കൊച്ചി :-ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ തിരുഹൃദയ സന്യാസസഭയിലെ ബഹുമാനപ്പെട്ട കന്യാസ്ത്രീകൾക്കും സന്യാസാർത്ഥിനികൾക്കും നേരെ നടന്ന അതിക്രമം അപലപനീയമെന്ന് സീറോ മലബാർ കുടുംബ കൂട്ടായ്മ. മതേതര രാജ്യമായ ഇന്ത്യയിൽ, തിരിച്ചറിയൽ രേഖയുൾപ്പടെയുള്ള മുഴുവൻ രേഖകളുണ്ടായിരുന്നിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വ്യക്തമായ ആസൂത്രണത്തോടെയും പോലീസധികാരികളുടെ ഒത്താശയോടെയും കൂടെ ട്രയിനിൽ നിന്ന് വലിച്ചിറക്കി യാത്ര തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സമിതി അത്യന്തം ആശങ്ക രേഖപ്പെടുത്തി.


ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനും സർവ്വതന്ത്ര സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ സ്വന്തം മതത്തിലെ സന്യാസസഭാംഗങ്ങളായതിൻ്റെ പേരിൽ മണിക്കൂറുകളോളം യാത്രയിലും സ്റ്റേഷനിലും അവഹേളനമേൽക്കേണ്ടി വന്ന സാഹചര്യം അത്യന്തം ഗുരുതരമാണെന്ന് വിലയിരുത്തി. കാക്കനാട്ടുള്ള മൗണ്ട് സെൻ്റ്.തോമാസിൽ, ഡയറക്ടർ റവ.ഡോ.ലോറൻസ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന.സെക്രട്ടറി ഡോ.രാജു ആൻ്റണി, സെക്രട്ടറി ഡോ. ഡെയ്സൻ പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു. വർഗ്ഗീയ വിഷം സമൂഹത്തിൽ പരത്തുന്ന ഇത്തരത്തിലുള്ള അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അധികാരികൾ മാതൃക കാണിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത കാണിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 


ഡോ. ഡെയ്സൻ പാണേങ്ങാടൻ,

സെക്രട്ടറി,സീറോ മലബാർ കുടുംബ കൂട്ടായ്മ

നിങ്ങൾ വിട്ടുപോയത്