പവ്വത്തിൽ പിതാവ്; നിലപാടുകളുടെ ഇടയൻ

പവ്വത്തിൽ പിതാവിന്റെ വേർപാടിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന്റെ മത സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന നക്ഷത്ര ശോഭയായിരുന്നു പവ്വത്തിൽ പിതാവ്. 1980 കൾ മുതൽ കേൾക്കുകയും കാണുകയും ചെയ്തിരുന്ന വ്യക്തിത്വം. നിരന്തരമായ ഇടപെടലുകളിലൂടെ സ്വന്തം കുടുംബാംഗം പോലെ തോന്നിയിരുന്ന പിതാവായിരുന്നു.

ശക്തനായ സഭൈക്യ നേതാവായിരുന്നു. നിലക്കൽ പ്രശ്നം കത്തിയെരിയുന്ന നാളുകളിൽ ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. മാത്യൂസ് കൂറീലോസ് തിരുമേനിയും അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത, ബെനടിക്ട് മാർ ഗ്രീഗോറിയോസ്, ഏബ്രഹാം മാർ ക്ളീമിസ് മെത്രാപ്പോലീത്ത എന്നിവരോടൊപ്പം പ്രശ്നപരിഹാരത്തിന്നായി നിറസാന്നിധ്യമായിരുന്നു.

പ്രോ ഒറിയന്റെ ഉൾപ്പടെയുള്ള എക്യൂമെനിക്കൽ സംവാദങ്ങളിൽ പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയോടൊപ്പം അദ്ദേഹം പല സമ്മേളനങ്ങളിലും സംഘാടകനും റിസോഴ്സ് പേഴ്സണും ആയിരുന്നു. മാർത്തോമ്മൻ പൈതൃകത്തിന്റെ മാഹാത്മ്യം തിരിച്ചറിയുകയും ഉദയമ്പേരൂർ സുന്നഹദോസിന് മുൻപുണ്ടായിരുന്ന നസ്രാണി പൈതൃകം അടിസ്ഥാനമാക്കി മലങ്കരയിലെ സഭയിൽ ഐക്യം സാധ്യമാക്കുന്ന ചർച്ച സജീവമാക്കുവാൻ 1990 കളിൽ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ഇപ്പോൾ ഓർക്കുകയാണ്.

നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കാര്യത്തിൽ ഒരു ശക്തിയെയും അദ്ദേഹം ഭയന്നിരുന്നില്ല. പലരും അദ്ദേഹത്തെ തളർത്തുവാൻ വളരെ ‘നികൃഷ്ട’മായ വാക്കുകൾ ഉപയോഗിച്ചപ്പോഴും വളരെ ദൃഢമായ ഇടപെടൽ നിർഭയം തുടർന്ന ‘പവ്വത്തിൽ’ ശൈലി വ്യത്യസ്തമാണ്.

ക്രിസ്തീയ സഭയുടെ നേട്ടങ്ങൾ കൈക്കലാക്കുവാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് സത്യം സംരക്ഷിക്കുവാൻ ജീവിതാവസാനം വരെ സമൂഹത്തിൽ നിരന്തരം പിതാവ് ഇടപെടൽ നടത്തി.

ലാളിത്യവും മാന്യതയും പിതാവിന്റെ പ്രത്യേകതയായിരുന്നു. ഒരു യഥാർത്ഥ സന്യാസി പുലർത്തണ്ടതായ നിസ്സംഗത അദ്ദേഹം തന്റെ മുഖത്തു സൂക്ഷിച്ചിരുന്നു. ഒന്നിലും ചഞ്ചലപ്പെടുന്ന വ്യക്തിയായിരുന്നില്ല.

ആദരണീയനായ പിതാക്കന്മാരുടെ ഒരു ശ്രേണിയിലെ അവസാന കണ്ണിയായിരുന്നു പവ്വത്തിൽ പിതാവ്. ആദരാഞ്ജലികൾ.

ഫാ. ബിജു പി.തോമസ്

നിങ്ങൾ വിട്ടുപോയത്