെന്നാണ് ഉണ്ടായതെങ്കിലോ? എല്ലാ അഴുക്കും പുറത്തുകളയാൻ പറ്റിയില്ലെങ്കിലും ഒരു മൂലക്ക് നമ്മൾ അതെല്ലാം അടിച്ചുകൂട്ടി വെക്കും പിന്നീട് കളയാനായി. അതുപോലെ തന്നെ, പാപങ്ങൾ കുമ്പസാരിക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടാവുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്താൽ, അതെല്ലാം പൂർണ്ണമായി മാഞ്ഞുപോകും. പിന്നീടൊരിക്കലും ഞാനത് ഓർക്കുകയില്ല. പക്ഷേ നിങ്ങൾ അതൊന്നും മറക്കാതെ, ഓർത്തു കുമ്പസാരിക്കണം. നിങ്ങളുടെ സർവ്വശക്തിയും മാർഗ്ഗങ്ങളും ഉപയോഗിച്ച് പാപത്തെ ഒഴിവാക്കാനുള്ള നിങ്ങളുടെ ആഗ്രഹവും നിശ്ചയവുമാണ് എന്നെ നിങ്ങളിലേക്ക് ആകർഷിക്കുന്നതും അടുപ്പിക്കുന്നതും. ഒന്നിനും പിന്നെ നമ്മളെ പിരിക്കാൻ കഴിയുകയില്ല ” ശങ്കിച്ചു നിന്ന മെക്ടിൽടിനോട് ഈശോ പറഞ്ഞു.
പരിശുദ്ധ കുർബ്ബാനയുടെ പാപപരിഹാരസ്വഭാവത്തെ കുറിച്ച് ഈശോ അവളോട് പറഞ്ഞു, ” പരിശുദ്ധ കുർബ്ബാനയിൽ ആഗ്രഹിച്ചു പ്രാർത്ഥിക്കുകയാണെങ്കിൽ ഏത് കഠിനപാപിയുടെയും പാപങ്ങൾ ക്ഷമിക്കാൻ തക്കവിധം അത്ര ദീർഘക്ഷമയോടെയാണ് ഞാൻ അവിടെ സന്നിഹിതനായിരിക്കുന്നത്”. എന്താണ് അതിനർത്ഥം? പരിശുദ്ധ കുർബ്ബാനക്ക് വരുന്ന പാപികളെ തള്ളികളയുകയോ നിരസിക്കുകയോ ചെയ്യാതെ ക്രിസ്തു തന്റെ വിരിച്ചുപിടിച്ച കരങ്ങളാൽ അവരെ സ്വാഗതം ചെയ്ത്, ആത്മസുഹൃത്തിനെയെന്ന പോലെ ആലിംഗനം ചെയ്ത്, എല്ലാ പാപങ്ങൾക്കും മോചനം കൊടുക്കുന്ന അനുരഞ്ജനത്തിന്റെ വലിയ കൃത്യമാണ് പരിശുദ്ധ കുർബാന എന്നത് തന്നെ. പക്ഷേ ഇത് കുമ്പസാരത്തെ തള്ളികളയുന്നുമില്ല. ”
നിനക്കുള്ളതെന്തും, എന്തെല്ലാം വഴിയാണോ നീ എന്നെ പ്രസാദിപ്പിക്കുന്നത്, അതെല്ലാം, എന്നിൽ നിന്നും ഞാൻ വഴിയുമാണ് നിനക്ക് ലഭിക്കുന്നത്” ഈശോ അവളോട് പറഞ്ഞു.
താൻ ഈശോയെ വേണ്ട വിധം സ്നേഹിച്ചിട്ടില്ലെന്ന വിഷമം എപ്പോഴുമുണ്ട് എന്ന് ഒരു കന്യാസ്ത്രീ മെക്ടിൽഡിനോട് പറഞ്ഞു.അവൾക്കും അതേ വിഷമം ഇടക്ക് തോന്നാറുണ്ടായിരുന്നു, ഇത്രയധികം കൃപകളും അനുഗ്രഹങ്ങളും ലഭിച്ചിട്ടും താൻ വേണ്ടപോലെ ഈശോയെ പരിഗണിക്കുന്നില്ലെന്ന്. ഈശോ അവളോട് പറഞ്ഞു, “വരൂ എന്റെ പ്രിയപ്പെട്ടവളേ, വിഷമിക്കരുത്. എനിക്കുള്ളതെല്ലാം നിന്റെയും കൂടെയാണ് “… “അങ്ങനെയാണെങ്കിൽ ” അവൾ പറഞ്ഞു, “അങ്ങേക്കുള്ളതെല്ലാം എന്റേതാണ്. അങ്ങയുടെ സ്നേഹവും എനിക്ക് സ്വന്തം. കാരണം അങ്ങ് വിശുദ്ധ യോഹന്നാനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ ദൈവം സ്നേഹമാണെന്ന്. അതുകൊണ്ട്, ആ സ്നേഹം, എന്നിലൂടെ വരേണ്ടുന്ന, എനിക്കുണ്ടായിരിക്കേണ്ട അത്രക്കും അളവിൽ, ഞാനിതാ നിനക്ക് കാഴ്ചവെക്കുന്നു” വളരെ സന്തോഷത്തോടെ അവളിൽ നിന്ന് അത് സ്വീകരിച്ചുകൊണ്ടു ഈശോ പറഞ്ഞു, ” നീ ഇത് എപ്പോഴും ചെയ്യണം. എന്നെ സ്തുതിക്കാനും സ്നേഹിക്കാനും നി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് വേണ്ട പോലെ നിന്നെക്കൊണ്ട് കഴിയുന്നില്ലെന്നു തോന്നുമ്പോൾ, നീ ഇങ്ങനെ പറയണം, ‘നല്ല ഈശോയെ, ഞാൻ അങ്ങയെ സ്തുതിക്കുന്നു. എനിക്കിപ്പോൾ ആവശ്യമായതെല്ലാം എനിക്ക് തരാൻ ഞാൻ അങ്ങയോടു യാചിക്കുന്നു’… “
വിശുദ്ധ മെക്ടിൽട് ഹാക്കെബോൺ എന്ന ഈ ബെനഡിക്ടൈൻ സന്യാസിനിയുടെ തിരുന്നാൾ ആണ് നവംബർ 19ന്.പരിശുദ്ധ കന്യാമറിയത്തെ എങ്ങനെ അഭിവാദ്യം ചെയ്യണമെന്ന്, സന്തോഷിപ്പിക്കണമെന്നു തനിക്ക് പറഞ്ഞു തരാൻ മെക്ടിൽട് ഒരിക്കൽ ഈശോയോട് അപേക്ഷിച്ചു. പരിശുദ്ധ അമ്മയുടെ ‘കന്യാഹൃദയത്തെ’ വാഴ്ത്താൻ ആണ് ഈശോ പറഞ്ഞത് .
മാതാവിന്റെ വിമലഹൃദയത്തിന് ഹൃദയം തൊടുന്ന ഒരു ശ്രദ്ധാഞ്ജലി (ട്രിബ്യുട്ട് ) തന്നെ ഈശോ കൊടുത്തു.”എന്റെ അമ്മയെ നിനക്ക് സന്തോഷിപ്പിക്കണമെങ്കിൽ, മനുഷ്യർക്ക് അഗാധമാം വിധം എല്ലാ നന്മകളും അതിന്റെ സമൃദ്ധിയിലുള്ള കന്യാഹൃദയത്തെ വാഴ്ത്തുക… ഇത്രക്കും അഭൂതപൂർവ്വമായ നിത്യകന്യാവ്രതത്തിന് അവളെ പ്രേരിപ്പിച്ചത്രയും പരിശുദ്ധിയുള്ള അവളുടെ ആ ഹൃദയത്തെ വാഴ്ത്തുക..മറ്റെല്ലാറ്റിനും ഉപരിയായി ദൈവസന്നിധിയിൽ കൃപ കണ്ടെത്താനും പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കാനും അവളെ യോഗ്യയാക്കുമാറ് എളിമയുള്ള ഹൃദയത്തെ വാഴ്ത്തുക …എന്നെ അവളുടെ ഗർഭപാത്രത്തിലേക്ക് വലിച്ചെടുക്കാൻ തക്കവിധം തീക്ഷ്ണമായ ആഗ്രഹമുണ്ടായിരുന്ന ആ ഹൃദയത്തെ വാഴ്ത്തുക…ദൈവത്തോടും മനുഷ്യരോടും അത്രമാത്രം ഉപവിയുള്ള ഹൃദയത്തെ വാഴ്ത്തുക….കൃപയെ കാത്തുപാലിക്കാനും എന്റെ ചെറുപ്രായത്തിലും ഭൂമിയിലെ ജീവിതം മുഴുവനിലും ഞാൻ പറഞ്ഞിട്ടുള്ളതും ചെയ്തിട്ടുള്ളതുമായ എല്ലാം ഓർത്തുവെക്കാനും മാത്രം ഉന്നതമായ വിശ്വസ്തതയുള്ള ആ ഹൃദയത്തെ വാഴ്ത്തുക ..ക്രൂരമായി അവളുടെ ആത്മാവിൽ കുത്തിക്കയറിയെങ്കിലും കീറിമുറിച്ചെങ്കിലും എന്റെ എല്ലാ പീഡകളിലും പങ്കുചേർന്ന ആ ദയയുള്ള ഹൃദയത്തെ വാഴ്ത്തുക .. ലോകരക്ഷക്കായി, തൻറെ ഒരേയൊരു വത്സലപുത്രനെ ബലിയായി നൽകാൻ പിതാവിന് അനുവാദം കൊടുത്ത ആ സമർപ്പണം, അത്രമാത്രം ദൈവഹിതത്തിനു കീഴടങ്ങിയ ആ ഹൃദയത്തെ വാഴ്ത്തുക .. ഒരു മാതാവിന്റെ ഉത്കണ്ഠയോടു കൂടി ശൈശവാവസ്ഥയിലുള്ള സഭക്ക് വേണ്ടി ഇടതടവില്ലാതെ പ്രാർത്ഥിച്ച ആ ഹൃദയത്തെ വാഴ്ത്തുക…അവസാനമായി , തൻറെ യോഗ്യതകൾ വഴി മനുഷ്യർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൃപകളും നേടിക്കൊടുക്കുന്ന ഇടതടവില്ലാതെ പ്രാർത്ഥിക്കുന്ന അവളുടെ ഹൃദയത്തെ വാഴ്ത്തുക “.
ഒരു ശനിയാഴ്ച , പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥം നടന്ന കുർബ്ബാനക്കിടയിൽ മെക്ടിൽട് ആരാഞ്ഞു, ” ഓ എത്രയും ദയയുള്ള സ്വർഗ്ഗരാജ്ഞി, അങ്ങയെ അഭിസംബോധന ചെയ്തിട്ടുള്ളതിൽ വെച്ചു അങ്ങയെ ഏറ്റവുമധികം ആനന്ദിപ്പിച്ചിട്ടുള്ള രീതിയിൽ വന്ദനം ചൊല്ലാൻ എനിക്കും ആഗ്രഹമുണ്ട്”.അടുത്ത നിമിഷം മേരി കുറച്ചു വാക്കുകൾ സ്വർണ്ണലിപികൾ കൊണ്ട് തൻറെ വിമലഹൃദയത്തിൽ എഴുതിവെച്ച രീതിയിൽ പ്രത്യക്ഷയായി. അതിങ്ങനെയായിരുന്നു, “നന്മ (കൃപ) നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ”. എന്നിട്ട് പരിശുദ്ധ അമ്മ വിശുദ്ധയോടു പറഞ്ഞു, “ഇതിലും സന്തോഷിപ്പിക്കുന്നതായി ഒരു സൃഷ്ടിയും എന്നോട് ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല, ഇതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്നതായി എന്തെങ്കിലും കണ്ടെത്താനോ പറയാനോ ഇനിയങ്ങോട്ടും ആർക്കും കഴിയുകയുമില്ല”.ഈശോയുടെയും പരിശുദ്ധ അമ്മയുടേയുമൊക്കെ ദർശനങ്ങൾ ധാരാളമായി ലഭിച്ചിരുന്ന മിസ്റ്റിക് ആയ മെക്ടിൽട് , കോൺവെന്റിൽ വിശുദ്ധ ജെർത്രൂദിന്റെ നോവിസ് മിസ്ട്രസും പരിപാലകയും ആയിരുന്നു. വിശുദ്ധ ജെർത്രൂദിനെപ്പോലെ വിശുദ്ധ മെക്ടിൽടിനും തന്റെ തിരുഹൃദയത്തെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കുറിച്ചുമൊക്കെ അനേകം വെളിപ്പെടുത്തലുകൾ ഈശോ നൽകിയിട്ടുണ്ട്.
“പ്രഭാതത്തിൽ നീ ചെയ്യേണ്ട ആദ്യത്തെ കാര്യം എൻറെ ഹൃദയത്തെ അഭിവാദ്യം ചെയ്യുന്നതാണ് പിന്നെ നിന്നെത്തന്നെ എനിക്കായി അർപ്പിക്കുന്നതും ” ഈശോ അവളോട് പറഞ്ഞു. ” എന്റെ നേർക്കുള്ള ഒരുവന്റെ നെടുവീർപ്പ് എന്നെ അവനിലേക്ക് അടുപ്പിക്കും”തന്റെ നിത്യരക്ഷയെപറ്റി വ്യാകുലയായിരുന്ന മെക്ടിൽട് പരിശുദ്ധ അമ്മയോട് തന്റെ മരണസമയത്ത് ചാരത്തുണ്ടാവണമെന്നു പറഞ്ഞപ്പോൾ മാതാവ് പറഞ്ഞു, “ഞാനുണ്ടായിരിക്കും. പക്ഷേ നിന്റെ ഭാഗത്തുനിന്ന് ദിവസേന മൂന്ന് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാർത്ഥന ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആദ്യത്തേത് പിതാവിൽ നിന്നും വന്നിരിക്കുന്ന ശക്തിയെ ഓർത്തുകൊണ്ടും രണ്ടാമത്തേത് പുത്രന്റെ ജ്ഞാനത്തെ ഓർത്തുകൊണ്ടും മൂന്നാമത്തേത് പരിശുദ്ധാത്മാവിൽ നിറഞ്ഞിരിക്കുന്ന സ്നേഹത്തെ ഓർത്തുകൊണ്ടും”. ഇങ്ങനെ, മൂന്ന് നന്മനിറഞ്ഞ മറിയത്തിലൂടെ പരിശുദ്ധതിത്വത്തെ സ്തുതിക്കാൻ പരിശുദ്ധ അമ്മ അവളെ പഠിപ്പിച്ചു. ജർമ്മനിയിലെ സാക്സണിയിൽ പ്രശസ്തമായ തുരിങ്ക്യൻ പ്രഭുകുടുംബത്തിലാണ് മെക്ടിൽടിന്റെ ജനനം. ജനനസമയത്ത് തീരെ ദുർബലയായിരുന്ന അവളെ മരിക്കുന്നതിന് മുമ്പ് മാമോദീസ കൊടുക്കാൻ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുപോയവരോട് വൈദികൻ പറഞ്ഞു, ” നിങ്ങൾ എന്തിനാണ് പേടിക്കുന്നത്? ഈ കുഞ്ഞ് ഇപ്പോൾ മരിക്കാനൊന്നും പോകുന്നില്ല, ദൈവത്തിന്റെ അത്ഭുതങ്ങൾ വെളിപ്പെടുന്ന ഒരു വിശുദ്ധസന്യാസിനി ആയി ഏറെക്കാലം ജീവിച്ചിട്ടെ ഇവൾ മരിക്കുകയുള്ളു”.
കന്യാസ്ത്രീയും മഠാധിപയും ആയിരുന്ന അവളുടെ സഹോദരിയെ കാണാൻ ബെനഡിക്ടൈൻ ആശ്രമത്തിലേക്ക് പോയപ്പോൾ മെക്ടിൽടിന്റെ അമ്മ എഴുവയസ്സുള്ള അവളെയും കൂടെ കൂട്ടി.അന്നുമുതൽ തനിക്കും കന്യാസ്ത്രീ ആവണമെന്ന അവളുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ അവളെയും ആശ്രമത്തിൽ ചേരാൻ അനുവദിച്ചു. പിന്നീട് 1258 ൽ ആശ്രമം ഹെൽഫ്റ്റയിലേക്ക് മാറ്റിയപ്പോൾ അവളും സഹോദരിയെ അനുഗമിച്ച് അങ്ങോട്ട് പോയി.അഗാധമായ എളിമയും ഭക്തിയും എല്ലാവരോടുമുള്ള സൗഹാർദ്ദപരമായ പെരുമാറ്റവും അവളുടേ പ്രത്യേകതയായിരുന്നു. വിശുദ്ധ ജെർത്രൂദ് വിശുദ്ധ മെക്ടിൽടിനെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, “ഞങ്ങളുടെ ആശ്രമത്തിൽ ഇതുവരെ ഇങ്ങനെയൊരാൾ ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല എന്ന് ഞാൻ ഭയപ്പെടുന്നു”. നല്ല ശബ്ദമാധുര്യവും സംഗീതത്തിൽ പ്രാവീണ്യവും ഉണ്ടായിരുന്ന മെക്ടിൽടിനായിരുന്നു മരിക്കുംവരെ കൊയറിന്റെ മേൽനോട്ടം. ‘ഹെൽഫ്റ്റയിലെ വാനമ്പാടി’ എന്നാണ് അവൾ അറിയപ്പെട്ടിരുന്നത്. സഹനത്തിന്റെയും ആത്മീയ വരൾച്ചയുടെയും തീച്ചൂളയിൽ നിൽക്കുമ്പോഴും ദൈവസ്തുതികൾ അനർഗ്ഗനിർഗ്ഗളമായി അവളിൽ നിന്നൊഴുകി. അനേകം പേർ, പണ്ഡിതരായ കുറെ ഡൊമിനിക്കൻസ് പോലും അവളുടെ ഉപദേശത്തിനായെത്തി.
ഒരു ദർശനത്തിൽ ഈശോ തന്നെ ഗാഢമായി സ്നേഹിക്കാനും തിരുഹൃദയത്തോടും ദിവ്യകാരുണ്യത്തോടുമുള്ള പ്രത്യേക ഭക്തി കാത്തുസൂക്ഷിക്കാനും അവളോട് പറഞ്ഞു. തന്റെ സ്നേഹത്തിന്റെ പ്രതീകമായും ജീവിതകാലത്ത് അവളുടെ അഭയമായും മരണസമയത്ത് അവൾക്കുള്ള ആശ്വാസമായും തന്റെ തിരുഹൃദയം മെക്ടിൽടിന് നൽകി. പാൽകുടിക്കുന്ന കുഞ്ഞിന് അമ്മയുടെ മാറ് എപ്രകാരമാണോ അതുപോലെയായിരുന്നു ഈശോയുടെ തിരിഹൃദയത്തെ അവൾ കരുതിയത്.തന്റെ ചൂടുള്ള ജീവരക്തത്താൽ നമുക്ക് ആത്മീയപോഷണം നൽകുന്ന ഈശോ.ഈശോയുടെ തിരുഹൃദയത്തോട് പ്രത്യകഭക്തി അവൾക്കുണ്ടായ സമയം മുതൽ അവൾക്ക് ലഭിച്ച കൃപയുടെ അനുഭവങ്ങളും അനുഗ്രഹവുമൊക്കെ എഴുതാൻ നോക്കിയാൽ ഒരു വലിയ പുസ്തകം പോലും തികയാതെ വരും എന്നാണവൾ പറഞ്ഞിരുന്നത്. ശുദ്ധീകരണസ്ഥലത്തുള്ളവരോട് അവൾക്ക് അതീവകരുണ ആയിരുന്നു.
വിശുദ്ധ മെക്ടിൽടിന് ലഭിച്ച ദർശനങ്ങളും കൃപകളും വെളിപ്പെടുത്തലുകളുമെല്ലാം തങ്ങളോട് അവൾ പറഞ്ഞത്, മഹതിയായ വിശുദ്ധ ജെർത്രൂദ് ( St. Gertrude The Great) വേറെ ഒരു സന്യാസിനിയോട് ചേർന്ന് എഴുതി സൂക്ഷിച്ച്, ‘The Book of Special Grace’ എന്ന പേരിൽ ഒരു പുസ്തകമാക്കി. ഇങ്ങനെ ഒരു പുസ്തകം അവർ എഴുതിയതിനെ പറ്റി അറിഞ്ഞപ്പോൾ വിശുദ്ധ മെക്ടിൽട് ആകെ വിഷമിച്ചു ഈശോയോട് ചോദിച്ചു എന്താണ് ചെയ്യേണ്ടതെന്ന്. ആ പുസ്തകം രൂപപ്പെട്ടത് തന്റെ പ്രചോദനവും ആഗ്രഹവും കൊണ്ടു കൂടിയാണ് എന്ന് പറഞ്ഞ് ഈശോ അവളെ സമാധാനിപ്പിച്ചു. അതിന് പേരിട്ടതും ഈശോ തന്നെ. അവളുടെ മരണശേഷമാണ് അത് മറ്റുള്ളവരിലേക്ക് എത്തിയത്. ഒരു ആത്മീയനിധി തന്നെയാണ് അത്.1298, നവംബർ 19ന് മെക്ടിൽട് ദൈവസന്നിധിയിലേക്ക് യാത്രയായി.
ഈശോയുടെ തിരുഹൃദയത്തെ ഒത്തിരി സ്നേഹിച്ച, അവനെ ഒത്തിരി ആശ്വസിപ്പിച്ച വിശുദ്ധ മെക്ടിൽടിന്റെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്