നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കുമെന്ന് അബ്രഹാം മുതലുള്ള പൂർവ്വപിതാക്കന്മാരിലൂടെ ദൈവം നടത്തിയ ഉടമ്പടിയുടെ മക്കളുടെ പിൻതലമുറക്കാർ കാനഡാ മണ്ണിൽ തങ്ങളുടെ ഗോത്ര പിതാവിനോടൊപ്പം തനിമയിലും,ഒരുമയിലും , വിശ്വാസനിറവിലും മൂന്നു ദിവസം ഒത്തു ചേർന്നു. 2023 മെയ് മാസം 19 ന് നടവിളികളുടെ അകമ്പടിയോടെ ആരംഭം കുറിച്ച സംഗമം 21 -)o തീയതി ഞായറാഴ്ച സമാപിച്ചു. കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലകാട്ടു മെത്രാപ്പോലിത്തയുടെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ മിസ്സിസ്സാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ വചന സന്ദേശം നൽകുകയും ഒണ്ടാറിയോയിലും സമീപപ്രദേശത്തും സേവനം ചെയ്യുന്ന ക്നാനായ വൈദികർ സഹ കാർമികത്വം വഹിക്കുകയും ചെയ്തു. സംഗമം ചെയർമാൻ ശ്രീ ജോജി വണ്ടംമാക്കിൽ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടു ഉദ്ഘാടനം ചെയ്യുകയും മിസ്സിസ്സാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും റവ ഫാ ജോർജ് പാറയിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു.പ്രസ്തുത സമ്മേളനത്തിൽ ഡയറക്ടറേറ്റ് ചാപ്ലൈൻ വെരി റവ ഫാ പത്രോസ് ചമ്പക്കര സ്വാഗതപ്രസംഗവും ,കൺവീനർ ശ്രീ സാബു തറപ്പേൽ നന്ദി പ്രകാശനവും നടത്തി .വരും തലമുറയിലെ കുട്ടികളിൽ ക്നാനായ തനിമ വളർത്തുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിന് കുട്ടികൾ തന്നെ അവതരിപ്പിച്ച ക്നാനായ വിവാഹ ചടങ്ങുകൾ ആദ്യദിനത്തെ പ്രൗഡ്ഡ ഗംഭീരമാക്കി തീർത്തു.
വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച രണ്ടാം ദിനത്തിൽ ഗോത്ര പിതാവ് മാർ മാത്യു മൂലക്കാട്ടു നേതൃത്വം കൊടുത്ത സംവാദത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും ക്നാനായ സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ദൈവാശ്രയത്തിലൂടെ ഭയപ്പാടില്ലാതെ പരിഹരിക്കപ്പെടും എന്നുള്ള ഉറച്ച ബോധ്യം കൈവന്നു . സംവാദത്തിന് മോഡറേറ്റർ ആയിരുന്നത് ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ രൂപതാ വികാരി ജനറാളുമായ വെരി റവ ഫാ തോമസ് മുളവനാൽ ആയിരുന്നു . കുട്ടികളെ അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ തിരിച്ചു പഠനൊന്മുഖമായ വിവിധ പ്രോഗ്രാമുകളും വിവിധ ദിനങ്ങളിൽ നടത്തപ്പെട്ടു. നാലു മണിക്കൂറോളം നീണ്ടു നിന്ന ഔട്ട്ഡോർ കായിക മത്സരങ്ങൾ മറഞ്ഞിരുന്ന കായിക കഴിവുകൾ പുറത്തെടുക്കുവാനുള്ള അവസരമായിരുന്നു. പ്രായഭേദമന്യേ നൂറ്റി അമ്പതോളം പേർ അരങ്ങു തകർത്ത കലാസന്ധ്യ ആർക്കും മറക്കാനാവാത്ത ഒന്നായിരുന്നു. ക്നാനായ വാനമ്പാടിയെന്നു അറിയപ്പെടുന്ന ബ്ലെസ്സി തോമസ് അവതരിപ്പിച്ച സംഗീതസന്ധ്യ രണ്ടാം ദിനത്തെ മനോഹരമാക്കി .
ഇമ്മീഗ്രണ്ട് കമ്മ്യൂണിറ്റി പേരെന്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ ക്രിസ്റ്റീൻ പണ്ടാരശ്ശേരിയുടെ സെമിനാറോട് കൂടി മൂന്നാം ദിനപ്രോഗ്രാമുകൾ ആരംഭിച്ചു. തങ്ങളുടെ ആത്മീയ ആചാര്യൻ മാർ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സിൽവർ ജൂബിലിയും കാനഡാ ക്നാനായ കാത്തലിക് ഡിറക്ടറേറ്റ് ചാപ്ലൈനും മിസ്സിസ്സാഗ രൂപതാ വികാരി ജനറാളുമായ വെരി റവ ഫാ പത്രോസ് ചമ്പക്കരയുടെ പൗരോഹത്യ സിൽവർ ജൂബിലിയും സംയുക്തമായി വിശുദ്ധ കുർബാനഅർപ്പിച്ചു ആഘോഷിക്കുകയുണ്ടായി. കാനഡയിലെ ക്നാനായ സഭാ സംവിധാനത്തിന്റെ വളർച്ചയിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തവരെ മൊമെന്റോ നൽകി സമാപന സമ്മേളനത്തിൽ ആദരിക്കുകയുണ്ടായി. സംഗമത്തിനു സാമ്പത്തിക സഹായം നൽകി സഹായിച്ച ശ്രീ ബോബൻ ജയിംസ് ( Stratford കിയ & Oakville മിറ്റ്സുബിഷി ), ശ്രീ ജോജി തോമസ് ( റിയൽ ടേസ്റ്റ് ), ശ്രീ ബിനീഷ് നയാഗ്ര ( റിയൽറ്റർ ), മാത്യു & മെറിൻ കുടിലിൽ, വിനിൽ & വിനീത പുതിയകുന്നേൽ, Dr സാറ മാത്യു (Beaqumaris ദന്തൽ കെയർ ) എന്നിവരെ സമ്മേളനത്തിൽ ആദരിക്കുകയുണ്ടായി. സംഗമം വൻ വിജയമാക്കുവാൻ അധ്വാനിച്ച ഏവർക്കും സംഗമം കോ ചെയർമാൻ ശ്രീ റോയ് പുത്തൻകുളം നന്ദി അറിയിച്ചു.
തങ്ങൾക്ക് മൂന്നു ദിവസങ്ങളായി ലഭിച്ച സ്മരണകളും അനുഭവങ്ങളും തുടരുവാൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കാനഡാ ക്നാനായ സംഗമം വരും വർഷങ്ങളിലും നടത്തണമെന്ന് ഐകകണ്ഡേന പ്രായഭേദമന്യേ ഏവരും അഭ്യർത്ഥിച്ചു . കാൻ വോയിസ് കാനഡ അവരിപ്പിച്ച ഗാനമേളയോടെ സംഗമം പരിയവസാനിച്ചു.