വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇന്നലെ പൊതുസന്ദർശന സന്ദേശം നൽകവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ ലോകജനതയോട് പാപ്പ പ്രാർത്ഥനാ അഭ്യർത്ഥന നടത്തിയത്. യുദ്ധപ്രഖ്യാപനം നടത്തി റഷ്യ ആക്രമണം ആരംഭിച്ചെന്ന വാർത്തകളാണ് ഇപ്പോൾ യുക്രൈനിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

രാജ്യങ്ങളുടെ സഹവർത്തിത്വവും അന്തർദേശീയ നിയമങ്ങളും തകർക്കുകയും ജനങ്ങൾക്ക് വിവരണാതീയമായ ദുരിതങ്ങൾ മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ആവശ്യപ്പെട്ട പാപ്പ, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ ദൈവത്തിനു മുമ്പിൽ മനസാക്ഷി പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

‘വിഭാഗീയ താൽപ്പര്യങ്ങൾകൊണ്ടു സർവരുടെയും സമാധാനം ഭീഷണി നേരിടുകയാണ്. ദൈവം യുദ്ധത്തിന്റേയല്ല സമാധനത്തിന്റേയാണ്. ദൈവം കുറച്ചുപേരുടെയല്ല എല്ലാവരുടെയും പിതാവാണ്. നാമെല്ലാം ശത്രുക്കളല്ല, സഹോദരരാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്,’ പാപ്പ വ്യക്തമാക്കി. യുദ്ധ ഭ്രാന്തിൽനിന്ന് ലോകത്തെ സമാധാനത്തിന്റെ രാജ്ഞി സംരക്ഷിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

യുക്രൈനിൽ സമാധാനം പുലരാൻ ഇത് രണ്ടാം തവണയാണ് പാപ്പ ആഗോളതലത്തിൽ പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്തത്. ജനുവരി 26നായിരുന്നു ആദ്യത്തേത്. യുക്രൈന്റെ ഭാഗമായ ക്രിമിയ 2014 ൽ റഷ്യ പിടിച്ചെടുത്തതോടെയാണ് മേഖല സംഘർഷഭരിതമായത്. യുക്രൈന്റെ കിഴക്കൻ അതിർത്തി റഷ്യൻ അനുകൂല വിമതരുടെ കൈയിലാണിപ്പോൾ. ഇവിടെയാണ് സംഘർഷം നടക്കുന്നത്.

റഷ്യ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സങ്കീർണമാകുമെന്നാണ് നിരീക്ഷകർ നൽകുന്ന സൂചനകൾ. കടന്നുകയറ്റത്തിനെതിരെ ‘നാറ്റോ’ സേനയുൾപ്പെടെയുള്ള ശക്തികൾ റഷ്യയ്ക്കെതിരെ അണിനിരക്കും. അതോടെ, യുക്രൈനു മാത്രമല്ല, ലോകത്തിനു മുഴുവൻ ഭീഷണിയാകുന്ന സാഹചര്യം സംജാതമാകും, ഇത് മറ്റൊരു മഹായുദ്ധത്തിലേക്ക് ലോകത്തെ കൊണ്ടെത്തിക്കും. ഈ സാഹചര്യത്തിൽ പാപ്പയുടെ പ്രാർത്ഥനാ അഭ്യർത്ഥനയെ നിർണായകമായാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം നോക്കിക്കാണുന്നത്.

യുദ്ധം ..

ഒരിക്കലും ,ഒരു സ്ഥലത്തും പാടില്ല .

യുദ്ധത്തിന് ആര് ന്യായികരണം നിർത്തിയാലും ഉചിതമല്ല .മനുഷ്യ ജീവൻ ദൈവത്തിൻെറ ദാനം .ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുവാൻ ആർക്കും അവകാശമില്ല .

പ്രാർത്ഥന ഉയരട്ടെ .സമാധാന ശ്രമങ്ങളും .

പ്രാർത്ഥനയോടെ ,