ദുക്റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്‍റ് തോമസില്‍

കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ അപ്പസ്തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആഘോഷിക്കുന്നു. മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികാഘോഷമെന്ന നിലയില്‍ ഈ വര്‍ഷത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.

ജൂലൈ മൂന്നാം തിയതി ഞായറഴ്ച രാവിലെ 8.30ന് മേജര്‍ ആര്‍ച്ച്ബിഷ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഒന്‍പതു മണിക്കു ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തിലാണ് അര്‍പ്പിക്കപ്പെടുന്നത്. സീറോമലബാര്‍സഭയുടെ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വിന്‍സെന്‍ഷ്യന്‍ സന്യാസമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോണ്‍ കണ്ടത്തിന്‍കര, സഭാകാര്യാലയത്തില്‍ വൈദികര്‍, രൂപതകളെ പ്രതിനിധീകരിച്ചുവരുന്ന വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ബഹു. ജോണ്‍ കണ്ടത്തിന്‍കരയച്ചന്‍ വി. കര്‍ബാനമധ്യേ വചനസന്ദേശം നല്‍കും.

വി. കുര്‍ബാനയ്ക്കുശേഷം സെന്‍റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി മാര്‍തോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിതപ്രവര്‍ത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും അവതരിപ്പിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതമാശംസിക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അറിയപ്പെടുന്ന സഭാചരിത്രകാരനും കോതമംഗലം രൂപതയുടെ വികാരി ജനറാളുമായ റവ. ഡോ. പയസ് മലേകണ്ടത്തില്‍ തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ തലശ്ശേരി അതിരൂപതയുടെ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിലിന് മേജര്‍ ആര്‍ച്ച്ബിഷപ് മല്‍പാന്‍ പദവി നല്‍കി ആദരിക്കും. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ നന്ദി പറയും. ഉച്ചഭഷണത്തോടെ പരിപാടികള്‍ സമാപിക്കുന്നതാണ്.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള രൂപതകളില്‍നിന്നു വൈദികരും സമര്‍പ്പിതരും അത്മായരുമടങ്ങുന്ന പ്രതിനിധിസംഘം സഭാദിന പരിപാടികളില്‍ പങ്കെടുക്കും. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന അത്മായപ്രമുഖര്‍, സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സ് എന്നിവരും സഭാകേന്ദ്രത്തില്‍ എത്തിച്ചേരും. മൗണ്ട് സെന്‍റ് തോമസിലെ വൈദികരുടെയും സമര്‍പ്പിതരുടെയും നേതൃത്വത്തില്‍ സഭാദിനാചരണത്തിനു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍0

1.07.2022

നിങ്ങൾ വിട്ടുപോയത്