“ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല” (പുറ 6 : 9). നിങ്ങളുടെ നൊമ്പരങ്ങൾ ഒന്നും കാണാതെ ദൈവം ഏതോ ഒരു തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയല്ല, അവൻ തീർച്ചയായും ഇടപെടും എന്ന പ്രത്യാശ പകരുന്ന വാക്കുകളുടെ മുന്നിലുള്ള ഇസ്രായേൽ ജനതയുടെ പ്രതികരണമാണ് മുകളിൽ കുറിച്ചിരിക്കുന്നത്. അവർക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല. കാരണം, അവർ അനുഭവിക്കുന്ന വേദന വർണ്ണനാതീതം തന്നെയാണ്.

നൊമ്പരങ്ങൾ ജീവിതത്തിന്റെ സകല മേഖലകളിലേക്കും ഒരു മുൾപ്പടർപ്പ് എന്നപോലെ പടർന്നു കയറുമ്പോൾ പ്രവാചകന്മാരെയും അവരുടെ വാഗ്ദാനങ്ങളെയും ശ്രവിക്കാൻ സാധിക്കില്ല. അവരുടെ വചനങ്ങൾ ശക്തമായിരിക്കാം, പക്ഷെ വേദനകളുടെ മുമ്പിൽ അവയും തോറ്റു പോകും. സഹനം ബധിരരെ സൃഷ്ടിക്കുന്നു.

ബധിരതയുടെ നിരാശാജനകമായ ഒരു രൂപമാണിത്. വേദനകളാണ് അവരുടെ കാതുകളടച്ചത്. ഇനി മറ്റൊരു തരം ബധിരതയുണ്ട്. സങ്കടം പേറുന്നവരുടെ കരച്ചിലുകൾ കേൾക്കാതിരിക്കുന്നതിനായി മാത്രം കാതുകൾ കൊട്ടിയടക്കുന്ന ആത്മീയവും ധാർമികവുമായ സമ്പന്നതയിൽ ജീവിക്കുന്നവരുടെ ബധിരതയാണത്. അവർ പ്രവാചകരെ ആദരിക്കും, പക്ഷെ അവരുടെ ശബ്ദം ശ്രവിക്കില്ല. ദുരിതങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ പൊട്ടനെ പോലെ നടക്കുമവർ. എന്നിട്ട് ഒന്നും അറിയാത്തവരെ പോലെ സുഖസുഷുപ്തിയിൽ ജീവിക്കും. ഇങ്ങനെയുള്ളവർ എല്ലാ മതങ്ങളിലും സമൂഹങ്ങളിലും ഉണ്ട്.

ഈജിപ്തിലെ മഹാമാരികൾ നമുക്ക് നൽകുന്ന ഒരു സന്ദേശം ഉണ്ട്; ജനങ്ങൾ അനുഭവിക്കുന്ന നൊമ്പരങ്ങൾക്ക് ഒരു പരിധിയുണ്ട്. ഒപ്പം നൊമ്പരങ്ങളിൽ പ്രത്യാശയുമായി കടന്നുവരുന്നവരുടെ ഭാഷ യാഥാർത്ഥ്യ ബോധമുള്ളതായിരിക്കണം. കാരണം, വസ്തുതകൾക്കു മാത്രമേ ആഴമായ മുറിവുകളെ അറിയാൻ സാധിക്കു. മുറിവുകളുടെ ഉള്ളിലാണ് പ്രത്യാശയുടെ ഉത്ഭവം. മോശയിലൂടെയുള്ള ദൈവത്തിന്റെ അരുളപ്പാടുകൾ ചരിത്രമാണ്, കാരണം അവ ജനങ്ങളുടെ മാംസത്തിലേക്ക് പോലും തുളഞ്ഞു കയറുന്നുണ്ട്. അവ ഒരേ സമയം മുറിവും ആശ്വാസവുമാകുകയാണ്. ചരിത്രത്തിൽ വചനം ഇങ്ങനെയും മാംസമായി മാറിയിട്ടുണ്ട് എന്നതിന്റെ തെളിവാണത്. വചനത്തിന്റെ ഇങ്ങനെയുള്ള മാംസാവതാരങ്ങൾ ഇന്നും സംഭവിക്കുന്നുമുണ്ട്. സങ്കട നിമിഷങ്ങളിൽ വാക്കുകൾ മൂർത്തരൂപം പ്രാപിക്കും. അപ്പോൾ ഒരു തഴുകലായി, ലാളനയായി ആശുപത്രികളുടെ ഇടനാഴിയിലും ആശിർവാദമായി ദേവാലയങ്ങളിലും ക്ഷമയുടെ കൈകൂപ്പലായി നമ്മുടെ ഭവനങ്ങളിലും അവതരിക്കും. ഇതുതന്നെയാണ് മനുഷ്യ നൊമ്പരത്തിന്റെ അന്തസ്സും. കാരണം, വാക്കുകളെക്കാൾ ശക്തമാണ് നമ്മളനുഭവിക്കുന്ന വേദനകൾ.

വേദനകളുടെ ഇരുളറകളിൽ കിടന്ന ഇസ്രായേൽ ജനത ആദ്യം കണ്ട വെളിച്ചം മങ്ങിയതാണെങ്കിലും നിഴലുകളെ തകർക്കാൻ അത് മതിയായിരുന്നു. പറഞ്ഞുവരുന്നത് മഹാമാരികളെ കുറിച്ചാണ്. മഹാമാരികൾ ഒരു ദൈവീക വിരോധാഭാസമാണ്. ആ വിരോധാഭാസത്തിനുള്ളിൽ അവർ പ്രത്യാശയും വിശ്വാസവും ദർശിക്കുന്നു. ആരുടെയോ ജീവിതത്തിലേക്ക് കടന്നുവരുന്ന “മഹാമാരികൾ” കാണുമ്പോൾ നമ്മിലെ പ്രത്യാശ ഉയിർത്തെഴുന്നേൽക്കുന്നു. സഹജരുടെ നൊമ്പരങ്ങൾ കണ്ട് ജാഗരൂകരാകുന്ന ഒരു മനസ്സ്. അപ്പോൾ ഒരു കിരണം നമ്മൾ ദർശിക്കും. ചെവികൾ തുറന്നു പിടിക്കും, വിമോചനത്തിന്റെ ഒരു എഫ്ഫാത്ത അനുഭവത്തിനായി.

ഉയിർപ്പനുഭവത്തിന്റെ തുടക്കമാണ് മഹാമാരികൾ. ചെങ്കടൽ കടക്കുന്നതിന്റെ ഒരുക്കം മാത്രമാണവ. പുറപ്പാടിൽ പത്ത് മാരികളുടെ വിവരണങ്ങളുണ്ട്. അവയുടെ വികാസത്തിൽ പ്രബലമായ ഒരു ചലനാത്മകതയുണ്ട്. ഏതെങ്കിലും ഒരു മഹാമാരി സംഭവിക്കുമ്പോൾ ജനങ്ങളെ സ്വതന്ത്രരാക്കാമെന്ന് ഫറവോ മോശയ്ക്ക് ഉറപ്പുനൽകുന്നു, മോശ അവന്റെ വാക്കുകളെ വിശ്വസിക്കുകയും മഹാമാരി നിർത്താൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. മഹാമാരി നിന്ന് കഴിയുമ്പോൾ ഫറവോയുടെ ഹൃദയം കഠിനമാകുകയും അവൻ നൽകിയ ഉറപ്പ് തിരികെ എടുക്കുകയും ചെയ്യുന്നു. സന്ദേശം വളരെ വ്യക്തമാണ്: ഭരണകൂടങ്ങളെയും ഫറവോമാരെയും മാറ്റാൻ സാധിക്കില്ല. അവരുടെ വാഗ്ദാനങ്ങൾ വെറും വാചകമടി മാത്രമാണ്. അവരുടെ ഏക താല്പര്യം സ്വയം ഒരു വിഗ്രഹമാകാനും പിരമിഡുകൾ കെട്ടിപ്പൊക്കാനും മാത്രമാണ്. ജനങ്ങളുടെ യാതനകൾ അവർക്കൊരു വിഷയമേയല്ല.

ദൈവം അത്ഭുതങ്ങളിലൂടെ ആദ്യം ഇടപെടുമ്പോൾ ഈജിപ്തിലെ മന്ത്രവാദികളും അതേ പ്രവർത്തികൾ ആവർത്തിക്കുന്നുണ്ട് (7: 8-13). അടയാളങ്ങളെ ദൈവം ഇല്ലാതെയും വ്യാഖ്യാനിക്കാമെന്ന് അവർ തെളിയിക്കുന്നു. പക്ഷേ മൂന്നാമത്തെ മാരിയുടെ മുന്നിൽ അവർ തോൽവി സമ്മതിക്കുന്നു: “മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ പേന്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല” (8:18). ആറാമത്തെ മാരിയിൽ അവർ തീർത്തും ഇല്ലാതാകുന്നുണ്ട്: “എല്ലാ ഈജിപ്‌തുകാരോടുമൊപ്പം മന്ത്രവാദികളെയും വ്രണങ്ങള്‍ ബാധിച്ചതിനാല്‍ മന്ത്രവാദികള്‍ക്കു മോശയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല” (9:11).

ഭരണകൂടങ്ങൾ ചാഞ്ചാടാൻ തുടങ്ങുമ്പോൾ ഭരണാധികാരികൾ മന്ത്രവാദികളെയും വെളിച്ചപ്പാടുകളെയും ജ്യോത്സ്യരെയും വിളിക്കും. അവർ അവരിൽ നിന്നും തങ്ങളുടെ ഭരണപരിധിയിലെ ജനങ്ങളുടെ നൊമ്പര വിശേഷങ്ങൾ ചോദിച്ചറിയും. അവയെക്കുറിച്ച് ആകുലപ്പെടുന്നതിനല്ല, തന്ത്രപരമായി അവരുടെ യുക്തിയിൽ വിശദീകരിക്കപ്പെടാനാണ്. എത്രയോ വർഷങ്ങളായി ചുറ്റിനും നടക്കുന്ന മഹാമാരികളുടെയും യാതനകളുടെയും മുൻപിൽ നിന്നുകൊണ്ട് നമ്മുടെ ഭരണാധികാരികൾ ചില “മന്ത്രവാദികളുടെ” വാക്കുകളെ വിശ്വസിച്ചു സാധാരണ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നത്. ഭരണാധികാരികൾക്ക് ചുറ്റും ഉപദേശകവൃന്ദങ്ങളുണ്ട്. അവരെല്ലാവരും ഇപ്പോൾ ഈജിപ്തിലെ ഉപജാപകരെ പോലെയാണ്. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ തലത്തിൽ നാട് നശിച്ചുകൊണ്ടിരിക്കുന്നത് ഇവർ കാണുന്നില്ല. ഭരണകൂടത്തിന്റെ ഈ മന്ത്രവാദികൾ നിരന്തരം ശ്രമിക്കുന്നത് തെളിവുകൾ നിഷേധിക്കുന്നതിന് മാത്രമാണ്. ഇതെല്ലാം സ്വാഭാവികമാണെന്നാണ് അവർ വാദിക്കുന്നത്. അങ്ങനെ വാദിക്കുമ്പോഴും മഹാമാരി നിമിത്തമുള്ള വ്രണങ്ങള്‍ അവരിലുമുണ്ട് എന്ന് അവർ ഓർക്കുന്നില്ല. നോക്കുക, മഹാമാരികൾ വളരുകയാണ്, രാജ്യം തകരുകയും ചെയ്യുന്നു.

നമ്മുടെ സാമ്പത്തിക വ്യവസ്ഥ പാരിസ്ഥിതിക, കാലാവസ്ഥ പ്രശ്നങ്ങളുമായി ആഴത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു യാഥാർത്ഥ്യമാണ്. പുറപ്പാടിലെ മഹാമാരികളുടെ കാഴ്ചപ്പാടിൽ അത് “തവളകളുടെ ബാധയുടെ” ഘട്ടത്തിലാണ് (plague of the frogs). അതായത് തകർച്ചയിലേക്കുള്ള ആദ്യഘട്ടം മാത്രം. രാജ്യത്ത് സംഭവിക്കുന്നത് യഥാർത്ഥത്തിൽ പുതിയതല്ലെന്ന് മന്ത്രവാദികൾ ഫറവോയെ ബോധ്യപ്പെടുത്തുന്നുണ്ട്. പക്ഷെ അടുത്ത ബാധയ്ക്കുള്ള സൂചന ഇവിടെയുണ്ടെന്ന കാര്യം അവർ കാണുന്നില്ല. നമ്മളും ഇപ്പോൾ ഫറവോയെ പോലെയാണ്. ഒന്നോ രണ്ടോ മഹാമാരിയോ പ്രളയമോ വന്നാൽ പോലും നമ്മൾ പഠിക്കില്ല. പത്താമത്തെ ബാധയായ ആദ്യജാതന്റെ മരണം വരെ കാത്തിരിക്കും. എന്നിട്ട് നമ്മൾ ദരിദ്രർക്ക് നീതി നൽകും.

പുറപ്പാട് പുസ്തകത്തിലെ സങ്കീർണ്ണവും അവിശ്വസനീയവുമായ മഹാമാരികളുടെ ചരിത്രസംഭവം പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. യാതനകൾ അനുഭവിക്കുന്ന ഒരു ജനതയും അടിച്ചമർത്തുന്ന ഒരു ഭരണാധികാരിയും തമ്മിലുള്ള സംഘർഷത്തെ എങ്ങനെ പരിഹരിക്കാമെന്ന് പഠിപ്പിക്കുന്നുണ്ട്. ഈ രണ്ടു കക്ഷികളുടെയും സ്വഭാവവും യുക്തിയും വ്യത്യസ്തമാകുകയും ചർച്ചകൾ അസാധ്യമാകുകയും ചെയ്താൽ നൊമ്പരം അനുഭവിക്കുന്നവർക്കുള്ള ഏക സാധ്യത പലായനം മാത്രമാണെന്നും പഠിപ്പിക്കുന്നുണ്ട്. ജീവൻ നിലനിർത്താനുള്ള ഏക മാർഗമാണത്.

ഇങ്ങനെയുള്ള ഭരണാധികാരികളുടെ മുമ്പിൽ ചർച്ചയ്ക്ക് വലിയ പ്രാധാന്യമില്ല. നാടുവിടുക മാത്രമാണ് ഏക രക്ഷ. ഇനി അഥവാ നിവർത്തിയില്ലാതെ ആരെങ്കിലും ഒത്തുതീർപ്പുകൾക്ക് ശ്രമിച്ചാൽ അവരെ ഈ ഭരണാധികാരികൾ അടിമകളുടെ മേലധികാരിയായി നിയമിക്കും. ചില സാമ്രാജ്യങ്ങളുടെ കരാളഹസ്തങ്ങളിൽ നിന്നും സ്വയം മോചിതരാകാൻ നമുക്ക് സാധിക്കില്ല. കാരണം, അവർ എന്താണെന്ന് നമ്മൾ തിരിച്ചറിയുന്നില്ല. അവരുടെ യുക്തിക്കനുസരിച്ച് നമ്മൾ ചർച്ചകളിൽ ഏർപ്പെടുന്നു. അവരിൽ നിന്നും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നു. അങ്ങനെ നമ്മൾ മോചനമില്ലാത്ത അടിമകളായി മാറുന്നു.

എല്ലാ തലമുറയും വായിക്കേണ്ട പുസ്തകമാണ് പുറപ്പാട് പുസ്തകം. നമ്മെ ഭരിക്കുന്ന ഫറവോമാരെ അഭിമുഖീകരിക്കാനും നമ്മുടെ അടിമത്തത്തെ അതിജീവിക്കാനും വിമോചനത്തിനായി കാംക്ഷിക്കാനും നമ്മുടെ കാലഘട്ടത്തിലെ ബാധകളെ തിരിച്ചറിയാനും അടിച്ചമർത്തുന്നവരുടെ നാടുവിട്ട് സാഹോദര്യത്തിന്റെയും നീതിയുടെയും പുതിയ ദേശത്തേക്ക് നീങ്ങാനുള്ള പ്രചോദനത്തിനായി ഈ പുസ്തകം വായിക്കണം.

സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ ഏതു പാതയ്ക്ക് പിന്നിലും “ഈജിപ്തിലെ മഹാമാരികളുടെ” നിമിഷങ്ങൾ എപ്പോഴുമുണ്ട്. ഹൃദയം കഠിനമാക്കിയ ഫറവോമാർ ഭരിക്കുന്ന ഒരു നാടും പിന്നിലുണ്ട്. കാലത്തിന്റെ അടയാളം തിരിച്ചറിയാൻ സാധിക്കാത്തവരാണ് ഫറവോമാർ. അങ്ങനെയുള്ളവർ “മന്ത്രവാദികളിൽ” ആശ്രയിക്കും.

നന്മ ചെയ്യാൻ വിമുഖത കാണിക്കും. ഭരിക്കുന്നവർ നന്മയിൽ നിന്നും അകലുകയാണെങ്കിൽ യാതന അനുഭവിക്കുന്ന ജനതയുടെ ഏക രക്ഷ പലായനം മാത്രമാണ്. അത് നമ്മുടെ നാട്ടിൽ നിന്നും എപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

/// ഫാ .മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്