ത്രിത്വാരാധനയുടെ അത്യുംഗങ്ങളിലേക്കും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ആഴങ്ങളിലേക്കും വിശ്വാസിയെ നയിക്കുന്ന പൗരസ്ത്യ ക്രൈസ്തവ വിശ്വാസബോധ്യങ്ങളാല്‍ സമ്പുഷ്ടമാണ് സീറോമലബാര്‍ സഭയില്‍ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന.

ആദിമസഭമുതല്‍ പൗരാണിക ബൈസാന്‍റിയന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ മനനങ്ങളിലും ആത്മീയദര്‍ശനങ്ങളിലും വിരചിതമായ ക്രിസ്തുവിജ്ഞാനീത്തിന്‍റെയും ത്രിത്വാവബോധത്തിന്‍റെയും നേര്‍ചിത്രമാണ് പുതിയ തക്സായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ തെയദോറിന്‍റെ (എ.ഡി 350-428) അനാഫെറയിലും (രണ്ടാം കൂദാശാ ക്രമം) മാര്‍ നെസ്തോറിയസിന്‍റെ (മൂന്നാം കൂദാശക്രമം) അനാഫെറയിലും ഉള്ളത്.

മാര്‍ അദ്ദായി മാര്‍ മാറി അനാഫെറകള്‍ മാത്രമായി ശുഷ്കിച്ചുപോയിരുന്ന സീറോമലബാര്‍ സഭയുടെ ആരാധനക്രമം പൗരാണികതയിലേക്കും പാരമ്പര്യബോധനങ്ങളിലേക്കുമാണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്. ക്രിസ്തുവിജ്ഞാനീയ സംബന്ധിയായി പരിമിതപ്പെട്ടുനില്‍ക്കുന്ന മാര്‍ അദ്ദായി മാര്‍ മാറി അനാഫെറ, സഭയുടെ വിശ്വാസബോധ്യങ്ങളെ ഏറെ ദുര്‍ബലമാക്കിയിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. സുറിയാനി സഭകളുടെ പൗരാണിക ആരാധനാരീതികളിലേക്കു സീറോമലബാര്‍ സഭ മടങ്ങുമ്പോള്‍ അത് ക്രിസ്തുവിജ്ഞാനീയം, ത്രിത്വാവബോധം എന്നീ വിഷയങ്ങളില്‍ പുതിയ തലമുറ നേരിടുന്ന പല ദൈവശാസ്ത്ര വെല്ലുവിളികളും നേരിടാന്‍ അവരെ ശക്തരാക്കും എന്നതില്‍ സംശയമില്ല.

വിശുദ്ധകുര്‍ബാനയുടെ മര്‍മ്മപ്രധാനമായ ഭാഗമാണ് “അനാഫെറ”യില്‍ വെളിപ്പെടുത്തുന്നത്. ഈശോമശിഹായുടെ അന്ത്യത്താഴവേള തീവ്രതയോടെ വിവരിക്കുന്നതും അപ്പവീഞ്ഞുകളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിക്കൊണ്ട്, ദൈവാത്മാവിന്‍റെ സന്നിവേശത്തിലൂടെ അവ ദൈവപുത്രന്‍റെ ശരീരവും രക്തവുമായി മാറുകയും ചെയ്യുന്ന വിശ്വാസബോധ്യങ്ങളെല്ലാം സ്ഥാപിതമാകുന്നത് അനാഫെറയിലാണ്. ദൈവപുത്രന്‍റെ കാല്‍വരിയാഗത്തിന്‍റെ സ്മരണ നിറഞ്ഞുനില്‍ക്കുന്ന യാഗസംബന്ധിയായ എല്ലാ വിശ്വാസവിഷയങ്ങളെയും ഈ ഭാഗത്താണ് അനുസ്മരിക്കുന്നത്. “ഉയര്‍ത്തല്‍” എന്ന അര്‍ത്ഥത്തില്‍ അനാഫെറ എന്ന് ഗ്രീക്ക് പദം, ഗ്രീക്ക് സ്വാധീനമുള്ള കിഴക്കന്‍ സുറിയാനി സമൂഹമാണ് പൊതുവെ ഉപയോഗിക്കുന്നത്. “കൂദാശ”യെന്ന് (പവിത്രീകരണം) സുറിയാനിയിലും “കാനന്‍ ” അഥവാ യൂക്കരിസ്റ്റിക് പ്രെയര്‍ എന്ന് ലത്തീന്‍ സഭയും ഈ ആരാധനാവേളകളെ വിളിക്കുന്നു.

പൗരസ്ത്യ സുറിയാനി സഭയില്‍ പരമ്പരാഗതമായി മൂന്നു രീതിയിലുള്ള അനാഫെറകളാണുള്ളത്. അവയാണ് മാര്‍ അദ്ദായി മാര്‍ മാറി അനാഫെറ, മാര്‍ തെയദോര്‍ അനാഫെറ, മാര്‍ നെസ്തോറിയസ് അനാഫെറ എന്നിവ. ഇവയില്‍ മാര്‍ തെയദോര്‍, മാര്‍ നെസ്തോറിയസ് അനാഫെറകള്‍ ഗ്രീക്കില്‍ എഴുതിയവയും സുറിയാനിയിലേക്ക് മൊഴിമാറ്റം നടത്തിയവയുമാണെന്നാണ് കിഴക്കന്‍ സഭകളുടെ ആത്മീയവിഷയങ്ങളെ ഏറെ പഠനവിധേയമാക്കിയിട്ടുള്ള അന്തോനി ഗെല്‍സ്റ്റണ്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (The origin of the Anaphora of Nestorius: Greek or Syriac ? Page 74, A Gelston, Department of Theology, University of Durham, England)

ഭാരതത്തിലെ സുറിയാനി സഭകള്‍ ലത്തീന്‍ ഭരണത്തിന്‍ കീഴിലായതോടെ നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നരുന്ന മാര്‍ തെയദോര്‍, മാര്‍ നെസ്തോറിയസ് അനാഫെറകളെ ഒഴിവാക്കി, മാര്‍ മാറി മാര്‍ അദ്ദായി അനാഫെറകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് 1599ലെ ഉദയംപേരൂര്‍ സൂന്നഹദോസില്‍ തീരുമാനമുണ്ടായി. എന്നാല്‍ സീറോ മലബാര്‍ സഭയുടെ പൗരാണിക ആരാധാനാ രീതിയില്‍ താല്‍പര്യമുണ്ടായിരുന്ന 12-ാം പീയൂസ് മാര്‍പാപ്പായാണ് 1957ല്‍ പൗരാണിക മാര്‍ തെയദോര്‍ അനാഫെറ, മാര്‍ നെസ്തോറിയസ് അനാഫെറകള്‍ ഉള്‍പ്പെടുത്തിയുള്ള ആരാധനാ രീതികള്‍ സീറോമലബാര്‍ സഭയില്‍ പുനഃരുത്ഥരിക്കണം എന്ന് ആവശ്യപ്പെട്ടത്. പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള തിരുസ്സംഘം 1962, 1969, 1983 വര്‍ഷങ്ങളില്‍ ഈ ആരാധനാ ക്രമങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2013ല്‍ മാര്‍ തെയദോറിന്‍റെയും 2018ല്‍ മാര്‍ നെസ്തൊറിയസിന്‍റെയും അനാഫെറകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ സീറോമലബാര്‍ സിനഡില്‍ തീരുമാനമുണ്ടായി.

പൗരസ്ത്യ പാരമ്പര്യമനുസരിച്ച് മാര്‍ തെയദോറിന്‍റെ അനാഫെറ മംഗളവാര്‍ത്ത കാലം മുതല്‍ ഓശന ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മാര്‍ നെസ്തോറിയസിന്‍റെ അനാഫെറ, ദനഹാക്കാലം, സ്നാപകയോഹന്നാന്‍റെ ഓര്‍മ്മത്തിരുന്നാള്‍, ഗ്രീക്ക് സഭാപിതാക്കന്മാരുടെ ഓര്‍മ്മദിനം, മൂന്നു നോമ്പിന്‍റെ ബുധനാഴ്ച, പെസഹാ വ്യാഴാഴ്ച എന്നിങ്ങനെയുള്ള ദിവസങ്ങളിലുമാണ് ഉപയോഗിക്കുന്നത്. ഉയിര്‍പ്പുതിരുന്നാള്‍ മുതല്‍ പള്ളിക്കൂദാശാ കാലം വരെയുള്ള ദിവസങ്ങളിലാണ് മാര്‍ അദ്ദായി മാര്‍ മാറിയുടെ പേരിലുള്ള അനാഫെറ ഉപയോഗിക്കുന്നത് (The origin of the Anaphora of Nestorius: Greek or Syriac ? Page 75, A Gelston).

മാര്‍ തെയദോര്‍ (രണ്ടാം കൂദാശക്രമം), മാര്‍ നെസ്തോറിയസ് (മൂന്നാം കൂദാശക്രമം) അനാഫെറകളേക്കാള്‍ കുറഞ്ഞ സമയത്തില്‍ പ്രാര്‍ത്ഥിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്നതാണ് മാര്‍ അദ്ദായി മാര്‍ മാറി അനാഫെറയുടെ (ഒന്നാം കൂദാശാക്രമം) പ്രത്യേകത. കുറഞ്ഞ സമയത്തിനുള്ളില്‍ വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കുക എന്ന ലാറ്റിന്‍ ശൈലി സീറോമലബാര്‍ സഭയിലും ആവിഷ്കരിച്ചതാണ് അര്‍ത്ഥസമ്പുഷ്ടമായ രണ്ട്, മൂന്ന് കൂദാശക്രമങ്ങളെ ഒഴിവാക്കാന്‍ ഒരു കാരണമായത്. കൂടാതെ, കിഴക്കന്‍ സഭകളുടെ അപ്പൊസ്തൊലിക പാരമ്പര്യത്തിനുമേല്‍ പടിഞ്ഞാറന്‍ സഭയുടെ അധിനിവേശ തല്‍പ്പരതയും ഈ തീരുമാനത്തിനു പിന്നില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്ന പുതിയ കുര്‍ബാനക്രമത്തില്‍ രണ്ട്, മൂന്ന് കൂദാശക്രമങ്ങളെ ലഘൂകരിച്ച് ചൊല്ലുവാനും വൈദികര്‍ക്ക് അവസരം നല്‍കുന്നുണ്ട്.

മൂന്ന് കൂദാശാക്രമങ്ങളിലുമായി ത്രിത്വജ്ഞാനം (രണ്ടാം പ്രമാണജപം), ക്രിസ്തുവിജ്ഞാനീയം (മൂന്നാം പ്രമാണജപം), അപ്പവീഞ്ഞുകള്‍ക്കുമേലുള്ള പരിശുദ്ധാത്മ സാന്നിധ്യത്തിനായുള്ള പ്രാര്‍ത്ഥന (നാലാം പ്രമാണജപം) എന്നിവയില്‍ മാര്‍ അദ്ദായി മാര്‍ മാറി അനാഫെറയെക്കാള്‍ സൂക്ഷ്മതലങ്ങളിലുള്ള വിശദീകരണങ്ങളാണ് രണ്ടും മൂന്നും അനാഫെറകളിലുള്ളത്.

രണ്ടാം പ്രമാണജപം പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുന്ന ഭാഗങ്ങളാണ്. ഇത് മൂന്നു കൂദാശക്രമങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:മാര്‍ അദ്ദായി മാര്‍ മാറി അനാഫെറ: “പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്വിത്വത്തിന്‍റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിലുംനിന്നു സ്തുതിയും എല്ലാ നാവുകളിലും നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിലുംനിന്ന് പുകഴ്ചയും അര്‍ഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് ലോകത്തേയും അതിലുള്ള സകലത്തേയും കനിവോടെ സൃഷ്ടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപകാണിക്കുകയും ചെയ്തു. സ്വര്‍ഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖാമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ട് ആരാധിക്കുന്നു. അഗ്നിമയന്മാരും അരൂപികളുമായ സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേമാരോടും ചേര്‍ന്ന് നാഥനായ അങ്ങേയ്ക്ക് അവര്‍ ആരാധന അര്‍പ്പിക്കുന്നു (പുതിയ കുര്‍ബാന പുസ്തകം പേജ് 75).

മാര്‍ തെയദോറിന്‍റെ അനാഫെറ:”കര്‍ത്താവായ ദൈവമേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയുടെ പരിശുദ്ധനാമത്തെ എന്നും എല്ലായ്പ്പോഴും എവിടെയും ഏറ്റുപറയുകയും ആരാധിക്കുകയും ചെയ്യുക ഉചിതമാകുന്നു. എന്തുകൊണ്ടെന്നാല്‍ ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സൃഷ്ടാവും കര്‍ത്താവും അങ്ങ് ആകുന്നു. അങ്ങയുടെ മഹത്വത്തിന്‍റെ പ്രകാശവും സത്തയുടെ പ്രതിഛായയുമായ ഏകജാതനും ദൈവവുമായ വചനംവഴി ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും അങ്ങ് സൃഷ്ടിച്ചു ക്രമപ്പെടുത്തി. പിതാവായ അങ്ങില്‍നിന്നുള്ളവനും സത്യാത്മാവുമായ പരിശുദ്ധാത്മാവ് സകലസൃഷ്ടികളെയും ശക്തരാക്കുകയും പവിത്രീകരിക്കുകയും അങ്ങയുടെ ആരാധ്യമായ ദൈവത്വത്തിന് സ്തുതികളര്‍പ്പിക്കാന്‍ അര്‍ഹരാക്കുകയും ചെയ്തിരിക്കുന്നു. ത്രിത്വൈകദൈവമേ, അങ്ങയുടെ സന്നിധിയില്‍ ആയിരങ്ങളും പതിനായിരങ്ങളുമായ വാനവഗണങ്ങള്‍ ആനന്ദപൂര്‍വ്വം തിരുനാമം നിരന്തരം പാടിസ്തുതിക്കുന്നു. കര്‍ത്താവേ, തുല്യരും അവിഭാജ്യരുമായ മൂന്നാളുകളായി ഏറ്റുപറയപ്പെടുന്ന അങ്ങയുടെ പരമപരിശുദ്ധിയുടെ മുമ്പാകെ എല്ലാ സ്വര്‍ഗ്ഗീയ ഗണങ്ങളും സദാസ്തുതികള്‍ അര്‍പ്പിക്കുന്നു. അവരോടു ചേര്‍ന്ന് ബലഹീനമായ മര്‍ത്യഗണം പരമോന്നതനായ അങ്ങയെ പാടിസ്തുതിക്കുന്നു”. (പേജ് 129).

മാര്‍ നെസ്തോറിയസിന്‍റെ അനാഫെറ:

“കര്‍ത്താവേ, സര്‍വ്വശക്തനും നിത്യനുമായ ദൈവമേ, സകലത്തെയും പരിപാലിക്കുന്ന പിതാവേ ഞങ്ങള്‍ എല്ലാക്കാലത്തും എല്ലാ നേരത്തും അങ്ങേക്ക് സ്തുതിയും മഹത്വവും ആരാധനയും അര്‍പ്പിക്കുന്നത് ന്യായവും യുക്തവും യോഗ്യവുമാകുന്നു. സൃഷ്ടിക്കപ്പെടാത്തവനും സര്‍വ്വസൃഷ്ടികളുടെയും ഗ്രഹണശക്തിക്ക് അതീതനും സര്‍വ്വവ്യാപിയുമായ സത്യദൈവമേ…. അങ്ങേയ്ക്കും അങ്ങയുടെ ഏകജാതനും അങ്ങയുടെ പരിശുദ്ധാത്മാവിനും ഞങ്ങള്‍ നിരന്തരം സ്തുതിയര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സര്‍വ്വവും അങ്ങയുടെ പ്രവൃത്തിയാകുന്നു. ഇല്ലായ്മയില്‍നിന്ന് അങ്ങ് ഞങ്ങളെ അസ്തിത്വത്തിലേക്ക് ആനയിക്കുകയും എല്ലാം ക്രമപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ ഇടറിവീഴുകയും ക്ഷയിക്കുകയും ചെയ്തപ്പോള്‍ അങ്ങ് ഞങ്ങളെ എഴുന്നേല്‍പ്പിക്കുകയും നവീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്തു. അളവറ്റ കരുതലോടെ ഞങ്ങളെ സന്ദര്‍ശിക്കുന്നതില്‍നിന്ന് അങ്ങ് വിരമിച്ചില്ല. അങ്ങയുടെ കരുണയാല്‍ ഞങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുകയും വരുവാനുള്ള രാജ്യം ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. അങ്ങ് ഞങ്ങളുടെ മേല്‍ ചൊരിഞ്ഞ ഗ്രാഹ്യവും അഗ്രാഹ്യവും രഹസ്യവും പരസ്യവുമായ സകലകൃപാവരങ്ങള്‍ക്കുമായി പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയുന്നു…. എന്‍റെ കര്‍ത്താവേ സകലസൃഷ്ടികളുടെയും അധരങ്ങളും നാവുകളും ഒന്നുചേര്‍ന്നാല്‍പോലും അങ്ങുയെട മഹിമ വര്‍ണിക്കാനാവില്ലെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു” (പേജ് 150,151)

മൂന്നാം പ്രമാണജപത്തില്‍ ക്രിസ്തുവിജ്ഞാനീയം വിവരിക്കുന്നു.

മാര്‍ മാറി മാര്‍ അദ്ദായി: “കര്‍ത്താവേ നന്ദിപ്രകാശിപ്പിക്കാന്‍ കഴിയാത്തവിധം അത്രവലിയ അനുഗ്രഹമാണ് നീ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. നിന്‍റെ ദൈവകജീവനില്‍ ഞങ്ങളെ പങ്കുകാരാക്കാന്‍ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. പാപികളായ ഞങ്ങളെ കടങ്ങള്‍ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്‍കി, ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്‍റെ സമൃദ്ധമായ അനുഗ്രഹത്താല്‍ മഹത്വമണിയിക്കുകയും ചെയ്തു”

മാര്‍ തെയദോര്‍ അനാഫെറ:

”മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി ഏകജാതനും വചനവുമായ ദൈവം അങ്ങയോടുള്ള സമാനത പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ചു. അവിടുന്ന് സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ കന്യകയില്‍ നിന്നു മനുഷ്യത്വം ധരിച്ച്, മര്‍ത്യമായ ശരീരവും അമര്‍ത്യമായ ആത്മാവും സ്വീകരിച്ചു. ലോകസൃഷ്ടിക്കു മുമ്പുതന്നെ അങ്ങയുടെ അനന്തജ്ഞാനത്താല്‍ ഒരുക്കപ്പെട്ടിരുന്ന മഹനീയവും വിസ്മയാവഹവുമായ രക്ഷാപദ്ധതി മുഴുവനും കാലത്തിന്‍റെ തികവില്‍ അവിടുന്നു തന്‍റെ കരങ്ങള്‍വഴി നിറവേറ്റുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. ദൈവത്വത്തിന്‍റെ പൂര്‍ണ്ണതമുഴുവനും അവിടുന്നില്‍ വസിക്കുന്നു. അവിടുന്ന് സഭയുടെ ശിരസ്സും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാകുന്നു. സകലത്തിന്‍റെയും പൂര്‍ത്തീകരണവും സകലവും പൂര്‍ത്തിയാക്കുന്നവനും അവിടുന്നാകുന്നു. നിത്യനായ പരിശുദ്ധ റൂഹാവവഴി അവിടുന്നു തന്നെത്തന്നെ നിര്‍മലമായി ദൈവത്തിന് ബലിയര്‍പ്പിക്കുകയും തന്‍റെ ശരീരത്തിന്‍റെ ഒരിക്കല്‍ മാത്രമുള്ള അര്‍പ്പണത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്തു. കുരിശിലെ തന്‍റെ രക്തത്താല്‍ സ്വര്‍ഗ്ഗത്തെയും ഭൂമിയെയും രമ്യതപ്പെടുത്തി. ഞങ്ങളുടെ പാപങ്ങള്‍നിമിത്തം അവിടുന്ന് ഏല്‍പ്പിച്ചുകൊടുക്കപ്പെടുകയും ഞങ്ങളെ നീതീകരിക്കാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു”.

മാര്‍ നെസ്തോറിയസിന്‍റെ അനാഫെറ:

”നല്ലവനായ കര്‍ത്താവേ, കരുണയുള്ള പിതാവേ, ഈ സ്വര്‍ഗ്ഗീയഗണങ്ങളോടുകൂടെ ഞങ്ങളും ഉദ്ഘോഷിക്കുന്നു, എന്തുകൊണ്ടെന്നാല്‍ അങ്ങ് യഥാര്‍ത്ഥത്തില്‍ പരിശുദ്ധനും മഹത്വമുള്ളവനും സ്തുത്യര്‍ഹനും ഉന്നതനുമാകുന്നു…അങ്ങില്‍ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സദൃശനും അങ്ങില്‍നിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിഛായയുമായ വചനമാകുന്ന ദൈവത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയോടുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടി പരിപൂര്‍ണ്ണമനുഷ്യനായി.

പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സകലരുടെയും രക്ഷയ്ക്കായി മഹത്വത്തിലും അധികാരത്തിലും ബഹുമാനത്തിലും അവന്‍ ഞങ്ങളുടെ നശ്വരമായ മനുഷ്യപ്രകൃതിയെ തന്നോടു ചേര്‍ക്കുകയും ഒന്നാക്കി മാറ്റുകയും ചെയ്തു. ആദത്തില്‍ മൃതരായവരെയെല്ലാം ജീവിപ്പിക്കുന്നതിന് സ്ത്രീയില്‍നിന്ന് ജാതനായി. നിയമത്തിന്‍ കീഴിലുള്ളവരെ വീണ്ടെടുക്കുന്നതിനായി അവന്‍ നിയമത്തിനു വിധേയനായി. അവന്‍ തന്‍റെ കല്‍പ്പനകളാല്‍ നിയമം പൂര്‍ത്തിയാക്കി തന്‍റെ ശരീരത്തില്‍ പാപത്തെ നിഹനിച്ചു.

ഞങ്ങളുടെ അന്ധമായിരുന്ന മനോനേത്രങ്ങള്‍ തുറക്കുകയും രക്ഷയുടെ മാര്‍ഗ്ഗം തെളിക്കുകയും ദൈവികജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ ഞങ്ങളെ ദീപ്തരാക്കുകയും ചെയ്തു. തന്നെ സ്വീകരിച്ചവര്‍ക്ക് ദൈവമക്കളാകാന്‍ അവന്‍ അധികാരം നല്‍കി. പരിശുദ്ധജലത്താലുള്ള മാമോദീസായാല്‍ ഞങ്ങളെ കഴുകി ശുദ്ധരാക്കി. പരിശുദ്ധാത്മാവിന്‍റെ ദാനംവഴി തന്‍റെ കൃപയാല്‍ ഞങ്ങളെ വിശുദ്ധീകരിച്ചു. മാമോദീസായാല്‍ തന്നോടൊത്തു മരിച്ചു സംസ്കരിക്കപ്പെട്ടവരെ തന്‍റെ വാഗ്ദാനമനുസരിച്ച് ഉയര്‍പ്പിക്കുകയും തന്നോടൊത്ത് സ്വര്‍ഗ്ഗത്തില്‍ ഉപവിഷ്ടരാക്കുകയും ചെയ്തു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു. എല്ലാവര്‍ക്കും ജീവന്‍ നല്‍കുന്നതിനും മനുഷ്യവംശത്തിന്‍റെ പാപകടങ്ങള്‍ വീട്ടുന്നതിനുംവണ്ടി അവന്‍ മോചനദ്രവ്യമായിത്തീര്‍ന്നു; പാപം നിമിത്തം മരണത്തിന് അടിമകളായിത്തീര്‍ന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ സമര്‍പ്പിച്ചു; തന്‍റെ വിലയേറിയ രക്തത്താല്‍ ഞങ്ങളെ വിലയ്ക്കു വാങ്ങുകയും രക്ഷിക്കുകയും ചെയ്തു. അവന്‍ പാതാളത്തിലേക്കിറങ്ങുകയും മരണത്തിന്‍റെ ബന്ധനങ്ങളെ അഴിക്കുകയും ചെയ്തു. പാതാളത്തില്‍ അടക്കപ്പെടാന്‍ കഴിയാത്ത അവന്‍ ഞങ്ങളുടെ രക്ഷയുടെ ആദ്യഫലമായി മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു. സകലത്തിലും ഒന്നാമനാകാന്‍ അവന്‍ നിദ്രപ്രാപിച്ചവരുടെ ആദ്യഫലമായിത്തീര്‍ന്നു; സ്വര്‍ഗ്ഗത്തിലേക്ക് ആരോഹിതനാകുകയും അങ്ങയുടെ മഹത്വത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു. അങ്ങയുടെ തിരുമുമ്പാകെ ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ രഹസ്യം ഞങ്ങളുടെ രക്ഷയുടെ ഓര്‍മ്മയ്ക്കായി അവന്‍ ഞങ്ങള്‍ക്ക് ഏല്‍പിച്ചു തന്നു.

പീഡാസഹനത്തിനും മരണത്തിനുമുള്ള സമയം ആസന്നമായപ്പോള്‍ ലോകത്തിന്‍റെ ജീവനുവേണ്ടി താന്‍ ഏല്‍പ്പിച്ചുകൊടുക്കപ്പെട്ട രാത്രിയില്‍ ശിഷ്യന്മാരോടൊത്ത് മൂശയുടെ നിയമപ്രകാരം പെസഹാ ആചരിച്ച വേളയില്‍ ഈശോ തന്‍റെ പുതിയ പെസഹാ സ്ഥാപിച്ചു. ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ടവനായ മിശിഹാ ഞങ്ങളെ ഭരമേല്‍പ്പിച്ച പ്രകാരം അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് വീണ്ടും പ്രത്യക്ഷനാകുന്നതുവരെ അവന്‍റെ ഓര്‍മ്മയ്ക്കായി ഞങ്ങള്‍ ഈ പെസഹാ അനുഷ്ഠിക്കുന്നു” (പേജ് 154 -156).

നാലാം പ്രമാണജപത്തിലാണ് പരിശുദ്ധാത്മ സാന്നിധ്യം ഇറങ്ങിവന്ന് അപ്പവീഞ്ഞുകള്‍ക്കുമേല്‍ ആവസിച്ച് അവയെ ഈശോമശിഹായുടെ തിരുശ്ശരീര രക്തങ്ങളായി മാറ്റുവാനുള്ള പ്രാര്‍ത്ഥനയുള്ളത്.

മാര്‍ അദ്ദായി മാര്‍ മാറി കൂദാശാക്രമത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: “കര്‍ത്താവേ നിന്‍റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ. നിന്‍റെ ദാസന്മാരുടെ ഈ കുര്‍ബാനയില്‍ അവിടുന്ന് ആവസിച്ച് ഇതിനെ ആശീര്‍വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിര്‍പ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെിടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ നവമായ ജീവിതത്തിനും കാരണമാകട്ടെ ” (പേജ് 84).

മാര്‍ തെയദോര്‍: ”പരിശുദ്ധാത്മാവിന്‍റെ കൃപ ഞങ്ങളുടെയും ഈ കുര്‍ബാനയുടെയും മേല്‍ ഇറങ്ങിവരട്ടെ. ഈ അപ്പത്തിലും ഈ കാസയിലും അവിടുന്ന് അധിവസിച്ച് ഇവയെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആശീര്‍വദിക്കുകയും പവിത്രീകരിക്കുകയും മുദ്രിതമാക്കുകയും ചെയ്യട്ടെ. കര്‍ത്താവേ, അങ്ങയുടെ നാമത്തിന്‍റെ ശക്തിയാല്‍ ഈ അപ്പവും ഈ കാസായും മശിഹായുടെ ശരീരവും രക്തവുമായി ഭവിക്കട്ടെ” (പേജ് 140).

മാര്‍ നെസ്തോറിയോസ്:

“എന്‍റെ കര്‍ത്താവേ, പരിശുദ്ധ റൂഹായുടെ കൃപ എഴുന്നള്ളിവരികയും അങ്ങയുടെ മുമ്പാകെ ഞങ്ങളര്‍പ്പിക്കുന്ന ഈ കുര്‍ബാനയില്‍ ആവസിക്കുകയും കുടികൊള്ളുകയും ഈ അപ്പത്തെയും കാസയെയും വാഴ്ത്തി വിശുദ്ധീകരിച്ച് ഞങ്ങളുടെ കര്‍ത്താവീശോമശിഹായുടെ ശരീരവും രക്തവുമാക്കി പൂര്‍ത്തീകരിക്കുകയും ചെയ്യട്ടെ. ആരാധ്യവും പരിശുദ്ധവുമായ ഈ രഹസ്യങ്ങള്‍ അവ സ്വീകരിക്കുന്നവര്‍ക്കെല്ലാം ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ശുദ്ധീകരണത്തിനും ബുദ്ധിയുടെ പ്രകാശനത്തിനും മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പിനും നിത്യജീവനും തിരുസ്സന്നിധിയിലുള്ള സംപ്രീതിക്കും ഞങ്ങളുടെ കര്‍ത്താവീശോമശിഹാ വഴി അങ്ങു ഞങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷയ്ക്കും കാരണമാകട്ടെ. ഏക പ്രത്യാശയില്‍ ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഏക ശരീരവും ഏക ആത്മാവുമായിത്തീരാന്‍ തക്കവിധം സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ബന്ധത്തില്‍ ഞങ്ങളെ അന്യേന്യം യോജിപ്പിക്കണമേ. ആരും തന്‍റെ ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ശിക്ഷാവിധിക്കായി ഇതു ഭക്ഷിക്കാനും പാനം ഇടയാകാതരിക്കട്ടെ”.

ആദിമസഭമുതല്‍ ഇന്നുവരെ ക്രിസ്തുവിജ്ഞാനീയത്തില്‍ രൂപപ്പെട്ടിരിക്കുന്ന എല്ലാവിധ ദൈവശാസ്ത്രപഠനങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ മൂന്നു കൂദാശക്രമങ്ങളും ഉള്‍ക്കൊള്ളുന്ന സീറോമലബാര്‍ കുര്‍ബാനക്രമം സഭയെ ആത്മീയമായി കൂടുതല്‍ ശക്തമാക്കും എന്നതില്‍ സംശയമില്ല.

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്