ഈ കാണുന്നതാണ് വിഴിഞ്ഞം കത്തോലിക്കാ ദേവാലയം.

2018 ഓഗസ്റ്റ് മാസം മഹാ പ്രളയകാലത്ത് ഈ ദേവാലയത്തിന്റെ മണിഗോപുരത്തിൽ നിന്നും നിർത്താതെയുള്ള മണിനാദം മുഴങ്ങികേട്ടപാടെ വിശ്വാസികൾ എല്ലാവരും ഈ പള്ളിനടയിൽ ഓടിക്കൂടി. അന്ന് ആ വിശ്വാസികളെ നയിച്ച ഇടയനായ വൈദികൻ പറഞ്ഞിരുന്നു അതിരൂപതയിൽ നിന്നും ബിഷപ്പിന്റെ വിളി വന്നു. ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് കുട്ടനാടിലും ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും പ്രളയത്തിൽ അകപ്പെട്ടു കിടക്കുന്ന മനുഷ്യജീവനുകളെ രക്ഷിക്കാൻ നമ്മുടെ യാനങ്ങളുമായി എത്രയും വേഗം പുറപ്പെടണമെന്ന്.

അക്കൂട്ടത്തിൽ ആരും എതിരഭിപ്രായം പറഞ്ഞില്ല. ഒരു ആമേൻ പറയുന്ന അതേ സ്വരത്തിൽ എല്ലാവരും അവരവരുടെ യാനങ്ങൾ തയ്യാറാക്കി. യാനങ്ങൾ കയറ്റാൻ നിമിഷനേരം കൊണ്ട് ലോറികൾ വരിവരിയായി അണിനിരന്നു. അന്ന് യാനങ്ങളുടെ ഉടമസ്ഥന്മാരായ പാവപെട്ട മത്സ്യതൊഴിലാളികൾ അവർക്ക് സംഭവിക്കാൻ പോകുന്ന നഷ്ടങ്ങളെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിച്ചു നോക്കിയില്ല. കാടും മലയും കടന്നുപോകുമ്പോൾ രക്ഷാപ്രവർത്തനത്തിനിടയിൽ തങ്ങളുടെ യാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ സംഭവിക്കില്ലയോ, മടങ്ങി വരുമോ വരാൻ സാധിക്കാതെ പോകുമോ എന്നൊന്നും അവർ ആലോചിച്ചില്ല. പ്രളയത്തിൽ അകപ്പെട്ടു ആഹാരവും വെള്ളവുമില്ലാതെ ജീവൻ കയ്യിൽ പിടിച്ചുകൊണ്ടു അപ്പുറത്ത് കിടക്കുന്നത് പച്ചയായ മനുഷ്യന്മാർ എന്ന് മാത്രമാണ് ആ മുക്കുവൻമാർ ചിന്തിച്ചത്.

കേരളത്തെ അന്ന് പ്രളയം വിഴുങ്ങിയപ്പോൾ ബിജെപിക്കാരാനെന്നോ കോൺഗ്രസുകാരനെന്നോ കമ്മ്യൂണിസ്റ്റുകാരനെന്നോ ഹിന്ദുവന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ നോക്കിയില്ല. പ്രളയം എല്ലാവരെയും ഒന്നുപോലെ ബാധിച്ചു. എല്ലാവരും ജീവൻ രക്ഷിക്കണമേ എന്ന് കേണപേക്ഷിച്ചു. അന്നത്തെ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ നിലവിളി ഇപ്പോഴും എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ട്. വിഴിഞ്ഞം അടക്കമുള്ള ഓരോ മത്സ്യബന്ധന ഗ്രാമങ്ങളിൽ നിന്നും അന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഇടയന്റെ നിർദ്ദേശപ്രകാരം നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ തങ്ങളുടെ യാനങ്ങളുമായി പ്രളയമുഖത്തേക്ക് പാഞ്ഞു. മനുഷ്യനെ മരണത്തിലേക്ക് തള്ളി വിടാതെ അന്ന് മുക്കുവന്മാർ തങ്ങളുടെ സ്വതസിദ്ധമായ കഴിവുകൊണ്ട് അവരെ രക്ഷപ്പെടുത്തി.

അന്ന് കേരള മുഖ്യമന്ത്രിയും ഈ പൊതുസമൂഹവും അവരെ കേരളത്തിന്റെ സൈന്യം എന്ന് വാഴ്ത്തിപ്പാടി. ഒരുപാട് പാരിദോഷികങ്ങൾ വാഗ്ദാനം ചെയ്തിട്ടും അവർ അതൊന്നും സ്വീകരിച്ചില്ല. എന്നാൽ കാലം മാറി ഒരുപാട് മഴ പെയ്തു വെള്ളവും ഒഴുകിപ്പോയി. എല്ലാവരും എല്ലാം മറന്നു. ഒരു സുപ്രഭാതത്തിൽ കേരള പൊതുസമൂഹത്തിലെ നികൃഷ്ട മനസ്സിന് ഉടമകളായ ചിലർ മത്സ്യത്തൊഴിലാളികളെ തീവ്രവാദികൾ എന്ന് ഇപ്പോൾ മുദ്രകുത്തുന്നു.

വിഴിഞ്ഞം തുറമുഖ കവാടത്തിനു മുന്നിൽ മത്സ്യതൊഴിലാളികൾ യഥാർത്ഥത്തിൽ എന്തിനു വേണ്ടിയാണ് സമരം ചെയ്യുന്നത് എന്ന് നിങ്ങൾ തിരിച്ചറിയണം. വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിന്റെ പുരോഗതി ഇവിടംവരെ എത്തിയ സ്ഥിതിക്ക് ഇനി ഒരിക്കലും ആ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ ഈ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ മൂലം തീരദേശത്തു ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് മത്സ്യത്തൊഴിലാളികൾ പോരാടുന്നത്.

ഈ തുറമുഖ നിർമ്മാണം കാരണം കടലിനുള്ളിൽ സ്വാഭാവികമായും ഉണ്ടായ നീരൊഴുക്കിന്റെ ഗതി മാറ്റത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രദേശത്തിന് വടക്കുഭാഗത്ത് കടലാക്രമണം രൂക്ഷമാവുകയും ഒരുപാട് ഭവനങ്ങൾ നഷ്ടമാവുകയും അവിടെ താമസിച്ചിരുന്ന ജനങ്ങൾ അന്തേവാസികളെ പോലെ അഭയാർത്ഥി ക്യാമ്പുകളിൽ അഭയം പ്രാപിക്കുകയും ചെയ്യേണ്ട അവസ്ഥയാണ്‌ ഇന്ന് സംജാതമായിരിക്കുന്നത്. ഈ രൂക്ഷമായ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ വരുന്ന എല്ലാ ഇടവക ജനങ്ങളെയും അണിനിരത്തിക്കൊണ്ട് സമരമുഖത്ത് ജനകീയ സമരം ആസൂത്രണം ചെയ്തു മുന്നേറികൊണ്ടിരിക്കുന്നത്.

നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്. അത്തരം നീതി നിഷേധങ്ങൾക്ക് എതിരെയുള്ളതാണ് ഇന്ന് തീരദേശത്ത് ഉയർന്നുകേൽക്കുന്ന സമര ശബ്ദങ്ങൾ. അതുകൊണ്ട് ഇനിയെങ്കിലും പൊതുസമൂഹം സത്യം തിരിച്ചറിയണം. ജീവിക്കാനുള്ള അവകാശങ്ങൾക്കായി പോരാടുന്ന ആ പാവം ജനതയെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ അപമാനിക്കാതിരിക്കുക എന്നൊരു അപേക്ഷയുണ്ട്.🙏

തീര ജനതയ്ക്കായി

.(കടപ്പാട്‌)

Cml Kuttikad

നിങ്ങൾ വിട്ടുപോയത്