ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള്‍ ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്‍റ് അഗസ്റ്റിനും സെന്‍റ് തോമസ് അക്വീനാസിനും ശേഷം തിരുവചനസാഗരത്തിൻ്റെ ആഴങ്ങളില്‍നിന്ന് മുത്തുകളും പവിഴങ്ങളും കണ്ടെത്തി പരിശുദ്ധ സഭയെ അലങ്കരിച്ച വേദപാരംഗതനെയും നമ്മള്‍ ഓര്‍മ്മിക്കുന്നു.

പത്രോസിന്‍റെ പിന്‍ഗാമികളുടെ നിരയില്‍ 265-ാമത്തെ സ്ഥാനത്ത്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായില്‍നിന്ന് വലിയ ഇടയന്‍റെ വടിയും സ്ഥാനവസ്ത്രങ്ങളും സ്വീകരിച്ച് ബനഡിക്ട് പതിനാറാമന്‍ പ്രശോഭിക്കുമ്പോള്‍, അഗസ്റ്റിനും അക്വീനാസിനും ശേഷം ക്രൈസ്തവ വിശ്വാസസത്യങ്ങളുടെ കാവലാളും ആധുനികയുഗത്തില്‍ ക്രിസ്തുവിജ്ഞാനീയത്തിൻ്റെ വ്യാഖ്യാതാവുമായി കാര്‍ഡിനല്‍ റാറ്റ്സിംഗറും നിലകൊള്ളുന്നു. ഇടയശ്രേഷ്ഠനും ആചാര്യപ്രതിഭയും ഏകനില്‍ സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തെ സഭാമാതാവ് ആദരവോടെ വിളിച്ചു – ബനഡിക്ട് പതിനാറാമന്‍ പാപ്പാ!

അതേ, ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇടയശ്രേഷ്ഠനായിരുന്നു ബനഡിക്ട് പതിനാറാമന്‍ പാപ്പാ. ജീവിതകാലം മുഴുവന്‍ താൻ പ്രാണനുതുല്യം സ്നേഹിച്ച മഹായിടയനെ മുഖാമുഖം കാണുവാന്‍, 95-ാമത്തെ വയസ്സില്‍, ഭൗമിക തീർത്ഥാടനത്തിലെ പ്രോജ്വലസ്മരണകളുമായിട്ടാണ് 2022 ഡിസംബര്‍ 31ന് അദ്ദേഹം യാത്രയായത്. അന്തിമശ്വാസത്തിലും ”കര്‍ത്താവേ, അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു” എന്നുരുവിട്ടുകൊണ്ട്, വിശ്വാസസമൂഹത്തിന് പിന്‍പറ്റുവാന്‍ ക്രിസ്തുശിഷ്യത്തിന്‍റെ ഉദാത്തമാതൃക അവശേഷിപ്പിച്ചുകൊണ്ടാണ് നിത്യസന്തോഷത്തിന്‍റെ വിശ്രാന്തിയിലേക്ക് അദ്ദേഹം നിശ്ശബ്ദനായി കടന്നുപോയത്. “ഇപ്പോള്‍ മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു” (വെളി 14:13) – ഈ തിരുവചനം അന്വര്‍ത്ഥമാക്കിയ ഒരു ജീവിതമായിരുന്നു ബനഡിക്ട് പതിനാറാമന്‍ പാപ്പായുടേത്. സഭയും ചരിത്രവും ഈ ജീവിതസാക്ഷ്യത്തെ എക്കാലവും സ്മരിക്കുമെന്നത് തീര്‍ച്ച.

Cardinal Joseph Ratzinger, who later became Pope Benedict XVI, greets Pope John Paul II during a ceremony at the Vatican in this Feb. 6, 2004, file photo. Pope Benedict moved the sainthood cause of his predecessor a step forward Dec. 19 by declaring that John Paul II had lived a life of “heroic virtues.” (CNS photo/Catholic Press Photo) (Dec. 20, 2009)

സഭാതലവൻ എന്ന സ്ഥാനത്ത് നിന്നുകൊണ്ട്, മുന്‍ഗാമികളുടെ കാലടികളില്‍ ക്രിസ്തുവെളിച്ചത്തില്‍ സഞ്ചരിക്കുവാനും പരിശുദ്ധാത്മാവിന്‍റെ ശബ്ദത്തിന് ചെവിയോര്‍ത്തുകൊണ്ട് തിരുസ്സഭയെ നയിക്കുവാനും അദ്ദേഹം നിയുക്തനായപ്പോൾ ക്രിസ്തുദര്‍ശനങ്ങളുടെ ഉറപ്പുള്ള പാറയില്‍ അടിസ്ഥാനമിട്ട ജോസഫ് അലോഷ്യസ് റാറ്റ്സിംഗര്‍ എന്ന യുവാവിന്‍റെ ക്രിസ്ത്വാനുകരണ ജീവിതത്തിനു ലഭിച്ച അംഗീകാരംകൂടിയായിരുന്നു ആ സ്ഥാനം. ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന തീവ്രമായ മതനിരാസവും ആധുനിക ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ വിപ്ലവകരമായ മുന്നേറ്റങ്ങളുടെ പരിണിതഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദൈവനിരാസവുമെല്ലാം ക്രൈസ്തവവിശ്വാസത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയ കാലഘട്ടത്തില്‍, ഓരോ സാധാരണ വിശ്വാസിയെയും മനസ്സില്‍ കണ്ടുകൊണ്ട് ക്രിസ്തുവിശ്വാസത്തെ കാലാതിവര്‍ത്തിയായി വ്യാഖ്യാനിക്കാന്‍ കാര്‍ഡിനല്‍ റാറ്റ്സിംഗര്‍ക്ക് കഴിഞ്ഞു. സഭയില്‍ വരുത്തുന്ന നവീകരണ ആശയങ്ങളുടെ മാനദണ്ഡം ക്രിസ്തുകേന്ദ്രീകൃതമായിരിക്കണമെന്നും അതിന്‍റെ വിഷയം വിശ്വാസികളെയും അവര്‍ കടന്നുപോകുന്ന വർത്തമാനകാലത്തെയും അതില്‍ അവര്‍ നേരിടുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെയും മുൻകണ്ടായിരിക്കണമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഓരോ സാധാരണ വിശ്വാസിയുടെയും ജീവിതത്തെ അപ്രകാരംതന്നെ കണക്കിലെടുത്തുകൊണ്ടു വേണം സഭയുടെ നവീകരണശ്രമങ്ങളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നതായി Ratzinger’s Faith: The Theology of Pope Benedict XVI എന്ന ഗ്രന്ഥത്തില്‍ (പേജ് 31) Tracey Rowland വ്യക്തമാക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അവതരിപ്പിച്ച നവീകരണചിന്തകളെ വിശ്വാസികളുടെ പക്ഷത്തുനിന്നു നോക്കിക്കാണുവാനാണ് ബനഡിക്ട് പാപ്പാ ശ്രമിച്ചത്.

അഗസ്റ്റിനും അക്വീനാസും ഉയര്‍ത്തിയ ആത്മീയദര്‍ശനങ്ങളുടെ ഓരംചേര്‍ന്ന് സഞ്ചരിക്കുമ്പോഴും സാധാരണക്കാരന്‍റെ വിശ്വാസം തന്നില്‍ നിലനിര്‍ത്തിയ മാര്‍പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമന്‍. യൂറോപ്യന്‍ ചിന്താമണ്ഡലത്തിലെ അതികായന്മാര്‍ക്കൊപ്പം വേദിപങ്കിടുമ്പോഴും സാധാരണ വിശ്വാസികളെ ഹൃദയത്തില്‍ കണ്ടുകൊണ്ട്, അവരോടൊപ്പം ക്രിസ്തുവിനെ ദര്‍ശിച്ച്, അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ക്രിസ്തുവിനെ വിശദീകരിക്കാനും തയ്യാറായി എന്നതാണ് ഒരു സാധാരണ വിശ്വാസി എന്ന നിലയിൽ ബനഡിക്ട് പാപ്പായില്‍ ഞാൻ കാണുന്ന മഹത്വം. നസറത്തിലെ ക്രിസ്തുവിന്‍റെ കുട്ടിക്കാലത്തെക്കുറിച്ചും സ്നാനം മുതല്‍ രൂപാന്തരീകരണം വരെയുള്ള നസറായന്‍റെ ജീവിതത്തെക്കുറിച്ചും ജറുസലേം പ്രവേശനം മുതല്‍ ഉയിര്‍പ്പുവരെയുമുള്ള ഘട്ടങ്ങളില്‍ ദൈവപുത്രന്‍ കടന്നുപോയ രക്ഷാകരസംഭവങ്ങളെക്കുറിച്ചും സുവിശേഷ വിവരണങ്ങളെ കോര്‍ത്തിണക്കി മൂന്നു വാല്യങ്ങളിലായി അദ്ദേഹം ക്രിസ്തുവിനെ പകർത്തിയെഴുതി. മുന്‍ഗാമികളുടെ വചനവ്യാഖ്യാനങ്ങളും തന്‍റെ സമകാലികരുടെ പഠനങ്ങളെയും ഉള്‍പ്പെടുത്തി സുവിശേഷങ്ങളിലെ ക്രിസ്തുവിലൂടെയുള്ള തീർത്ഥാടനമാണ് ബനഡിക്ട് പാപ്പായുടെ ഈ ഗ്രന്ഥങ്ങൾ.

സഭയുടെ അപ്പൊസ്തോലിക പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരനും വിശ്വാസസംരക്ഷകനുമായിരിക്കുമ്പോഴും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവച്ച പുത്തന്‍ പ്രബോധനങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ ശബ്ദം കേള്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പിന്‍ഗാമിയായി സഭയുടെ യാഥാസ്ഥിതിക പ്രബോധനങ്ങളോടു ചേര്‍ന്നു നില്‍ക്കുമ്പോഴും രണ്ടാം വത്തിക്കന്‍ കൗണ്‍സിലില്‍ പകരപ്പെട്ട പരിശുദ്ധാത്മ ശബ്ദത്തിന് യോഗ്യമായവിധം ആധുനികലോകക്രമത്തില്‍ ക്രൈസ്തവികതയെ അദ്ദേഹം വ്യാഖ്യാനിച്ചു. നൂറ്റാണ്ടുകളായുള്ള സഭയുടെ ഓര്‍മ്മകളാണ് പാരമ്പര്യങ്ങളുടെ അടിസ്ഥാനമെന്നും ഈ ഓര്‍മ്മകളുടെ സംയുക്തമാണ് സഭയുടെ ചരിത്രമെന്നും Principles of Catholic Theology എന്ന ഗ്രന്ഥത്തിൽ അദ്ദേഹം കുറിച്ചു (Christian faith, by its very nature, includes the act of remembering, and the seat of all faith is the “memoria Ecclasiae” the memory of the Church, the Church as memory). ഓര്‍മ്മകളുടെ കേദാരമായ സഭ അപ്പൊസ്തോലികതയെയും ആധുനികതയെയും ഒരുപോലെ ഉള്‍ക്കൊണ്ടുവേണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ കടന്നുപോകാന്‍ എന്ന ദര്‍ശനത്തിന് ഉടമയായിരുന്നു ബനഡിക്ട് പാപ്പാ.

നവീകരണത്തിന്‍റെ ദ്വിമാനങ്ങളില്‍ അതിന്‍റെ സൂചകം (Point of reference) വര്‍ത്തമാനകാല മനുഷ്യനാണെങ്കില്‍ അതിന്‍റെ അളവുകോല്‍ (measure), തിരുവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നതുപോലെ, ക്രിസ്തുവാണ് എന്നുള്ള പാപ്പായുടെ ബോധ്യം തൻ്റെ അന്തിമനാഴിക വരെയും അദ്ദേഹത്തില്‍ നിറഞ്ഞിരുന്നു. “ഈ കാണുന്നവയെക്കാളെല്ലാം അധികമായി നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്ന മഹാഇടയന്‍റെ ശബ്ദത്തിന് പ്രത്യുത്തരമായിരുന്നു ബനഡിക്ട് പാപ്പായുടെ കർമ്മമണ്ഡലം. മഹായിടയനായ ക്രിസ്തുവിനെ മുഖാമുഖം കണ്ടുമുട്ടുവാന്‍ തീക്ഷ്ണമായി ആഗ്രഹിക്കുന്ന ഒരു വിനീതദാസൻ്റെ മനസ്സായിരുന്നു തൻ്റെ ശുശ്രൂഷാകാലഘട്ടം മുഴുവന്‍ അദ്ദേഹം കാത്തുസൂക്ഷിച്ചത്.

ക്രൈസ്തവികതയുടെ ഭാഗമായി ഇന്ന് കാണപ്പെടുന്ന നാനാവിധ തത്വദര്‍ശനങ്ങളും ചിന്താധാരകളും അതിനുവേണ്ടിയുള്ള ജീവിതസമര്‍പ്പണവും… എല്ലാമെല്ലാം ക്രിസ്തുകേന്ദ്രീകൃതമായിരിക്കണമെന്നും യേശുക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ നിന്നായിരിക്കണം എല്ലാ ശുശ്രൂഷകളും ആരംഭിക്കുകയും പര്യവസാനിക്കുകയും ചെയ്യേണ്ടത് എന്നുമുള്ള മഹത്തായ സന്ദേശമായിരുന്നു ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതം. ക്രിസ്തുവിനെ സ്നേഹിക്കാതെ സഭാശുശ്രൂഷയെ കാണുന്നവർക്കുമേൽ നിപതിക്കുന്ന ഭവിഷ്യത്ത് (1 കോറി 16:22) മനസ്സിലാക്കിക്കൊണ്ട് ഇടയശുശ്രൂഷയിൽ പങ്കാളികളായവർക്ക് അദ്ദേഹം മുന്നറിയിപ്പു നൽകി.

ബനഡിക്ട് പതിനാറാമൻ പാപ്പായുടെ അജപാലന മികവും കാർഡിനൽ റാറ്റ്സിംഗറുടെ ചിന്തകളും ഒരുപോലെ മഹത്തരമായിരുന്നു. ആ ചിന്തകളെ മനനം ചെയ്ത് ക്രിസ്തീയതയുടെ ആത്മീയ സൗന്ദര്യത്തിൽ ആകൃഷ്ടരായി, അദ്ദേഹം അവശേഷിപ്പിച്ച കാലടികളിലൂടെ ക്രിസ്തുവിനെ പിൻറ്റാൻ അനേകായിരങ്ങൾ സഭയിൽ എഴുന്നേൽക്കുമെന്ന് പ്രത്യാശിക്കുന്നു.നിത്യവിശ്രമത്തിനായി ക്രിസ്തുവില്‍ മറഞ്ഞ പരിശുദ്ധപിതാവിന്‍റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്