തൃശൂർ: ക്രിസ്തുമസ്സെന്നാൽ, കഴിഞ്ഞ കുറെ വർഷക്കാലമായി തൃശൂരുകാർക്ക് ബോൺനത്താലെയാണ്.
തൃശൂർ പൂരത്തെ നെഞ്ചോട് ചേർത്തിരുന്ന തൃശൂരുകാർ, അതേ വൈകാരികതയോടെ തന്നെയാണ് ബോൺനത്താലെയെയും കഴിഞ്ഞ വർഷങ്ങളിൽ നെഞ്ചേറ്റിയത്.
അടുക്കോടും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്ന ഈ സാംസ്കാരിക ഘോഷയാത്ര കാണാൻ, അന്യജില്ലകളിൽ നിന്നു പോലും ആലോഷ പ്രേമികളെത്താറുണ്ടായിരുന്നു.തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ നിന്നാരംഭിച്ച്, മൂന്നു – നാലു മണിക്കൂറെടുത്ത് ക്രിസ്തുമസ് പാപ്പമാരുടേയും വിവിധ സാംസ്കാരിക ഫ്ലോട്ടുകളുടേയും അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റുമ്പോൾ പതിനായിരക്കണക്കിനു കാണികളാണ് വിവിധയിടങ്ങളിൽ ആകാംക്ഷയോടെ അതിനെ കാത്തു നിൽക്കാറ്.
എന്നാൽ തൃശ്ശൂർ നഗരത്തിലെ ക്രിസ്തുമസ് കാഴ്ചകളിൽ, നാനാജാതി മതസ്ഥരായ ആഘോഷ പ്രേമികളെ സാംസ്കാരികാകമ്പടിയോടെ കോൾമയിർ കൊള്ളിച്ചിരുന്ന ബോൺനത്താലെ ക്രിസ്തുമസ് ഘോഷയാത്ര ഈ വർഷത്തെ കോവിഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിലില്ല.
ബോൺനത്താലെ 2020, ഒരു ചടങ്ങു മാത്രമായി 27ന് ഞായറാഴ്ച, തൃശ്ശൂർ ആർച്ച് ബിഷപ്പ്സ് ഹൗസിൽ സംഘടിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി, ഈ വർഷത്തെ ബോൺനത്താലെ കാരുണ്യത്തിൻ്റെ മാത്രം ആഘോഷമാണ്.നേരത്തെയും ഉപവികേന്ദ്രീകൃതമായ നിരവധി പ്രവർത്തനങ്ങൾക്ക് ബോൺനത്താലെ സംഘാടക സമിതി പ്രാമുഖ്യം കൊടുത്തിരുന്നുവെങ്കിലും സാംസ്കാരിക ഘോഷയാത്രയുടെ പ്രസരിപ്പിൽ, അത്ര മാധ്യമശ്രദ്ധ കിട്ടാതെ പോകുകയാണ് പതിവ്.
അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു മാത്രം (24/12/20) അഞ്ചു വീടുകളുടെ താക്കോൽദാനമാണ്, ഈ വർഷത്തെ ബോൺനത്താലെയുടെ ഭാഗമായി, അതിരൂപതയുടെ വിവിധയിടങ്ങളിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചത്.
പ്രകടനപരതയ്ക്കായുള്ള താക്കോൽദാനമല്ല; മറിച്ച് മുഴുവൻ പണിയും പൂർത്തീകരിച്ച് താമസയോഗ്യമായ അഞ്ചു വീടുകളുടെ കൈമാറ്റം….
.കല്ലൂർ ഈസ്റ്റ്,ചിറ്റിശ്ശേരി, മഞ്ഞക്കുന്ന്, എറവ്, കാഞ്ഞാണി എന്നീ അഞ്ചു പ്രദേശങ്ങളിലെ നിർദ്ധനരായ അഞ്ചു കുടുംബങ്ങൾ ഇന്നു മുതൽ പുതിയ വീടുകളിൽ ആശ്വാസത്തോടെ അന്തിയുറങ്ങും…..
ഇതൊരു തുടർച്ചയാണ്…ആദിമസഭയുടെ കാലഘട്ടം മുതൽ സഭ എക്കാലത്തും പിന്തുടർന്ന പങ്കുവെപ്പിൻ്റെ പ്രായോഗിക തുടർച്ച…
.നേതൃത്വം നൽകിയ ആൻഡ്രൂസ് താഴത്ത് പിതാവിനും ജോയ് മൂക്കനച്ചൻ്റെ നേതൃത്വത്തിലുള്ള സാന്ത്വനം ടീമിനും അഭിനന്ദനങ്ങൾ!!
ഡെയ്സൻ പാണേങ്ങാടൻ,ബോൺനത്താലെ ടീം.
PRO Archdiocese of Trichur