സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ / ടോണി ചിറ്റിലപ്പിള്ളി

എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്.പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും,ബലഹീനത പരിപോഷിപ്പിക്കുകയും,എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.

ജീവിതത്തിന്റെ എല്ലാ തുറയിലും പെട്ടവർ വിശുദ്ധരായിട്ടുണ്ട്. കുട്ടികൾ, കന്യകമാർ, കർഷകർ, സഭാ സ്ഥാപകർ, പണ്ഡിതൻമാർ, വിദ്യാഹീനർ, വീട്ടമ്മമാർ, മാർപാപ്പമാർ, സഭാസ്ഥാപകർ, സമ്പന്നർ, ദരിദ്രർ, ,വീട്ടുവേലക്കാർ, അടിമകൾ, ദർശനങ്ങൾ കിട്ടിയവർ എന്നിങ്ങനെ പോകുന്നു പട്ടിക. ആർക്കു വേണമെങ്കിലും വിശുദ്ധരായി തീരാൻ സാധിക്കും എന്ന് ഈ പട്ടിക നമ്മെ ബോധ്യപ്പെടുത്തുന്നു.

പ്രായമോ പ്രലോഭനങ്ങളോ ഈ ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോ ഒന്നും വിശുദ്ധമായ ജീവിതം നയിക്കുന്നതിന് തടസ്സമല്ലെന്ന് തെളിയിക്കുന്ന ചെറുപ്രായക്കാരായ ചില വിശുദ്ധജീവിതങ്ങൾ ഉണ്ട്. കാർലോ അക്വിറ്റിസ്(15),ക്യാരോ ബദാനോ(18),ഡാർവിൻ റാമോസ്(17),മത്തെയോ ഫരീന(18),റോളാൻഡോ മരിയ റിവ(14),ഏഞ്ചല ലാക്കോബെല്ലിസ്(13),സാന്ദ്ര സബാറ്റിനി(22) എന്നിവരാണവർ
ദൈവത്തിലെ ആഴമേറിയ വിശ്വാസത്തിലൂടെ മാത്രമേ ജീവിതത്തിന്‍റെ ‘ശക്തി’യെ ജീവിക്കുവാനും, ബലഹീനതയെ മറികടക്കുവാനും സാധിക്കുകയുള്ളൂ. എല്ലാ വിശുദ്ധരും തങ്ങളുടെ ജീവിതത്തിൽ ഈ ആഴമേറിയ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മുന്നേറിയവരാണ്.

സാധാരണ മനുഷ്യരായി ജനിച്ച് സാധാരണമായി ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറി അസാധാരണമായ വിശുദ്ധിയിലേക്ക് എത്തിച്ചേർന്ന വ്യക്തിത്വങ്ങളെ സഭ നമ്മുടെ മാതൃകയ്ക്കും അനുകരണത്തിനുമായി ഉയത്തിക്കാണിക്കുന്നു. ഇവരെയാണ് വിശുദ്ധർ എന്ന് വിളിക്കുന്നത്.

വിശുദ്ധ പദവി

വിശുദ്ധപദ പ്രഖ്യാപനം എന്നാൽ ഒരു വ്യക്തിയുടെ മരണശേഷം അയാൾ വിശുദ്ധനെന്നും,വിശുദ്ധയെന്നും വിശ്വാസികളുടെ പരസ്യ വണക്കത്തിന് യോഗ്യനെന്നും കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.കത്തോലിക്കാ സഭയിൽ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് മാത്രമായി ഒരു വിഭാഗമുണ്ട്. “വിശുദ്ധർക്കായുള്ള തിരുസംഘം “എന്ന പേരിൽ ഇത് അറിയപ്പെടുന്നു.

പരിശുദ്ധ പിതാവിനു മാത്രമേ ഇപ്പോൾ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കാനാവൂ.ഇതിനെ കാനൊനൈസേഷൻ എന്ന് പറയുന്നു. കാനൻ എന്നാൽ പട്ടിക എന്നർത്ഥം.വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്ന ചടങ്ങാണ് കാനൊനൈസേഷൻ.അള്‍ത്താരയിലെ വണക്കത്തിന് ഒരാള്‍ യോഗ്യനെന്ന് തിരുസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ആ ആള്‍ ദൈവികപുണ്യങ്ങളും (വിശ്വാസം, ശരണം, സ്നേഹം) സാന്മാര്‍ഗിക പുണ്യങ്ങളും (വിവേകം, ധൈര്യം, നീതി) സുവിശേഷാനുസൃതമായ പുണ്യങ്ങളും (ദാരിദ്ര്യം, അനുസരണം, വിശുദ്ധി, വിനയം) വീരോചിതമാം വിധം അനുഷ്ഠിച്ചാണ് ജീവിച്ചിരുന്നതെന്ന് തെളിയിക്കപ്പെടേണ്ടതാണ്.

സാങ്ങ്റ്റസ്’ എന്ന ലത്തീൻ വാക്കിൽ നിന്നാണ് സെയിന്റ് അഥവാ വിശുദ്ധൻ എന്ന പദം ഉത്ഭവിക്കുന്നത്. ‘പരിശുദ്ധി’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. സഭയുടെ ആദ്യകാലങ്ങളിൽ നന്മപൂരിതമായ ജീവിതം നയിച്ചിരുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് രക്തസാക്ഷികളായവർക്ക് സെയിന്റ് എന്ന വിളിപ്പേര് സഭ നൽകിയിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നടപടി ക്രമങ്ങൾ കൃത്യവും, കാര്യക്ഷമവുമാക്കാനാണ് 1588-ൽ വത്തിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം ആരംഭിച്ചത്.
1983 ജനുവരി 25 തിയതി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച ദിവിനൂസ് പെർഫെക്‌സിയോണിസ് മജിസ്തർ അപ്പസ്‌തോലിക പ്രബോധന രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നാമകരണ നടപടികൾ നടക്കുന്നത്.

നാമകരണ നടപടിക്രമങ്ങൾ

നാമകരണ നടപടികളുടെ ആരംഭം ബന്ധപ്പെട്ട വ്യക്തി മരണം വരിച്ച രൂപതയില്‍നിന്നാണ്. നടപടികള്‍ ആരംഭിക്കാന്‍ മാത്രം ആ ആളുടെ ജീവിതം യോഗ്യമായിരുന്നോ എന്ന പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. അതിനായി രൂപതാദ്ധ്യക്ഷന്‍ ഒരു വൈദികനെ നിയോഗിക്കുന്നു. പുണ്യ പുരുഷനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുള്ള വ്യക്തികള്‍, സ്ഥലങ്ങള്‍, അദ്ദേഹത്തിന്‍റെ എഴുത്തു കുത്തുകള്‍, ലേഖനങ്ങളോ, പുസ്തകങ്ങളോ ഉണ്ടെങ്കില്‍ അവ, രോഗശാന്തിയോ ശ്രദ്ധിക്കപ്പെടേണ്ട മറ്റെന്തെങ്കിലും അത്ഭുതമോ ഉണ്ടെങ്കില്‍ അവ തുടങ്ങിയവയെപ്പറ്റിയെല്ലാം അദ്ദേഹം അന്വേഷിക്കുന്നു. അവയുടെ വെളിച്ചത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അദ്ദേഹം മെത്രാനു സമര്‍പ്പിക്കുന്നു. റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ നടപടികളുടെ പ്രാരംഭഘട്ടം ആരംഭിക്കുകയായി. നടപടികളുടെ നടത്തിപ്പിനായി നിയമിക്കപ്പെടുന്ന പോസ്റ്റുലേറ്റര്‍ക്കാണ് മുഖ്യമായ ഉത്തരവാദിത്വം.

റോമില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘവുമായി ഔദ്യോഗികമായി ബന്ധപ്പെടുന്നത് പോസ്റ്റുലേറ്ററാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ഒന്നോ കൂടുതലോ വൈസ് പോസ്റ്റുലേറ്റര്‍മാരും നിയമിക്കപ്പെടുന്നു. രൂപതയില്‍ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് റോമില്‍ നിന്നുള്ള അനുവാദം (Nihil, Obstat) കിട്ടിയിരിക്കണം.

പ്രാഥമിക അന്വേഷണങ്ങള്‍ക്കെല്ലാം ഒടുവില്‍, ഔദ്യോഗികമായി നടപടികള്‍ ആരംഭിക്കുമ്പോഴാണ് ദൈവദാസന്‍ (ദൈവദാസി) എന്ന് വിളിക്കുക. അന്ന് ആരംഭിക്കുന്ന രൂപതാ ട്രിബ്യൂണലില്‍ നാലു അംഗങ്ങളാണുള്ളത്. പ്രിസൈഡിംഗ് ജഡ്ജ്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് (വിശ്വാസസംരക്ഷകന്‍), നോട്ടറി, കര്‍സര്‍ എന്നിവരാണവര്‍.

ഈ കോടതിയാണ് ബന്ധപ്പെട്ട ആള്‍ സുകൃതങ്ങളെല്ലാം വീരോചിതമായ വിധത്തില്‍ അനുഷ്ഠിച്ചാണോ ജീവിച്ചിരുന്നതെന്ന് വിശദമായ പഠനം നടത്തുന്നത്. ദൈവദാസന്‍ (ദാസി) മരിച്ചിട്ട് ഏറെനാളായിട്ടില്ലെങ്കില്‍, ആളിനെ നേരിട്ടറിഞ്ഞിരുന്ന ധാരാളം പേരുണ്ടായിരിക്കും. അവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. നേരിട്ടുള്ള സാക്ഷികളില്ലാത്ത, പഴക്കം ചെന്ന നടപടികളാണെങ്കില്‍, ചരിത്രപരമായ പഠനം (Historical Process) നടത്തേണ്ടതുണ്ട്. ദൈവ ദാസനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും – കത്തുകള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍, രജിസ്റ്ററുകള്‍, റിപ്പോര്‍ട്ടുകള്‍, അനുകൂലവും പ്രതികൂലവുമായ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം പഠനത്തിന് വിധേയമാകും. ചരിത്രാന്വേഷണം (Historical Commission), ദൈവശാസ്ത്രപഠനം (Theological
Commission) തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗങ്ങളാണ്. ആരെങ്കിലും എവിടെയെങ്കിലും പരസ്യവണക്കം നല്‍കുന്നുണ്ടോ എന്നും അന്വേഷിക്കും. ബന്ധപ്പെട്ട വ്യക്തിയെപ്പറ്റി വിശ്വാസികളുടെ പൊതുവിലുള്ള അഭിപ്രായം, അവര്‍ക്കു കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍, കബറിടത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ തുടങ്ങിയ കാര്യങ്ങളും അന്വേഷണവിധേയമാക്കുന്നു.

ഇപ്രകാരം ശേഖരിക്കുന്ന രേഖകളെല്ലാം റോമിലെ തിരുസംഘത്തിനു സമര്‍പ്പിക്കുന്നു. രൂപതാ തലത്തില്‍ നടത്തിയ നടപടികളെല്ലാം നിയമാനുസൃതമാണോ എന്ന് അവര്‍ പരിശോധിക്കും. തൃപ്തികരമെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ Positio തയ്യാറാക്കാന്‍ ആവശ്യപ്പെടും.

വിവിധ ഉറവിടങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെയെല്ലാം വെളിച്ചത്തില്‍ ദൈവദാസ(ദാസി)ന്‍റെ സുകൃതജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥമാണ് Positio.

ദൈവദാസർ (servant of God )

നാമകരണ നടപടികൾ ആരംഭിക്കുന്നത് രൂപതാ തലത്തിലാണ്.ഒരാൾ വിശുദ്ധനോ വിശുദ്ധയോ ആയി വിശ്വാസികൾക്ക് തോന്നുന്ന പക്ഷം നാമകരണ നടപടികളാരംഭിക്കാൻ രൂപതാ മെത്രാനോട് ആവശ്യപ്പെടാം. സാധാരണ ഒരാൾ മരിച്ച് 5 വർഷങ്ങൾക്ക് ശേഷമാണ് നാമകരണ നടപടികൾ ആരംഭിക്കാവൂ.നാമകരണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി വിശുദ്ധർക്കായുള്ള തിരുസംഘത്തിൽ നിന്ന് മെത്രാൻ അനുമതി വാങ്ങിയിരിക്കണം. അനുമതി ലഭിച്ചാൽ മെത്രാൻ ഒരു സമിതിയെ നിയോഗിക്കും.സമിതിയുടെ തലവൻ പോസ്റ്റുലേറ്റർ എന്നറിയപ്പെടുന്നു.പുണ്യങ്ങൾ പരിശോധിച്ച് അസാധാരണമായി തോന്നിയാൽ ദൈവദാസൻ (ദാസി) യായി പ്രഖ്യാപിക്കുന്നു. ഈ പദവി നാമകരണ നടപടികളുടെ ആദ്യ പടിയാണ്.

ധന്യൻ (venerable)

രൂപതാ തലത്തിലുള്ള നടപടികൾ പൂർത്തിയായാൽ രണ്ടാം ഘട്ടമായി വത്താക്കാനിൽ സമർപ്പിക്കുന്നു. വിശുദ്ധർക്കായുള്ള തിരുസംഘം പുതിയ ഒരു പോസ്തുലേറ്ററെ നിയമിക്കുന്നു.രൂപതാ തലത്തിൽ വൈസ് പോസ്റ്റുലേറ്ററെയും നിയമിക്കുന്നു. വീണ്ടും പഠനങ്ങൾ നടത്തി സഭാ കോടതിയിൽ തെളിയിക്കപ്പെട്ടാൽ ധന്യനായി പ്രഖ്യാപിക്കുന്നു. ധന്യരുടെ ചിത്രങ്ങളും പ്രാർത്ഥനകളും വിശ്വാസികൾക്കായി പ്രസിദ്ധീകരിക്കാവുന്നതാണ്.

വാഴ്ത്തപ്പെട്ടവർ (Blessed)

മൂന്നാമത്തെ ഘട്ടം വാഴ്ത്തപ്പെട്ടരാക്കുകയാണ്.ഇതിനായി ഒരു അത്ഭുതം കോടതിയിൽ തെളിയിക്കപ്പെടണം. ഒൻപത് ദൈവശാസ്ത്രജ്ഞൻമാർ അടങ്ങുന്ന സമിതിയാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. ഭുരിപക്ഷം പേരും പിൻതുണച്ചാൽ കർദ്ദിനാൾമാരും മെത്രാൻമാരും അടങ്ങുന്ന സമിതിയുടെ പരിഗണനയ്ക്ക് വിടുന്നു. അവരും പിൻതുണച്ചാൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് വ്യക്തി ഉയർത്തെപ്പെടുന്നു. വാഴ്ത്തപ്പെട്ടവരുടെ തിരുനാൾ പ്രാദേശികമായി ആഘോഷിക്കാം.

വിശുദ്ധർ (saints)

നാലാഘട്ടം വിശുദ്ധരായി പ്രഖ്യാപിക്കുകയാണ്.ഇതിന് പുതുതായി ഒരു അത്ഭുതം കൂടി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. രക്തസാക്ഷികളുടെ നാമകരണ നടപടിക്ക് അത്ഭുതം നിർബന്ധമല്ല.

വേദപാരംഗതർ (Doctor of church)

സഭയ്ക്ക് വേണ്ടി തൂലികയും പ്രഘോഷണവും ജീവിതവും വഴി അമൂല്യമായ സംഭാവന നൽകിയ വ്യക്തികളെ സഭ വേദപാരംഗതരായി പ്രഖ്യാപിക്കുന്നു. ഏഴാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ ജീവിച്ച ഇപ്രകാരമുള്ള വ്യക്തികളെ സഭ പിതാക്കൻമാർ എന്ന് പൊതുവേ വിളിക്കപ്പെടുന്നു.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്