പാലാ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ. കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പ്രസംഗിച്ച കാര്യങ്ങൾ വിവാദമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അദ്ദേഹത്തിൻറെ പ്രസംഗത്തിൻറെ പാവനതയും, ഉദ്ദേശശുദ്ധിയും വളച്ചൊടിക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കടന്നുകയറ്റമാണെന്നും എംഎൽഎ പ്രസ്താവനയിൽ തുറന്നടിച്ചു. ഈ വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ നർക്കോട്ടിക് ലോബിയുടെ അതിശക്തമായ പ്രേരണയാകും എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നാർകോട്ടിക് ഉപയോഗം ലോകം മുഴുവൻ നിരോധിക്കപ്പെട്ടിട്ടുള്ളതും, എതിർക്കപ്പെടേതുണ്ടതാണ്. ഇക്കാര്യങ്ങൾ പിതാവ് തുറന്നു പറയുമ്പോൾ മാത്രം വിവാദമാകുന്നത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു.
പിതാവ് ഏതെങ്കിലും മതത്തിനെതിരെ പറഞ്ഞു എന്ന വ്യാഖ്യാനം നടത്തുന്ന വരെയാണ് കരുതിയിരിക്കേണ്ടത് എന്നും, കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പറഞ്ഞ കാര്യങ്ങൾ അഭിപ്രായസ്വാതന്ത്ര്യം ആയി കാണേണ്ടതേ ഉള്ളൂ എന്നും മാണി സി കാപ്പൻ തൻറെ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസ്താവനയിൽ വിയോജിപ്പുള്ള വർക്ക് ആശയ സംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട് എന്നും അതിനുപകരം വിഷയത്തെ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
രാഷ്ട്രീയ നേതാക്കളിൽ പാലാ ബിഷപ്പ് കൈക്കൊണ്ട നിലപാടുകൾ, അതിനുണ്ടായ സാഹചര്യവും, അത് ദുർവ്യാഖ്യാനം ചെയ്യുവാനുള്ള കുൽസിത ശ്രമങ്ങളും എല്ലാം എടുത്തുകാട്ടി വിശദമായ ഒരു പ്രസ്താവനയാണ് മാണി സി കാപ്പൻ നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രവും പക്വവുമായ ഒരു പ്രതികരണം ആയിട്ടാണ് സഭാ കേന്ദ്രങ്ങളും ഈ പ്രസ്താവനയെ വിലയിരുത്തുന്നത്. ക്രൈസ്തവ മേഖലകളിൽ വലിയ സ്വീകാര്യതയാണ് മാണി സി കാപ്പൻ നടത്തിയ പ്രസ്താവനയ്ക്ക് ലഭിക്കുന്നത്. രാവിലെ പാലാ അരമനയിൽ എത്തി മാർ ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പത്രക്കുറിപ്പ് പുറത്തുവിട്ടത്.