അപ്പ -വീഞ്ഞുകളിലൂടെ ഈശോമശിഹായുടെ ശരീരവും രക്തവും ക്രിസ്തുവിശ്വാസിയിലേക്ക് പകരപ്പെടുന്നു എന്നതാണ് അപ്പൊസ്തൊലിക വിശ്വാസം. ഇതുതന്നെയാണ് രണ്ട് സഹസ്രാബ്ദങ്ങളായി എല്ലാ പാരമ്പര്യ ക്രൈസ്തവസഭകളുടെയും വിശ്വാസം. ഒന്നാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടക്കംകുറിച്ച ക്രൈസ്തവ സഭകള്‍ക്കൊന്നും ഈ വിഷയത്തില്‍ മറിച്ചൊരു തീരുമാനം ഇന്നേവരെ ഉണ്ടായിട്ടില്ല. വിവിധ ഓര്‍ത്തഡോക്സ് സഭകളും കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളും ഈ പൗരാണിക വിശ്വാസത്തെയാണ് പിന്‍പറ്റുന്നത്.

ഈശോ മശിഹായുടെ അപ്പൊസ്തൊലന്മാരും അവരുടെ ശിഷ്യന്മാരായ അപ്പൊസ്തൊലിക പിതാക്കന്മാരുമെല്ലാം ദിവ്യബലിയിൽ വിഭജിക്കപ്പെടുന്ന അപ്പത്തിലും വീഞ്ഞില്ലം ഈശോമശിഹായെ ദർശിച്ചവരായിരുന്നു. ഈ വിശ്വാസത്തിന്‍റെ സാക്ഷ്യങ്ങളായിരുന്നു അവരുടെ എഴുത്തുകൾ. ഓരോ കാലഘട്ടത്തിലും ക്രൈസ്തവ വിശ്വാസത്തെ താത്വികമായും ദൈവശാസ്ത്രപരമായും വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്ത പിതാക്കന്മാരെല്ലാം, അപ്പ -വീഞ്ഞുകള്‍ ഈശോമശിഹായുടെ ശരീരവും രക്തവുമായി മാറുന്നു എന്ന വിശ്വാസമാണ് തിരുവചനത്തിൻ്റെയും അപ്പൊസ്തൊലിക ഉപദേശങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതിയതും സഭയെ പഠിപ്പിച്ചതും തലമുറകളിലേക്ക് കൈമാറിയതും.

ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായ വിശുദ്ധ യോഹന്നാന്‍റെ ശിഷ്യനായിരുന്നു അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്. അദ്ദേഹം സ്മുര്‍ണാ സഭയ്ക്ക് എഴുതിയ കത്തിലെ ഒരു ഭാഗം വായിക്കുമ്പോൾ, അന്ത്യത്താഴത്തിലെ അപ്പ വീഞ്ഞുകളെ സംബന്ധിച്ചുള്ള അപ്പൊസ്തൊല വിശ്വാസവും ആദിമസഭയുടെ ബോധ്യങ്ങളുമെല്ലാം സുവ്യക്തമായി പ്രതിപാദിക്കുന്നതു കാണാം. ആദിമസഭ ഈ വിഷയത്തില്‍ തിരിച്ചറിഞ്ഞ വിശ്വാസത്തിൻ്റെ ചരിത്രരേഖയാണ് വി.ഇഗ്നേഷ്യസ് എഴുതിയ ലേഖനം.

അപ്പോസ്തൊലിക പിതാക്കന്മാരുടെ കത്തുകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് MW Holmes തയ്യാറാക്കിയ “The Apostolic Fathers: Greek texts and English Translations” ഇതിൽ അപ്പൊസ്തൊലിക പിതാവായ അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് വിശുദ്ധ കുർബാനയിൽ വിഭജിച്ചു നൽകിയ അപ്പത്തിലും വീഞ്ഞിലും ഈശോ മശിഹായുടെ ആളത്വമായിരുന്നു ദർശിച്ചത്. ഈ വിഷയം സംബന്ധിച്ചു അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:

“Now note well those who hold heretical opinions about the grace of Jesus Christ that came to us, note how contrary they are to the mind of God. They have no concern for love, none for the widow, none for the orphan, none for the oppressed, none for the prisoner or the one released none for the hungry or thirsty. They abstain from Eucharist and prayer because they refuse to acknowledge that the Eucharist is the flesh of our Savior Jesus Christ, which suffered for our sins and which the Father by his goodness raised up” (M W Holmes, The Apostolic Fathers: Greek texts and English Translations, Chapter 6, page 253,254)

“നമ്മിലേക്ക് കടന്നുവന്ന ക്രിസ്തുവിന്‍റെ കൃപയ്ക്കും ദൈവഹിതത്തിനും വിരുദ്ധമായി ചിന്തിക്കുന്ന വിശ്വാസനിഷേധികളേക്കുറിച്ച് അറിഞ്ഞിരിക്കുക. അവര്‍ക്ക് വിധവമാരേക്കുറിച്ചോ അനാഥരേക്കുറിച്ചോ അടിമകളേക്കുറിച്ചോ തടവുകാരേക്കുറിച്ചോ സ്വതന്ത്രരേക്കുറിച്ചോ വിശക്കുന്നവരേയും ദാഹിക്കുന്നവരേയും കുറിച്ചോ യാതൊരു സ്നേഹവുമില്ല. അവര്‍ അന്ത്യത്താഴത്തില്‍നിന്നും പ്രാര്‍ത്ഥനകളില്‍നിന്നും അകന്നിരിക്കുന്നു. എന്തെന്നാല്‍, അപ്പവീഞ്ഞുകള്‍ നമ്മുടെ രക്ഷിതാവായ ഈശോമശിഹായുടെ ശരീരവും രക്തവുമാണെന്ന അറിവിനെ അവര്‍ നിരാകരിക്കുന്നു, അത് നമുക്കുവേണ്ടി സഹിച്ചുവെന്നും അതിനെ പിതാവ് ഉയിര്‍പ്പിച്ചുവെന്നും അവര്‍ തിരിച്ചറിയുന്നില്ല”

അപ്പൊസ്തൊലിക വിശ്വാസത്തിൽ അധിഷ്ഠിതമായി വിശുദ്ധ ഇഗ്നേഷ്യസ് പഠിപ്പിക്കുന്നതിൽ പരമപ്രധാനമായ ഒരു കാര്യമുണ്ട്. “…. they refuse to acknowledge that the Eucharist is the flesh of our Savior Jesus Christ, ”which” suffered for our sins and ”which” the Father by his goodness raised up” വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നത് “അപ്പവീഞ്ഞുകള്‍ ഈശോമശിഹായുടെ ശരീരവും രക്തവും അല്ല എന്ന് കരുതുന്നത് ക്രിസ്തുനിഷേധികളാണ്” എന്നാണ്.

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യവുമുണ്ട്. Eucharist is the flesh of our Savior Jesus Chrsit, “which suffered” എന്നാണ് വി. ഇഗ്നേഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവ്യബലി മധ്യേ ഈശോ മശിഹായുടെ ശരീര-രക്തങ്ങളായി മാറിയ അപ്പ-വീഞ്ഞുകളില്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി സഹിച്ച യേശുക്രിസ്തുവിന്‍റെ പൂർണ്ണ ആളത്വമാണ് ഇഗ്നേഷ്യസും ആദിമസഭയും ദര്‍ശിച്ചത്. അതോടൊപ്പം, ക്രിസ്തുവിന്‍റെ സ്ഥാനത്ത് അപ്പവീഞ്ഞുകളെ കണ്ടുകൊണ്ട് “അതിനെ” ദൈവം ഉയിര്‍പ്പിച്ചു എന്നും എഴുതിയിരിക്കുന്നു ”which” the Father by his goodness. അതായത്, യൂക്കരിസ്റ്റിനെ ക്രിസ്തുവിന്‍റെ ഭൗതികശരീരമായി, നമുക്കുവേണ്ടി സഹിച്ച അതേ ശരീരമായി, ദൈവം ഉയിര്‍പ്പിച്ച അതേ ശരീരമായി അപ്പൊസ്തൊലന്മാരും ആദിമസഭയും മനസ്സിലാക്കിയിരുന്നു. “who” suffered എന്നതിനു പകരം “which” suffered എന്നും “whom” the Father raised up എന്നതിന് “which” the Father by his goodness raised up എന്നും എഴുതിയതിലൂടെ അപ്പ- വീഞ്ഞുകളിൽ ഈശോ മശിഹായുടെ സമ്പൂർണ്ണ ആളത്വത്തെയാണ് ആദിമസഭയും അപ്പോസ്തലന്മാരും കണ്ടത്. ഇതാണ് ക്രൈസ്തവ സഭ കഴിഞ്ഞ രണ്ട് സഹസ്രാബ്ദമായി പിന്‍പറ്റിവരുന്ന വിശ്വാസം.

അന്ത്യത്താഴ ശുശ്രൂഷയെ അപ്പൊസ്തൊലിക വിശ്വാസത്തോടു ചേർന്നു നിന്ന് അടുത്തറിയാനും ആദിമസഭ ഈ ശുശ്രൂഷയെ മനസ്സിലാക്കിയിരിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാനും ആഗ്രഹിക്കുന്നവർക്ക് വിശുദ്ധ ഇഗ്നേഷ്യസ്സിന്‍റെ വാക്കുകളെ നിസ്സാരമായി കാണാന്‍ കഴിയില്ല.

അന്ത്യോഖ്യന്‍ സഭയുടെ ഇടയനായിരിക്കുമ്പോള്‍, അദ്ദേഹം രക്തസാക്ഷിയായി എന്നാണ് പാരമ്പര്യ വിശ്വാസം. തന്‍റെ രക്തസാക്ഷിത്വത്തിന് ഏതാനും നാളുകള്‍ക്കു മുമ്പാണ് ഇഗ്നേഷ്യസ് സ്മുർണാ സഭയ്ക്ക് എഴുതുന്നത്. അപ്പവീഞ്ഞുകള്‍ ഈശോമശിഹായുടെ ശരീരവും രക്തവുമാണ് എന്ന ആക്ഷരിക ബോധ്യമായിരുന്നു ആദിമസഭ ഉയര്‍ത്തിപ്പിടിച്ചത്. ആദിമസഭയ്ക്കും വിശുദ്ധ ഇഗ്നേഷ്യസിനും ഉണ്ടായിരുന്ന ബോധ്യങ്ങളുടെ മുന്നില്‍ അന്ത്യത്താഴ ശുശ്രൂഷയെ വെറും ഓർമ പുതുക്കലാണ്, ആലങ്കാരിക പദപ്രയോഗം (metaphorical) എന്നെല്ലാമുള്ള നവീന വാദങ്ങളെല്ലാം തകർന്നടിയുന്നു. അപ്പ വീഞ്ഞുകളില്‍ ഈശോമശിഹായുടെ മഹാസാന്നിധ്യത്തെ കണ്ടിരുന്ന അപ്പൊസ്തൊലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും അടിയുറച്ച വിശ്വാസബോധ്യമാണ് ക്രൈസ്തവസഭകള്‍ രണ്ട് സഹസ്രാബ്ദങ്ങളായി പിന്തുടരുന്നത്.

എന്തുകൊണ്ട് നമ്മള്‍ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വിശ്വാസബോധ്യങ്ങളോട് ചേര്‍ന്നുനിന്ന് യൂക്കരിസ്റ്റിനെ (അപ്പ – വീഞ്ഞുകളെ) മനസ്സിലാക്കണം? നിരവധി കാരണങ്ങള്‍ ഇതിന് ചൂണ്ടിക്കാണിക്കാന്‍ കഴിയും. *ഒന്നാമതായി, ഈശോമശിഹായുടെ ഏറ്റവും അടുത്ത ശിഷ്യനായ യോഹന്നാന്‍റെ ശിഷ്യനായിരുന്നു വിശുദ്ധ ഇഗ്നേഷ്യസ്.*യോഹാന്നാന്‍റെ മരണശേഷം ഏതാണ്ട് പത്തു വര്‍ഷത്തിനുള്ളിലാണ് ഈ കത്ത് ഇഗ്നേഷ്യസ് സ്മുര്‍ണാ സഭയ്ക്ക് എഴുതുന്നത്.*യോഹന്നാനില്‍നിന്നും മറ്റ് അപ്പൊസ്തൊലന്മാരില്‍നിന്നും വിശുദ്ധ ഇഗ്നേഷ്യസിന് പകര്‍ന്നുകിട്ടിയ അപ്പൊസ്തൊലിക വിശ്വാസമാണ് അദ്ദേഹം ഈ കത്തിലൂടെ എഴുതി സ്മുര്‍ണാ സഭയ്ക്ക് എഴുതുന്നത്.*ഏതുസമയത്തും രക്തസാക്ഷിയാകാന്‍ സാധ്യതയുള്ള വ്യക്തി എന്ന നിലയില്‍ തന്‍റെ ബോധ്യങ്ങളില്‍ മായംചേര്‍ക്കാതെ അദ്ദേഹം എഴുതി അറിയിക്കുന്നു. *ആദിമസഭയില്‍ ആര്‍ക്കും ഈ ലേഖനത്തോട് വ്യത്യസ്തമായ അഭിപ്രായം ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തുകയോ തുടര്‍ന്നു വന്ന സഭാ പിതാക്കന്മാര്‍ ഇഗ്നേഷ്യസില്‍നിന്ന് വ്യത്യസ്തമായി പഠിപ്പിക്കുകയോ ചെയ്തിട്ടില്ല.*വിശുദ്ധ ഇഗ്നേഷ്യസ് സ്മുര്‍ണാ സഭയ്ക്ക് എഴുതിയ പ്രകാരം അപ്പ-വീഞ്ഞുകളെ ഈശോമശിഹായുടെ ശരീരവും രക്തവുമായി സമീപിക്കുന്ന ഉപദേശങ്ങള്‍ എല്ലാ പാരമ്പര്യസഭകളും പിന്തുടരുന്നു. ഇത്, ഒരേ ഉറവിടത്തില്‍നിന്നാണ് എല്ലാ സഭകളും ഉപദേശം സ്വീകരിച്ചത് എന്നതിന് തെളിവുമാണ്.

അന്ത്യത്താഴ സംബന്ധിയായി ഈശോമശിഹായുടെ കൽപ്പനകൾ അപ്പൊസ്തലന്മാരിലേക്കും അവരുടെ ശിഷ്യന്മാരിലേക്കും ആദിമസഭയിലേക്കും പകര്‍ന്നു നല്‍കപ്പെട്ടതിനെ നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇത് അപ്പൊസ്തൊലിക ഉപദേശമല്ലെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണ്. അപ്പം മുറിക്കുവാൻ മാത്രമായിരുന്നു ആദിമസഭ കര്‍തൃദിനങ്ങളില്‍ ഒരു മിച്ചുകൂടിയത് എന്ന് അപ്പ പ്രവൃത്തികൾ 20:7ല്‍ വായിക്കുന്നു. അപ്പവീഞ്ഞുകളില്‍ അത്രമേല്‍ ക്രിസ്തുസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു എന്ന അടിയുറച്ച വിശ്വാസമായിരുന്നു അപ്പൊസ്തൊലിക സഭയുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം.

ഈശോമശിഹായുടെ കൂടെ നടന്നവരും തനിക്കു മുന്നേ അപ്പൊസ്തൊലന്മാരായവരും പകർന്നു നൽകിയ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ പൗലോസ് 1 കൊരിന്ത്യ ലേഖനം 27-ാം വാക്യത്തില്‍ എഴുതി “ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിൻ്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിൻ്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു”.

അപ്പ-വീഞ്ഞുകളെ നിന്ദിച്ചുകൊണ്ട്, ഇത് വെറും ഓര്‍മ്മയ്ക്കായി ഒരു ആചരണം മാത്രമാണെന്ന ചിന്തയോടെ സമീപിക്കുന്നത് കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേയുള്ള പാപമായിട്ടാണ് ദൈവവചനം വിവക്ഷിക്കുന്നത്. ഇവിടെ തർക്കിച്ചിട്ട് കാര്യമില്ല; അപ്പോസ്തൊലിക അടിത്തറയിൽ പണിയപ്പെട്ടിരിക്കുന്ന പരിശുദ്ധ സഭ പിൻപറ്റുന്ന അപ്പൊസ്തൊലിക പാരമ്പര്യ വിശ്വാസത്തെ അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്