പന്ത്രണ്ട് : സുവിശേഷത്തിൻറെ പൊളിറ്റിക്സ് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ കലാരൂപങ്ങൾ മിമിക്രി, സ്‌കിറ്റുകൾ, ഗാനമേളകൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവയ്ക്ക് വഴിമാറി.

പിന്നീട് ഭക്തിമാർഗ്ഗങ്ങളുടെ വരവായിരുന്നു, കരിസ്മാറ്റിക്കും, കുടുംബ നവീകരണ ധ്യാനങ്ങളും ഒക്കെയായി എല്ലാവരെയും മാറ്റിയെടുക്കുന്ന കലാരൂപങ്ങൾ ആയി പെരുന്നാളുകൾ മാറി. ഇന്ന് കേരള ക്രൈസ്തവ സഭ കലയ്ക്കു വേണ്ടി ചിലവഴിക്കുന്ന തുകയ്ക്ക് ഒരു ഫുൾ ടാങ്ക് ഡീസൽ കിട്ടില്ല എന്ന അവസ്ഥയിലേക്ക് ചുരുങ്ങി. അതിൻറെ പരിണിത ഫലമെന്നത് ക്രിസ്ത്യാനിയും കലയും എന്നത് അന്യ മതസ്ഥർ കലയിൽ ക്രൈസ്തവ ചിഹ്നങ്ങളെ ദുരുപയോഗിക്കുന്നു എന്ന ഇരവാദത്തിലേക്ക് ചുരുങ്ങി എന്നതാണ്.

അവിടെയാണ് ഫ്രാൻസിസ് പുണ്യവാളനെ പോലെ പന്ത്രണ്ട് എന്ന സിനിമ ഒരു ആധുനീക നവീകരണത്തിൻറെ വാതിൽ നമുക്ക് മുൻപിൽ തുറക്കുന്നത്. ഒരു “ക്രിസ്ത്യാനി സിനിമ”യല്ല പക്ഷെ “ക്രിസ്തുവിന്റെ സിനിമ” പള്ളികൾ ഇല്ല, പട്ടക്കാർ ഇല്ല കന്യാസ്ത്രീകൾ ഇല്ല എങ്കിലും 100 % ക്രിസ്തുവിനെ മാത്രം കാണിക്കുന്ന സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ക്രിസ്തു പള്ളിയിൽ നിന്നും സഭ നടത്തുന്ന അനാഥാലയങ്ങളിൽ നിന്നും വൃദ്ധ സദനങ്ങളിൽ നിന്നും കൊച്ചി കടപ്പുറത്തെ ഒരു ഗ്രാമത്തിൽ സഹജീവിയുടെ ഇറച്ചിയിൽ മണ്ണ് പറ്റുമ്പോൾ ആർത്തു ചിരിക്കുന്ന ഒരു പത്രോസിൻറെ കൂടെ ദൈവരാജ്യം സ്ഥാപിക്കാൻ ഇറങ്ങി വരുന്നു. BGM ഒരിക്കൽ പോലും പള്ളിമണികൾ അല്ല കടലിന്റെ ശബ്ദം മാത്രം ആണ്. (ഒരു പ്രാവശ്യം മാത്രം അധികം ആരും കണ്ടു പരിചയമില്ലാത്ത മരമണി കറക്കുന്നുണ്ട്)കടൽ ഒരു സഹനടൻ ആകുന്ന ആദ്യ ന്യൂ ജനറേഷൻ സിനിമ കടലിന് ഒരു വ്യക്തി ആകാൻ സാധിക്കുമോ? അതെ, അങ്ങനെ സാധിക്കും എന്ന് ലിയോ തദ്ദേവൂസ് നമുക്ക് കാണിച്ചു തരുന്നു.

ആശ്വസിപ്പിക്കുന്ന അപ്പനായി, ഭയപ്പെടുത്തുന്ന ഭീകരനായി, സ്വാന്തനം ഏകുന്ന പ്രണയിനി ആയി, പ്രതിരോധിക്കുന്ന സഹോദരൻ ആയി, അടിക്കുന്ന എതിരാളിയായി, എല്ലാം ശരിയാകുമെന്ന് ആത്മ വിശ്വാസം തരുന്ന സുഹൃത്തായി, ഒന്നുമില്ലാതെ തകർന്നു വീഴുമ്പോൾ വാരിക്കൊടുക്കുന്ന അമ്മയായി സിനിമയിൽ ഉടനീളം കടൽ ഒരു കഥാപാത്രം ആകുന്നു. മറ്റുള്ള കടൽ സിനിമകളിൽ “കടൽ” ഒരു “കണ്ണാടി” ആണെങ്കിൽ പന്ത്രണ്ടിൽ “കടൽ” ഒരു “ആറന്മുള കണ്ണാടി” ആണ് . നോട്ടത്തിൻറെ രാഷ്ട്രീയം നിശബ്ദത ക്രിസ്തുവിൻറെ ഐഡന്റിറ്റിയും രാഷ്ട്രീയവും ആണ്. “ഒരു നോട്ടം = ഒന്നര പേജ് ഡയലോഗ്” എന്ന രീതിയിൽ ആണ് സിനിമ മുന്നോട്ട് പോകുന്നത്. നോട്ടം ഒന്നാണെങ്കിലും നോട്ടം ഏൽക്കുന്നവന് അത് വ്യത്യസ്തവും വ്യക്തിപരവും ആണ് . സ്രാങ്കിനെ നോക്കുമ്പോൾ അയാളുടെ അഹങ്കാരം ശമിക്കുമ്പോൾ അന്ത്രോയെ നോക്കുമ്പോൾ അയാളുടെ കായശക്തി മനഃശക്തി ആയി മാറുന്നു . വേശ്യയായവളെ നോക്കുമ്പോൾ അവൾ അനുഭവിക്കുന്ന കരുണ സാത്താനായവനെ നോക്കുമ്പോൾ അവനു തോന്നിയില്ല. ഓട്ടക്കയ്യനും അമ്മായിഅമ്മയും ഓട്ടക്കയ്യൻമാർ ഒരു അന്ധ വിശ്വാസം ആണ്. പണിയെടുക്കാതെ എളുപ്പ വഴിയിൽ പണം ഉണ്ടാക്കാനുള്ള ഒരു ഒഴിവ് കഴിവ് മാത്രം ആണ്. അവർക്ക് എളുപ്പ വഴികൾ പറഞ്ഞു കൊടുക്കാൻ ജൂഡിനെ പോലെയുള്ള കൺസൾട്ടൻമാർ ഉണ്ടാകും.

എങ്കിലും അയാൾ മറ്റുള്ളവരെ അതിരില്ലാതെ സ്നേഹിക്കുന്നു, ജേഷ്ഠനോട്, ഭാര്യയോട്, മകനോട്, ചേച്ചിയോട്, അളിയനോട്, ഇമ്മാനുവേലിനോട്. ഏറ്റവും നല്ല ഉദാഹരണം ആണ് അമ്മായിഅമ്മ. യേശു ശിഷ്യന്മാരിൽ ഒരാളുടെ വീട്ടിൽ പോയതായാണ് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത്. അത് പത്രോസിൻറെ അമ്മായി അമ്മയെ കാണാൻ ആണ്.

ചരിത്രത്തിൽ ആദ്യമായി ആ കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം ഈ സിനിമ നൽകുന്നു. ജോൺ നക്സലൈറ്റ് ആണ് ക്രിസ്തു മരിക്കേണ്ടവനുംജോൺ പരസ്നേഹത്തിൻറെ മകുടം ആണ് അതുകൊണ്ട് അയാൾ നക്സലൈറ്റ് എന്ന മുദ്ര കുത്തപ്പെട്ടു കൊല്ലപ്പെടേണ്ടവൻ ആണ്. സ്വന്തം കാര്യം മാത്രം നോക്കുന്നവർക്ക് ഇങ്ങനെ ഒരു റിസ്ക് ഇല്ല. ഒരാൾ ക്രിസ്തു ആകുകയാണെങ്കിൽ അയാൾ മരിക്കേണ്ടവൻ ആണ്. സിനിമയിലെ ഹീറോ മരിച്ചാൽ അയാൾ പരാജയം അല്ലേ? പക്ഷെ ട്വിസ്റ്റ് കൊടുത്താണല്ലോ ക്രിസ്തുവിനു ശീലം. ഇമ്മാനുവേലിൻറെ അമ്മ – കാസ്റ്റിംഗിലെ പെർഫെക്ഷൻ ക്രിസ്തുവിൻറെ അമ്മ എന്നു പറയുമ്പോൾ മിക്കവരുടെയും ഓർമ്മയിൽ വരുന്ന മുഖം മെൽ ഗിബ്‌സണിൻറെ “പാഷൻ ഓഫ് ക്രൈസ്റ്റ് ” എന്ന ചിത്രത്തിലെ മേയാ മോർഗെൻസ്റ്റീൻ എന്ന റൊമാനിയൻ നടിയുടെ മുഖം ആണ്. എന്നാൽ അതിലും മുകളിൽ വാത്സല്യവും ഓമനത്തവും തുളുമ്പുന്ന ഒരു മുഖം ഈ സിനിമയിൽ ഉണ്ട്. കാസ്റ്റിങ്ങിന് അവാർഡ് ഉണ്ടെങ്കിൽ അത് ഇതിനു കൊടുക്കണം. ക്വോട്ടേഷൻകാരുടെ കഥയിൽ ക്രിസ്തുവിൻറെ സ്റ്റൈൽ ഗോപുരത്തിൻറെ മുകളിൽ നിർത്തി പിശാചിൻറെ പ്രലോഭനം മുതൽ അന്ത്യ അത്താഴം വരെ പല സംഭവങ്ങൾ ത്രില്ലിങ്ങായി അവതരിപ്പിച്ചിരിക്കുന്നു. ശക്തരായവർക്കു മാത്രമേ അഹിംസ പാലിക്കാൻ സാധിക്കുകയുള്ളൂ എന്ന് സൂചിപ്പിക്കുന്നതിനൊപ്പം അടിക്കാൻ വരുന്നവൻ കൊണ്ടു തോൽക്കുന്നവന് മുൻപേ അടിച്ചു തോൽക്കും എന്നത് സിനിമയിലെ വയലൻസിനെ അവതരിപ്പിക്കുന്ന ഒരു വേറിട്ട ശൈലി ആണ്. അതാണല്ലോ ക്രിസ്തുവിൻറെ ശൈലി.

ഒറ്റികൊടുത്തവനെ പിരിച്ചു വിടുന്നതല്ല ചേർത്ത് നിർത്തുന്നതാണ് അവൻറെ സ്റ്റൈൽ എന്ന് പറഞ്ഞു വയ്ക്കുന്നിടത്തു നിയമങ്ങളുടെ മൊത്തക്കച്ചവടക്കാരനായ പോളിനെ ക്ഷമയുടെ സുവിശേഷം കൊണ്ട് അന്ത്രോ തോൽപ്പിക്കുന്നു. അവിടെ അന്ത്രോയ്ക്കു പ്രതികാരം തോന്നാത്തത് ക്ളൈമാക്സിൽ ആ കാല് വണ്ടിയുടെ പടിയിൽ കാണും എന്ന പൂർണ്ണ വിശ്വാസത്തിൽ ആണ്.എന്തുകൊണ്ട് “പന്ത്രണ്ട്” സിനിമ വിജയിക്കണം ആരെയും വിമർശിക്കാതെ, ആരെയും ശത്രുവാക്കാതെ കലയെ അതിൻറെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് ക്രിസ്തുവിനെ പ്രസംഗിച്ചു എന്നിടത്തു പന്ത്രണ്ട്

ഒരു മറുപടി ആണ് ….

ഒരു സാധ്യത ആണ്…..

ഒരു വാതിൽ ആണ് …..

ഒരു പ്രചോദനം ആണ്…

ഒരു ക്രൈസ്തവ സാക്ഷ്യം ആണ് ….

സംവിധായകനും നിർമ്മാതാവിനും ഈ ദൃശ്യാവിഷ്കാരത്തിന് നന്ദി. നടീ നടന്മാർ മുതൽ ലൈറ്റ് ബോയ് വരയുള്ള എല്ലാവർക്കും, കഥയ്ക്കും, സംഗീതത്തിനും, നടനത്തിനും, ഛായാ ഗ്രഹണത്തിനും, അങ്ങനെ എല്ലാത്തിനും ആശംസകൾ ….

അഭിനന്ദനങ്ങൾ…

ജോമോൻ

 

നിങ്ങൾ വിട്ടുപോയത്