കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.

പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്.

.ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന്‍ അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്‍” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്.

പൗലോസ് തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനത്തിന്‍റെ അടിസ്ഥാനത്തിലാണ് (2 തിമോത്തി 4: 1-4) ബിഷപ്പിന്‍റെ ഉദ്യോഗം നിര്‍വ്വചിച്ചിരിക്കുന്നത്. “യേശുക്രിസ്തു സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണവര്‍ ” (അപ്പ പ്രവൃത്തി 20:28). ദൈവദത്തമായ ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, ഭയംകൂടാതെ സഭയെ പഠിപ്പിച്ച ഇടയന്‍ എന്നായിരിക്കും പാലാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടര്‍ന്നുള്ള ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത്.

കത്തോലിക്കാ സഭയിലെ എട്ടുനോമ്പ് ആചരണത്തിന്‍റെ സമാപന ദിവസം, പ്രമുഖ ദേവാലയമായ കുറവിലങ്ങാട് മര്‍ത്താമറിയം ദേവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ എട്ടിന് നല്‍കിയ പ്രബോധന സന്ദേശത്തിൽ, മെത്രാന്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരവും ഉത്തരവാദിത്വവും ഉപയോഗിച്ചുകൊണ്ടാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്‍റെ വിശ്വാസസമൂഹത്തെ പഠിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ പ്രബോധനം ഇപ്രകാരമായിരുന്നു: “കേരളത്തിലെ നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്, അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ട് കാര്യങ്ങളാണ് ലൗവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. “ജിഹാദ് ” എന്നു പറഞ്ഞാല്‍ കഠിനമായി പരിശ്രമിക്കുക, കഷ്ടപ്പെടുക എന്നതാണ്. ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്രപരിശ്രമത്തെയാണ് ജിഹാദ് എന്നു പറയുന്നത്. എട്ടുനോമ്പിന്‍റെ ചരിത്രം എന്നത് പെണ്‍മക്കളുടെ ചാരിത്ര്യവും ശുദ്ധിയും കാത്തുസൂക്ഷിക്കുവാന്‍ മാതാപിതാക്കളേറ്റെടുത്ത ത്യാഗത്തിന്‍റെ വലിയ പാരമ്പര്യമാണ്. ഈ വസ്തുത, മേല്‍പ്രസ്താവിച്ച ഏതാനും ചില കാര്യങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ഈ ആഗ്രഹത്തോടെ ആരംഭിച്ച അദ്ദേഹത്തിന്‍റെ അധ്യാപനം മുൻ കേരള ഡിജിപി ലോക്നാഥ് ബഹ്റയുടെ പ്രസ്താവനകളെ ഉദ്ധരിച്ചുകൊണ്ടും ലൗജിഹാദിന് ഇരയായ പെണ്‍കുട്ടികളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുമായിരുന്നു.

“തീവ്രചിന്താഗതികളും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകളും തീവ്രജിഹാദി സംഘങ്ങളും ലോകമെമ്പാടും ഉണ്ട്, ഇവര്‍ കേരളത്തിലുമുണ്ട്” – എന്ന് മാര്‍ കല്ലറങ്ങാട്ട് എടുത്തു പറുയന്നു. “നമ്മുടെ ജനാധിപത്യരാജ്യത്തില്‍ ആയുധമെടുത്ത് മറ്റ് മതസ്ഥരേ നശിപ്പിക്കുക എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍ മറ്റ് മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ മുസ്ലീംകളല്ലാത്തവര്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലീംകളുടെ നാശവുമാകുമ്പോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പല രൂപങ്ങളുമുണ്ട്. അത്തരം രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇന്ന് വ്യപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൗജീഹാദും നാര്‍ക്കോട്ടിക് ജിഹാദും” – അദ്ദേഹം പറഞ്ഞു.

ലൗജിഹാദ്, നാര്‍ക്കോട്ടിക് ജീഹാദ് എന്ന സംജ്ഞകള്‍ ഒരു ആവേശത്തിന് പറഞ്ഞതായിരുന്നില്ല മാര്‍ കല്ലറങ്ങാട്ട്. പ്രസ്തുത വിഷയങ്ങളെക്കുറിച്ച് വ്യക്തമായ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതിത്തയ്യാറാക്കിയ റിപ്പോര്‍ട്ട് സഭയില്‍ വായിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ ഈ വിഷയങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ലൗജീഹാദ് എന്ന യാഥാര്‍ത്ഥ്യം.

.മതം മാറ്റുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ നടത്തുന്ന “പ്രണയമില്ലാത്ത പ്രണയവിവാഹങ്ങളാണ്” ലൗജിഹാദുകള്‍. ലൗജിഹാദ് എന്ന സംജ്ഞ ലോകത്ത് ഒരു രാജവും ഔദ്യോഗികമായി നിര്‍വ്വചിച്ചിട്ടില്ല. പ്രണയം നടിച്ച് പെണ്‍കുട്ടികളെ സമീപിച്ച് അവരെ വിവാഹം കഴിച്ച് മതംമാറ്റി മതംവളര്‍ത്തുന്ന ഈ കുതന്ത്രത്തിന് സമൂഹം ഇട്ടിരിക്കുന്ന പേരാണ് “ലൗജിഹാദ്” എന്നത്. ഔദ്യോഗിക രേഖകളില്‍ ഇടംപിടിക്കാത്തതും എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതുമായ ലൗജിഹാദ് സംഭവങ്ങള്‍ രണ്ട് പതിറ്റാണ്ടുകളായി കേരളസമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അര്‍ബുദമാണ്. ഇതിന്‍റെ പേരിലാണ് ഇന്ന് കേരളത്തില്‍ മതങ്ങള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നവര്‍ സംസ്കാരികശൂന്യരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ഒരു സംഘടിതശ്രമം ഇന്ന് നടക്കുന്നുണ്ട്.

ലൗജിഹാദിലൂടെ പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ കേസുമായി കോടതിയിലെത്തിയാല്‍ കോടതി നോക്കുന്നത് ആരോപിതരായ സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായവരാണോ എന്നാണ്. അങ്ങനെയെങ്കില്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനമത്തെ അംഗീകരിച്ചുകൊണ്ട് അവരെ അവരുടെ വഴിക്കു വിടുക എന്നതാണ് നിയമം ചെയ്യുക. ഇവിടെ മാതാപിതാക്കളുടെ പരിശ്രമത്തിനോ കണ്ണീരിവനോ യാതൊരു വിലയും കല്‍പ്പിക്കപ്പെടാറില്ല. നിയമനിര്‍മാണം നടക്കാത്ത വിഷയമായതിനാല്‍ കോടതിക്ക് അതിലേറെ ഒന്നും ചെയ്യാന്‍ കഴിയുകയുമില്ല.

മതം വളര്‍ത്തുന്നതിന് എന്തും ചെയ്യുവാന്‍ തയാറാകുന്നവര്‍ക്ക് വിവാഹം അതിനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണ്. മൗലീകാവകാശത്തിന്‍റെ മറവില്‍ മതംമാറ്റം നടത്തുന്നതിനുള്ള എളുപ്പവഴി. ആദ്യം സ്നേഹിച്ചവനായിരിക്കില്ല പലപ്പോഴും പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിക്കുന്നത്. ക്രൈസ്തവ -ഹിന്ദു മാതാപിതാക്കള്‍ എത്തിപ്പെട്ടിരിക്കുന്ന ഈ ദുര്‍ഘടസന്ധിയില്‍ കോടതിക്കോ നിയമനിര്‍മാണ സഭകള്‍ക്കോ ഇടപെടാന്‍ കഴിയില്ല എന്നതാണ് സമുദായ നേതാക്കന്മാരെ ഏറെ ആശങ്കാകുലരാക്കുന്നത്. ഈ ഘട്ടത്തിലാണ് മാര്‍ കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന പ്രസക്തമാകുന്നത്. നിയമത്തിന്‍റെ യാതൊരു സഹായവും ലഭ്യമാകാത്ത ഈ വിഷയത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പായിരുന്നു എട്ടുനോമ്പ് സമാപന സന്ദേശത്തില്‍ അദ്ദേഹം നല്‍കിയത്.

ഇഷ്ടമുള്ളവനെ വിവാഹം കഴിക്കുക എന്നത് മൗലികാവകാശമാണെങ്കിലും ഇതിന്‍റെ ലക്ഷ്യം വേറെയാണെന്ന് തിരിച്ചറിഞ്ഞ് ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അവസരം ഉണ്ടാകുവാന്‍ പര്യാപ്തമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ജിഹാദി സ്ലീപ്പര്‍ സെല്ലുകളോടൊത്ത് പെണ്‍കുട്ടികളെ പറഞ്ഞയയ്ക്കുന്ന ഗതികേടില്‍നിന്നും മനുഷ്യത്വത്തിന്‍റെയും നീതിബോധത്തിന്‍റെയും അടിസ്ഥാനത്തില്‍ വിധികള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ക്ക് അവസരം ഉണ്ടാകണം.

ലൗജീഹാദിന് ഇരയായ പെണ്‍കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയാല്‍, ഈ പരാതി തീര്‍പ്പാക്കുന്ന അതേ ദിവസം തന്നെ അവള്‍ക്ക് താന്‍ ഇഷ്ടപ്പെട്ട പുരുഷന്‍റെ കൂടെ പോകുവാന്‍ കോടതി അവസരം നല്‍കുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഇവള്‍ വിവാഹമോചനത്തിന് കുടുംബകോാടതിയെ സമീപിക്കേണ്ട സാഹര്യമുണ്ടായാല്‍ ആറു മാസം കാത്തിരിക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി നല്‍കുക. ഇവിടെയാണ് പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ തെളിഞ്ഞുകിടക്കുന്നത്. കേരളത്തിന്‍റെ ഇന്നത്തെ മാറിയ മത സാമൂഹിക പരിതഃസ്ഥിതിയില്‍ മതംമാറ്റുക എന്ന ലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹം കഴിക്കുന്നു എന്നൊരു പ്രവണത നിലവിലുണ്ട് എന്ന വസ്തുത നിയമസഭകളും കോടതികളും മനസ്സിലാക്കണം. ഈ പ്രവണതയുടെ സ്വാധീനത്തിലാണ് പെണ്‍കുട്ടികള്‍ വിവാഹിതരാകാന്‍ പോകുന്നത് എന്ന പരാതി ലഭിച്ചാല്‍ കുറഞ്ഞത് ആറുമാസത്തെ കാത്തിരിപ്പു സമയമെങ്കിലും അനുവദിച്ച്, പെണ്‍കുട്ടിക്ക് വീണ്ടുവിചാരത്തിന് അവസരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാകണം. അപ്പോള്‍, വിവാഹത്തെയും ഭാവിജീവിതത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കന്‍ പെണ്‍കുട്ടിക്ക് അവസരം ഉണ്ടാകും. ഈ സാഹചര്യമുണ്ടായാല്‍ ഇന്ന് ലൗജിഹാദിന്‍റെ പേരില്‍ മതങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് തടയിടാനും ലൗജിഹാദ് എന്ന ഈ പൈശാചികതയ്ക്ക് അല്‍പ്പമെങ്കിലും അറുതിവരുത്തുവാനും സാധിക്കും. ലോകത്ത് എവിടെയും നിര്‍വചിച്ചിട്ടില്ലെങ്കിലും കേരളസമൂഹത്തില്‍ ഒരു നീറുന്ന യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്ന മതംമാറ്റ തന്ത്രമാണ് ലൗജീഹാദ്. ലൗജിഹാദിനെ നേരിടാന്‍ വേണ്ട രീതിയിലുള്ള നിയമനിര്‍മാണത്തിന് സർക്കാർ തയ്യാറായില്ലെങ്കില്‍ അത് കേരള സമൂഹത്തില്‍ ഗുരുതരമായ അന്തഃഛിദ്രങ്ങള്‍ക്ക് വഴിവയ്ക്കും. ഈ യാഥാര്‍ത്ഥ്യം ഭരണാധികാരികള്‍ തിരിച്ചറിയണം.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന യാഥാര്‍ത്ഥ്യം..

.മയക്കുമരുന്ന വ്യാപനം കേരളത്തില്‍ എക്കാലത്തേക്കളും ഉയര്‍ന്ന തോതില്‍ നടക്കുന്നുവെന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എറണാകുളം പട്ടണത്തില്‍ മാത്രം 2021 മാര്‍ച്ച് 30നുള്ളില്‍ മുന്നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതായത് ദിവസംതോറും പത്തു കേസുകള്‍ വീതം എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യുന്ന വിധം ലഹരിക്കടത്ത് വര്‍ദ്ധിക്കുന്നു. മൂന്നു മാസത്തെ 368 സംഭവങ്ങളിലായി 406 പേരാണ് ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവിടെ നിന്നും കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത് (ദി ഹിന്ദു ഏപ്രില്‍ 1, 2021). കേരള തീരത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ബോട്ടുകളില്‍നിന്നായി 3,000 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് ഇന്ത്യന്‍ നേവി പിടിച്ചെടുത്തത് (ഹിന്ദുസ്ഥാന്‍ ടൈംസ്, ഏപ്രില്‍ 19, 2021). കൂടാതെ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകളാണ് കേരളത്തിനുള്ളില്‍ വച്ച് സംസ്ഥാന എക്സൈസും പോലീസും ദിവസേന പിടികൂടുന്നത്.

കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്. പൊതുസ്ഥലത്തുവച്ചല്ല അദ്ദേഹം ഇത് പറഞ്ഞത്, തന്‍റെ ഭരണസീമയിലുള്ള ഒരു ദേവാലയത്തില്‍ വച്ച്, തന്‍റെ അജപാലനത്തിനു കീഴ്പ്പെട്ടിരിക്കുന്ന ജനത്തോടാണ് അദ്ദേഹം സംസാരിച്ചത്.

വ്യക്തമായ പഠനത്തിന്‍റെയും ഉറച്ച തീരുമാനത്തിന്‍റെയും അടിസ്ഥാനത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അപകടകരമായ പ്രവണതയെ തുറന്നുകാട്ടിയ മാര്‍ കല്ലറങ്ങാട്ടിന് അഭിവാദ്യങ്ങള്‍. അതിന്‍റെ പേരില്‍ അദ്ദേഹത്തെ മൂക്കില്‍ വലിക്കുമെന്നു പറഞ്ഞു വരുന്നവരോട് ഒന്നേ പറയുന്നുള്ളൂ, നിങ്ങള്‍ അല്‍പ്പം കഷ്ടപ്പെടേണ്ടിവരും. വിവാഹത്തെ മതംമാറ്റത്തിനുള്ള മാര്‍ഗ്ഗമായി കാണുന്ന കിരാതബോധത്തിനെതിരേയും ലഹരിമരുന്നുകള്‍ നല്‍കി യുവജനതയെ വഴിതെറ്റിക്കുന്ന പൈശാചികതയ്ക്ക് എതിരേയും ചിന്തിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പിന്തുണ പിതാവിനുണ്ട്.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്