നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ?

ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്.

കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക് നോക്കി പ്രാർത്ഥിച്ചാൽ എന്താണിത്ര പ്രശ്നം എന്ന് അന്ധാളിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ട് സിറോ മലബാർ സഭയിൽ!!! അതിന്റെ പേരിൽ എന്തിനാണ് മെത്രാനെ ഖെരാവോ ചെയ്യുന്നതെന്നും ജനങ്ങളെ വികാരം കൊള്ളിച്ചു മാര്പാപ്പക്കും സിനഡിനുമെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്നതെന്നും മെത്രാനെ അനുസരിക്കാൻ തയ്യാറാകുന്ന വൈദികരെ തടയാൻ ആൾക്കാരെ സംഘടിപ്പിക്കുന്നതെന്നും മാർപ്പാപ്പയുടെ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ കത്തിക്കാൻ ആളെ കൂട്ടുന്നതെന്നും അവർക്കു മനസ്സിലാകുന്നില്ല.

15 മിനിട്ടു അൾത്താരാഭിമുഖവും ബാക്കി സമയം ജനാഭിമുഖവും നില്ക്കാൻ പറയുന്നത് ഇത്ര വലിയ ഒരു ‘വഞ്ചന’ യാണോ? ജനങ്ങൾക്കിതൊന്നും സാധാരണഗതിയിൽ ഒരു പ്രശ്നമേയല്ലെന്നതാണ് വാസ്തവം. കാരണം അവർ മുഴുവൻ സമയവും അൾത്താരയിൽ നോക്കിയാണ് നിൽക്കുന്നത്. അല്ലാതെ വട്ടത്തിലിരുന്നൊന്നുമല്ല ജനങ്ങൾ കുർബാനയിൽ പങ്കെടുക്കുന്നത്. അപ്പോൾ പിന്നെ അച്ചനും കൂടെ ഇത്തിരി നേരം സക്രാരിയെ നോക്കി പ്രാർത്ഥിച്ചെന്നുവച്ചു എന്ത് സംഭവിക്കാൻ !!! സാധാരണ വിശ്വാസിയുടെ ചില അമ്പരപ്പുകൾ ഇവയൊക്കെയാണ്.

കൊന്തനമസ്കാരം, വിശുദ്ധരെ വണക്കം, ഭക്താഭ്യാസങ്ങൾ – ഇവയെല്ലാം തുടരുമെന്നും പിതാവ് കൃത്യമായി പറയുന്നു….പിന്നെ എന്താണ് പ്രശ്നം…?

ദുരഭിമാനവും പ്രാദേശികവാദവും അല്ലെങ്കിൽ പിന്നെ എന്ത്?സർക്കുലർ കുപ്പത്തൊട്ടിയിലിട്ടു എന്നൊക്കെ പറയാൻ രസമുണ്ട്, ആവേശവുമുണ്ട്. പക്ഷെ ആ സർക്കുലറിൽ പറഞ്ഞിരിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശം പാലിക്കാനാണ്. അപ്പോൾ, നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്.

മാർപ്പാപ്പയോടൊപ്പമാണെന്നു പറയുകയും മാർപ്പാപ്പയ്ക്ക് ദുഃഖം ഉണ്ടാകുന്ന തരത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കുപ്പത്തൊട്ടിയിൽ എറിയുകയും ചെയ്യുന്നത് എന്ത് വിരോധാഭാസമാണ്.

ഏതു കത്തോലിക്കാ പള്ളിയിലാണ് അത്താഴം കഴിക്കുന്നപോലെയിരുന്ന് കുർബാന ചൊല്ലുന്നത് ?

വി. കുർബാന അന്ത്യത്താഴത്തിന്റെ പുനരവതരണമാണെന്നത് കത്തോലിക്കരുടെ വിശ്വാസമല്ലെന്ന് ആദ്യമായി നാം മനസ്സിലാക്കണം. കത്തോലിക്ക വിശ്വാസമനുസരിച്ചു വി. കുർബാന നമ്മുടെ കർത്താവിന്റെ ബലിയുടെ പുനരവതരണമാണ്.. CCC 1366: കുരിശിലെ ബലിയുടെ പുനരവതരണമാകയാൽ വി. കുർബാന ബലിയാണ്. അത് ബലിയുടെ ഓർമ്മയാണ്.

Desiderio Desideravi 7 – 9: ഫ്രാൻസിസ് പപ്പാ പഠിപ്പിക്കുന്നു. “മുറിക്കപ്പെട്ട അപ്പത്തിന്റെ ഉള്ളടക്കം പിതാവിനോടുള്ള സ്നേഹത്തെ പ്രതി പുത്രൻ നടത്തിയ അനുസരണത്തിന്റെ ബലിയാണ്” … “ഇത് തിരുവത്താഴത്തിന്റെ പുനരവതരണത്തെക്കുറിച്ചല്ലെന്നു സഭ ആരംഭം മുതലേ അറിഞ്ഞിരുന്നു”. അന്ത്യത്താഴം കുരിശിലെ ബലിയുടെ മുന്നാസ്വാദനം മാത്രമായിരുന്നു.

എന്തുകൊണ്ട് കൂദാശാഭാഗത്തു പുരോഹിതൻ മദ്ബഹയിലേക്ക് നോക്കിനിൽക്കുന്നു എന്ന് ചോദിച്ചാൽ, നമ്മുടെ കർത്താവു പിതാവായ ദൈവത്തിനർപ്പിച്ച ബലിയാണ് അദ്ദേഹം പ്രതീകങ്ങളിലൂടെ സംലഭ്യമാക്കുന്നത് എന്നുത്തരം. നമ്മുടെ കർത്താവു പിതാവിന്റെ മുമ്പിൽ നിന്നപോലെ പുരോഹിതനും നിൽക്കുന്നു. കാരണം ഇത് കർത്താവിന്റെ ബലിയാണ്. പുരോഹിതന്റെ ബലിയല്ല. ജനങ്ങളുടെ ബലിയുമല്ല.

ജയിക്കാനായി ജനത്തെ തെറ്റുധരിപ്പിക്കുമ്പോൾ അടിസ്ഥാന വിശ്വാസങ്ങളിൽ നിന്ന് അവരെ വ്യതിചലിപ്പിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.

സ്വന്തം മെത്രാപ്പോലീത്തയെ ഭീഷണിപ്പെടുത്തിയിട്ട് ഈശോയുടെ അനുസരണത്തിന്റെ ബലിയെക്കുറിച്ചൊക്കെ പ്രഘോഷിക്കുന്ന അഭിനവ നേതാക്കളെ കേട്ട് അത്ഭുതം തോന്നുന്നു…

Bishop Thomas Tharayil

നിങ്ങൾ വിട്ടുപോയത്