സെപ്റ്റംബർ 21, ഇന്ന് ലോക സമാധാന ദിനമാണ്.

ഇസ്ളാമിക തീവ്രവാദവും നാർക്കോട്ടിക് ജിഹാദും സൃഷ്ടിക്കുന്ന ഭയവും അസമാധാനവും പ്രക്ഷുബ്ദമാക്കുന്ന വർത്തമാനകാല ലോകത്തിൽ സമാധാനത്തെക്കുറിച്ച് ആരെങ്കിലും പറയുന്നതു തന്നെ എത്രയോ കുളിർമ പകരുന്ന അനുഭവം! താലിബാൻ്റെ കൊടുംഭീകരതയെപ്പോലും വിസ്മയത്തോടെ നോക്കിക്കാണാൻ കഴിയുന്ന വിധം സുബോധം നഷ്ടപ്പെട്ടവരുടെ ലോകമാണിത്. വർഷത്തിൽ ഒരിക്കലെങ്കിലും യഥാർത്ഥ സന്തോഷത്തെയും സമാധാനത്തെയും കുറിച്ചുള്ള വിചിന്തനത്തിന് നാം സമയം കണ്ടെത്തേണ്ടതുണ്ട്, അതിനായി ഒരു ദിനത്തെ പ്രഖ്യാപിച്ച യു.എന്നിനു നന്ദി!

“മനുഷ്യനിൽ ദൈവത്തിന് ഇതേവരെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്ന സന്ദേശവുമായിട്ടാണ് ഓരോ കുഞ്ഞും ഈ ഭൂമിയിൽ ജനിക്കുന്നത്” (Every child comes with the message that God is not yet discouraged of man) എന്ന പ്രത്യാശാനിർഭരമായ വചനം മഹാകവി രബീന്ദ്രനാഥ് ടാഗോറിൻ്റെ എഴുത്തുകളിലാണ് വായിച്ചത്.

ജനിച്ചയുടനെ മാതാപിതാക്കൾ ചോരക്കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കുന്ന ഓരോ സന്ദർഭത്തിലും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ഈ വാക്യം ഓർമിക്കും. മക്കളും കൊച്ചുമക്കളുമായി നൂറിലേറെ അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിലെ ഏറ്റവും ഒടുവിലത്തെ അംഗത്തിൻ്റെ പിള്ളക്കച്ചയിൽ പൊതിഞ്ഞുളള ചിത്രം ഒരു സഹോദരി കഴിഞ്ഞ ദിവസം അയച്ചു തന്നു. ഇതു കണ്ടപ്പോൾ വീണ്ടും ടാഗോറിനെ ഓർമിച്ചു; മനുഷ്യൻ ഇന്നേ വരെ ദൈവത്തെ നിരുത്സാഹപ്പെടുത്തിയിട്ടില്ലത്രെ! ഏറ്റവും ഒടുവിലത്തെ നിർണായക തെളിവാണ് കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ചത്!

ടാഗോറിൻ്റെ ചിന്തകളുടെ പ്രതലം സൃഷ്ടിച്ചത് ബൈബിളിലെ എഫേസ്യ ലേഖനം 2:10 ആണെന്ന് ഞാൻ വിശ്വസിക്കുന്നു “നാം ദൈവത്തിന്റെ കരവേലയാണ്‌; “We are God’s masterpiece” മഹാപ്രപഞ്ചം സൃഷ്ടിച്ച ദൈവം ഈ ഭൂമിയെ സൃഷ്ടി വൈവിദ്ധ്യങ്ങളുടെ ഒരു തുറന്ന മ്യൂസിയമാക്കി ഈ അണ്ഡകടാഹത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു; അതിൽ മനുഷ്യൻ സകലത്തിൻ്റെയും കേന്ദ്രബിന്ദുവാണ്. Microcosm in the Macrocosm. സ്ഥൂല പ്രപഞ്ചത്തിലെ ഒരു സൂക്ഷ്മ പ്രപഞ്ചമാണത്രെ മനുഷ്യൻ.

മനുഷ്യൻ്റെ ജനന പ്രക്രിയയെക്കുറിച്ച് ഗുരു നിത്യചൈതന്യ യതിയുടെ നിരീക്ഷണം വളരെ കൗതുകകരമാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളായിരുന്നല്ലോ ഈശ്വര സൃഷ്ടിയുടെ ആരംഭത്തിൽ ഉണ്ടായത്. ഇതിനു തത്തുല്യമായ വിധത്തിലാണത്രെ മനുഷ്യസൃഷ്ടിയും ദൈവം നിർവ്വഹിച്ചിരിക്കുന്നത്! മനുഷ്യ ഭ്രൂണം ഒന്നാം മാസത്തിൽ കഫത്തിൻ്റെ രൂപത്തിൽ അവ്യക്തമാണ്. രണ്ടാം മാസം ഘനരൂപമാർജ്ജിക്കുന്നു. മൂന്നാം മാസത്തിൽ എല്ലാ ഇന്ദ്രിയങ്ങളും അംഗപ്രത്യംഗങ്ങളും ഒരുമിച്ചുകൂടുന്നു. നാലാം മാസത്തിൽ ജീവൻ്റെ പ്രത്യേക സ്വഭാവമായ മനസ് ഉണ്ടാകുന്നു. അഞ്ചാം മാസത്തിൽ സ്വപ്നവൃത്തിയെന്നതു പോലെ ഉണ്ടായി മായുന്ന പ്രജ്ഞ കുഞ്ഞിന് അനുഭവേദ്യമാകും. ആറാം മാസത്തിൽ എല്ലുകൾ, ഞരമ്പുകൾ, രോമം, നഖം, തലമുടി എല്ലാം കൂടുതൽ സ്പഷ്ടമാകുന്നു. ഏഴാം മാസം എല്ലാ അവയവങ്ങളും പൂർത്തിയായ ശേഷം തല കാലുകൾക്കിടയിൽ ഒതുക്കി വച്ചുകൊണ്ട് ഗർഭസ്ഥശിശു അസ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങുന്നു. എട്ടാം മാസത്തിൽ സ്പർശനേന്ദ്രിയവും സ്മരണയും ഒരുമിച്ചു വളരുന്നു. ഒമ്പതാം മാസത്തിൽ അമ്മയും കുഞ്ഞും രണ്ടായി പിരിയുന്നു, അതോടെ പ്രസവം നടക്കുന്നു. (ഭാരതീയ മന:ശാസ്ത്രത്തിന് ഒരാമുഖം, പേജ് 93-96).

ഒന്നുമില്ലായ്ക മുതലുള്ള പ്രപഞ്ചസൃഷ്ടി രഹസ്യങ്ങളിലെ സമാനത മനുഷ്യജന്മത്തിൻ്റെ ഓരോ ഘട്ടത്തിലും പ്രതിഫലിക്കുന്നു എന്നാണ് ഭാരതീയ തത്വചിന്ത പറയുന്നത്. പഞ്ചഭൂതങ്ങളാൽ അലംകൃതമായ മഹാപ്രപഞ്ചവും അതിലെ സൂക്ഷ്മ പ്രപഞ്ചമായി മനുഷ്യനും സ്ഥിതി ചെയ്യുന്നു. പ്രപഞ്ചം ദൈവമഹത്വം വിളംബരം ചെയ്യുന്നതു പോലെ മനുഷ്യ ശരീരവും ദൈവത്തിൻ്റെ സൃഷ്ടി വൈഭവത്തിൻ്റെ ഉദാഹരണമാണ്.

ആയൂർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയായ ചരകനെ ഉദ്ധരിച്ച് ഗുരു നിത്യചൈതന്യ യതി പറയുന്നു ”ഒരു വിത്ത് മുളയ്ക്കുന്നതിന് വെള്ളവും വയലും വേണ്ടതു പോലെ മാതാവും പിതാവും ഗർഭോത്പാദനത്തിന് ആവശ്യമാണ്. എന്നിരുന്നാലും ആത്മാവു തന്നെയാണ് മുഖ്യ കാരണം” (പേജ് 92). മഹാത്ഭുതം നിറഞ്ഞ പ്രപഞ്ചം പോലെ മഹാത്ഭുതം നിറഞ്ഞ സൃഷ്ടി തന്നെയാണ് മനുഷ്യൻ. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യം പോലെ എല്ലാ മനുഷ്യനിലും ചൈതന്യമായി ആത്മാവ് കുടികൊള്ളുന്നു. സെൻ്റ് പോളിൻ്റെ ഭാഷയിൽ പരിശുദ്ധാത്മാവിൻ്റെ ആലയമാണ് നമ്മൾ You are the temple of the Holy Spirit. മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുന്നത് താൻ പരിശുദ്ധാത്മാവിൻ്റെ ആലയമാണ് എന്ന ഈ തിരിച്ചറിവാണ്.

നാം ഗാഢനിദ്രയിലേക്കു പ്രവേശിക്കുമ്പോൾ സ്വന്തം പേരും ബോധവും സ്വത്വ രൂപവും എല്ലാം നമ്മെ വിട്ടു പോകുന്നു. എന്നാൽ വീണ്ടും ഉണരുമ്പോൾ ഉറങ്ങുന്നതിനു മുമ്പുണ്ടായിരുന്ന ഞാൻ തന്നെയാണ് ഇതെന്നു തീരുമാനിക്കാൻ പോരുന്നതായ ലക്ഷണങ്ങൾ വെളിവാകുന്നു! മനുഷ്യനെന്ന ഈ മഹാത്ഭുതം “ചുമയ്ക്കുന്നതും ചൊറിയുന്നതുമെല്ലാം ജീവനെ സഹായിക്കാൻ വേണ്ടിയാണെന്നാണ്” ഗുരുവിൻ്റെ നിരീക്ഷണം.

ഭൂമുഖത്ത് ജനിക്കുന്ന ഓരോ മനുഷ്യനും സത്‌പ്രവൃത്തികള്‍ക്കു വേണ്ടി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌(എഫേസോസ്‌ 2:10). അനുദിന ജീവിതത്തിൽ നാം ചെയ്യുന്ന സത്പ്രവൃത്തികളാണ് മനുഷ്യ ജന്മത്തിന് അർത്ഥവും മൂല്യവും നൽകുന്നത്. ജനിക്കുന്ന ഓരോ ശിശുവും തൻ്റെ ജന്മത്തെ പ്രകാശപൂരിതമാക്കുന്നത് നന്മ പ്രവൃത്തികളിലൂടെയാണ്.

മനുഷ്യന് സത്പ്രവൃത്തികളുടെ മാതൃകയായിരുന്നു ക്രിസ്തു. അവിടുന്ന് ഒരു മതസ്ഥാപകനല്ല, മനുഷ്യൻ്റെ ജീവനും പ്രകാശവുമാണ് ക്രിസ്തു. ക്രിസ്തുവിൽ ആരംഭിച്ച നന്മ പ്രവൃത്തികളാണ് ഇന്നും ലോകത്തെ മുന്നോട്ടു നയിക്കുന്നത്.

“യേശുക്രിസ്തു ജനിച്ചില്ലായിരുന്നുവെങ്കിൽ കരുണയെന്തെന്നറിയാതെ ഈ ലോകം റഷ്യൻതുന്ത്രാപ്രദേശം പോലെ തണുത്തുറത്ത് ജനവാസ യോഗ്യമല്ലാതായി തീരുമായിരുന്നു” – പറഞ്ഞിരിക്കുന്നത് What If Jesus Had Never Been Born എന്ന ഗ്രന്ഥത്തിൽ ജയിംസ് കെന്നഡിയാണ്. യേശുക്രിസ്തു ജനിച്ചില്ലായിരുന്നുവെങ്കിൽ മനുഷ്യവംശം ഇന്നിവിടെ അവശേഷിക്കുമായിരുന്നോ ? സംശയിക്കേണ്ടിയിരിക്കുന്നു! കരുണ വറ്റിയ മനുഷ്യന് അതിജീവനം അസാധ്യമായിരിക്കും. യേശു പറഞ്ഞു: എന്നിൽ നിന്ന് കരുണ പഠിക്കുവിൻ. ലോകം ക്രിസ്തുവിൽ നിന്നും പഠിച്ച വലിയ പാഠം കരുണയുടേതാണ്.

ജനിച്ചയുടനെ കുഞ്ഞുങ്ങളെല്ലാം ഒരുപോലെയിരിക്കും. മുഖ സാദൃശ്യത്തിൽ, ചേഷ്ടകളിൽ, കരച്ചിലിൽ … എല്ലാ കുഞ്ഞുങ്ങളും ഒരേ പോലെ! വളരുന്നതനുസരിച്ച് ഓരോ ശിശുവും പിൻപറ്റാൻ മാതൃകകളെ തേടുന്നു. മാതാപിതാക്കളെ അനുകരിച്ച് അവർ ജീവിതം ആരംഭിക്കുന്നു. പിന്നീട് മനുഷ്യനെ അനുകരിക്കുക എന്ന സഹജസ്വഭാവം നഷ്ടപ്പെട്ട് മതാനുസാരിയായി മനുഷ്യൻ ചുരുങ്ങുന്നു. കാലുകൾക്കിടയിൽ തല ഒതുക്കി വച്ചു കൊണ്ട് മാതൃ ഗർഭത്തിൽ അനുഭവിച്ച അസ്വാതന്ത്ര്യത്തിലേക്ക് മതങ്ങൾ മനുഷ്യനെ വീണ്ടും ഒതുക്കുന്നു. ഇവിടെയാണ് മനുഷ്യന് മുന്നിൽ ക്രിസ്തു വിമോചകനാകുന്നത്. ക്രിസ്തു മൊഴികളിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രഖ്യാപനം കേൾക്കുന്നത് “Follow Me” എന്നതാണ്. മതങ്ങളല്ല, ക്രിസ്തുവാണ് മനുഷ്യന് പിൻപറ്റാനുള്ള മാതൃക. മനുഷ്യന് അനുകരിക്കാവുന്ന മാതൃകയാണ് ക്രിസ്തു (1പത്രോ 2:21). സത്യത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും പിൻ പറ്റാവുന്ന മാർഗ്ഗമാണ് ക്രിസ്തു.

ശാശ്വതമായ ലോകസമാധാനം ക്രിസ്തുവിൽ മാത്രമേ മനുഷ്യവർഗ്ഗത്തിന് കണ്ടെത്താൻ കഴിയൂ. ജീവിതത്തിൻ്റെ എല്ലാ സന്ദർഭങ്ങളിലും യഥാർത്ഥ സമാധാനം നിലനിർത്തി ജീവിച്ചവനെ പിന്തുടരുന്നതിലൂടെ മാത്രമേ മനുഷ്യൻ യഥർത്ഥ സമാധാനം തിരിച്ചറിയുകയുള്ളൂ. “ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ” (യോഹ 14 :27). തന്നേ അതിക്രൂരമായ വിധത്തിൽ കൊലപ്പെടുത്താൻ റോമൻ സൈന്യം വലിച്ചിഴച്ചുകൊണ്ടു പോകുന്ന വേളയിലും ക്രിസ്തുവിനെ ഭരിച്ച സമാധാനമാണ് ഇന്ന് മനുഷ്യന് ആവശ്യമായിരിക്കുന്നത്. ഇത് ദൈവിക സമാധാനമാണ്. തീവ്രവാദവും മതഭീകരതയും വെല്ലുവിളി ഉയർത്തി സമാധാനം മരീചികയായി അകന്നു കൊണ്ടിരിക്കുന്ന ലോകത്തിൽ ക്രിസ്തുവിനെ പിൻപറ്റി മാത്രമേ സമാധാനവാഹകരായി സത്പ്രവൃത്തികൾ ചെയ്ത് നരജന്മത്തിൻ്റെ മഹത്വം നമുക്ക് പ്രഘോഷിക്കാൻ കഴിയുകയുള്ളു.

നാം ദൈവത്തിൻ്റെ കരവേലയാണെന്ന സത്യം തിരിച്ചറിയുക എന്നതാണ് സമാധാനകാംക്ഷികൾ ആദ്യം ചെയ്യേണ്ടത്. ദൈവത്തിൻ്റെ കരവേലയായ മനുഷ്യനെ ജാതിയുടെയും മതത്തിൻ്റെയും ദേശത്തിൻ്റെയും മറ്റ് വിഭാഗീയതകളുടെയും അതിർവരമ്പുകളെ ഭേദിച്ച് സ്നേഹിക്കാൻ കഴിയുന്നതിലൂടെ മാത്രമേ യഥാർത്ഥ സമാധാനം ലോകത്ത് അനുഭവേദ്യമാകുകയുള്ളൂ.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

ഓം ശാന്തി ശാന്തി ശാന്തിഃ


മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്