മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ?

ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഭരണം നിർവ്വഹിക്കുന്ന മന്ത്രിമാരുടെ കൗൺസിലിന്റെ പ്രസിഡന്റാണ്, ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ ജോർജിയ മെലോണി.

ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കുന്ന വ്യക്തി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സ്ഥിതിചെയ്യുന്ന റോം, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഒരു പ്രൊവിൻസാണ്. ക്രിസ്ത്യൻ വിശ്വാസവും ഇറ്റാലിയൻ സ്വത്വവും വലതുപക്ഷ രാഷ്ട്രീയവുമുള്ള മെലോണി, ഇറ്റലിയെ ഒരു ക്രിസ്ത്യൻ രാഷ്ട്രമാക്കുമോ? ഇക്കാര്യത്തിൽ അവർ കത്തോലിക്കാ സഭയുമായി എന്തെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുമോ?

എന്താണ് ക്രിസ്ത്യൻ രാഷ്ട്രം?

ആധുനിക മതേതര ജനാധിപത്യത്തിന്റെ മാതൃകകളായും ഈറ്റില്ലമായും അറിയപ്പെടുന്ന ഫ്രാൻസും ബ്രിട്ടനും അമേരിക്കയുമൊക്കെ ക്രിസ്ത്യൻ രാഷ്ട്രങ്ങളെന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? മറ്റുള്ളവർക്കില്ലാത്ത എന്തെങ്കിലും അധികാര അവകാശങ്ങൾ അത്തരം രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കുണ്ടോ? അത്തരം രാജ്യങ്ങളിലാണോ ക്രിസ്ത്യൻ സഭാ സമൂഹങ്ങൾ ഇന്നു തഴച്ചുവളരുന്നത്? ക്രിസ്തുമതത്തിന്റെ മതനിയമങ്ങളോ ശാസനകളോ ആണോ അവിടങ്ങളിലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നതും നയിക്കുന്നതും? ഇതൊന്നുമല്ലെങ്കിൽ എന്തുകൊണ്ടാണ് അവയെ ക്രിസ്ത്യൻ രാഷ്ട്രങ്ങളെന്നു വിളിക്കുന്നത്?

ഒരുപക്ഷെ, ആ രാഷ്ട്രങ്ങളുടെയും ജനതയുടെയും സംസ്കാരങ്ങളെ രൂപപ്പെടുത്തിയതും ധാർമ്മിക നിലപാടുകളെ ആഴത്തിൽ സ്വാധീനിക്കുന്നതും ക്രിസ്തീയ ദർശനത്തിലൂന്നിയ ചിന്താപദ്ധതികളാവാം. എന്നാൽ, ഇക്കാര്യത്തില്പോലും മേല്പറഞ്ഞ രാഷ്ട്രങ്ങളുടെ നിയമങ്ങളും നിലപാടുകളും ക്രിസ്ത്യൻ സഭകളുടെ മൂല്യങ്ങളും നിലപാടുകളുമായി നിരന്തരം സംഘർഷത്തിലും സംവാദത്തിലും മിക്കപ്പോഴും എതിർ ദിശകളിലുമാണ് എന്നതാണ് യാഥാർഥ്യം. ലോകത്തിലെ മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളുമായി തുലനംചെയ്യാൻപോലും കഴിയാത്തവിധം വ്യതിരിക്തമാണ് മതവും രാഷ്ട്രവുമായി ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന ബന്ധം! എങ്കിലും, പൊതുവെ രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങൾ കമ്യൂണിസ്റ്റു രാജ്യങ്ങൾ തുടങ്ങിയ സബ്ജ്ഞകളാൽ അടയാളപ്പെടുത്താറുണ്ട്.

ക്രിസ്തു മതത്തിൽ ഒരു മതരാഷ്ട്ര സങ്കല്പം നിലനിൽക്കുന്നുണ്ടോ?

ഏതു മതത്തെയും ഒരു പ്രത്യയശാസ്ത്രമായി വ്യാഖ്യനിക്കാമെങ്കിലും, ക്രിസ്തു മതത്തിൽ ഒരു മതരാഷ്ട്ര സങ്കല്പം ഇന്നു നിലനിൽക്കുന്നില്ല എന്നതാണ് വസ്തുത. രണ്ടായിരത്തോളം വർഷങ്ങളിലെ അനുഭവങ്ങളുടെ ആകെത്തുകയിൽനിന്നും, സുവിശേഷം അതിന്റെ ലളിതമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ക്രൈസ്തവർ തയ്യാറായതിന്റെ വെളിച്ചത്തിലും, മാറിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചും സഭയുൾക്കൊണ്ട ഒരു നിലപാടാണ് അത്. ക്രൈസ്തവന് ലോകത്തിൽ നിർവഹിക്കേണ്ടതായി ഒരു ദൗത്യവുമില്ല എന്നല്ല അതിനർത്ഥം. മറിച്ചു, ഭൗതികവും ആത്മീയവുമായ മാനങ്ങളെ വേറിട്ടുകാണാൻ ക്രൈസ്തവ സമൂഹം നിരന്തരം ശ്രമിക്കുകയും രണ്ടിനോടും ഈ ലോകത്തിൽ നീതിപുലർത്തിക്കൊണ്ടു ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നതുകൊണ്ടു കൂടിയാണ് അങ്ങിനെ ഒരു നിലപാടു സഭ സ്വീകരിച്ചിട്ടുള്ളത്.

പടിഞ്ഞാറിന്റെ നിലപാടുകളെല്ലാം ക്രിസ്ത്യാനികളുടേതാണോ?

പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളെയും നിലപാടുകളെയും ക്രിസ്ത്യൻ രാഷ്ട്രങ്ങളുടെ, അല്ലെങ്കിൽ ക്രിസ്ത്യാനികളുടെ നിലപാടുകളായി വ്യാഖ്യാനിക്കുന്നതിൽ അപകടമുണ്ട്. യഥാർത്ഥത്തിൽ, അവിടങ്ങളിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നയപരിപാടികളുടെ ഫലങ്ങളായിട്ടാണ് അവയെ വീക്ഷിക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും. അമേരിക്കയുടെയോ ബ്രിട്ടന്റേയോ ഫ്രാന്സിന്റെയോ രാഷ്ട്രീയ നിലപാടുകളെയോ സൈനിക നടപടികളെയോ ക്രിസ്ത്യാനികളുടെ പൊതു നിലപാടോ നടപടിയോ ആയി വ്യാഖ്യാനിച്ചുകൊണ്ടു കേരളത്തിൽ നടക്കുന്ന ചില മത പ്രഭാഷണങ്ങൾ ഏറെ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതാണ്. അടുത്തയിടെ കേരളത്തിൽ ഒരാൾ ബൈബിൾ കത്തിച്ചതിനു ന്യായീകരണമായി പറഞ്ഞതും ഇത്തരത്തിലുള്ള ഒന്നായിരുന്നു എന്നോർക്കുക. ഇത് സാംസ്‌കാരിക വെളിച്ചമല്ല, ഇരുട്ടാണ് കേരളക്കരയിൽ സൃഷ്ടിക്കുന്നത്.

കക്കുകളിയുടെ സാംസ്‌കാരിക പരിസരം

കക്കുകളി പോലുള്ള നാടകങ്ങൾ, കേരളത്തിൽ യാതൊരു പ്രകോപനവുമില്ലാതെ ക്രിസ്ത്യാനികൾക്കെതിരെ പ്രയോഗിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യവും മേല്പറഞ്ഞ സാംസ്‌കാരിക പരിസരവുമായി കൂട്ടിവായിക്കാവുന്നതാണ്. ചുറ്റുമുള്ള മനുഷ്യരുടെ നന്മ കാണാൻ കഴിയാതെവരുന്ന ഒരു സാംസ്‌കാരിക-രാഷ്ട്രീയ അന്ധത നമ്മെ ബാധിച്ചിട്ടുണ്ടോ? നമ്മൾക്കറിയാവുന്ന എത്ര കന്യാസ്ത്രീകൾ കക്കുകളിയിലേതുപോലെ ഉള്ളവരാണ്? ആരെയാണ് നമ്മൾ അധിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത്? ആരെയാണ് നമ്മൾ ചെറുക്കാനും ‘പ്രതിരോധിക്കാനും’ ശ്രമിക്കുന്നത്? എവിടെനിന്നുകിട്ടി നമ്മുടെ സമൂഹത്തിന് ഈ പ്രതിരോധിക്കപ്പെടേണ്ട ‘ക്രിസ്ത്യൻ അപരത്വം’ എന്ന വില്ലനെ? ആരെയാണ് നമ്മൾ ഭയക്കുന്നത്?

വൈവിധ്യമാർന്ന സാംസ്‌കാരിക ധാരകൾ

‘ക്രിസ്ത്യൻ’ എന്നത് ലോകത്തെ സ്വാധീനിച്ച ഒരു സാംസ്‌കാരിക ധാരയുടെ പേരാണെങ്കിൽ, യൂറോപ്പിനെ സംബന്ധിച്ച് ആ പേരു കൂടുതൽ അന്വർത്ഥമാണ്. ഇന്ത്യയുടെ മുഖ്യ സാംസ്‌കാരിക ധാരയായി ഹിന്ദു സാംസ്‌കാരിക ധാരയെ വിശേഷിപ്പിക്കാമെങ്കിൽ, യൂറോപ്പിന്റെ മുഖ്യ സാംസ്‌കാരിക ധാരയായി ക്രിസ്ത്യൻ സാംസ്‌കാരിക ധാരയെയും അറേബിയൻ ലോകത്തിന്റെ മുഖ്യ സാംസ്‌കാരിക ധാരയായി ഇസ്ലാമിക സാംസ്കാരികതയേയും വിശേഷിപ്പിക്കാവുന്നതാണ്. ലോകത്തേയും ഇന്ത്യയിലെയും വിവിധ സാംസ്‌കാരിക ധാരകളോട് ഇടകലർന്നു നിൽക്കുന്ന ഒന്നാണ് ക്രിസ്ത്യൻ സാംസ്‌കാരിക ധാരയും. മറ്റു സാംസ്‌കാരിക ധാരകളുമായി ഇഴചേർന്നും ഇടകലർന്നും, മത്സരിച്ചും, പൊരുത്തപ്പെട്ടും അതു മുന്നോട്ടുപോവുകയും ചെയ്യുന്നു!

കേരളവും ക്രിസ്ത്യാനികളും

യൂറോപ്പിനേക്കാൾ അധികമായി, രണ്ടായിരം വർഷത്തെ പാരമ്പര്യം ക്രിസ്ത്യൻ സംസ്കാരത്തിനും ജീവിതത്തിനുമുള്ള നാടുകൂടിയാണ് ഭാരതം. അറേബിയൻ, യൂറോപ്യൻ കോളനിവൽക്കരണ കാലത്തു വിദേശികൾ ചെയ്തതുപോലെ, ഏതെങ്കിലും സാംസ്‌കാരിക ധാരകളോടോ ഭരണകൂടങ്ങളോടോ ഏറ്റുമുട്ടിയ ചരിത്രം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കില്ല എന്നുതന്നെ പറയാം. അവർ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും ബൗദ്ധികമായി പൊരുതിനിന്നും ചരിത്രത്തിൽ മുന്നോട്ടുപോകുന്നവരാണ്. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ അവർക്കു കഴിയുന്നതും അതുകൊണ്ടാണ്. അവരെ കക്കുകളിച്ചു തോല്പിക്കാനോ യൂറോപ്പിന്റെ കഥപറഞ്ഞു ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നത് നമ്മൾ പിന്നിട്ട ചരിത്രത്തോടു കാണിക്കുന്ന നെറികേടാണ്. കക്കുകളിച്ചും കഥപറഞ്ഞും തോൽപ്പിക്കാൻ ശ്രമിക്കുന്നതു മൗഢ്യവുമാണ്.

വാൽ കഷ്ണം: മെലോണി ഇറ്റലിയെ ക്രിസ്ത്യൻ രാഷ്ട്രമാക്കുമോ എന്നത്, പ്രൈം മിനിസ്റ്റർ മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമോ എന്നതുപോലെ ഒരു ചോദ്യമാണ്! ചോദിക്കുന്ന വ്യക്തിയുടെ മനോഗതിയനുസരിച്ചു, വ്യത്യസ്ത മാനങ്ങളാണ് ആ ചോദ്യത്തിനുള്ളത്. അല്ലെങ്കിൽ, നിങ്ങൾ ശരിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്നുകൂടി പറയണം. ഇന്ത്യ അതാണല്ലോ! നോക്കൂ, ഋഷി സുനക്കാണ് ബ്രിട്ടന്റെ പ്രൈം മിനിസ്റ്റർ!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്