കൊച്ചി
‘ സാധാരണക്കാര്‍ക്ക് എത്ര മാസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കും എന്ന് സര്‍ക്കാര്‍
വ്യക്തമാക്കണം. ഓരോ കോവിഡ് മരണവും ഭരണ പരാജയമായി വിലയിരുത്തപ്പെടും’
എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നത കോടതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നത് അപകടകരമായ പ്രവണതയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. ജീവന്റെ സംരക്ഷണം മുന്‍നിര്‍ത്തി വാക്‌സിന്‍ വിതരണത്തില്‍ ഇടപെട്ട സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനവും മരണവും പരമാവധി ഒഴിവാക്കുന്നതിന് മുഴുവന്‍ ജനങ്ങള്‍ക്കും ഉടന്‍ വാക്സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃ യോഗത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു.ഗ്രാമങ്ങളില്‍ വാക്സിന്‍ സെന്റററുകള്‍ സ്ഥാപിച്ച് എത്രയും വേഗം ജനങ്ങള്‍ക്കു വാക്സിന്‍ നല്കുവാന്‍ നടപടികള്‍ സ്വീകരിക്കണം. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് എത്ര മാസം കൊണ്ട് വാക്സിന്‍ ലഭ്യമാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ കോവിഡ് മരണവും ഭരണ പരാജയം ആയി വിലയിരുത്തപ്പെടും എന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ തടയുന്നതില്‍ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ അപര്യാപ്തമായിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ കോവിഡ് മൂലം മരിക്കുമ്പോള്‍, വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതിന് ന്യായീകരണമില്ല. യുദ്ധ വിമാനമല്ല ഇന്ന് ഇന്ത്യക്ക് ആവശ്യം; ഓക്സിജനും വാക്്സിനും ആണ് രാജ്യത്തിന് അടിയന്തിരമായി വേണ്ടത്. മറ്റ് വകുപ്പുകളിലെ ബജറ്റ് തുകകള്‍ വകമാറ്റി ഈ വര്‍ഷം കൊണ്ടെങ്കിലും ഇന്ത്യന്‍ ജനതയ്ക്ക് വാക്സിന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു.

വാക്സിന്‍ വിതരണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് മുന്‍പില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സമിതി രൂപീകരിച്ചു. മുൻമന്ത്രി കെ ആർ ഗൗരിയമ്മയുടെയും, പ്രമുഖ തിരക്കഥകൃത്ത് ഡെന്നിസ് ജോസഫിന്റെയും നിര്യാണത്തിൽ കത്തോലിക്ക കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ നേതാക്കളായ രാജീവ് കൊച്ചുപറമ്പില്‍, ടോണി പുഞ്ചക്കുന്നേല്‍, ഡോ. ജോബി കാക്കശേരി, ഡോ ജോസുകുട്ടി ജെ ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.