കാക്കനാട്: ദൈവസാന്നിധ്യത്തിലും പ്രാർത്ഥനയിലും അടിസ്ഥാനമാക്കിയുള്ള മുത്തശ്ശീ, മുത്തച്ഛൻമാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയിലെ മുത്തശ്ശീ, മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്നവരുടെ പരിചരണം സമൂഹത്തെ കൂടുതൽ ആരോഗ്യകരവും ശക്തവുമാക്കുമെന്നും കർദിനാൾ പറഞ്ഞു.

മുതിർന്നവരും മാതാപിതാക്കളും വലിയ ഒരു നിധിശേഖരമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൂർവ്വികർ പകർന്നു തന്ന പ്രാർത്ഥനകളിലും സ്വപ്‍നങ്ങളിലും ഓർമ്മകളിലും അടിസ്ഥാനമാക്കിയാകണം സമൂഹം വളരേണ്ടതെന്ന് സിനഡൽ കമ്മീഷൻ അംഗവും കാഞ്ഞിരപ്പിള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഫാ. ജോസഫ് പുത്തൻപുരക്കൽ കപ്പൂച്ചിൻ മുഖ്യപ്രഭാഷണം നടത്തി.

കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മുത്തശ്ശീമുത്തച്ഛൻമാരുടെ പ്രതിനിധികൾ, ദമ്പതികൾ, ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ്, പ്രൊലൈഫ്, ഫാമിലി അപ്പോസ്റ്റലേറ്റ്, മാതൃവേദി, കുടുംബകൂട്ടായ്‍മ, ലൈറ്റി ഫോറം സംഘടനകളുടെ സഭാതല ഭാരവാഹികൾ എന്നിവർ ഓൺലൈൻ കോൺഫറൻസിൽ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദിനാചരണം.

നിങ്ങൾ വിട്ടുപോയത്