കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിലെ മത, സാമൂഹിക മേഖലകളെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു വിഷയമാണ് “ലൗജീഹാദ്” എന്നു പറയപ്പെടുന്ന പ്രണയവിവാഹം. ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലിം മതത്തിലെ തീവ്രമതബോധമുള്ള യുവാക്കള്‍, തങ്ങളുടെ മതവ്യാപനത്തിനുവേണ്ടി പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നാണ് ലൗജിഹാദ് ആരോപണത്തിന് അടിസ്ഥാനമായി പറയപ്പെടുന്നത്.
പ്രണയക്കെണിയില്‍ അകപ്പെട്ട പെണ്‍കുട്ടിയെ മതംമാറ്റകേന്ദ്രത്തില്‍ എത്തിക്കുകയോ അവിടെ വച്ച് മറ്റൊരാള്‍ വിവാഹം കഴിക്കുകയോ ചെയ്യുന്നു, വിവാഹിതരില്‍ ചിലരെങ്കിലും മതതീവ്രത മുറ്റിനില്ക്കുന്ന യെമന്‍, സിറിയ, അഫ്ഘാന്‍ എന്നിവിടങ്ങളിലേക്ക് ആറാം നൂറ്റാണ്ടിലെ മതജീവിതത്തിനായി പോകുന്നു, ചില പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം ആത്മഹത്യ ചെയ്യുകയോ വിവാഹബന്ധം വേര്‍പെടുത്തുകയോ ചെയ്ത് വഴിയാധാരമാകുന്നു… ഇതൊക്കായാണ് ലൗജീഹാദ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്.
ക്രൈസ്തവസഭകള്‍ ഉയര്‍ത്തന്ന ലൗജീഹാദ് ആരോപണത്തെ സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളും പോലീസും കോടതിയും എല്ലാം തള്ളിക്കളയുന്നു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വാഭാവിക പ്രണയവും വിവാഹവും എന്നതിന് അപ്പുറത്തേക്ക് വിവാഹത്തെ മതവ്യാപനത്തിനായി ഉപയോഗിക്കുന്നു എന്നതിനെ ഔദ്യോഗികമായി ആരും അംഗീകരിക്കുന്നില്ല.
മതംമാറി വിവാഹം കഴിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഘാനിലേക്കും പോയതുപോലും ഒറ്റപ്പെട്ട സംഭവമായിട്ടാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ കണക്കാക്കുന്നത്. ക്രൈസ്തവസഭകളും പെണ്മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഉയര്‍ത്തുന്ന ലൗജീഹാദ് ആരോപണത്തിനും അതിനെ നിഷേധിക്കുന്നവര്‍ക്കും ഇടയില്‍ വസ്തുത എന്താണെന്ന് വ്യക്തമാകാതെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ വലിയ ആശയക്കുഴപ്പത്തിലാകുന്നു. ലൗജീഹാദ് ആരോപണം നിലനില്‍ക്കുന്നതിനാല്‍ സാധാരണ മതാന്തരപ്രണയ വിവാഹങ്ങളേയും സംശയിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.
ലൗജിഹാദ് വിവാഹങ്ങള്‍ എഡി 2000 മുതല്‍ കേരളത്തില്‍ നടക്കുന്നുവെങ്കിലും 2010 മുതലാണ് ഈ പേരില്‍ ക്രൈസ്തവ സഭകള്‍ ആരോപണവുമായി രംഗത്തു വരുന്നത്. ഈ ആരോപണത്തില്‍ വസ്തുതയുണ്ടെങ്കില്‍ ആയിരക്കണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഇതിനോടകം സഭയ്ക്കു നഷ്ടമായിട്ടുള്ളത്.
വര്‍ഷംതോറും ക്രൈസ്തവരുടെ ജനനനിരക്കു കുറയുകയും അവിവാഹിതരായ ക്രിസ്ത്യന്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ക്രൈസ്തവരില്‍ ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ് ലൗജീഹാദ് ആരോപണം. എന്നാല്‍ ക്രൈസ്തവരുടെ ലൗജീഹാദ് വാദത്തിന് സര്‍ക്കാര്‍ ഔദ്യോഗികമായ യാതൊരു അംഗീകാരം നല്‍കുന്നില്ല; കൂടാതെ, ഇടതും വലതും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി നിലകൊള്ളുമ്പോള്‍ സർക്കാർ തലത്തിൽ ഏതെങ്കിലും അന്വേഷണത്തിനോ നിയമനിര്‍മ്മാണത്തിലൂടെ ഒരു പരിഹാരം ഉണ്ടാകും എന്നതോ ആരും പ്രതീക്ഷിക്കേണ്ടതുമില്ല. മുന്‍നിര മാധ്യമങ്ങളെല്ലാം ലൗജീഹാദെന്ന ക്രൈസ്തവ ആരോപണത്തെ തള്ളിക്കളയുന്നു.
സര്‍ക്കാരിന്റെയോ മാധ്യമങ്ങളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ യാതൊരു പിന്തുണയുമില്ലാത്തതിനാല്‍ ലൗജീഹാദിന്റെ പേലില്‍ പെണ്‍കുട്ടികള്‍ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ വേദന കേരളസമൂഹത്തില്‍ ഇനിയും ഉയരുമെന്നതാണ് ഭയാനകമായ കാര്യം. ആര്‍ക്കും പ്രതിവിധി കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ ക്രൈസ്തവസഭകള്‍ക്ക് ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് എല്ലാ ക്രൈസ്തവരുടെയും കടമയാണ്.
കേരളത്തില്‍ ലൗജീഹാദ് ആരോപണം ഏറെ ഉയരുന്നത് മലബാര്‍ മേഖലയിലാണെന്ന് അനൗദ്യോഗിക പഠനങ്ങള്‍ തെളിയിക്കുന്നു. താമരശ്ശേരി രൂപതയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍നിന്നു തന്നെ നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് ഈ രംഗത്ത് നിരീക്ഷണം നടത്തുന്ന ഒരു സുഹൃത്ത് എന്നോടു പറഞ്ഞത്. കേരളത്തില്‍ ഏറ്റവുമധികം പെണ്‍കുട്ടികളെ നഷ്ടപ്പെട്ടത് ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളിലാണെന്നാണ് ഒരു പ്രമുഖ വൈദികന് സൂചിപ്പിച്ചത്. നഷ്ടം ഇത്രമേല്‍ ഗുരുതരമാണെങ്കിലും ചില പത്രപ്രസ്താവനകള്ക്ക് അപ്പുറത്തേക്കു കടന്ന് പ്രായോഗികമായി എന്തു ചെയ്യാം എന്ന് സഭകൾ ഉത്തരം കണ്ടെത്തേണ്ട കാര്യമാണ്. ലൗജീഹാദ് കെണിയുടെ ദുരന്തഫലം വിവിധ സംഭവങ്ങളിലൂടെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടും, സഭയുടെയും സമൂഹത്തിന്റെയും ബോധവല്‍ക്കരണങ്ങള്‍ ശക്തമായിട്ടും ഇതൊന്നും പെണ്‍കുട്ടികളെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നത് എന്തുകൊണ്ടാണെന്നും അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലൗ ജിഹാദ് എന്ന ഈ സാമൂഹിക പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ ആരു തയ്യാറാകും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ലൗജീഹാദ് വിഷയത്തെ ശാസ്ത്രീയമായ ഗവേഷണത്തിനും പഠനത്തിനും വിധേയമാക്കാന്‍ ക്രൈസ്തവസഭകള്‍ തന്നെ മുന്നോട്ടു വരണം. ലൗജീഹാദ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കുന്നതുവരെയോ മാധ്യമങ്ങള്‍ മനസ്സലിഞ്ഞ് ലൗജീഹാദ് ആരോപണങ്ങളെ പഠനവിധേയമാക്കുന്നതുവരെയോ കാത്തിരിക്കേണ്ട ഗതികേട് ക്രൈസ്തവ സഭകള്‍ക്ക് ഇന്നില്ല. ഔദ്യോഗികമായ ഗവേഷണ, പഠനറിപ്പോര്‍ട്ടുകളുടെ അഭാവമാണ് ഇന്ന് ലൗജീഹാദ് വിഷയത്തില്‍ ക്രൈസ്തവസഭ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാനകാരണം. അടിയന്തരമായി ഇതിനൊരു പരിഹാരം വരുത്തേണ്ടതുണ്ട്.
കുടുംബത്തെയും മാതാപിതാക്കളെയും ക്രിസ്തീയ വിശ്വാസ, സാംസ്കാരിക പശ്ചാത്തലത്തെയും ഒഴിവാക്കി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് ഇതരമതസ്ഥരുമായി വിവാഹബന്ധത്തിന് തയ്യാറാകുന്നത് എന്നതാണ് പഠനവിധേയമാക്കേണ്ടത്.
ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് തങ്ങള്‍ക്കുള്ള വിയോജിപ്പുകളുടെ ഫലമാണോ, യുവജനങ്ങള്‍ കടന്നുപോകുന്ന ആധുനിക പ്രവണതകളാണോ, തകര്‍ന്ന കുടുംബബന്ധങ്ങളാണോ, വൈകാരികമായ താല്പര്യങ്ങളാണോ… എന്താണ് പെണ്‍കുട്ടികളുടെ കുത്തൊഴുക്ക് ഇസ്ലാമിലേക്ക് എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാമില്‍നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികള്‍ മതം ഉപേക്ഷിച്ച് പുറത്തുപോകാന്‍ തയ്യാറാകുമ്പോള്‍, പൊതുവേ മതതീഷ്ണത കുറഞ്ഞ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പോലും ലൗജിഹാദില്‍ ഉള്‍പ്പെട്ടു തീവ്രഇസ്ലാമിക മതബോധത്തിലേക്ക് തിരിയാന്‍ കാരണമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. ലൗജീഹാദില് ഉള്‍പ്പെട്ടെങ്കിലും രക്ഷപ്പെട്ടു തിരിച്ചുവന്ന പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ തന്നെ ഈ രംഗത്ത് ഏറെ വസ്തുതകൾ കണ്ടെത്താന്‍ കഴിയും.
ക്രൈസ്തവ രൂപതകളുടെ കുടുംബ പ്രേക്ഷിത വിഭാഗത്തിന്റെ നേതൃത്വത്തിലോ കത്തോലിക്കാ സഭയിലെ “ജാഗ്രതാ കമ്മീഷ”ൻ്റെ നേതൃത്വത്തിലോ പുതിയൊരു പഠനസമിതിയുടെ നേതൃത്വത്തിലോ ലൗജീഹാദ് വിഷയത്തില്‍ സംസ്ഥാനവ്യാപകമായി പഠനങ്ങള്‍ നടത്തണം. എല്ലാ പഠനങ്ങളെയും സംസ്ഥാനതലത്തില്‍ ക്രോഢീകരിക്കുകയും ഈ പഠനത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സഭാധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും വേണം. പ്രണയവിവാഹത്തിലൂടെ പെണ്‍കുട്ടികളെ ചതിക്കുന്ന തീവ്രവാദികളുടെ കുതന്ത്രങ്ങള്‍ക്ക് തടയിടാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പഠനറിപ്പോര്ട്ടിലുണ്ടാകണം.
ദേശീയവും അന്തര്‍ദേശീയവുമായ വിവിധ യൂണിവേഴ്സിറ്റികളിലും കോളജുകളിലുമായി സാമൂഹിക ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രഫസര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ സഭകളിലുണ്ട്. ഇവരുടെ സഹായം അഭ്യര്‍ത്ഥിക്കണം. ഇതിനുള്ള സാമ്പത്തിക ചെലവുകള്‍ സഭകള്‍ സംയുക്തമായി കണ്ടെത്തണം. സഭയുടെ നിലനില്‍പ്പ് വരുന്ന തലമുറയിലൂടെ ആണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാന്‍ ക്രൈസ്തവസഭകള്‍ ഇനിയും അമാന്തം കാണിക്കരുത്.
ലൗജീഹാദ്, മതാന്തര വിവാഹം എന്നിങ്ങനെ രണ്ടു വിധത്തില്‍ വിവാഹം നടക്കുന്നതിനാല്‍ ഇവയെ രണ്ടിനെയും വ്യക്തമായി നിര്‍വ്വചിക്കേണ്ടതുണ്ട്. അതോടൊപ്പം ആരോപണവിധേയമാകുന്ന വിവാഹങ്ങള്‍ ലൗജീഹാദ് ആണോ മതാന്തരവിവാഹമാണോ എന്നത് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി സഭ സ്ഥിരീകരിക്കുകയും വേണം. സാധാരണ പ്രണയവിവാഹത്തെ ലൗജിഹാദ് എന്ന് വിളിച്ചാല്‍ അത് സമൂഹത്തിലുണ്ടാക്കുന്ന വിഭാഗീയത വലുതായിരിക്കും. അതൊടൊപ്പം, ലൗജിഹാദ് വിവാഹങ്ങളെ മതാന്തര പ്രണയവിവാഹമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രവാദികളുടെയും ഇവര്‍ക്ക് സ്തുതിപാടകരായ രാഷ്ട്രീയക്കാരുടെയും നിഗൂഢലക്ഷ്യങ്ങളെ തുറന്നുകാണിക്കുകയും വേണം.
ലൗജീഹാദ് കെണിയില്‍ അകപ്പെട്ട് പെണ്‍കുട്ടികള്‍ നഷ്ടപ്പെടാത്ത ഒരു ക്രൈസ്തവ സഭാവിഭാഗവും കേരളത്തിലില്ല. കേരളത്തിലെ ഓരോ പ്രാദേശിക ക്രൈസ്തവസഭാ കൂട്ടായ്മയിലും ലൗജീഹാദില് വേദനിക്കുന്ന ഒരു കുടുംബമെങ്കിലും ഉണ്ട് എന്നതാണ് സ്ഥിതി. ഈ സ്ഥിതിക്ക് പരിഹാരം വരുത്തുവാന്‍ വസ്തുതകളുടെ വെളിച്ചത്തില്‍ പ്രശ്നത്തെ സമീപിക്കുകയും പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടത്.
മാത്യൂ ചെമ്പുകണ്ടത്തിൽ