പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.

പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു, എറണാകുളം-അങ്കമാലി അതിരൂപതയിലെ ആ വികാരിയച്ചനും ബഹളക്കാരും തമ്മിലുള്ള അന്തർധാര അതിശക്തമാണെന്ന്.

പിന്നീട് വാർത്തയിൽ വികാരിയച്ചൻ്റെ ഇൻറർവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ആ പേര് എഴുതിക്കണ്ടത് – ഫാ. സെലസ്റ്റിൻ ഇഞ്ചയ്ക്കൽ. ഞാൻ സ്തബ്ധനായിപ്പോയി… കാരണം, എൻ്റെ ഒരു പഴയകാല സുഹൃത്താണ് അദ്ദേഹം!

1988-1990 കാലഘട്ടത്തിൽ ആലുവ കാർമൽഗിരി സെമിനാരിയിൽ തത്തശാസ്ത്ര പഠനകാലത്ത് എൻ്റെ ഒരു വർഷം സീനിയറായി പഠിച്ചിരുന്നയാളാണ് അദ്ദേഹം. ഇപ്പോൾ മുടിയൊക്കെ നീട്ടിവളർത്തി ഈശോയുടെ ആകൃതിയൊക്കെ ആയി. തീരെ തിരിച്ചറിയാൻ കഴിയുന്നില്ല.

സെമിനാരി പഠനകാലത്തും അദ്ദേഹം ശാന്തശീലനും വിനീതഹൃദയനുമായിരുന്നു. അതിപ്രഗല്ഭനായ സംഗീതജ്ഞനും കൂടിയാണ് അദ്ദേഹം. സെമിനാരി ക്വയറിൽ കീബോർഡിസ്റ്റായിരുന്നു. മന:ശാസ്ത്രത്തിലും ആധ്യാത്മിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദം നേടിയിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇതുപോലുള്ള വൈദികരുമുണ്ടെന്ന് പുറംലോകം അറിയാൻ ഇടയാക്കിയ, ഏറെ വേദനാജനകമെങ്കിലും ദൈവപരിപാലനയുടെ ഭാഗമായ, ഈ സംഭവത്തിന് ഞാൻ ദൈവത്തിനു നന്ദി പറയുന്നു. ഇത്തരം ആഴമുള്ള വൈദികരെയൊന്നും പൊതുവേ ആരും തിരിച്ചറിയാറില്ല. ഹൗൾ ചെയ്യുന്ന മൈക്കുകളാണല്ലോ എവിടെയും ശ്രദ്ധാകേന്ദ്രമാകുന്നത്!

https://www.facebook.com/watch/?v=282375279971113&extid=WA-UNK-UNK-UNK-AN_GK0T-GK1C&ref=sharing

വലിയ പ്രക്ഷുബ്ധതയുടെ നിമിഷങ്ങളിലും ഈശോയെപ്പോലെ ഇത്രയ്ക്ക് ശാന്തതയോടും സമചിത്തതയോടും കൂടെ നിലകൊണ്ട സെലസ്റ്റിൽ ഇഞ്ചിക്കൽ അച്ചന് ഹൃദയപൂർവകമായ അഭിനന്ദനങ്ങൾ! ആ അക്ഷോഭ്യതയും പുഞ്ചിരിയും ക്ഷമയും വലിയ ആത്മീയക്കരുത്തിൻ്റെ ലക്ഷണം തന്നെ. അത് കൊച്ചു കുഞ്ഞുങ്ങൾക്കു പോലും മനസ്സിലാകുന്ന യാഥാർത്ഥ്യമാണ്.

  • ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്