നാളെ എറണാകുളം അങ്കമാലി അതിരൂപതാ കത്തീഡ്രല്‍ ബസലിക്കായില്‍ കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍ വിജയം സഭാ സിനഡിനും മേജര്‍ ആര്‍ച്ച് ബിഷപ്പിനും തന്നെ ! ഒളിതന്ത്രങ്ങളുടെ പെരുമഴപ്പെയ്ത്തിനെ നേരിട്ട് കാലിടറാതെ നിന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയെ നയിക്കുന്നത് പുതു ചരിത്രത്തിലേക്ക്

ഓശാന ഞായര്‍ ആചരണത്തിലൂടെ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ വലിയ ആഴ്ചയിലേക്ക് കടക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി പിന്‍വലിച്ച ശേഷം വരുന്ന ഓശാന ഏറെ ആഹ്ലാദം പകരുന്നതാണ്.ഇത്തവണത്തെ ഓശാനയാകട്ടെ സിറോ മലബാര്‍ സഭക്ക് പുതിയ ചരിത്രത്തിലേക്കുള്ള കാല്‍വയ്പ്പായി മാറുകയാണ്. ആരാധനാ ക്രമ വിഷയത്തില്‍ പതിറ്റാണ്ടുകളായ തര്‍ക്കം സിറോ മലബാര്‍ സഭയില്‍ പരിഹാരമാവുകയാണ്.

ഹയരാര്‍ക്കി സ്ഥാപിതമായ നാള്‍ മുതല്‍ ലിറ്റര്‍ജിയുടെ ഏകീകൃത രൂപത്തിനായി സഭ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചങ്ങനാശ്ശേരിയും സാമന്ത രൂപതകളും ഒരു ഭാഗത്തും എറണാകുളം അങ്കമാലി അതിരൂപതയും തൃശ്ശൂര്‍ അതിരൂപതയും ഈ അതിരൂപതയുടെ സാമന്ത രൂപതകളും മറുഭാഗത്തും നില ഉറപ്പിച്ചതോടെയാണ് ലിറ്റര്‍ജിയുടെ ഏകീകൃത രൂപം കിറാമുട്ടിയായി വത്തിക്കാനു മുന്നില്‍ പോലും അവശേഷിച്ചത്.

സഭാസിനഡ് സ്ഥാപിച്ചപ്പോഴും മേജര്‍ ആര്‍ച്ച്ബിഷപ്പിനെ വാഴിച്ചപ്പോഴും പൂര്‍ണ അധികാരങ്ങള്‍ സിനഡിന് നല്‍കാതെ അപ്പസ്‌തോലിക്ക് ഡെലിഗേറ്റിനെ നിയോഗിച്ച് വത്തിക്കാന്‍ തന്നെ ഭരണം നടത്തിയതും ലിറ്റര്‍ജി തര്‍ക്കത്തില്‍ നിന്ന് തന്നെയാണ്. പിന്നീട് സിനഡിന് മുന്‍പില്‍ ഒത്തുതീര്‍പ്പ് കുര്‍ബാനക്രമം അവതരിപ്പിച്ച അന്നത്തെ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിന് സ്വന്തം അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വൈദിക സമൂഹത്തിന്റെ എതിര്‍പ്പ് മൂലം കഴിഞ്ഞില്ല.മേജര്‍ ആര്‍ച്ച്ബിഷപ്പ് തെരഞ്ഞെടുപ്പടക്കം സമ്പൂര്‍ണ സ്വയംഭരണാധികാര സഭയായി മാറിയതിനു ശേഷം സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍പിലെ ഏറ്റവും വലിയ പ്രതിസന്ധിയും ഈ ഏകീകൃത ലിറ്റര്‍ജിയിലേക്ക് സഭയെ നയിക്കുക എന്നതായിരുന്നു. അതിനായി മുന്നോട്ടുവച്ച ഓരോ ചുവടും കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയാക്കി.

കുര്‍ബാന ക്രമ വിവാദത്തില്‍ വിമത വിഭാഗം അപകടം മണത്തത് സിറോ മലബാര്‍ സഭയുടെ ഹൊസൂര്‍ രൂപത സ്ഥാപനവും ബിഷപ്പായി ഇരിഞ്ഞാലക്കുട രൂപത അംഗമായ മാര്‍ പൊഴോലിപറമ്പിലിന്റെ നിയ മനവുമായിരുന്നു. തന്റെ രൂപതയില്‍ സിനഡ് അംഗീകരിച്ച കുര്‍ബാന ക്രമം മാത്രമായിരിക്കും നടപ്പാക്കുക എന്ന മാര്‍ പൊഴോലിപറമ്പിലിന്റെ വാക്കുകള്‍ വിമത വിഭാഗത്തെ ഞെട്ടിച്ചു.പിന്നീടങ്ങോട്ട് ഒളിതന്ത്രങ്ങളുടെ പെരുമഴപ്പെയ്ത്തായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നത്. ഇതിന്റെ ബാക്കിപത്രമായിരുന്നു ഭൂമി കച്ചവട വിവാദവും വ്യാജ്യ രേഖ ചമക്കലും അടക്കമുള്ള വിവാദങ്ങള്‍.കര്‍ദ്ദിനാളിന്റെ രാജി ആവശ്യപ്പെട്ട് അതിരൂപതയിലെ വൈദികര്‍ പരസ്യമായി തെരുവിലിറങ്ങി. ഒടുവില്‍ വത്തിക്കാന്‍ കര്‍ശന ഇടപെടല്‍ നടത്തി തുടങ്ങിയതോടെ വിഭാഗിയതയുടെ പ്രഭവ കേന്ദ്രമായി മാറിയ അതിരൂപതയുടെ രണ്ട് സഹായ മെത്രാന്‍മ്മാര്‍ക്ക് ചുമതലയൊന്നും ഇല്ലാതെ അരമന കെട്ടിടത്തില്‍ കയറാനാകാതെ പുറത്ത് കഴിയേണ്ടി വന്നു.രണ്ട് സഹായ മെത്രാന്‍മ്മാരുണ്ടായിരിക്കെ പ്രോട്ടോസിഞ്ചെല്ലൂസായി ഒരു പുതിയ വികാരി ജനറാളിനെ നിയമിക്കുന്ന അസാധാരണ കാഴ്ച്ചക്കും സഭ സാക്ഷ്യം വഹിച്ചു. തര്‍ക്കങ്ങളും തടസങ്ങളും തുടരുമ്പോഴും ഏകീകൃത കുര്‍ബാന ക്രമം എന്ന ലക്ഷ്യത്തിലേക്ക് സിറോ മലബാര്‍ സഭ സിനഡ് മുമ്പോട്ട് പോയി.

ഒടുവില്‍ സിറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി കമ്മീഷന്‍ തയാറാക്കി സിനഡിന് മുന്‍പാകെ സമര്‍പ്പിച്ച നവീകരിച്ച ഏകീകൃത കുര്‍ബാന ക്രമത്തിന് സിനഡും പൗരസ്ത്യ സഭകള്‍ക്കുള്ള വത്തിക്കാന്‍ കാര്യാലയവും ഫ്രാന്‍സീസ് മാര്‍പാപ്പയും അംഗീകാരം നല്‍കി. എന്നാല്‍ സിനഡിന് പുറത്തിറങ്ങിയ ലിറ്റര്‍ജി കമ്മീഷനിലെ മുഖ്യ റോള്‍ കൈകാര്യം ചെയ്ത ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍തന്നെ തന്റെ കമ്മിഷന്‍ ശുപാര്‍ശയേയും സിനഡിന്റെ പൊതു തീരുമാനത്തെയും പരസ്യമായി തള്ളി പറഞ്ഞു.ജനാഭിമുഖ കുര്‍ബാനക്കായി മാര്‍ കണ്ണൂക്കാടന്‍ നിലകൊണ്ടു. എറണാകുളം അങ്കമാലി അതിരൂപതയാകട്ടെ മാര്‍പാപ്പായെ നേരില്‍ കണ്ട് സംസാരിച്ചതിനു ശേഷം ജനാഭിമുഖ കുര്‍ബാനയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.ഫരീദാബാദ് രൂപതയാകട്ടെ വിശ്വാസികളുടെ എതിര്‍പ്പിനെ മറികടന്നു എങ്ങനെയും ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനുള്ള സാധ്യത തേടി. എന്നാല്‍ വത്തിക്കാന്‍ കാര്യാലയങ്ങള്‍ അടക്കം കണ്ണുരുട്ടുകയും സിനഡില്‍ ബഹുഭൂരിപക്ഷം പിതാക്കന്മാര്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ ലിറ്റര്‍ജി കമ്മിഷനിലെ മുഖ്യനായ മാര്‍ പോളി കണ്ണൂക്കാടന്‍ കളം മാറ്റി ചവിട്ടി.

ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ ഭരണ സംവിധാനം പുനസംഘടിപ്പിച്ചത് കനത്ത തിരിച്ചടിയായത് വത്തിക്കാന്‍ നയതന്ത്ര രംഗത്ത് എക്കാലവും വാഴാമെന്ന ചിലരുടെ ആഗ്രഹത്തിനുകൂടിയായിരുന്നു. നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലാവധി നിശ്ചയിക്കുകയും കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് മാതൃസഭകളിലേക്കും രൂപതകളിലേക്കും മടങ്ങണമെന്ന പുതിയ നിയമത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഫരീദാബാദ് സിനഡിന് കീഴടങ്ങി.ആദ്യം മേജര്‍ആര്‍ച്ച് ബിഷപ്പിന്റെയും പിന്നീട് പൗരസ്ത്യ തിരു സംഘം തലവന്റെയും കോലം തെരുവില്‍ കത്തിച്ചിട്ടും രക്ഷയില്ലാതെ വന്ന എറണാകുളം അങ്കമാലി അതിരൂപതയാകട്ടെ മാര്‍പാപ്പയുടെ കത്തുകൂടി വന്നതോടെ കടുത്ത പ്രതിസന്ധിയിലായി. നിയമ വിരുദ്ധമായ തന്റെ കല്‍പന ഇനി നിലനില്‍ക്കില്ലന്നു തിരിച്ചറിഞ്ഞ അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ അതിബുദ്ധി നിറഞ്ഞ അടുത്ത ഉത്തരവ് പുറത്തിറക്കി.

ഇതിന്‍ പ്രകാരം സിനഡ് അംഗീകരിച്ച കുര്‍ബാന ക്രമം നടപ്പാക്കണമെന്ന് മാര്‍ കരിയില്‍ ഉത്തരവിറക്കി. എന്നാല്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ ആകുന്ന ഒഴിവുകളും ആ കത്തിലുണ്ടായിരുന്നു. അതായത് ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനുള്ള ഇളവ് നല്‍കിയത് താന്‍ പിന്‍വലിക്കുന്നു.എന്നാല്‍ സിനഡോ മാര്‍പാപ്പയോ പറഞ്ഞ തീയതിയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കില്ലെന്നും. അതിന് 2022 ഡിസംബര്‍ 25 വരെ സമയം തന്നിരിക്കുന്നു എന്നുമുള്ള സര്‍ക്കുലറാണ് അതീവ തന്ത്രശാലിയായ മാര്‍ കരിയില്‍ പുറത്തിറക്കിയത്.എന്നാല്‍ അസാധാരണ നടപടി ക്രമത്തിലുടെ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സിറോ മലബാര്‍ സഭയുടെ ഓണ്‍ലൈന്‍ സിനഡിനു മുന്‍പില്‍ വിമതര്‍ക്കും മാര്‍ ആന്റണി കരിയിലിനും അടി തെറ്റി. ഓശാന ഞായര്‍ മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലും ഏകീകൃത ലിറ്റര്‍ജി നിലവില്‍ വരുമെന്ന് കരിയിലിന് പ്രഖ്യാപിക്കേണ്ടി വന്നു.അങ്ങനെ ഓശാന ഞായറാഴ്ച്ച എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കത്തീഡ്രല്‍ ബസലിക്കായില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നുകയറുന്നത് ചരിത്രത്തിലേക്കാണ്.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്