ഇന്നു ജൂലൈ 12 കുരിശിന്റെ വഴിയിൽ ദൃശ്യമാകുന്ന വെറോനിക്കാ എന്ന മനുഷ്യത്വമുള്ള ധൈര്യവതിയായ ഒരു സ്ത്രീയുടെ തിരുനാൾ ദിനം. വേറിട്ടു സഞ്ചരിച്ച അവൾ ക്രിസ്തുശിഷ്യർക്കു മുഴുവൻ മാതൃകയും വെല്ലുവിളിയുമാണ്. സുവിശേഷത്തിൽ പരാമർശിക്കുന്ന രക്തസ്രാവക്കാരിതന്നെ ആ സ്ത്രീ! ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചതിന്റെ ഫലമായി അവൾക്കു ലഭിച്ച സൗഖ്യം സമാന്തര സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 9: 18- 26, മർക്കോ 5: 25- 34, ലൂക്കാ 8: 43- 48).
നാലാം നൂറ്റാണ്ടിൽ വിരചിതമായ ‘പീലാത്തോസിന്റെ നടപടികൾ’ എന്ന അപ്രമാണിക ഗ്രന്ഥത്തിൽ, ബെർണീസ് എന്ന ഒരു സ്ത്രീ റോമിലേക്ക് പോയതിനെ കുറിച്ചും അവൾ വരച്ച ക്രിസ്തുവിന്റെ ചിത്രത്തിലൂടെ തിബേരിയൂസ് ചക്രവർത്തിയെ സൗഖ്യപ്പെടുത്തിയതിനെ കുറിച്ചും വിവരിക്കുന്നുണ്ട്. രക്തസ്രാവത്തിൽനിന്ന് സൗഖ്യം നേടിയപ്പോൾ നന്ദി സൂചകമായി അവൾ വരച്ചതായിരുന്നു ഈ ചിത്രം. ബെർണിസ് മരിച്ചപ്പോൾ ഈ ചിത്രം ഒന്നാം ക്ലമന്റ് പാപ്പയെ ഭരമേൽപ്പിച്ചു.
ബെർണീസിനെ, ഈശോയുടെ കുരിശിന്റെ വഴിയിൽ ആറാം സ്ഥലത്ത് കണ്ടുമുട്ടുന്ന വെറോനിക്കയായി കരുതുന്ന ഒരു പാരമ്പര്യം പാശ്ചാത്യ ലോകത്ത് നിലവിലുണ്ട്. ‘വെറോണിക്കയുടെ മൂടുപടം’ എന്ന പേരിൽ പ്രസിദ്ധമായ ഒരു തിരുശേഷിപ്പ് റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ സൂഷിച്ചിട്ടുണ്ട്. വെറോനിക്കാ എന്ന പേര് ‘വേറാ’ ( സത്യം) എന്ന ലത്തീൻ പദവും ‘ഐക്കോൺ’ ( ചിത്രം) എന്ന ഗ്രീക്കു പദവും ചേർന്നുണ്ടായിട്ടുള്ളതാണ്. അതായത് വെറോനിക്ക എന്നാൽ ‘യഥാർത്ഥ പ്രതിച്ഛായ’ എന്നർത്ഥം. കുരിശുയാത്രയിൽ മറ്റെല്ലാവരും ഭയം നിമിത്തം പിന്മാറിയപ്പോൾ ക്രിസ്തുശിഷ്യത്വത്തിന്റെ യഥാർത്ഥ പ്രതിച്ഛായ പകർന്നു നൽകിയ വെറോനിക്ക ആ പേരിനു തീർത്തും അർഹയാണ്.
ഈശോ വെറോനിക്കയുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് നവജീവൻ നൽകുമ്പോൾ ശിഷ്ടജീവിതം അവിടുത്തേക്കായി അവൾ മാറ്റിവെക്കുന്നു. ഈശോയുടെ കുരിശുയാത്രയിൽ നിസ്സംഗതയോടെ നിന്നവരായിരുന്നു മഹാഭൂരിപക്ഷവും. പക്ഷേ വെറോനിക്കായ്ക്ക് ഈശോയെ കണ്ടപ്പോൾ നിസ്സഹായത തോന്നി. ധൈര്യപൂർവം ക്രൂശിതനെ സമീപിക്കുന്ന അവൾ അനുകമ്പയോടും വിശ്വാസത്തോടുംകൂടെ രക്ഷകന്റെ തിരുമുഖം തുടയ്ക്കുന്നു.
കുരിശിന്റെ വഴിയിൽ ദൃശ്യമാകുന്ന വെറോനിക്കായുടെ പ്രവൃത്തി കരുണയുള്ളവരാകാനും മനുഷ്യത്വമുള്ളവരാകാനുമുള്ള നമ്മുടെ മഹത്തായ വിളിയേയാണ് ഓർമപ്പെടുത്തുന്നത്. അവളുടെ ലളിതമായ സ്നേഹപ്രവൃത്തി ആധികാരികവും നിസ്വാർത്ഥവും നിരുപാധികവുമായിരുന്നു. അതിനുള്ള സാക്ഷ്യപത്രമായാണ് ആ തൂവാലയിൽ അവിടുന്ന് തന്റെ തിരുമുഖം പതിപ്പിച്ചു നൽകിയത്!
നാം സ്നേഹിക്കാൻ ധൈര്യപ്പെടുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. നമ്മുടെ സ്നേഹപ്രകടനം സങ്കീർണമാകണമെന്നില്ല. നമുക്കറിയാവുന്ന രീതിയിൽ ലളിതമായി മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിച്ചാൽ മതി. ജീവിത ലാളിത്യത്തിലേക്കും നിഷ്കളങ്കമായ ഹൃദയത്തിലേക്കും മടങ്ങിയാൽ ഭയം കൂടാതെ സ്നേഹിക്കാൻ നമുക്ക് കഴിയും. നിഷ്കളങ്ക ഹൃദയമുണ്ടെങ്കിൽ നമുക്ക് സ്നേഹിക്കാൻ ധൈര്യപ്പെടാം. സ്നേഹിക്കുന്നവരിൽ ഈശോയുടെ രൂപം പതിഞ്ഞിരിക്കുന്നുവെന്ന് വെറോനിക്കയുടെ ജീവിതം പറഞ്ഞുതരുന്നു.
വെറോനിക്കയുടെ തൂവാലയിൽ ഈശോയുടെ മുഖം മുദ്രണം ചെയ്യുന്നത് തീർച്ചയായും ഒരു അത്ഭുതമാണ്. കാരുണ്യത്തിലും അനുകമ്പയിലും നാം മുന്നേറുമ്പോൾ ചെറിയ അത്ഭുതങ്ങൾ എല്ലായ്പ്പോഴും സംഭവിക്കുന്നു എന്നതാണ് വസ്തുത. വെറോനിക്കയെപ്പോലെ അത്ഭുതം സംഭവിക്കുന്നത് നാം പലപ്പോഴും കണ്ടേക്കില്ല. എന്നാൽ, നാം സ്നേഹത്തിന്റെ വിത്തുകൾ പാകിയാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്ന വഴികൾ സാവധാനം വെളിച്ചത്തിൽ വരും.
2006മുതൽ 2021വരെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ ആർച്ച്പ്രീസ്റ്റായിരുന്ന കർദിനാൾ ആഞ്ചലോ കോമാസ്ട്രി വെറോനിക്കയെ കുറിച്ച് എഴുതിയ ഒരു കുറിപ്പോടെ ഈ വിചിന്തനം അവസാനിപ്പിക്കാം:
ആൾക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ മനുഷ്യത്വത്തിന്റെ വിളക്ക് അണയാതെ പിടിച്ചു. അവൾ രക്ഷകന്റെ മുഖം തുടച്ച് അവിടുത്തെ മുഖം കണ്ടെത്തുന്നു.
ഇന്ന് എത്രയോ മനുഷ്യർക്ക് മുഖമില്ല, എത്രയോ പേർ കൊല്ലുന്ന നിസ്സംഗതയാൽ ജീവിതത്തിന്റെ പുറംപോക്കുകളിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു, നാടുകടത്തപ്പെട്ടിരിക്കുന്നു, ഉപക്ഷിക്കപ്പെട്ടിരിക്കുന്നു.
സ്നേഹത്താൽ ജ്വലിക്കുന്നവനു മാത്രമേ യഥാർത്ഥത്തിൽ ജീവൻ പകരാനാവൂ.
കഷ്ടത അനുഭവിക്കുന്ന ക്രിസ്തുവിന്റെ മുമ്പിൽ കുനിഞ്ഞവർക്കു മാത്രമേ ഇന്ന് കഷ്ടപ്പെടുന്നവരിൽ അവനായി കാത്തിരിക്കാനാകൂ.
ഇന്ന്! ഇന്ന്! കാരണം നാളെ വളരെ വൈകും!
ഫാ. ജയ്സൺ കുന്നേൽ mcbs