അക്ഷരസമരത്തിൻ്റെ അമരക്കാർ

റവ. ഡോ. ജോഷി മയ്യാറ്റിൽ

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയിൽനിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ്സ് കൂടുതൽ ഗ്രഹിച്ചുകൊണ്ട് ആ ക്രൈസ്തവ മിഷനറി തൻ്റെ ആദ്യഗ്രന്ഥത്തിൻ്റെ പരിമിതികൾ പരിഹരിച്ച് 1857-ൽ ‘വലിയ പാഠാരംഭം’ പ്രകാശനംചെയ്തു. മലയാളഭാഷാബോധനത്തിനായി ഒരു സ്കീം ആദ്യമായി പുറത്തുവരുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്. മലയാളലിപിപഠനത്തിന് സ്വകീയമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത ഹെർമൻ ഗുണ്ടർട്ട് തൻ്റെ ഗ്രന്ഥമായ ‘വലിയ പാഠാരംഭ’ത്തിൻ്റെ ആമുഖത്തിൽത്തന്നെ ഇങ്ങനെ എഴുതി: “ഒരു മാസംകൊണ്ട് സകല എഴുത്തുകളും രണ്ടാം മാസത്തിൽ സ്വരയുക്തവർഗങ്ങളും മൂന്നാമത്തേതിൽ കൂട്ടുവായനയോളവും നാല്, അഞ്ച്, ആറ് മാസങ്ങളിൽ കൂട്ടുവായനയും പ്രയാസംകൂടാതെ ഏതു കുട്ടിക്കും പഠിക്കേണ്ടതിന് ഗുരുക്കന്മാർ ഉത്സാഹിക്കണം”.

ഗുണ്ടർട്ടിനുശേഷം അക്ഷരമാലകേന്ദ്രീകൃതമായ ഭാഷാപാഠ്യപദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് തിരുവതാംകൂർ ഭരിച്ചിരുന്ന (1860-1880) ആയില്യം തിരുനാൾ ബാലരാമവർമ മഹാരാജാവ് ആയിരുന്നു. അദ്ദേഹമാണ് കേരളത്തിൽ ആദ്യമായി ഒരു പാഠപുസ്തക സമിതിക്ക് രൂപം നല്കിയത്. കേരളവർമ വലിയകോയിത്തമ്പുരാൻ, കേരളപാണിനി എ.ആർ. രാജരാജവർമ, എം. രാജരാജവർമ, ചിദംബര വാധ്യാർ തുടങ്ങിയ പ്രമുഖരായിരുന്നു സമിതിയംഗങ്ങൾ.

ഗുണ്ടർട്ടും ആയില്യം തിരുനാളും മറ്റു ഗുരുജനങ്ങളും അനുവർത്തിച്ചുപോന്ന ഈ ശൈലിയിലേക്ക് തിരികെനടക്കാൻ ഒടുവിൽ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. അക്ഷരവിരോധികളായ ‘ഭാഷാവിദഗ്ദ്ധ’രുടെ ‘വിദഗ്ദ്ധാഭിപ്രായ’മനുസരിച്ച് 2009-ൽ തയ്യാറാക്കപ്പെട്ട മലയാളപാഠാവലിയിൽ നിന്ന് പുറത്താക്കപ്പെട്ട അക്ഷരമാല വീണ്ടും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. ശിവൻകുട്ടി നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ അവതരിപ്പിക്കവേ പ്രഖ്യാപിച്ചു. മൂന്നാഴ്ചയ്ക്കകം അക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആത്മാർത്ഥത കാണിക്കുകയും ചെയ്തു. ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ കരട് തയ്യാറാക്കാൻ വിദ്യാഭ്യാസപരിശീലന ഗവേഷണസമിതിയെ (എസ്.സി.ഇ.ആർ.ടി.) വിദ്യാഭ്യാസ വകുപ്പ് ചുമതലയേല്പിച്ചിരിക്കുകയാണ്.

മലയാള അക്ഷരമാലയ്ക്ക് സംഭവിച്ചതെന്ത്?

എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് അക്ഷരമാല നഷ്ടമായത് എന്ന ചോദ്യം ഇത്തരുണത്തിൽ പ്രധാനപ്പെട്ടതാണ്. ഇത്തരം ദുരന്തങ്ങൾക്കു കാരണം ദുരുദ്ദേശ്യമോ ഗൂഢാലോചനയോ അഴിമതിയോ ആണെന്ന വാദങ്ങൾ നിലവിലുണ്ട്. ചോംസ്കിയുടെയും പിയാഷെയുടെയും വിഗോത്സ്കിയുടെയും പേരുപറഞ്ഞ്
‘ഭാഷാസമഗ്രതാസമീപനം’ എന്ന കാഴ്ചപ്രധാനമായ രീതി ഡിപിഇപി വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ ഏകപക്ഷീയമായി കേരളത്തിൽ ചില ‘വിദ്യാഭ്യാസ പണ്ഡിതരും’ ‘ശാസ്ത്രസാഹിത്യ’ കുത്തകകളും ചേർന്ന് നടപ്പിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ലോകബാങ്കാണെന്ന് മാതൃഭൂമി ലേഖകനായ ശ്രീ. രാജൻ ചെറുക്കാട് 2015-ൽ രചിച്ച “സാമ്രാജ്യത്വം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ: ഡിപിഇപി മുതൽ ‘റൂസ’ വരെ” എന്ന ബൃഹത്ഗ്രന്ഥത്തിൽ കുറിച്ചിരുന്നത് ഓർക്കുന്നു.

എൻ്റെ അഭിപ്രായത്തിൽ, കാലികമായും അന്തർദേശീയമായും പ്രബലപ്പെടുന്ന ചില തിയറികളെ കേരളത്തിലെ പരിഷ്കർത്താക്കൾ മനനം കൂടാതെ വിഴുങ്ങുമ്പോളുണ്ടാകുന്ന അജീർണപ്രശ്നങ്ങളാണ് അക്ഷരമാലാഗ്രഹണം പോലുള്ള ദുരന്തങ്ങൾക്ക് നമ്മുടെ മക്കളുടെ പാഠപുസ്തകങ്ങൾ ഇരകളാകാൻ ഇടയാക്കുന്നത്. നാടൻഭാഷയിൽ പറഞ്ഞാൽ, ‘മുറിവൈദ്യൻ ആളെ കൊല്ലും!’ ഇത് ഭാഷയുടെ കാര്യത്തിൽ മാത്രമല്ല, വിവിധ മേഖലകളിലെ പദ്ധതി നടത്തിപ്പുകളുടെയും നിയമനിർമാണങ്ങളുടെയും കാര്യത്തിൽ പോലും സത്യമാണ്. ജെജെ ആക്ടുപോലുള്ള നിയമങ്ങൾ സ്വതന്ത്രചിന്തയോ സ്വദേശപശ്ചാത്തല പരിഗണനയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, പടിഞ്ഞാറിനെ അപ്പാടെ അനുകരിക്കാൻ കൊതിക്കുന്ന, അടിമമനസ്സിൻ്റെ സൃഷ്ടികളാണ്.

മാറുന്ന സിദ്ധാന്തങ്ങൾ; മാറേണ്ട സമീപനങ്ങൾ!

“വെള്ളച്ചാട്ടം അറിയാം; ‘വെള്ളച്ചാട്ടം’ എന്നു വായിക്കാനറിയില്ല“ എന്ന ശീർഷകത്തിൽ മാതൃഭൂമി വാരികയുടെ 2015 നവംബർ 22–28 ലക്കത്തിൽ ശ്രീ. ജീവൻ ജോബ് തോമസ് എഴുതിയ ലേഖനത്തിൽ ‘ഭാഷാസമഗ്രതാ സമീപന’വും (Whole Language Approach) ‘ഫോണിക്സ് സമീപന’വും (Phonics Approach) തമ്മിലുള്ള വ്യത്യാസങ്ങൾ ആഴത്തിൽ വിശകലനം ചെയ്ത്, വായന മനുഷ്യൻ്റെ നൈസർഗിക ചോദനയുടെ ഭാഗമാണെന്ന ധാരണയുടെ പൊള്ളത്തരം ആധുനിക പഠനങ്ങളുടെയും അനുഭവത്തിൻ്റെയും അടിസ്ഥാനത്തിൽ വെളിവാക്കിയിട്ടുണ്ട്.

ഭാഷാപഠനം  മനുഷ്യൻ്റെ നൈസർഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന ആശയം 1955-ൽ പുറത്തിറക്കിയ Logical Stucture of Linguistic Theory എന്ന ഗ്രന്ഥത്തിലൂടെയാണ് നോം ചോംസ്കി മുന്നോട്ടുവച്ചത്. ഈ സിദ്ധാന്തത്തിൽ അധിഷ്ഠിതമായാണ് കെന്നത്ത് ഗുഡ്മാൻ സൂക്ഷ്മാംശങ്ങളിൽ നിന്നു സ്ഥൂലാംശങ്ങളിലേക്കു നീങ്ങുന്ന പരമ്പരാഗതമായ പഠനസമ്പ്രദായത്തെ പൂർണമായും ഒഴിവാക്കി സ്ഥൂലാംശങ്ങളുടെ പഠനത്തിൽ നിന്ന് വിദ്യാർത്ഥികൾ സൂക്ഷ്മാംശങ്ങളിലേക്ക് സ്വാഭാവികമായി എത്തിക്കൊള്ളും എന്ന
ആശയം മുന്നോട്ടുവച്ചത്. ഇതാണ് 2005ൽ പുറത്തിറക്കിയ നാഷണൽ കരിക്കുലം ഫ്രെയിംവർക്കിൻ്റെയും  2007ൽ പുറത്തിറക്കിയ കേരള കരിക്കുലം ഫ്രെയിംവർക്കിൻ്റെയും അടിത്തറ. സ്റ്റാനിസ്ലാസ്
ദെഹെയ്ൻ എന്ന ഫ്രഞ്ച് കൊഗ്നീറ്റിവ് ശാസ്ത്രജ്ഞനും കൂട്ടരും 2000ൽ ‘ബ്രെയിൻ’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, വായനയ്ക്കായി പ്രവർത്തനക്ഷമമാകുന്ന തലച്ചോറിൻ്റെ ഇടത്തുഭാഗത്തെ പ്രവർത്തനരീതികളെ വിശദീകരിക്കുന്നുണ്ട്. ചോംസ്കിയുടെയും ഗുഡ്മാൻ്റെയും കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് വിഷ്വൽ വേർഡ് ഫോം ഏരിയയുടെ (VWFA) പ്രവർത്തനം എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. 2009ൽ ദെഹെയ്ൻ പ്രസിദ്ധീകരിച്ച Reading in the Brain എന്ന ഗ്രന്ഥത്തിലൂടെ ഇത് പൂർണമായും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിപിഇപിയുടെ സൈദ്ധാന്തികാടിത്തറ പൊളിഞ്ഞുവീഴുന്ന ദയനീയമായ കാഴ്ചയാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദാരുണം ഈ വിദ്യാലയക്കാഴ്ചകൾ!

എഴുത്തും വായനയും നൈസർഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന കാഴ്ചപ്പാട് അബദ്ധമാണെന്നു തിരിച്ചറിയാൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ മതിയാകും. ഡിഗ്രി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കു പോലും അക്ഷരം ഉറച്ചിട്ടില്ലാത്ത അവസ്ഥയാണ്!

2014-ൽ കാസർഗോഡു ജില്ലയിൽ മാത്രം മൂന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായി നടത്തിയ ഭാഷാപരിശോധനയിൽ 85,332 വിദ്യാർത്ഥികളിൽ 15,000 പേർക്കും അക്ഷരജ്ഞാനം ഇല്ല എന്നു ബോധ്യപ്പെട്ടു. ഇതു പരിഹരിക്കാനായി ‘സാക്ഷരം 2014’ എന്ന ഒരു പദ്ധതി കാസർഗോഡു ജില്ലയിൽ മാത്രമായി നടപ്പിലാക്കേണ്ടി വന്നു.

അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ 1500 വിദ്യാർത്ഥികൾക്കായി പുല്ലുവഴി സ്കൂളിൽ മോളി അബ്രഹാം എന്ന അധ്യാപിക നടത്തിയ അക്ഷരമാല പരീക്ഷയിൽ വെറും എൺപതു പേർക്കാണ് മലയാളം അക്ഷരമാല കൃത്യമായി എഴുതാൻ കഴിഞ്ഞത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ
2014 സെപ്തംബർ 30-ന് കേരളത്തിലെ എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാന
അദ്ധ്യാപകർക്കായി എഴുതിയ കത്ത് മുഖ്യധാരാമാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്തിരുന്നു. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളിൽ നിന്നു പ്രതീക്ഷിക്കപ്പെടുന്ന എഴുത്തിനും വായനയ്ക്കുമുള്ള ത്രാണി അവർ നേടിയെന്ന് നവംബർ ഒന്നിനകം ഉറപ്പു വരുത്തിയിരിക്കണം എന്ന നിർദ്ദേശമായിരുന്നു അതിലുണ്ടായിരുന്നത്.

അംഗീകാരമർഹിക്കുന്ന അക്ഷരസ്നേഹികൾ

ഈ പശ്ചാത്തലത്തിൽ, മലയാള പാഠാവലിയിലേക്ക് അക്ഷരമാലയെ കൈപിടിച്ചു കയറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചവരെ അനുസ്മരിക്കാതെ വയ്യാ.

ഭാഷാപണ്ഡിതനും ആത്മാർത്ഥതയുള്ള സാംസ്കാരികനായകനുമായ പ്രൊഫ. എം.എൻ. കാരശ്ശേരി മാതൃഭൂമി ദിനപ്പത്രത്തിൽ നവംബർ ഒന്നാം തീയതി വിദ്യാഭ്യാസമന്ത്രി ശ്രീ. എൻ. ശിവൻകുട്ടിക്ക് എഴുതിയ തുറന്ന കത്താണ് മന്ത്രിയുടെ പ്രതികരണത്തിന് ഇടയാക്കിയത്. നിയമസഭയിലെ പ്രഖ്യാപനത്തിനുശേഷം മന്ത്രി അക്കാര്യം കാരശ്ശേരി മാഷിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.

മാഷിൻ്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചതും അത്തരമൊരു കത്തെഴുതാൻ പ്രേരണ നല്കിയതും ഗുണ്ടർട്ടിൻ്റെയും അർണോസ് പാതിരിയുടെയുമൊക്കെ പിൻതലമുറക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന, പാലാ രൂപതയിൽപെട്ട  റവ. ഡോ. തോമസ് മൂലയിലാണ്. “അച്ചൻ്റെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഭാവിതലമുറ വലിയ കെടുതിയിൽനിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്” എന്നാണ് കാരശ്ശേരി മാഷിൻ്റേതായി മംഗളം പത്രത്തിൽ വന്ന പ്രതികരണം.

മലയാളഭാഷയുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി വർഷങ്ങളായി അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന ഈ വൈദികൻ്റെ മലയാളപ്രേമത്തിൻ്റെ തെളിഞ്ഞ ഉദാഹരണമാണ് അദ്ദേഹം 2018-ൽ തുടങ്ങിവച്ച മാതൃഭാഷാ പോഷക സന്നദ്ധസമിതി. അക്ഷരമാല പഠിപ്പിക്കാത്ത വിദ്യാഭ്യാസ സംവിധാനത്തിൻ്റെ പോരായ്മയെക്കുറിച്ച് ”അമ്മമലയാളം അത്യാസന്ന നിലയിൽ” എന്ന ഒരു ആക്ഷേപഹാസ്യം ദീപിക ദിനപ്പത്രത്തിൽ എഴുതിയാണ് തോമസച്ചൻ പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാനുള്ള തൻ്റെ തപസ്സ് ആരംഭിച്ചത്. പിന്നീട് മംഗളം ദിനപ്പത്രത്തിൽ പ്രസ്തുത വിഷയസംബന്ധിയായി പത്ത് ലേഖനങ്ങൾ ഒരു പരമ്പരയായി അച്ചൻതന്നെ എഴുതി; പന്ത്രണ്ടോളം ലേഖനങ്ങൾ മറ്റുള്ളവരെക്കൊണ്ട് എഴുതിച്ചു. മലയാളഭാഷയുടെ കുലപതി എന്നും അവസാനവാക്കെന്നും വിശേഷിപ്പിക്കപ്പെടുന്ന ഡോ. വി. ആർ. പ്രബോധചന്ദ്രൻ നായരുടെ ലേഖനങ്ങൾ ഭാഷാമേഖലയിൽ വ്യാപരിക്കുന്നവർക്ക് ഇക്കാര്യത്തിൽ വലിയ ഉൾക്കാഴ്ച ലഭിക്കാൻ ഇടയാക്കിയിട്ടുണ്ട്.

‘ദൈവികമായ’ ഇടപെടലുകൾ

വിദ്യാഭ്യാസ വകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, എസ്.സി.ഇ.ആർ.ടി. എന്നിവയുടെ കാര്യാലയങ്ങളിലേക്ക് തോമസ് മൂലയിൽ അച്ചൻ അനേകം കത്തുകളും നിവേദനങ്ങളും അയച്ചു; സ്ഥലം എംഎൽഎവഴി വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുകയും ചെയ്തു. നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിക്ക് നിർദ്ദേശം നല്കിയിട്ടുണ്ട് എന്ന കുറിപ്പു ലഭിച്ചതല്ലാതെ പ്രായോഗികനടപടികളൊന്നും ഉണ്ടായില്ല.

പുതിയ മന്ത്രിസഭ വന്നപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻവഴി പുതിയ വിദ്യാഭ്യാസമന്ത്രിക്ക് വീണ്ടും നിവേദനം നല്കി. പാഠപുസ്തകപരിഷ്കരണം നടക്കാൻ പോവുകയാണ് എന്ന മറുപടിയാണ് എസ്.സി.ഇ.ആർ.ടി. കാര്യാലയത്തിൽനിന്നും അച്ചന് ലഭിച്ചത്. 2021 ഒക്ടോബർ 28-ാം തീയതി എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ നേരിട്ടു ഫോൺവിളിച്ച് ഒന്നാം പാഠപുസ്തകത്തിൻ്റെ അവസാനമെങ്കിലും അക്ഷരമാല ചേർക്കുമോ എന്നു ചോദിച്ച തോമസ് അച്ചന് കിട്ടിയ മറുപടി തികച്ചും നിഷേധാത്മകമായിരുന്നു. അപ്പോഴാണ് ഭാഷാസ്നേഹിയായ ഈ വൈദികൻ എം.എൻ. കാരശ്ശേരി മാഷിനെ സമീപിച്ച് ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചത്. 

”ഞാൻ അക്ഷരമാലയ്ക്കു വേണ്ടി ഏറെ പ്രാർത്ഥിച്ചു; പ്രത്യേകിച്ച്, വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെയും വി. അൽഫോൺസാമ്മയുടെയും മാധ്യസ്ഥ്യം തേടി”, മൂലയിലച്ചൻ്റെ കണ്ഠമിടറിക്കൊണ്ടുള്ള സാക്ഷ്യമാണിത്. വൈദികനാകാൻ ദൈവവിളി ലഭിച്ച തോമസച്ചന് പിന്നീടു ലഭിച്ച വലിയൊരു ഉൾവിളിയായിരുന്നു അക്ഷരമാലയുടെ പുന:പ്രതിഷ്ഠയ്ക്കും മലയാളഭാഷയുടെ അഭ്യുന്നതിക്കുമായി സ്വയം ഉഴിഞ്ഞുവയ്ക്കുക എന്നത്. ഈ ഉൾവിളിക്കു കാരണം വൈദികജീവിതത്തിൽ വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിൻ്റെ ഇടപഴകലായിരുന്നു. പത്തുവർഷം കെസിഎസ്എൽ-കെസിവൈഎം സംഘടനകളുടെ രൂപതാ ഡയറക്ടറായും എട്ടുവർഷം മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കൗമാരപ്രായക്കാരുടെയും യുവതീയുവാക്കളുടെയും ഭാഷാബന്ധം മനസ്സിലാക്കാൻ ഏറെ അവസരങ്ങൾ ലഭിച്ചു. വിവിധ സ്കൂളുകളിൽ പഠിക്കുന്ന അഞ്ഞൂറോളം കുട്ടികളുടെ മലയാള ഭാഷാപരിജ്ഞാനം നേരിട്ടു പരിശോധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. യുവജന -വിദ്യാഭ്യാസസംബന്ധിയാണ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സമർപ്പിച്ച ഡോക്ടറൽ തീസീസ്. 1985-ലെ യുവജന വർഷാചരണത്തോടനുബന്ധിച്ച് കോട്ടയം OIRSIയിൽനിന്ന് അതു പ്രസിദ്ധീകൃതമായി.

മലയാള അക്ഷരമാലയ്ക്ക് പാഠപുസ്തകങ്ങളിലേക്ക് പുനഃപ്രവേശം സിദ്ധിക്കുമ്പോൾ അതിനു നിമിത്തമാകുന്നത് ഒരു ക്രൈസ്തവ പുരോഹിതനാണ് എന്നത് ഏറെ സന്തോഷകരമാണ്. ബെഞ്ചമിൻ ബെയ്ലിയുടെയും ഹെർമൻ ഗുണ്ടർട്ടിൻ്റെയും അർണോസ് പാതിരിയുടെയും റവ. ജോർജ് മാത്തൻ്റെയും കാലം അവസാനിച്ചിട്ടില്ല എന്ന ആശ്വാസകരമായ തിരിച്ചറിവാണ് അതു നമുക്കു നല്കുന്നത്. നൂറ്ററുപത്തിനാലു വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിൻ്റെ ഭാഷാശുശ്രൂഷ കൈരളിക്ക് ലഭിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.

കടപ്പാട് ദീപിക