ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല|അമ്മയുടെ ഉദരത്തിലിരിക്കുന്ന കുട്ടിയേക്കാൾ കൂടുതൽ ദുർബലനാകാൻ ആർക്കാണ് കഴിയുക?

ജീവന്റെ സംരക്ഷണത്തേക്കാൾ വലിയ സന്ദേശമില്ല

ജീവന്റെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാതു ത്ത്വമാണ് . കുടുംബങ്ങളിൽ മക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. നിരവധി വ്യക്തികളെ സംരക്ഷിക്കുന്ന സാമൂഹ്യ പ്രവർത്തകരും കേരളത്തിൽ ഏറെയുണ്ട് . മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന്‌ മാതൃകകളാണ്.

ഭൗമികതയുടെ അതിരുകളെ അതിലംഘിക്കുന്ന ജീവിത പൂര്‍ണ്ണിമയിലേയ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു, എന്നതാണ് ജീവന്‍റെ സുവിശേഷം. 1995-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പുറപ്പെടുവിച്ച ‘ജീവന്‍റെ സുവിശേഷം’ എന്ന ചാക്രികലേഖനം മനുഷ്യജീവന്‍റെ മൂല്യവും അലംഘനീയതയും പ്രഘോഷിക്കുന്ന സഭയുടെ അടിസ്ഥാന പഠനമാണ്.ജീവസമൃദ്ധിയും ജീവൻെറ സംരക്ഷണവും ലക്ഷ്യമാണ് .

ഈ ചാക്രികലേഖനം ഗര്‍ഭഛിദ്രം, കാരുണ്യവധം, മരണശിക്ഷ എന്നിങ്ങനെ ജീവനെ നിഷേധിക്കുന്ന ലോകത്തിന്‍റെ സാമൂഹ്യ നിലപാടുകള്‍ക്കെതിരായ സഭയുടെ ശക്തമായ ശബ്ദമാണ്.അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ അവസാനം അന്ത്യശ്വാസം വെടിയുംവരെ ദൈവിക ദാനമായ ജീവന്‍ ആദരിക്കപ്പടേണ്ടതും പരിരക്ഷിക്കപ്പെടേണ്ടതുമാണ് – എന്ന തത്വം, ക്രൈസ്തവരുടെ വിശേഷാധികാരമോ കുത്തകയോ അല്ല, മറിച്ച് സകലരോടും ഏറ്റുപറയേണ്ടതും എന്നും നവീകരിക്കപ്പെടേണ്ടതുമായ അടിസ്ഥാന മൂല്യവും നിലപാടും ‘ജീവന്‍റെ സുവിശേഷ’വുമാണ്.

ലോകത്താകമാനം പ്രതിവർഷം 73 ദശലക്ഷം ഗർഭച്ഛിദ്രങ്ങൾ നടക്കുന്നു.അതിൽ 10ൽ ആറെണ്ണം (61%) ഇച്ഛാപൂര്‍വ്വമല്ലാത്ത ഗർഭധാരണമാണ്.എല്ലാ ഗർഭധാരണങ്ങളിലും 10ൽ 3 (29%) പരപ്രേരിതമായ ഗർഭച്ഛിദ്രത്തിൽ അവസാനിക്കുന്നു.ഗർഭപാത്രത്തിൽ വെച്ചുതന്നെ ഉരുവായ ഒരു മനുഷ്യജീവന്റെ കൊലപാതകം ശരിക്കും ഒരു സ്വകാര്യ കാര്യമാണോ? വംശഹത്യയുടെ തിന്മയിൽ ആരാണ് ഭയപ്പെടുത്താത്തത്? ഒരു ചന്തയിൽ തീവ്രവാദി ബോംബാക്രമണം എപ്പോഴെങ്കിലും ന്യായീകരിക്കാൻ കഴിയുന്നതെങ്ങനെ?

ദേശീയ തലത്തിലെ അഞ്ചാം സർവേ അനുസരിച്ചു നഗരപ്രദേശങ്ങളിൽ പെൺകുട്ടികളുടെ എണ്ണം 983-ഉം ഗ്രാമപ്രദേശങ്ങളിൽ 922-ഉം ആണ്.കേരളത്തിലെ 11 ജില്ലകളിൽ പെൺകുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെ പുറകിലേയ്ക്ക് പോയിരിക്കുന്നു.തൃശ്ശൂർ ജില്ലയിൽ 5 വയസ്സുവരെയുള്ള കുട്ടികളിൽ, പെൺകുട്ടികളുടെ എണ്ണത്തിൽ ആൺകുട്ടികളെക്കാൾ ഏതാണ്ട് 31 ശതമാനം കുറവ് എന്ന കണക്കുകൾ വളരെ ആശങ്കാജനകമാണ്.

ആഗോള സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷന്റെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് നടത്തുന്ന ‘മാതൃത്വം മഹനീയം, പെണ്‍കുഞ്ഞുങ്ങള്‍ വീടിനും നാടിനും അനുഗ്രഹം ‘- എന്ന സന്ദേശം വലിയ ക്യാമ്പയിനിലൂടെ സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് വളരെ അഭിമാനകരവും മറ്റുള്ള സഭകൾക്ക് മാതൃകയുമാണെന്ന് നിസ്സംശയം പറയാം.ആഗോള സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് നടത്തുന്ന വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്.

മനുഷ്യജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള സീറോ മലബാർ സഭയുടെ കുടുംബത്തിനും അല്‍മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന നിരന്തര പരിശ്രമങ്ങൾ നാം കണ്ടു കഴിഞ്ഞു. മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ പ്രവർത്തനങ്ങൾ.

ഒരിക്കലും മനഃപൂർവ്വം കൊല്ലില്ല എന്ന പ്രതിബദ്ധതയോടെയാണ് നാം ജീവിക്കേണ്ടത്.ഏതൊരു നിരപരാധിയായ മനുഷ്യജീവനെയും, അത് എത്ര തകർന്നാലും, രൂപപ്പെടാത്തതും, അംഗവൈകല്യമുള്ളതും അല്ലെങ്കിൽ നിരാശാജനകമാണെന്ന് തോന്നിയാലും നശിപ്പിക്കാൻ നമുക്ക് അവകാശമില്ല.

ദൈവിക വെളിപാടിൽ നിന്നും പ്രകൃതി നിയമത്തിൽ നിന്നും, മനുഷ്യജീവിതത്തിന് വളരെ പ്രത്യേകതയുണ്ടെന്ന് നമുക്കറിയാം. നാം ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യജീവന്റെയും അന്തസ്സിന്റെയും സംരക്ഷണം എല്ലാ മനുഷ്യരുടെയും സ്വാഭാവിക സഹജവാസനയാണ്. അത് കത്തോലിക്കാ സാമൂഹിക അധ്യാപനത്തിന്റെ കാതലായി നിലകൊള്ളുന്നു. കാരണം അതില്ലാതെ മറ്റ് അവകാശങ്ങൾക്ക് അർത്ഥമില്ല.

ജീവിതം ദൈവത്തിന്റെ സമ്മാനമാണ്. നമ്മുടെ എല്ലാ സാന്മാർഗിക പഠനങ്ങളും എല്ലാ സാഹചര്യങ്ങളിലും മനുഷ്യജീവനോട് ബഹുമാനം ആവശ്യപ്പെടുന്നു.അമ്മയുടെ ഉദരത്തിലിരിക്കുന്ന കുട്ടിയേക്കാൾ കൂടുതൽ ദുർബലനാകാൻ ആർക്കാണ് കഴിയുക?

കുടുംബങ്ങളെ കേന്ദ്രീകരിച്ച് വളരുകയും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യജീവന്‍റെ, അത് ഏതു അവസ്ഥയിലായിരുന്നാലും, സാമൂഹ്യ-പാരിസ്ഥിതിക ഘടകങ്ങളെ സമഗ്രമായി വിക്ഷിക്കുന്ന ഈ സഭാപഠനം ഇന്നും പ്രസക്തമാണ്. മനുഷ്യമനസ്സാക്ഷിയില്‍ ദൈവം കോറിയിട്ടിരിക്കുന്ന ‘കൊല്ലരുത്’ എന്ന അടിസ്ഥാന കല്പനയെ യുക്തിയുടെയും വചനത്തിന്‍റെയും, സഭാ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ ‘ജീവിന്‍റെ സുവിശേഷം’ മനോഹരമായി വ്യാഖ്യാനിക്കുകയും പുനര്‍പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.

എല്ലാ മനുഷ്യജീവനോടും അന്തസ്സിനോടുമുള്ള ബഹുമാനം എന്ന കത്തോലിക്കാ സഭയുടെ സന്ദേശം എല്ലാ മനുഷ്യരുടെയും മൂല്യം ഉറപ്പിക്കുന്ന സന്ദേശമാണ്. അത്തരമൊരു സന്ദേശം അഭിമാനത്തോടെ, സ്ഥിരതയോടെ, ആദരവോടെ നാം സ്വയം പ്രഖ്യാപിക്കണം.എല്ലാറ്റിനുമുപരിയായി, നാം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓർക്കുക. നമ്മുടെ ജീവിതത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു നിയമമെന്ന നിലയിൽ, ഇതിലും വലിയ സന്ദേശമില്ല.

ടോണി ചിറ്റിലപ്പിള്ളി

സെക്രട്ടറി ,അൽമായ ഫോറം സീറോ മലബാർ സഭ

നിങ്ങൾ വിട്ടുപോയത്