മോദി – പപ്പാ കൂടിക്കാഴ്ച ചരിത്രപരം!

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ഉയർത്തിപ്പിടിക്കുകയും, മനുഷ്യ വംശത്തിന്റെ പൊതു നന്മയെന്ന ലക്ഷ്യത്തോടെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിരക്ഷിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പായും ലോകത്തു ഏറ്റവും വലിയ ജനാധിപധ്യ രാജ്യത്തിൻറെ പ്രധാന മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച മനുഷ്യ വംശത്തിനു മുഴുവൻ പ്രത്യാശ പകരുന്നതാണ്.

മതങ്ങൾ സർവ്വാധിപത്യ പ്രവണതയുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളായി പരിണമിക്കുകയും ലോക സമാധാനത്തിനു ഭീഷണി ഉയർത്തുകയും ചെയ്യുന്ന കാലത്ത്, സമാധാന ദൂതനായ പാപ്പായും സർവധർമ്മ സമഭാവനയുടെയും ശാന്തിയുടെയും നാടായ ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്. ഭാരതം ലോകത്തിനു പ്രദാനംചെയ്ത “സർവ ധർമ്മ സമഭാവന” എന്ന ഏറ്റവും പ്രസക്തമായ ദർശനം ലോക സമാധാന ശ്രമങ്ങൾക്ക് മാർഗദർശനം നൽകുന്നതും, ശക്തിപകരുന്നതുമാണ്

പ്രധാനമന്ത്രി പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യം ഇന്ത്യയിലെ കത്തോലിക്കരുടെ മനസ്സിൽ നിറയുന്നുണ്ട്. അതിനുള്ള സാധ്യത തീർച്ചയായും വളരെ കൂടുതലാണ്. ലോകത്തിനു മുഴുവൻ അനുഗ്രഹപ്രദമാകട്ടെ ഈ കൂടിക്കാഴ്ചയും തുടർന്ന് നടക്കാനിരിക്കുന്നതൊക്കെയും എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു!

ഫാ .വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്