ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനം ആഘോഷിക്കുന്നു.
ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്. ലൂയിജിയും അസൂന്തമുമായിരുന്നു മാതാപിതാക്കൾ. മരിയക്കു അഞ്ചു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം കൂടുതൽ ദരിദ്രമായി തീരുകയും സ്വന്തം കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. 1899 ൽ നെറ്റൂണോക്ക് സമീപമുള്ള സെറെനല്ലി കുടുംബത്തിലാണ് അവർ താമസിച്ചിരുന്നത്.അധികം വൈകാതെ പിതാവ് ലൂയിജി മലേറിയ ബാധിച്ചു മരിച്ചതോടെ അവളുടെ അമ്മയ്ക്ക് വയലിൽ കൂടുതൽ ജോലി ചെയ്യേണ്ടതായി വന്നു ഈ സമയം അമ്മയ്ക്കും സഹോദരങ്ങൾക്കു വേണ്ടി ആഹാരം തയ്യാറാക്കുകയും വിട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക അവളടെ ഉത്തരവാദിത്വമായി. ഒരു പരാതിയും പരിഭവവും ഇല്ലാതെ അവൾ അതു ചെയ്തു.
1902 ജൂലൈ 5 ന്, മരിയ വീടിൻ്റെ ഉമ്മറത്തിരുന്നു തുന്നൽ ജോലിയിൽ വ്യാപൃതയായിരുന്നു. ആ സമയം അലസ്സാൻഡ്രോ അവിടെ വരികയും അവളെ പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അലസ്സാൻഡ്രോ നിർബന്ധിച്ചപ്പോൾ, മരിയാ അവനോട് എതിർപ്പു പ്രകടിപ്പിക്കുകയും “ഇല്ല! ഇത് ഒരു പാപമാണ്! ദൈവം ഇതാഗ്രഹിക്കുന്നില്ല ” എന്ന് ഉറക്കെ വിളിച്ചു കരയുകയും ചെയ്തു. തൻ്റെ ഇംഗിതത്തിനു വഴങ്ങാത്ത മരിയയെ പതിനൊന്ന് തവണ അലസ്സാൻഡ്രോ കുത്തി. കുതറിയോടാൻ ശ്രമിച്ച അവളെ മൂന്ന് തവണ കൂടി കുത്തിയ ശേഷം അലസ്സാൻഡ്രോ ഓടി രക്ഷപ്പെട്ടു.
രക്തം വാർന്ന് തറയിൽ കിടന്നിരുന്ന മരിയയെ വിട്ടുകാർ നെറ്റൂണോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
മരിക്കുന്നതിനു മുമ്പ് മരിയ അലസ്സാൻഡ്രോയോടു ക്ഷമിക്കുകയും തന്നോടൊപ്പം സ്വർഗത്തിൽ അവനെ കാണണമെന്ന് അടുത്തു നിന്നവരോടു പറയുകയും ചെയ്തു. ” ഈശോയോടുള്ള സ്നേഹത്തെ പ്രതി ഞാൻ അവനോട് ക്ഷമിക്കുന്നു … കൂടാതെ അവൻ എന്നോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” അവൾ തന്റെ വേദനയും കഷ്ടപ്പാടുകളും ആത്മാക്കൾക്കായി വാഗ്ദാനം ചെയ്തു. 1902 ജൂലൈ 6 ന് നെഞ്ചിലെ കുരിശിൽ പിടിച്ചുകൊണ്ട് മരിയയുടെ പാവനാത്മാവ് സ്വർഗ്ഗത്തിലേക്ക് യാത്രയായി. അലസ്സാൻഡ്രോ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. പശ്ചാത്തപത്തിൻ്റെ കണികപോലും പ്രദർശിപ്പിക്കാത്ത അവനു മുമ്പിൽ മരിയ ഒരു സ്വപ്നത്തിൽ സന്ദർശിക്കുകയും പതിനാല് മുറിവുകളുടെ പ്രതീകമായി പതിനാല് ലില്ലിപൂക്കൾ നൽകി അവളുടെ ക്ഷമ അറിയിച്ചു. 27 വർഷത്തിന് ശേഷം മോചിതനായ അദ്ദേഹം മരിയയുടെ അമ്മയോട് ക്ഷമ ചോദിക്കുകയും അസൂന്താ അവനു നൽകുകയും ചെയ്തു.
1947 ഏപ്രിൽ 27-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ മരിയ ഗൊരേറ്റിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മൂന്ന് വർഷങ്ങൾക്കു ശേഷം, 1950 ജൂൺ 24-ന്, മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. തദവസരത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ കൂടിയ ജനക്കൂട്ടത്തിൽ അലസ്സാൻഡ്രോയും ഉണ്ടായിരുന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ഒരു തുണസഹോദരനായിത്തീർന്ന അലക്സാഡ്രോ മരണം വരെ ആശ്രമത്തിൽ താമസിച്ചു
വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ
1) ലളിതമായ വിശ്വാസത്തിലൂടെയും പുണ്യപൂർണ്ണത കൈവരിക്കാം
മരിയഗോരേത്തിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നതിനാൽ ആദ്യ കുർബാന സ്വീകരണ വേളയിൽ വേദോപദേശം പഠിക്കുന്നതിനു ബുദ്ധിമുട്ടായിരുന്നു എങ്കിലും അവൾക്ക് ദൈവത്തോടു പൂർണ്ണ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു. ദൈവ വിശ്വാസത്തെ യുക്തിയുടെ അതിപ്രസരണത്താൽ സങ്കീർണ്ണമാക്കുമ്പോൾ ദൈവാനുഭവം പലപ്പോഴും നഷ്ടമാകുന്നു. ദൈവത്തോട് നമ്മുടെ ഹൃദയം എങ്ങനെ തുറക്കാനും അവന്റെ ഇഷ്ടത്തിൽ വിശ്വസിക്കാനും കഴിയും എന്ന് മരിയാ ഗോരേത്തി പഠിപ്പിക്കുന്നു.
2) വിശുദ്ധി കാത്തു സൂക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണ്
വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ ത്യജിക്കാൻ മരിയ സന്നദ്ധയായി. പവിത്രത ദൈവഹിതമായി തിരിച്ചറിഞ്ഞ അവൾ അതു കാത്തു സൂക്ഷിക്കാനായി ശക്തമായി തിന്മയുടെ ശക്തിക്കെതിരെ പോരാടി. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവഹിതപ്രകാരമുള്ളതായി മാറുമ്പോൾ വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നു വിശുദ്ധ ഗോരേത്തി പഠിപ്പിക്കുന്നു. ജീവിത വിശുദ്ധി നഷ്ടപ്പെടുത്തുന്നതാണ് പല വ്യക്തി ജീവിതവും പരാജയപ്പെടാൻ അടിസ്ഥാന കാരണം.
3) ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിക്കുക
ബോധ്യമില്ലാത്ത ജീവിതാദർശങ്ങൾ നൂൽ പൊട്ടിയ പട്ടംപോലെ പാറി നടക്കുന്നു. നല്ല ബോധ്യങ്ങളിൽ നിന്ന് ഒരുത്തിരിയുന്ന ജീവിതാനുഭവങ്ങൾ ജീവിതത്തെ സുന്ദരവും സുദൃഢവും ആക്കും. മരിയാ ഗോരേത്തി തൻ്റെ ജീവിത ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിച്ചു. അതിൻ്റെ പരിണിത ഫലമായിരുന്നല്ലോ അവളുടെ രക്തസാക്ഷിത്വം. ലോകത്തിന്റെ കുത്തൊഴുക്കിൽ അകപ്പെട്ട് ചാരുത നഷ്ടപ്പെടാതെ ദൈവഹിതം അനുസരിച്ചു ജീവിക്കാൻ നല്ല ബോധ്യങ്ങൾ നമുക്ക് ആവശ്യമാണ്.
4) ക്ഷമ ജീവിതത്തെ മാറ്റിമറിക്കുന്നു.
മരിയാ ഗോരേത്തി തൻ്റെ ജീവിതം നശിപ്പിച്ചവനോട് ഹൃദയപൂർവ്വം ക്ഷമിച്ചു. ക്ഷമിക്കാതിരിക്കുമ്പോൾ, ഒരുതരം നീരസത്തെ അടിസ്ഥാനമാക്കിയുള്ള കോപം നമ്മളിൽ നിലനിർത്തുകയും ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു. മരിയ ഗോരേത്തി ഒരു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം അലസ്സാൻഡ്രോയുടെ ജീവിതം നാടകീയമായി മാറി. അവളുടെ ക്ഷമ അവനെ വിശുദ്ധിയിൽ വളരാൻ അനുവദിക്കുകയും ജീവിതത്തിനു പുതിയ ദിശാബോധം നൽകുകയും ചെയ്തു. മരിയാഗോരേത്തിയുടെ മാതൃകൾ ക്ഷമയുടെ സാക്ഷികളാകാൻ നിങ്ങളെ പ്രോത്സഹിപ്പിക്കണം എന്നു ഫ്രാൻസീസ് പാപ്പ ഓർമ്മിപ്പിക്കുന്നു.
5) എളിമ പരിശുദ്ധിയുടെ താക്കോലാണ്
ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്.”ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.” (മത്തായി 20:28). എളിയ ജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് വിശുദ്ധ മരിയാ ഗോരേത്തിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. പിതാവിൻ്റെ മരണ ശേഷം മരിയയ്ക്ക് അമ്മയുടെ വീട്ടുജോലികൾ ഏറ്റെടുക്കേണ്ടിവരുകയും അവളുടെ അഞ്ച് ഇളയ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടതായും വന്നു അത്തരം സന്ദർഭങ്ങളിൽ എളിമയോടും സന്തോഷത്തോടും കൂടി മരിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റി.
ഫാ. ജയ്സൺ കുന്നേൽ MCBS
“മരിയ ഗൊരേത്തി ദുർബ്ബലയായ ഒരു പെൺകുട്ടിയായിരുന്നില്ല. ഒരു ധീരനായികയായിരുന്നു അവൾ. അവൾ കൊലപാതകിയുടെ കഠാരയെ പേടിച്ചില്ല. അവൾക്ക് ആകെ പേടിയുണ്ടായിരുന്നത് പാപത്തെ മാത്രമായിരുന്നു!” മരിയയുടെ വിശുദ്ധപദവിപ്രഖ്യാപന സമയത്ത്, ഇത് പറഞ്ഞത് അലക്സാണ്ടർ ആണ്, അവളുടെ ഘാതകൻ!

പിയാസ ഡെല്ല റിപ്പബ്ലിക്കയിൽ നിന്ന് ബസ് പിടിച്ച് സ്മാരകങ്ങൾക്കും ശവകുടീരങ്ങൾക്കുമിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി കുറേ ചെല്ലുമ്പോൾ നെത്തൂണോ എത്തും. അവിടെയാണ് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ രക്തസാക്ഷിയായ ഒരു കൊച്ചു പെൺകുട്ടിയുടെ ശവകുടീരം. അവളുടെ തിരുന്നാൾ ദിവസം ജൂലൈ 6. അന്നാണ്, മരിക്കുമ്പോൾ വെറും 11 വയസ്സും 9 മാസവും 20 ദിവസവും പ്രായമുണ്ടായിരുന്ന അവൾ തന്റെ നിർമ്മലമായ ആത്മാവിനെ ദൈവകരങ്ങളിൽ ഏൽപ്പിച്ചത്.
നെത്തൂണോയിലെ ഇടവക ദേവാലയം മെഡിറ്ററേനിയൻ കടലിന്റെ തീരത്താണ്. അവിടത്തെ അൾത്താരയുടെ കമ്പിയഴിക്കുള്ളിലെ ശവമഞ്ചത്തിനുള്ളിൽ വെള്ളവസ്ത്രം ധരിച്ചു കറുത്ത മുടിയുള്ള ആ കന്യകയുടെ ജീവൻ തുടിക്കുന്ന പോലുള്ള മെഴുകുപ്രതിമ കാണാം. വായിക്കാനും എഴുതാനും അറിഞ്ഞിരുന്നില്ലെങ്കിലും, ദൈവത്തിന്റെ ഒരു പൊന്നുമകൾ എങ്ങനെ ജീവിക്കണം, പാപമേശാതെ എങ്ങനെ മരിക്കണം എന്ന് നന്നായി അറിഞ്ഞിരുന്ന അവളുടെ എല്ലുകൾ അതിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്.
ലൂയി, അസ്സുന്താ ദമ്പതികളുടെ എഴു മക്കളിൽ മൂത്തവളായി, മരിയ തെരേസ ഗൊരേത്തി ജനിച്ചത് ഇറ്റലിയിലെ അങ്കോണ പ്രവിശ്യയിൽ കൊറിനാൾഡോ എന്ന സ്ഥലത്ത്, ഒക്ടോബർ 16, 1890ൽ ആയിരുന്നു. നെത്തൂണോയിലേക്ക് എല്ലാവരുമൊപ്പം മാറിതാമസിച്ചതിനു ശേഷം, ഒരു ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന അവളുടെ പിതാവ് മരിയക്ക് 10 വയസ്സാവുമ്പോഴേക്ക് മലേറിയ ബാധിച്ചു മരിച്ചു.
അവർ അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലായി. മരിയ എപ്പോഴും അമ്മയെ ആശ്വസിപ്പിക്കും, “അമ്മ സമാധാനായിരിക്കൂ, ഞങ്ങൾ വലുതായിക്കൊണ്ടിരിക്കുവല്ലേ, പെട്ടെന്ന് തന്നെ കുടുംബം പോറ്റാൻ പ്രാപ്തിയാവും. അതുവരെ ദൈവം നോക്കിക്കോളും നമ്മളെ”.
അസ്സുന്ത പുറത്തു പണിക്ക് പോകുമ്പോൾ മരിയ കുഞ്ഞുസഹോദരങ്ങളെ നോക്കും, വീട്ടുപണി ചെയ്യും, പന്ത്രണ്ട് കിലോമീറ്റർ എല്ലാ ആഴ്ചയും നടന്നു ചന്തയിൽ പോയി പ്രാവുകളെയും മുട്ടകളും വിൽക്കും. ‘ആരാണ് ആ സുന്ദരിക്കുട്ടി’ എന്ന് വഴിയിൽ കാണുന്നവർ തമ്മിൽ തമ്മിൽ ചോദിക്കും. ജപമാല കയ്യിൽ കെട്ടിയിട്ടിരുന്ന അവൾ ധാരാളം ജപമാലകൾ ചൊല്ലി. മാതാവിന്റെ പടത്തിനു മുൻപിൽ അവൾ എന്നും കൊണ്ടുവെച്ചിരുന്ന ലില്ലിപ്പൂവ് പോലെ നിഷ്കളങ്കയും സുന്ദരിയും ആയിരുന്നു ആ കുട്ടി.
ആദ്യകുർബ്ബാന അവൾ സ്വീകരിച്ചത് 1902, മെയ് മാസത്തിൽ അവൾക്ക് പതിനൊന്നു വയസ്സുള്ളപ്പോഴാണ്. ജൂണിൽ കുറച്ചു പ്രാവശ്യം കുർബ്ബാന സ്വീകരിച്ച അവൾ, ജൂലൈ 6 ന് അടുത്ത കുർബ്ബാനക്ക് പോകാൻ കഴിയുമല്ലോ എന്ന സന്തോഷത്തിലായിരുന്നു. രണ്ടു നിലയുള്ള അവളുടെ വീടിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്നത് ജോൺ സെറനെല്ലിയും അയാളുടെ 19 വയസ്സുള്ള മകൻ അലക്സാണ്ടറുമായിരുന്നു. ഗോരേത്തി കുടുംബം മുകളിലും. നദിക്കരയിലെ രണ്ടു കൊല്ലത്തെ താമസം ആ യുവാവിന്റെ മനസ്സിൽ അഴുക്ക് വീഴ്ത്തിയിരുന്നു. അവന്റെ കണ്ണ് ഇപ്പോൾ പതിനൊന്ന് വയസ്സിലും ഒരു നാല് വയസ്സ് കൂടുതൽ തോന്നിക്കുന്ന മരിയയിലാണ്. ഇതിനു മുൻപ് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവളുടെ എതിർപ്പ് മൂലം നടന്നില്ല. “ഇല്ല അലക്സാണ്ടർ, അത് പാപമാണ് ” എന്ന് പ്രായത്തിലധികം പക്വതയോടെ പറഞ്ഞു കൊണ്ട് അവൾ അവനെ അകറ്റി നിർത്തി. ശുദ്ധതക്കെതിരെ പാപം ചെയ്യുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് പറഞ്ഞ അമ്മയുടെ മകളായിരുന്നു അവൾ.
ശനിയാഴ്ച, ജൂലൈ 5. തന്റെ ദുരാശ നടപ്പിലാക്കാൻ അവസരം പാർത്തിരുന്ന അലക്സാണ്ടറിന് , മരിയയുടെ അമ്മ ഫാമിൽ പണിക്ക് പോയിരിക്കുകയാണെന്നും അവൾ കുഞ്ഞുസഹോദരി തെരേസയുടെ കൂടെ തനിച്ചാണെന്നും മനസ്സിലായി. മറ്റ് സഹോദരങ്ങൾ പുറത്തു കളിയിലാണ്. ഒരു കഠാര അവൻ റെഡിയാക്കി വച്ചിരുന്നു. അവൾ വഴങ്ങിയില്ലെങ്കിൽ കൊന്നുകളയാൻ വേണ്ടി.
“മരിയ, എന്റെ ഒരു ഷർട്ട് ശരിയാക്കി തരണം. നാളെ കുർബ്ബാനക്ക് പോകുമ്പോൾ എനിക്കിടാനുള്ളതാ. ഇന്നുച്ചയ്ക്ക് തന്നെ തുന്നി തരണം. എന്റെ കിടക്കയിൽ ഇരിപ്പുണ്ട്”.
അവൻ പള്ളിയിൽ പോകാറില്ലെന്ന കാര്യം ശരിക്കും അറിയാമായിരുന്ന മരിയക്ക് എന്തോ സംശയം തോന്നി. എങ്കിലും ഉപവിയുടെ പേരിൽ അത് ചെയ്യാമെന്ന് വെച്ച്, പാത്രം കഴുകിക്കഴിഞ്ഞ് ഷർട്ടെടുത്ത് അവൾ കോണിപടിയിൽ ഇരുന്നു തുന്നുകയായിരുന്നു. അലക്സാണ്ടറിനെ പറ്റി അമ്മയോട് പറയണമെന്നവൾ ഉള്ളിലുറച്ചു. എപ്പോഴും സ്വയം പ്രതിരോധിക്കാൻ തനിക്ക് കഴിഞ്ഞെന്നു വരില്ല. ‘ദൈവമേ, കാത്തോണേ’ എന്ന് ഉള്ളറിഞ്ഞു അവൾ പ്രാർത്ഥിച്ചു.
പക്ഷേ അവൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അരികിൽ അതാ അലക്സാണ്ടർ! “മരിയ, ഇവിടെ വരൂ “. അവൾ ചലനമില്ലാതെ നിന്നു. ” നിന്നോട് വരാൻ പറഞ്ഞത് കേട്ടില്ലേ “? അവളെ കയ്യിൽ പിടിച്ചു വലിച്ച് കിച്ചണിലാക്കി അവൻ വാതിലടച്ചു. രക്ഷപ്പെടാൻ ഒരു പഴുതുമില്ല.
“ഇല്ല അലക്സാണ്ടർ, ഒരിക്കലുമില്ല “. ഉറക്കെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. അതിനുള്ളിൽ അവൻ അവളെ നിലത്തു വീഴിച്ചു കാൽമുട്ട് കയറ്റിവെച്ചു. “ഇല്ല എന്നത് ഒരു മറുപടിയായി ഞാനെടുക്കില്ല. ഒന്നുകിൽ അനുസരിക്കുക, അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും “.
“ഇല്ല, ഇല്ല, അത് പാപമാണ്. ദൈവം അത് വിലക്കുന്നു. നീ നരകത്തിൽ പോകും അത് ചെയ്‌താൽ “. അവന്റെ കോപം നിയന്ത്രണാതീതമായി.
“അലക്സാണ്ടർ, എന്നെ വിടൂ ” അവൾ കേണു. അവൻ കഠാര പുറത്തെടുത്തു അവളുടെ നേരെ നീട്ടിപ്പിടിച്ചു. ഒരു നിമിഷത്തെ നിശബ്ദത. ജീവൻ വേണോ മരണം വേണോ, പാപം വേണോ രക്തസാക്ഷിത്വം വേണോ, എന്ന് തിരഞ്ഞെടുക്കാനുള്ള ഒരു നിമിഷം!
അസാധാരണ ധൈര്യത്താൽ മരിയ ദൈവത്തിന്റെ പക്ഷം ചേർന്നു. “ഇല്ല അലക്സാണ്ടർ, ഞാൻ സമ്മതിക്കില്ല “. ആ നിസ്സഹായ ഇരയുടെ മേൽ കഠാര പലവട്ടം ഉയർന്നു താണു. അവന്റെ കുത്തുകൾ തടയാൻ അവൾ ഒന്നും ചെയ്തില്ല, പക്ഷേ കുത്തുകൊള്ളുന്ന ഇടത്ത് മാറിപ്പോകുന്ന വസ്ത്രം പോലും അവൾ വലിച്ച് നേരെയാക്കി കൊണ്ടിരുന്നു, “അലക്സാണ്ടർ, ഇത് പാപമാണ്, നീ നരകത്തിൽ പോകും, നിർത്തൂ ” എന്ന് പറഞ്ഞു കൊണ്ടിരുന്നു. ആഴത്തിലുള്ള ഏറെ കുത്തുകളേറ്റ അവളുടെ ബോധം മറഞ്ഞു. അവൻ അവളെ അവിടെയിട്ട് പോയി.
മരിയക്ക് ബോധം വരുമ്പോൾ അവൾ സഹിക്കാനാവാത്ത വേദനയിലായിരുന്നു. അവളുടെ രക്തതടാകത്തിൽ നിന്ന് അവൾ പതുക്കെ നിരങ്ങി വാതിലിനടുത്തേക്ക് നീങ്ങി, പതിയെ തുറന്ന് സഹായത്തിനായി പതിഞ്ഞ സ്വരത്തിൽ നിലവിളിച്ചു. അവളുടെ ശബ്ദം കേട്ട അലക്സാണ്ടർ കിച്ചണിലേക്ക് വീണ്ടും ഓടിവന്ന് അവളുടെ തൊണ്ടക്ക് കുത്തി പിടിച്ചു വീണ്ടും തെരുതെരെ കുത്തി. എന്നിട്ട് ഓടിപ്പോയി.ആകെ 14 കുത്തുകൾ!
ആ അവസ്ഥയിൽ ഒരു മണിക്കൂർ കൂടെ അവൾക്ക് കിടക്കേണ്ടി വന്നു. അനിയത്തിയുടെ കരച്ചിൽ കേട്ട് വന്നവർ ആ കാഴ്ച കണ്ടു നടുങ്ങി. അവളുടെ അമ്മ വീണുപോയി. മരിയയുടെ വസ്ത്രം രക്തത്തിൽ കുതിർന്നു ഒട്ടിപ്പിടിച്ചിരുന്നു . അത് കഷ്ണം കഷണമായി വെട്ടേണ്ടി വന്നു. അവൾ ചുണ്ട് കൂട്ടിപ്പിടിച്ചു കിടന്നു. അമ്മയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞു. ‘ അലക്സാണ്ടർ ആണ് ഇത് ചെയ്തത് “. ” പക്ഷെ എന്തിന് മോളെ? ” “കാരണം ഞാൻ പാപത്തിന് വഴങ്ങിയില്ല “. അത് മതിയായിരുന്നു. അസ്സുന്ത പിന്നെ ഒന്നും ചോദിച്ചില്ല.
നാല് മണിക്കൂറിന് ശേഷം കുതിരകൾ വലിക്കുന്ന ആംബുലൻസിൽ ആ ധീരയായ പെൺകുട്ടി നെത്തൂണോയിലെ ആശുപത്രിയിലെത്തി. അവളുടെ സഹനം തീർന്നിട്ടില്ലായിരുന്നു. അനസ്തേഷ്യ ഇല്ലാതെ ആണ് ഡോക്ടർമാർ അവളുടെ 14 മുറിവുകൾ തൂന്നിക്കൂട്ടിയത്. കുടലുകൾ മുറിഞ്ഞും, ശ്വാസകോശം തുളഞ്ഞും ഇരുന്നിരുന്നു. ഹൃദയത്തിനരികിലും മുറിവുകൾ.ഒരു നിലവിളി പോലും അവളിൽ നിന്നുയർന്നില്ല. കടിച്ചുപിടിച്ചു എല്ലാം സഹിച്ചു.
ജൂലൈ 6 ന്റെ ആദ്യമണിക്കൂറുകളിൽ വൈദികൻ ദിവ്യകാരുണ്യം കൊണ്ടു വന്നു. അവളുടെ മുഖം സന്തോഷാധിക്യത്താൽ പ്രകാശിച്ചു. ഈശോ അവന്റെ ജീവൻ തനിക്കായി തന്നു. ഇപ്പോൾ അവൾ തിരിച്ചു് തന്റെ ജീവൻ അവനായി കൊടുക്കുന്നു. ദിവ്യകാരുണ്യം ഉൾക്കൊള്ളുന്നതിന് മുൻപ് അവൾ തന്റെ കണ്ണുകൾ ക്രൂശിതരൂപത്തിലേക്ക് ഉയർത്തി പറഞ്ഞു, “ഞാനും അലക്സാണ്ടറിനോട് ക്ഷമിക്കുന്നു. അവൻ ഒരു ദിവസം എന്നോട് കൂടെ സ്വർഗ്ഗത്തിലായിരിക്കുമെന്ന് പ്രത്യാശിക്കുന്നു”. വിങ്ങിപ്പൊട്ടുന്ന അമ്മയെ അവൾ സമാധാനിപ്പിച്ചു.
ദാഹിച്ചു വലഞ്ഞ മരിയ വെള്ളം കുടിക്കാതെ, ആ ത്യാഗം കൂടി ഈശോക്ക് കാഴ്ച വെച്ചു. ആന്തരിക രക്തസ്രാവത്താൽ അവളുടെ അവസ്ഥ കൂടുതൽ മോശമായി. ശ്വാസോച്വാസം മന്ദഗതിയിലായി. മൂന്നുമണി കഴിഞ്ഞതോടെ ആ വിശുദ്ധാത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി.
പിടിക്കപ്പെട്ട അലക്സാണ്ടർ 30 വർഷത്തിന് ശിക്ഷിക്കപ്പെട്ടു.
ആദ്യമൊന്നും ചെയ്ത തെറ്റിൽ പശ്ചാത്താപം തോന്നാതിരുന്ന അവന് ഒരു ദിവസം താൻ ഒരു പൂന്തോട്ടത്തിൽ നിൽക്കുന്നതായി സ്വപ്നമുണ്ടായി. മരിയ 14 ലില്ലിപുഷ്പങ്ങൾ അവനു സമ്മാനിക്കുന്നതായി കണ്ടു. പക്ഷെ അവൻ തൊട്ട മാത്രയിൽ എല്ലാം കരിഞ്ഞുപോയി. ഉറക്കമെഴുന്നേറ്റ അവൻ പുതിയൊരു മനുഷ്യനായിരുന്നു. അതുകഴിഞ്ഞ പാടേ അലക്സാണ്ടർ ഒരു വൈദികനെ വിളിച്ചു കുമ്പസാരിക്കാൻ വേണ്ടി.
വൈദികന് എഴുതുവാൻ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ എഴുതി, “രക്തസാക്ഷിയായ മരിയ ഗൊരേത്തിക്കും ശുദ്ധതക്കുമെതിരായി ഞാൻ ചെയ്ത പ്രവൃത്തിയിൽ ലോകത്തിനോട് ഞാൻ മാപ്പുചോദിക്കുന്നു. അധാർമ്മികമായ കാഴ്ചകളിൽ നിന്നും പാപത്തിലേക്കു നയിക്കുന്ന അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഞാൻ എല്ലാവരെയും ഉല്ബോധിപ്പിക്കുന്നു”. ഇന്നത്തെ യുവത്വത്തിന് , നവയുഗ മാധ്യമങ്ങളിലൂടെ അശുദ്ധി നിറഞ്ഞ കാര്യങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നവർക്ക് അലക്സാണ്ടർ ഈ സന്ദേശം നൽകുന്നു.
ബാക്കി ഉള്ള 27 വർഷങ്ങൾ പശ്ചാത്താപവിവശനായി നല്ല രീതിയിൽ ജീവിച്ചു. പുറത്തിറങ്ങിയപ്പോൾ ആദ്യം പോയത് മരിയയുടെ അമ്മ അസൂന്തയുടെ അടുത്ത് മാപ്പുചോദിക്കാനായിരുന്നു. “എന്റെ മകൾക്ക് അവനു മാപ്പുകൊടുക്കാൻ കഴിയുമെങ്കിൽ പിന്നെ ഞാനായിട്ട് എന്തിനത് പിടിച്ചു വെക്കണം”എന്നായിരുന്നു അസ്സൂന്തയുടെ പ്രതികരണം. ആ അമ്മ മകളുടെ ഘാതകനോട് ഹൃദയപൂർവം ക്ഷമിച്ചു.
അലക്സാണ്ടർ സെറനെല്ലി ജീവിതത്തിന്റെ ശിഷ്ടഭാഗം ഫ്രാൻസിസ്കൻ സന്യാസസഭയിൽ ചേർന്നു മുന്നാം സഭാംഗമായി ജീവിച്ചു. ഒരു എളിയ സഹോദരനായും അനുതപിച്ചും പ്രായശ്ചിത്തം ചെയ്തും മരണം വരെ നല്ല ജീവിതം കഴിച്ചു.
1947 ല്‍ മരിയാ ഗൊരേത്തിയെ വാഴ്ത്തപ്പെട്ടവൾ എന്ന് വിളിച്ചപ്പോള്‍ അവളുടെ അമ്മ അസൂന്തയും രണ്ടു സഹോദരിമാരും ഒരു സഹോദരനും വി. പത്രോസിന്‍റെ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു. അവളുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഏറെ വിനീത ഹൃദയനായി അലക്സാണ്ടർ സെറനെല്ലിയും 1950 ജൂണ്‍ 24-ന് വത്തിക്കാനിൽ എത്തിയിരുന്നു. വൻ ജനാവലിയെ (രണ്ടര ലക്ഷത്തിലധികം) സാക്ഷിനിറുത്തി ഇറ്റലിയുടെ ബാലികയായ രക്തസാക്ഷിയെ പിയൂസ്
12-Ɔമന്‍ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അള്‍ത്താരവേദിയുടെ പാര്‍ശ്വത്തില്‍ ജനക്കൂട്ടത്തിനിടയില്‍ അനുതാപത്തിന്‍റെ കണ്ണീരണിഞ്ഞ് നമ്രശിരസ്കനായി അവൻ നിന്നു.
ചാരിത്ര്യത്തെപ്രതിയുള്ള ആ ഗ്രാമീണ ബാലികയുടെ രക്തസാക്ഷിത്വം ഇന്നും ഈ ലോകത്തിന് വെല്ലുവിളിയായി നിലകൊള്ളുന്നു. ശുദ്ധത എന്ന പുണ്യം ധാരാളമായി ഉണ്ടാകാൻ മരിയയോട് പ്രാർത്ഥിക്കാം.
മനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽ നിന്നകന്നു നരകത്തിലായിരിക്കുക. അനുദിനജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെയ്പ്പും നമ്മുടെ ഈ തിരഞ്ഞെടുപ്പിലേക്കാണ് നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷി ആയില്ലെങ്കിൽ പോലും അവൾ വിശുദ്ധ ആകുമായിരുന്നു.
എല്ലാവർക്കും വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്