എക്ലേസിയ എന്ന വാക്കിന് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം എന്നാണർത്ഥം. മിശിഹായിൽ വിളിച്ചുകൂട്ടപ്പെട്ട ദൈവജനം മുഴുവനെയും അത് ഉൾകൊള്ളുന്നു. അതുകൊണ്ടു തന്നെ സഭയിൽ പ്രത്യേക വിഭാഗമോ വേർതിരിവുകളോ ഇല്ല. എന്നാൽ ശ്ലീഹന്മാരുടെകാലം മുതൽ ഓരോ പ്രദേശത്തെയും സഭയെ ആ പ്രദേശത്തെ മെത്രാൻ പ്രതിനിധികരിക്കുന്നു എന്നതാണ് പാരമ്പര്യം. സഭാ പിതാവായ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ് പറയുന്നു: “The bishop is not just a leader, but an essential element for the presence and validity of a church”. Wherever the bishop shall appear, there let the multitude of the people also be; even as, wherever Jesus Christ is, there is the Catholic Church. അതിനാലാണ് മെത്രാന്മാരുടെ സിനഡ് സഭയെ മുഴുവനും പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത്.

സഭയുടെ ഈ അടിസ്ഥാനപരമായ അസ്തിത്വത്തിനെതിരായ പ്രവണതകളാണ് വൈദിക മേൽക്കോയ്മ അഥവാ -ക്ലെറിക്കലിസവും, ലെ -ഇൻവെസ്റ്റിച്ചർ അഥവാ അൽമായ ആധിപത്യവും. ഈ രണ്ടു അപകടകരമായ പ്രവണതകൾക്കും വിരാമമിടുകയും സഭയെ എല്ലാവർക്കും തുല്യ പ്രധാന്യവും, സ്ഥാനവുമുള്ള സഹയാത്രികരുടെ കൂട്ടായ്‍മയായി ഉറപ്പിക്കുകയും ചെയ്യുക ലക്ഷ്യംവച്ചുകൊണ്ടാണ് ഭാഗ്യസ്മരണാർഹനായ ഫ്രാൻസിസ് പാപ്പ സിനഡാലിറ്റി – അഥവാ സൂനഹദോസാത്മകത എന്ന ആശയം അവതരിപ്പിച്ചുകൊണ്ടു സഭയുടെ സിനഡൽ സ്വഭാവം വീണ്ടെടുക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടത്.

തുറവിയുടെയും നവീകരണത്തിന്റെയും ഈ സമയത്തുതന്നെ അൽമായ വിശ്വസികൾ മാത്രമായി ‘അൽമായ സിനഡ്’ എന്ന് പേരിട്ടു എറണാകുളം- അങ്കമാലി അതിരൂപതയിൽ സമ്മേളിക്കുന്നു എന്ന വാർത്ത അത്ഭുതം ഉളവാക്കുന്നു. അലമായർ മാത്രമായി എങ്ങനെ സിനഡ് കൂടാൻ കഴിയും? ‘അൽമായ സിനഡ് ‘ എന്ന പദംതന്നെ സഭയുടെ പാരമ്പര്യത്തെയും ഘടനയെയും ശിഥിലമാക്കാൻ കരുതിക്കൂട്ടി തയ്യാറാക്കിയതും സൂനഹദോസ് എന്ന പദത്തിന്റെ ദുരുപയോഗവുമല്ലേ? ആധുനികകാലത്ത് ക്ലെറിക്കലിസത്തിനു ബദലായി വളർന്നുവരുന്ന ‘ലെ – ഇൻവെസ്റ്റിച്ചർ’- അഥവാ അൽമായ ആധിപത്യം എന്ന സഭാവിരുദ്ധ പ്രവണതയുടെ ആവിഷ്കാരം എന്നല്ലാതെ ഇതിനെ മറ്റെന്തുവിളിക്കണം? സീറോമലബാർസഭയുടെ നിലപാടുകൾക്കും തീരുമാനങ്ങൾക്കും എതിരായി നാളുകളായി പ്രവർത്തിച്ചുവരുന്ന അലമായമുന്നേറ്റത്തിന്റെ നേതൃത്വത്തിൽ കൂടുന്ന ഈ സമ്മേളനം സഭയുടെ നന്മ്മയെക്കാൾ അതിന്റെ തകർച്ച ലക്‌ഷ്യം വച്ചാണെന്നും, സഭയുടെ അപ്പോസ്തോലിക നേതൃത്വത്തെ വെല്ലുവിളിക്കുന്ന ശൈലിയിലാണെന്നും വിശ്വസികൾ തിരിച്ചറിയണം.

കർത്താവിന്റെ സഭയെ പണിതുയർത്താൻ കൂട്ടായി പരിശ്രമിക്കേണ്ടതിനുപകരം അതിൽ വിഭാഗീയതയുടെയും വിഭജനത്തിന്റെയും വിത്തുപാകുകയും, തെറ്റുതിരുത്താനുള്ള ആഹ്വാനങ്ങളേ തികഞ്ഞ അഹങ്കാരത്തോടെ അവഗണിക്കുകയും ചെയ്യുന്നവർ അവരും അവരെ പിഞ്ചെല്ലുന്നവരും എത്തിച്ചേരുന്ന അപകടം തിരിച്ചറിഞ്ഞിരുന്നെങ്കിൽ! വിശുദ്ധ ബൈബിളിൽ സംഖ്യയുടെ പുസ്തകത്തിൽ ദൈവത്താൽ നിയോഗിക്കപ്പെട്ട മോശയ്ക്കും അഹറോനും എതിരായി കലാപം ഉയർത്തുകയും ജനത്തെ സംഘടിപ്പിക്കുകയും ചെയ്ത കോരഹിന്റെയും ദാഥാന്റെയും അബീറാമിന്റെയും സംഭവം ഇവർക്കുള്ള പാഠമാണ് (സംഖ്യ 16 )! വാഗ്വിലാസംകൊണ്ടു സഭാതീരുമാനങ്ങളുടെ സത്യാവസ്ഥയെ സമർത്ഥമായി മൂടിവയ്ക്കുകയും വിശ്വസികളെ തെറ്റിദ്ധരിപ്പിച്ചു സഭാനേതൃത്വത്തിനെതിരായി നിർത്തുകയും ചെയ്യുന്നവരുടെ കരങ്ങൾ ശുദ്ധമാണോ എന്നും അവരുടെ ലക്‌ഷ്യം സഭയുടെ നന്മയാണോ എന്നും അന്ധമായി അവരെ പിഞ്ചെല്ലുന്നവർ അന്വേഷിച്ചറിഞ്ഞിരുന്നെങ്കിൽ, തിരുസഭയുടെ ഘടനയ്ക്കുതന്നെ എതിരായ ഇത്തരം വിഭാഗീയപ്രവർത്തനത്തിൽ പങ്കുചേരുമായിരുന്നില്ല. സഭയുടെ പാരമ്പര്യത്തിനും ദൈവശാസ്ത്രത്തിനും സ്വഭാവത്തിനും തന്നെ നേർവിപരീതമായ ഇത്തരം സമ്മേളനങ്ങൾ സഭയുടെ പൊതുനന്മയ്ക്കു ഉപകരിക്കാത്ത വ്യർത്ഥലോചനയാണെന്നുകൂടി തിരിച്ചറിയണം.

കുടുംബ കൂട്ടായ്മ, പാരിഷ് കൗൺസിലുകൾ, ഫൊറോനാ കൗൺസിലുകൾ, രൂപതാ പാസ്റ്ററൽ കൗൺസിലുകൾ, മേജർ ആർകി എപ്പിസ്‌കോപ്പൽ അസംബ്‌ളി ഇങ്ങനെ വൈദികരും അൽമായ വിശ്വാസികളും പ്രാധിനിത്യ സ്വഭാവത്തിൽ രൂപികരിച്ചു കൃത്യമായും ക്രമമായും കൂടുന്ന കാനോനിക സമിതികളിലാണ് സഭയെ സംബന്ധിക്കുന്ന ആലോചനകളും തീരുമാനങ്ങളുമുണ്ടാകേണ്ടത്, അല്ലാതെ സഭയിൽ ഭിന്നത വിതയ്ക്കുകയും, സഭാ നേതൃത്വത്തെ ധിക്കരിച്ചു സമാന്തര വിമതപ്രവർത്തനം നടത്തുകയും ചെയ്യുന്നവരുടെ നേതൃത്വത്തിലുള്ള ആൾകൂട്ടങ്ങളിലല്ല. അതിനാൽ സഭയുടെ ശ്ലൈഹിക നേതൃത്വവും വൈദീകഗണവും, അലമായ വിശ്വാസികളും, സന്യസ്തരും ഒരുപോലെ പങ്കുകാരായ ഒരു സഭാഘടന നമുക്കുണ്ട്; അത് നിലനിർത്താനും പരിപോഷിപ്പിക്കാനുമാണ് നാം നിതാന്ത ജാഗ്രതയോടെ പരിശ്രമിക്കേണ്ടത്.സീറോ മലബാർ സഭയുടെ Syro-Malabar Media Commission ന്റ്റെ ഫേസ്ബുക്കിലാണ് സഭാ നേതൃത്വം നയവും നിലപാടും വ്യക്തമാക്കിയത് .

നിങ്ങൾ വിട്ടുപോയത്