1846 സെപ്തംബർ 19 – ശനിയാഴ്ച,ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളോട് ചേർന്ന് കിടക്കുന്ന ലാസലെറ്റ് മലമുകളിൽ മാക്സിമിൻ, മെലനി എന്നീ ഇടയപൈതങ്ങൾക്ക് കണ്ണീരോടുകൂടി പരിശുദ്ധ ദൈവമാതാവ് ദർശനം നൽകി.

മാനസാന്തരപ്പെടാനും സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള ഭക്തിയിലും ആദരവിലും വളരുവാനും അമ്മ ഓർമപ്പെടുത്തി.

നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും അമ്മ പഠിപ്പിച്ചു. നോമ്പുകാലങ്ങളിൽ (അക്കാലയളവിൽ) ഏതാനും ചില വയോവൃദ്ധർ മാത്രമേ ദൈവാലയങ്ങളിൽ പോയിരുന്നുള്ളുവെന്നും മറ്റു പലരും നായ്ക്കൾ ഇറച്ചിക്കടകൾ തേടിപോകുന്നതുപോലെ ജഡികാശകൾക്കു പിന്നാലെ പോകുന്നുവെന്നും അമ്മ ഓർമപ്പെടുത്തി.പ്രാർത്ഥന പരിത്യാഗം, പ്രാശ്ചിത്തം എന്നീ പുണ്യങ്ങളിൽ വളരണമെന്നും അമ്മയുടെ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു. ലാസലെറ്റിലെ മരിയൻ ദർശനത്തിന്റെ കാതലായ ഏതാനും കാര്യങ്ങൾ ചേർക്കുന്നു.

1.ലാസലെറ്റിൽ മാത്രമാണ് മാറിടത്തിൽ ക്രൂശിതരൂപം ധരിച്ച് മാതാവ് പ്രത്യക്ഷപ്പെട്ടത്. ക്രൂശിത രൂപത്തിന്റെ ഇടതു വശത്ത് ചുറ്റികയും വലതു വശത്ത് ചവണയും ഉണ്ടായിരുന്നു. ക്രിസ്തുവിനെ കുരിശിൽ തറയ്ക്കാനും കുരിശിൽ നിന്ന് ആണികൾ ഊരി താഴെയിറക്കാനും ഉപയോഗിച്ച ചുറ്റികയും ചവണയും യഥാക്രമം പാപത്തെയും മനസ്താപത്തെയും സൂചിപ്പിക്കുന്നു. നമ്മൾ പാപം ചെയ്യുമ്പോൾ ഈശോ വീണ്ടും കുരിശിൽ തറയ്ക്കപ്പെടുന്നെന്നും മനസ്തപിക്കുമ്പോൾ കുരിശിൽ നിന്ന് ഇറക്കപ്പെടുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

2.ലാസലെറ്റിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ട മുഴുവൻ സമയവും മാതാവ് കരഞ്ഞുകൊണ്ട് സംസാരിച്ചത്. കുഞ്ഞുങ്ങളോട് സംസാരിച്ച മുഴുവൻ സമയവും മാതാവിന്റെ മിഴികളിൽ നിന്ന് കണ്ണീർ വാർന്നൊഴുകിയെങ്കിലും അവ നിലത്ത് പതിക്കാതെ ആവിയായി പോയിരുന്നു.

3.ലാസലെറ്റിൽ മാത്രമാണ് തോളിൽ ഭാരമുള്ള ചങ്ങല ധരിച്ചുകൊണ്ട് മാതാവ് പ്രത്യക്ഷം നൽകിയത്. മനുഷ്യകുലത്തിന്റെ പാപഭാരം തന്റെ പുത്രനോട് ചേർന്ന് അവളും ചുമക്കുന്നു.

സഭ പഠിപ്പിക്കുന്നതു പോലെ അവൾ സഹരക്ഷകയാണ്. മാക്സിമിൻ, മെലനി എന്നീ പൈതങ്ങളിലൂടെ മാതാവ് നൽകിയ സന്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1.ഭയപ്പെടേണ്ട മക്കളെ അടുത്തു വരുവിൻ. നിങ്ങളോടെനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.

2. മനുഷ്യൻ പാപത്തിന്റെ വഴികൾ ഉപേക്ഷിച്ചില്ലെങ്കിൽ എന്റെ മകന്റെ വിധിയുടെ കരങ്ങൾ ഇനിയും തടഞ്ഞു നിർത്താൻ എനിക്ക് സാധിക്കുകയില്ല.

3.എത്ര നാളായി ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്നു. നിങ്ങളോ അത് ഗൗനിക്കുന്നില്ല. ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയാണ്. നിങ്ങൾ എത്ര തന്നെ പ്രാർത്ഥിച്ചാലും പാപ പരിഹാര പ്രവൃത്തികൾ ചെയ്താലും നിങ്ങളെ പ്രതിയുള്ള എന്റെ സഹനത്തിന് തുല്യമാകുകയില്ല.

4.ആറു ദിവസങ്ങൾ ജോലി ചെയ്യുന്നതിനായി നിങ്ങൾക്കു ഞാൻ നൽകിയിട്ടുണ്ട്. ഏഴാം ദിവസം ദൈവത്തിന്റേതാണ്. എന്നാൽ ആരും ഇത് ഗൗനിക്കുന്നില്ല. എന്റെ മകന്റെ നാമമുപയോഗിച്ച് ആണയിടുന്നു. ഈ പാപങ്ങൾ എന്റെ മകന്റെ കരങ്ങൾ ഭാരമുള്ളവയാക്കുന്നു.

5.വിളവുകൾ നശിക്കുന്നെങ്കിൽ നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ.

6.നിങ്ങൾ അനുതപിച്ചാൽ കല്ലുകളും പാറക്കഷണങ്ങളും ഗോതമ്പ് കൂമ്പാരമായ് മാറും. കൃഷിസ്ഥലങ്ങളിൽ ഉരുളക്കിഴങ്ങ് തനിയെ ഫലം പുറപ്പെടുവിക്കും.

7. മാനസാന്തരപ്പെട്ടാൽ സമൃദ്ധി താനേ ഉണ്ടാകും.

8.പ്രഭാതത്തിലും പ്രദോഷത്തിലും പ്രാർത്ഥിക്കണം. ചുരുങ്ങിയത് ഒരു സ്വർഗ്ഗസ്ഥനായ പിതാവ്, നന്മനിറഞ്ഞ മറിയം എന്നിവയെങ്കിലും ചൊല്ലണം. സമയമുള്ളപ്പോൾ കൂടുതൽ പ്രാർത്ഥിക്കണം.

9.നിങ്ങൾ ഈ സന്ദേശം എന്റെ എല്ലാ ജനത്തെയും അറിയിക്കുക

.എല്ലാവർക്കുംപരിശുദ്ധ ലാസലെറ്റ് മാതാവിന്റെതിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്സെപ്തംബർ 19-2022.

നിങ്ങൾ വിട്ടുപോയത്