1. കഴിവതും ഒറ്റ കുട്ടി മതി എന്ന് തീരുമാനിക്കുക. രണ്ടെണ്ണം ആയാല്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്ന് വരില്ല

.2. അധികം വെളിയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തുക.

3. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുക. എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കണം. പണവും, പ്രതാപവും ആണ് ഈ ലോകത്ത് ഏറ്റവും പ്രധാനം എന്ന് ബോധ്യപ്പെടുത്തുക.

4. കുട്ടിയാണ് ലോകത്തിന്‍റെ തന്നെ സെന്‍റര്‍ എന്നവന് തോന്നിക്കും രീതിയില്‍ പെരുമാറുക. എന്തെങ്കിലും ആഹാരം ആണെങ്കില്‍ കൂടി അവന്‍റെ ആവശ്യം കഴിഞ്ഞേ മുതിര്‍ന്നവര്‍ പോലും എടുക്കൂ എന്ന് ഉറപ്പു വരുത്തുക. ഷെയറിങ്ങിന്‍റെ ആവശ്യകതയോ, അത് നല്‍കുന്ന സന്തോഷമോ ഒരിക്കലും കുട്ടി അറിയാനോ, അനുഭവിക്കാനോ ഇടയാക്കരുത്‌.

5. ഒരിക്കലും അവനെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. അവന്‍ അവന്‍റേതായ രീതിയില്‍ വളരട്ടെ. അവന്‍ കൂള്‍ & ഫ്രീക്കന്‍ ആണെന്നും, ഭയങ്കര ദേഷ്യക്കാരനും, പിടിവാശിക്കാരനും ആണെന്ന് അവന്‍റെ മുന്‍പില്‍ വെച്ചുതന്നെ മറ്റുള്ളവരോട് പറയുക

.6. അയല്‍പക്കത്തെ കുട്ടിയുമായി വഴക്കുണ്ടാക്കിയാല്‍ കണ്ണടച്ചേക്കണം. ഈ ദുഷിച്ച ലോകത്ത് ജീവിക്കാന്‍ ചെറുപ്പത്തിലേ പരിശീലനം തുടങ്ങുന്നത് നല്ലതാണ് എന്ന രീതിയില്‍.. “തല്ലും മേടിച്ച് മോങ്ങിക്കോണ്ട് വന്നിരിക്കുന്നോ..? അവന്‍റെ തല തല്ലിപൊട്ടിച്ചിട്ട് വരാന്‍ മേലായിരുന്നോ” എന്ന് ചോദിക്കണം.

7. കുട്ടിയുടെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ അധ്യാപകര്‍ വിളിപ്പിച്ചാല്‍ ആ ഭാഗത്തേയ്ക്ക് പോകാതിരിക്കുക. അഥവാ പോയാലും, കുട്ടിയെ ന്യായീകരിച്ച് സംസാരിക്കണം. അധ്യാപകന്‍ തല്ലിയാല്‍.. സ്ക്കൂളില്‍ ചെന്ന് അദ്ദേഹത്തിനെ ചീത്ത വിളിക്കണം. സാധിക്കുമെങ്കില്‍.. ഒരു കേസും കൊടുക്കണം

.8. കുട്ടിക്ക് ഡ്രസ്സ് എടുക്കുമ്പോള്‍ വില കൂടിയതും, ഫാഷണബളിനും എടുക്കണം. തുണിയുടെ മേന്മയോ, കംഫര്‍ട്ടബിളാണോ എന്നൊന്നും നോക്കരുത്. പുറംമോടിയിലാണ് കാര്യം എന്ന് കുട്ടിയെ ബോധ്യപ്പെടുത്തണം..

9. അവന് സ്വന്തമായി മുറി, മൊബൈല്‍, കംപ്യൂട്ടര്‍ ഒക്കെ കൊടുക്കണം. അവന്‍റെ സ്വാതന്ത്യത്തില്‍ കൈകടത്തരുത്. അവന്‍ നമ്മളേക്കാള്‍ അറിവുള്ളവനാണ്. അവനില്‍ നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസിലാക്കണം.

10. തെറ്റ് കണ്ടാല്‍ ശിക്ഷിക്കരുത്. കളികളില്‍ പോലും അവന്‍ തോല്‍ക്കാന്‍ അനുവദിക്കാതെ, നിങ്ങള്‍ തോറ്റു കൊടുക്കണം.മിനിമം ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍.. നിങ്ങളുടെ മകനെ നല്ല ഒന്നാന്തരം വഷളനായി വളര്‍ത്തിയെടുക്കാം!!!

ഇത് ആക്ഷേപഹാസ്യം ആണെന്ന് വ്യക്തമാണല്ലോ. എന്നാല്‍.. മേല്‍ പറഞ്ഞത് പലതും, അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്നതാണ്. തിരുത്താന്‍ തുടങ്ങുക, ഇന്നു മുതല്‍..

ഇപ്പോള്‍ മുതല്‍.ശുഭദിനം കൂട്ടുകാരേ..

Jogymon Chacko