ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ സമ്പത്ത് നേടുകയും അതിന്റെ ഒരു ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുക എന്നത് തികച്ചും യുക്തമായ കാര്യമാണ്. എന്നാൽ പലപ്പോഴും പണത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ദൈവത്തെയും, സഹോദരരെയും മറക്കുന്നു. ദ്രവ്യാഗ്രഹം എന്ന മൂലപാപത്തിന്റെ പിടിയിലാണ് ലോകമിന്ന്. ഏതുവിധേനയും ആകുന്നത്ര സമ്പാദിക്കണം എന്നതാണ് ഇന്നത്തെ ലോകത്തിന്റെ ചിന്താഗതി.

ധനത്തിനു പിന്നാലെ പരക്കം പയുന്നവർ പലപ്പോഴും തങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കുന്നത്, എല്ലാക്കാലവും ഇതുപോലെ സമ്പാദിക്കാൻ കഴിഞ്ഞെന്നു വരികയില്ല; ഇപ്പോൾ എങ്ങനെയും ധനം സമ്പാദിക്കാം, ആവശ്യത്തിന് ധനമായി കഴിയുമ്പോൾ പിന്നെ വേണമെങ്കിൽ കുറെയൊക്കെ എന്തെങ്കിലും സൽപ്രവർത്തികൾക്ക് ചിലവഴിക്കാം, എന്നാണ്. പക്ഷേ, ആ ചിന്താഗതിയിലെ ഭോഷത്തം തുറന്നുകാട്ടി ഈശോ നമ്മെ ഓർമ്മിപ്പിക്കുകയാണ്, നമ്മുടെ അന്ത്യം എപ്പോഴെത്തുമെന്നത് നമുക്ക് അജ്ഞാതമാണ്. “മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കർത്താവിന്റേതത്രേ (സുഭാഷിതങ്ങൾ 16:1). തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യങ്ങൾക്ക് മാത്രമേ നിങ്ങളിന്നു പ്രാധാന്യം കൊടുക്കുന്നുള്ളോ? അവർക്ക് ദൈവസന്നിധിയിൽ നിക്ഷേപമുണ്ടായിരിക്കുകയില്ല.

നമുക്കാവശ്യമുള്ളതെല്ലാം തരാൻ കഴിവുള്ള ദൈവീക പരിപാലനയിൽ അഭയം തേടാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു. ദൈവപരിപാലന എന്നാൽ നമുക്കാവശ്യമുള്ളതെല്ലാം സ്വർഗ്ഗത്തിൽനിന്നും നേരിട്ടു ലഭിക്കുക എന്നല്ല. യുക്തിക്ക് അതീതമായി സ്വർഗ്ഗത്തിൽനിന്നും നേരിട്ടു ലഭിക്കുന്ന അനുഗ്രഹങ്ങളെ പരിപാലന എന്നല്ല, അത്ഭുതങ്ങൾ എന്നാണു വിളിക്കുന്നത്‌. ദൈവപരിപാലന നമ്മിലേക്കെത്തുന്നത് മറ്റു മാധ്യമങ്ങളിലൂടെയാണ്. നമ്മുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ബുദ്ധിയും കഴിവും ജോലിയും ആരോഗ്യവുമൊക്കെ ദൈവത്തിന്റെ പരിപാലന നമ്മിലേക്കെത്തിക്കുന്ന വിവിധ മാർഗ്ഗങ്ങളാണ്. സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി ധനം സമ്പാദിക്കുന്ന ധനികൻ തീർച്ചയായും ഭോഷൻ തന്നെയാണ് ആയതിനാൽ നമ്മൾക്ക് വിവേകത്തോടെ ധനം സമ്പാദിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്