തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തോട്ടാൻ (82) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

കർമ്മനിരതനായ അജപാലകൻ, കരുതലുള്ള വൈദികപരീശീലകൻ, ദൈവീകത നിറഞ്ഞ ആത്മീയ ഗുരു എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തോട്ടാൻ 2022 ജനുവരി 30-ാം തീയതി രാവിലെ 5.40 ന് അന്തരിച്ചു. മൃതസംസ്കാരം 2022 ജനുവരി 31 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് തൃശ്ശുർ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടും.

മൃതദേഹം 2022 ജനുവരി 31-ാം തീയതി തിങ്കളാഴ്ച രാവിലെ 6.30 ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വി. ബലിക്കുശേഷം 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തൃശ്ശൂർ കത്തീഡ്രൽ ഇടവകയിലെ ലൂർദ്ദ്പുരത്തുള്ള (ഗടഞഅ 19) ജ്യേഷ്ഠ സഹോദരന്റെ മകൻ തോട്ടാൻ ജോസഫ് ജോഷിയുടെ വസതിയിൽ രാവിലെ 9.00 മുതൽ 10.00 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.00-ന് വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷകൾ തൃശ്ശുർ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിന്റെ കാർമ്മികത്വത്തിൽ ആരംഭിക്കുന്നതായിരിക്കും. തുടർന്ന് മൃതദേഹം രാവിലെ 10.30 മണി മുതൽ 2.30 വരെ തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ പളളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

തൃശ്ശുർ അതിരൂപത ലൂർദ്ദ് കത്തീഡ്രൽ ഇടവകയിലെ പരേതരായ വറീത് + അന്നമ്മ ദമ്പതികളുടെ മകനായി 1940 സെപ്തംബർ 5 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 16ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ ശുശ്രൂഷപൗരോഹിത്യത്തിൽ പങ്കുകാരനായി “ആയിരിക്കുക എന്നതാണ് ചെയ്യുക എന്നതിനേക്കാൾ പ്രധാനം’’ എന്ന ആപ്തവാക്യവുമായി ദെവജനത്തിനായി പാവറട്ടി, വരന്തരപ്പിള്ളി പള്ളിക്കുന്ന് ഇടവകകളിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം കുഴിക്കാട്ടുശ്ശേരി, താവളം, പറപ്പൂക്കര, അരിമ്പൂർ, അമ്മാടം, കോടന്നൂർ, പാവറട്ടി, പാലാഴി, മരത്താക്കര, കോനിക്കര, സരിതപുരം, ചിറ്റാട്ടുകര, കോടന്നൂർ, കല്ലൂർ പടിഞ്ഞാറ്, വടക്കൻ പുതുക്കാട്, ഒളരിക്കര, നെഹ്റുനഗർ, ചൂണ്ടൽ, മുക്കാട്ടുകര, ഒല്ലൂർ മേരിമാത എന്നിവിടങ്ങളിൽ വികാരിയായും പുതുക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ഫൊറോന വികാരിയായും, സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ, സെന്റ് എവുപ്രേസ്യ ആർച്ച് ഡയോസിസൻ ഷറൈൻ റെക്ടർ, വൊക്കേഷൻ പ്രൊമോട്ടർ, എന്നീ തസ്തികകളിലും സേവനം ചെയ്തിട്ടുണ്ട്. കോളേജ് ഒാഫ് കൺസൾട്ടേഴിസിൽ അംഗമായിരുന്ന അദ്ദേഹം പ്രീസ്റ്റ് വെൽഫയർ ഫണ്ട് പ്രസിഡന്റ്, പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, വിവിധ സ്ക്കുളുകളുടെ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഫ്രെബുവരി 3-ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 2016 മെയ് 2 മുതൽ തൃശൂർ മലബാർ മിഷനറി ബ്രദേഴ്സിന്റെ ആദ്ധ്യാത്മിക കാര്യങ്ങളുടെ സഹായിയായി 2020 സെപ്തംബർ 28 വരെ ശുശ്രൂഷ ചെയ്തു. തുടർന്ന് 2020 ഒക്ടോബർ മാസം മുതൽ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പരേതരായ ജോസഫ്, ഫാ. യൂസ്റ്റസ് തോട്ടാൻ CMI, ഫാ. ആന്റണി തോട്ടാൻ സീനിയർ, മേരി, ഫാ. പോൾ തോട്ടാൻ CMI എന്നിവരും റവ. സി. കമില്ല, റവ. സി. മേരി തെരേസ് AC, റവ.ഫാ. റാഫേൽ തോട്ടാൻ SJ, സെലിൻ ഫ്രാൻസീസ്, അൽഫോൺസ ഡേവീസ് എന്നിവരും സഹോദരങ്ങളാണ്.

ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട തോട്ടാൻ ബഹു. ആന്റണി അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ.

നിങ്ങൾ വിട്ടുപോയത്