യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ 

ടോണി ചിറ്റിലപ്പിള്ളി

വത്തിക്കാൻ :യൂറോപ്പിലെ വിവിധ സീറോ മലബാർ രൂപതകളിലെ തെരെഞ്ഞെടുക്കപ്പെട്ട 75-ഓളം യുവ നേതാക്കളുടെ  റോമിലേക്കുള്ള തീർത്ഥാടന വേളയിൽ ഫ്രാൻസിസ് മാർപാപ്പ “സീറോ-മലബാർ യൂത്ത് ലീഡേഴ്‌സ് കോൺഫറൻസ്” അംഗങ്ങളെ കാണുകയും യേശുവിനെ അനുഗമിക്കാനും മറിയത്തിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഓരോ യുവതീയുവാക്കളെയും കണ്ടുമുട്ടിയ ഫ്രാൻസിസ് മാർപാപ്പ, സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ജീവിതത്തോട് “അതെ” എന്നും ഉപരിപ്ലവവും ചിതറിപ്പോകുന്ന ഒന്നിനോട് “ഇല്ല” എന്നും പറഞ്ഞുകൊണ്ട് യേശുവിനെ അനുഗമിക്കാൻ അവരെ ക്ഷണിച്ചു. ക്രിസ്ത്യാനികൾ എന്ന നിലയിൽ യേശുവിനെ അനുഗമിക്കുകയും അവന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുകയും ചെയ്യുക എന്നതാണ്. ജീവിതെമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

എളുപ്പമല്ലെങ്കിലും, ഈ പാത “ആവേശകരവും” “നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നു” എന്ന് പരി.പിതാവ് പറഞ്ഞു. സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ജീവിതത്തോട് ‘അതെ’ എന്നും ഉപരിപ്ലവവും ചിതറിക്കിടക്കുന്ന ഒന്നിനോട് ‘ഇല്ല’ എന്നും പറയാനുള്ള ശക്തി ഇത് നൽകുന്നു.

വിശുദ്ധന്മാർ നൽകിയ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക

“സഭ അപ്പോസ്തോലികമാണ്, കാരണം അവൾ അപ്പോസ്തലന്മാരുടെ സാക്ഷ്യത്തിൽ സ്ഥാപിതമാണ്, മതപരിവർത്തനത്തിലൂടെയല്ല, മറിച്ച് സാക്ഷ്യത്താലാണ് അവൾ വളരുന്നത്”. വി.തോമാശ്ലീഹായുടെ   രക്തസാക്ഷിത്വത്തിന്റെ 1,950-ാം വാർഷികത്തെ പരാമർശിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സീറോ-മലബാർ യുവ നേതാക്കളെ ഓർമ്മിപ്പിച്ചു.അതിനാൽ എല്ലാ കാലഘട്ടത്തിലും വിശുദ്ധർ നൽകുന്ന സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. സീറോ-മലബാർ രൂപതകളിലെ തങ്ങളുടെ  സമപ്രായക്കാർക്കിടയിൽ, മാത്രമല്ല “കർത്താവായ യേശുവിനെ” അറിയാത്തവരുടെ ഇടയിലും അവിടുത്തെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുവാൻ പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തുമതം വിലക്കുകളുടെ ഒരു പരമ്പരയല്ല

ക്രിസ്തുവിന്റെ സ്നേഹം  വാക്കുകൾക്കതീതമാണ്.ക്രിസ്തുമതം അടങ്ങിയിരിക്കുന്നത് സന്തോഷത്തിനായുള്ള ആഗ്രഹത്തെ തടയുന്ന വിലക്കുകളുടെ ഒരു പരമ്പരയിലല്ല, മറിച്ച് ഓരോ മനുഷ്യഹൃദയത്തിനും സാഫല്യമുണ്ടാക്കാൻ കഴിവുള്ള ഒരു ജീവിത പദ്ധതിയിലാണെന്ന് സീറോ മലബാർ സഭയിലെ യുവതീയുവാക്കളെ മാർപാപ്പ വീണ്ടും ഓർമ്മിപ്പിച്ചു.യഥാർത്ഥമായ പങ്കുവയ്ക്കലോ,വിശ്വസ്തതയോ,മനോഹാരിതയോ,ഉത്തരവാദിത്തമോ ഇല്ലാതെ, സ്നേഹത്തെ നിന്ദ്യമായ ഒന്നിലേക്ക് ചുരുക്കാനുള്ള വർദ്ധിച്ചുവരുന്ന പ്രവണതയ്‌ക്കെതിരെ നിൽക്കുവാൻ  ഭയപ്പെടരുതെന്നും പാപ്പാ പറഞ്ഞു.

ഭൗതിക സുഖങ്ങളുടെ  “സോഫയിൽ” നിന്ന് മാറുക

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ പരിശുദ്ധ കന്യാമറിയം എലിസബത്തിന്റെ സന്ദർശിച്ച ഭാഗത്തെ അടിസ്ഥാനമാക്കി “മേരി തിടുക്കത്തിൽ യാത്രയായി” എന്ന ലിസ്ബണിലെ അടുത്ത ലോക യുവജന ദിനത്തിന്റെ പ്രമേയം പരാമർശിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ യുവ ഇന്ത്യൻ തീർഥാടകരെ മറിയത്തിന്റെ മാതൃക പിന്തുടരാൻ പ്രോത്സാഹിപ്പിച്ചു.

“ദൈവദൂതന്റെ സന്ദേശം ലഭിച്ചതിന് ശേഷം, അഹങ്കാരത്താലോ ഭയത്താലോ തളർന്നുപോകാൻ മറിയം തന്നെത്തന്നെ അനുവദിച്ചില്ല” എന്നും പാപ്പാ ഉൽബോധിപ്പിച്ചു.സുഖകരവും സുരക്ഷിതവുമായിരിക്കാൻ വേണ്ടത് നല്ല സോഫയാണ്.പക്ഷെ പരി.അമ്മ  അത്തരം സുഖസൗകര്യങ്ങൾ പിന്തുടരുന്ന ഒരാളായിരുന്നില്ല.

പഴയ തലമുറകളുമായി ബന്ധം വളർത്തിയെടുക്കുക

മറിയവും എലിസബത്തും തമ്മിലുള്ള കണ്ടുമുട്ടൽ യുവാക്കളും മുതിർന്നവരും തമ്മിലുള്ള കണ്ടുമുട്ടലിന്റെ പ്രാധാന്യത്തിന്റെയും ഫലപ്രാപ്തിയുടെയും പ്രചോദനാത്മക ഉദാഹരണമാണെന്നും ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.പ്രായമായ ബന്ധുക്കളുമായുള്ള ബന്ധം വളർത്തിയെടുക്കാനും അവരുടെ ജ്ഞാനം നന്നായി ഉപയോഗിക്കാനും അദ്ദേഹം യുവ നേതാക്കളെ പ്രോത്സാഹിപ്പിച്ചു.പഴയ തലമുറകൾ വിശ്വാസം കൈമാറുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു.

യുവജനങ്ങൾ തങ്ങളുടെ സ്വന്തം ജീവിതത്തെ സ്തുതിയുടെ ഒരു കീർത്തനമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ മനുഷ്യരാശിക്കും ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ജീവിതം കഴിഞ്ഞ തലമുറകളുടെ പാരമ്പര്യത്തിലും പ്രാർത്ഥനയിലും അധിഷ്ഠിതമായിരിക്കണം.

ദിവ്യകാരുണ്യമായി  ജീവിക്കുക

ഉപസംഹാരമായി, ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിച്ചത്,പരി.മറിയം “നമ്മെയും ദിവ്യകാരുണ്യമായി ജീവിക്കാൻ പഠിപ്പിക്കുന്നു,” മറ്റൊരു വിധത്തിൽ പറഞ്ഞാൽ,പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും മാത്രം ഒതുങ്ങാതെ ദൈവത്തിനു നന്ദി പറയാനും സ്തുതികൾ പാടാനുമാകണം നമ്മുടെ ജീവിതം.

“ജീവിതത്തിൽ, ഇന്നത്തെ തീക്ഷ്ണമായ അപേക്ഷകൾ നാളത്തെ നന്ദിയുടെ പ്രാർത്ഥനകളായി മാറുന്നു” വെന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. 

മാർത്തോമ്മാ ശ്ലീഹായുടെ ഭാരത സന്ദർശനവും രക്തസാക്ഷിത്വവും വീണ്ടും ഓർമ്മിപ്പിച്ചു മാർപ്പാപ്പ

“സീറോ മലബാർ സഭയുടെ പ്രവാസി യുവത്വമാണ് നിങ്ങൾ. ആദ്യനൂറ്റാണ്ടിൽ തന്നെ തോമ്മാശ്ലീഹാ ഭാരതത്തിൻറെ പടിഞ്ഞാറൻ തീരത്ത് എത്തുകയും, സിവിശേഷത്തിൻറെ വിത്തുപാകുകയും ചെയ്തതിനെ തുടർന്ന് അവിടെ ക്രൈസ്തവ സമൂഹം രൂപപ്പെടുകയാണുണ്ടായത്. “എൻ്റെ കർത്താവെ എൻ്റെ ദൈവമേ” (യോഹന്നാൻ 20:29) എന്ന അഭിസംബോധനയിലൂടെ, ശ്ലീഹാ അരക്കിട്ടുറപ്പിച്ച ഈശോയോടുള്ള സ്നേഹത്തിൻ്റെ വെളിപ്പെടുത്തൽ ആയിരുന്നു അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം. ചരിത്രപരമായി ഈ വർഷം ആ മഹാത്യാഗത്തിൻ്റെ 1950 മത് വാർഷികമാണ്.

സഭ അപ്പോസ്തോലികമായിരിക്കുന്നതും വളരുന്നതും ശ്ലീഹന്മാരുടെതു പോലുള്ള വിശ്വാസ സാക്ഷ്യത്താലാണ്, അല്ലാതെ മതപരിവർത്തനത്താലല്ല. അതുകൊണ്ട് ഓരോ ക്രൈസ്തവനും സഭയുടെ വളർച്ചയിൽ പങ്കുചേരുന്നത് അയാൾ എത്രമാത്രം ഈശോയ്ക്ക് സാക്ഷ്യം നൽകുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ്. സാക്ഷ്യം നൽകലിന്റെ അതെ കടമയിലേക്കാണ് നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. ആദ്യം സീറോ മലബാർ സഭയിലെ തന്നെ നിങ്ങളുടെ പ്രവാസി സുഹൃത്തുക്കളുടെ ഇടയിലും പിന്നീട് മറ്റ് സഹോദരങ്ങളുടെയിടയിലും ഈശോയെ അറിയാത്തവരുടെയിടയിൽ പോലും സാക്ഷികളാകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…”

അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിൻ്റെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സീറോ മലബാർ യുവജനങ്ങളോടായിരുന്നു മാർപാപ്പയുടെ ഈ സന്ദേശം.

https://www.vaticannews.va/en/pope/news/2022-06/pope-to-syro-malabar-youth-walk-along-jesus-path-of-love.html?fbclid=IwAR0qL1AcqsQaJLNwka6DMVlVnBGbFyD_vDujfoJT7YA3wKy1ftvNvXrw8C4

https://www.vatican.va/content/francesco/en/speeches/2022/june/documents/20220618-conferenza-siromalabarese.html

നിങ്ങൾ വിട്ടുപോയത്