വളരെയധികം വിഷമത്തോടെയും ഉത്കണ്ഠയോടെയുമാണ് ഞാനിത് എഴുതുന്നത്.
മലയാളക്കരയാകെ തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങളെ അവലോകനം ചെയ്യുന്ന ഈ സമയത്ത് തൃശ്ശൂർ അതിരൂപത മക്കൾക്ക് ഇതിലൊന്നും ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്നു. കാരണം അതിരൂപതയുടെ അജപാലന ശുശ്രൂഷകളിൽ ഈ തലമുറക്ക് വഴികാട്ടികളായിരുന്ന 6 വന്ദ്യവൈദികരാണ് കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് കോവിഡ് ബാധിച്ചു നമ്മെ വിട്ട് വേർപിരിഞ്ഞുപോയത്. അതിൽ അഞ്ച് പേര് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മരണപ്പെട്ടവരാണ്. ഇനിയും ചില വൈദീകർ അത്യാസന്ന നിലയിലുമാണ്.
കോവിഡ് അതിന്റെ അതിരൗദ്രഭാവം പൂണ്ടു നിൽക്കുന്ന ഈ അവസരത്തിൽ ഈ വാർത്തകൾക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കാതെ കോവിഡ് ബാധിച്ചു അത്യാസന്ന നിലയിൽ ആയിരിക്കുന്ന വൈദീകർക്കുവേണ്ടി പ്രാർഥിക്കണമേ എന്ന് ഏവരോടും അപേക്ഷിക്കുന്നു. കാരണം കൂടെ ഉള്ളവരുടെ മരണവാർത്ത കേൾക്കുമ്പോൾ മറ്റ് വൈദീകർക്ക് അവരുടെ മനോബലം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അത് അവരുടെ അസുഖത്തെ കൂടുതൽ മൂർച്ഛിപ്പിക്കാൻ ഇടവരുത്തും.
തങ്ങളുടെ യൗവനകാലം മുഴുവൻ സഭയ്ക്ക് വേണ്ടി പ്രവർത്തിച്ച് ഇപ്പോൾ നമുക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് വിശ്രമജീവിതം നയിക്കുന്നതിനായി തൃശ്ശൂർ അതിരൂപതയിലെ വൃദ്ധ വൈദികർ താമസിക്കുന്ന സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിലേക്ക് ആണ് കോവിഡ് എന്ന മഹാമാരി യാതൊരു ദാക്ഷിണ്യവുമില്ലാതെ കടന്നുകയറിയത്.
ഏപ്രിൽ 22 ആം തീയതി ജോർജ് ചിറമേൽ അച്ചൻ (82) കോവിഡ് ബാധിച്ചു മരിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നിയെങ്കിലും മറ്റു വൈദികർക്ക് കുഴപ്പമില്ലല്ലോ എന്ന് ആശ്വസിച്ചു. എന്നാൽ ഏപ്രിൽ 30ന് വെളുപ്പിന് ജേക്കബ് തൈക്കാട്ടിൽ അച്ചന്റെ (87) മരണവാർത്തയും അന്ന് വൈകീട്ട് തന്നെ ജേക്കബ് ചെറയത്ത് അച്ചന്റെ (85) മരണവാർത്തയും അറിഞ്ഞപ്പോൾ മനസ്സൊന്നു നടുങ്ങി.
മെയ് ഒന്നാം തീയതി അതായത് ഇന്നലെ രാത്രി 11.20ന് ജോസ് തെക്കേക്കര സീനിയർ അച്ചന്റെ (87) മരണവാർത്ത അറഞ്ഞു അതിന്റെ ഞെട്ടൽ മാറും മുമ്പ് 20 മിനിട്ടിനുള്ളിൽ ബർണാഡ് തട്ടിൽ അച്ചന്റെയും (78) മരണവാർത്ത കേട്ടപ്പോൾ മനസ്സ് നീറുകയായിരുന്നു.
ഇന്നലെ രാത്രി തന്നെ എനിക്ക് അടുപ്പമുള്ള പല വൈദികരെയും ഞാൻ വിളിച്ചു. അപ്പോഴാണ് അറിഞ്ഞത് മോൺ. ജോർജ് അക്കര അച്ചനും അതുപോലെ പ്രായംചെന്ന മറ്റു പല വൈദികരും അത്യാസന്നനിലയിൽ തുടരുകയാണെന്ന്. ഇതൊക്കെ പറയുമ്പോൾ അവരിൽ ചിലരുടെ മനസ്സ് ഇടറുന്നുണ്ടായിരുന്നു.
കാരണം അവർക്ക് മാർഗ്ഗദർശി ആയിരുന്ന അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്. ഭയപ്പെട്ടതുപോലെ തന്നെ മോൺ. ജോർജ് അക്കര അച്ചന്റെ (80) മരണവാർത്തയും ഇന്ന് രാവിലെ തന്നെ അറിഞ്ഞു.
കോവിഡ് മഹാമാരി കേരളത്തിൽ അലയടിച്ച 2020 മെയ് മാസം മുതൽ നാളിതുവരെ കോവിഡ് രോഗം വന്ന് മരണമടഞ്ഞ നിരവധി ആളുകളുടെ മൃതസംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി സധൈര്യം മുന്നിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് അതിന് പ്രചോദനമായത് തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സ്വാന്തനം എന്ന സംവിധാനമാണ്. അതിനു നേതൃത്വം കൊടുക്കുന്നതും വൈദീകർ തന്നെ ആണ്, അവർ തരുന്ന ധൈര്യം ആണ് ഞങ്ങളെപ്പോലുള്ളവർക്ക് ഇത്തരം ദുരന്ത വേളകളിൽ പ്രവർത്തിക്കാൻ ഉള്ള ഊർജ്ജം. എന്നാൽ സ്വാന്തനം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് പങ്കെടുത്തപ്പോൾ ഒന്നും ഇല്ലാത്ത ഒരു മരവിപ്പാണ് മനസ്സിനിപ്പോൾ. കാരണം ഓഖി ആവട്ടെ, പ്രളയം ആവട്ടെ, കോവിഡ് ആവട്ടെ ഏത് ദുരന്തം വന്നാലും സധൈര്യം സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സഹായിക്കുവാൻ യുവജനങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ട് മുന്നിട്ടിറങ്ങുന്ന വരാണ് കത്തോലിക്കാസഭയിലെ വൈദികർ. അതിനവർക്ക് പ്രേരകമാകുന്നതോ ഇവർക്ക് മുന്നേ വഴികാട്ടികളായി നടന്നിരുന്ന, ഗുരുക്കന്മാരായ വൈദികരായിരുന്നു. ആ വൈദികരാണ് കോവിഡ് എന്ന മഹാമാരിയുടെ ദുരിതഫലം അനുഭവിച്ചുകൊണ്ട് മരണത്തിന് മുന്നിൽ ഇന്ന് ഒന്നൊന്നായി കീഴടങ്ങി കൊണ്ടിരിക്കുന്നത്.
അഭിവന്ദ്യ പിതാക്കന്മാരെ, പ്രിയ വൈദികരെ,
മരണത്തെ ഭയപ്പെടുന്നവർ അല്ല നിങ്ങൾ എന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഗുരുസ്ഥാനീയരായ, ജേഷ്ഠസഹോദരന്മാരായ വൈദികരുടെ മരണ വാർത്തകൾ കേൾക്കുമ്പോൾ നിങ്ങൾ തളരരുത്. നിങ്ങൾ തളർന്നാൽ ഞങ്ങളും തളർന്നുപോകും. ഇതിനേക്കാളേറെ പ്രതിസന്ധികൾ തരണം ചെയ്തവരാണ് നമ്മുടെ പൂർവികർ. ഈ വിഷമഘട്ടത്തിൽ ലക്ഷകണക്കിന് സഭാമക്കളുടെ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പം ഉണ്ടാവും. ഈ ദുർഘട നിമിഷവും നമ്മൾ തരണം ചെയ്യും. ഈശോയെ മുറുകെപ്പിടിച്ചുകൊണ്ട്, അസുഖബാധിതരായി കിടക്കുന്ന വൈദികർക്കും എല്ലാ സന്യസ്തർക്കുവേണ്ടിയും ഞങ്ങളുടെ പ്രാർഥനകൾ ഉണ്ടാവും. ഏവരുടെയും ആത്മാർഥമായ പ്രാർത്ഥനാ സഹായം യാചിച്ചു കൊണ്ട് നിർത്തുന്നു
റോണി അഗസ്റ്റ്യൻ