തിരുവനന്തപുരം: നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടില്ലെന്നത് ആശ്വാസമാണ്. വ്യാപനം തടയാനും മികച്ച ചികിത്സ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍- അദ്ദേഹം പറഞ്ഞു.
കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് അപകടം ഒഴിവാക്കാനായിട്ടുണ്ട്. നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിപ കണ്ട്രോള് റൂം സജ്ജമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
1286പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അവരില്‍ 276പേര് ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ടതാണ്. 122 പേര് രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവര്‍ത്തകര്‍ പട്ടികയിലുണ്ട്. 994പേര് നിരീക്ഷണത്തിലാണ്. രോഗലക്ഷണമുള്ള 304 സാമ്പിളുകള്‍ ശേഖരിച്ചു. 267പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആറുപേരുടെ ഫലമാണ് പോസിറ്റീവ് എന്നും അദ്ദേഹം പറഞ്ഞു.