അപ്പൻ്റെ ആവശ്യപ്രകാരം ആടുമേയ്ക്കാൻ പോയ ഒരു പയ്യൻ്റെ കഥയാണിത്. സംഭവം നടക്കുന്നത് ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ.
പഠനത്തിൽ അത്ര താത്പര്യമില്ലാത്തതിനാൽ
ഇടയൻ്റെ പണി അവന്
നന്നേ ഇഷ്ടപ്പെട്ടു.

ആദ്യകുർബാന സ്വീകരണത്തിനു
ശേഷം ഒരു വൈദികനാകണമെന്ന ആഗ്രഹം അവൻ്റെ മനസിലുയർന്നു. തൻ്റെ ആഗ്രഹം അവൻ
അപ്പനെ അറിയിച്ചു:
“ഇപ്പോൾ നീ ആടുകളെ മേയ്ക്കുക. ദൈവം ആഗ്രഹിക്കുന്നെങ്കിൽ
അവിടുന്നത് നിറവേറ്റിത്തരും. അതിനായ് പ്രാർത്ഥിക്കുക.”

അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു.
ഇരുപതാമത്തെ വയസിൽ അവൻ സ്കൂളിൽ ചേർന്നു. എന്നാൽ അക്ഷരലോകം അവന് പീഢകളുടെ കാലമായിരുന്നു. പരീക്ഷകൾ അവനെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു.

അടുത്തുള്ള ദൈവാലയത്തിൽ ചെന്ന്
അവൻ തൻ്റെ സങ്കടങ്ങൾ ഇറക്കിവച്ചു.
അതിനു ശേഷമാകാം അവനിൽ പഠിക്കാനുള്ള താത്പര്യം വളരാൻ തുടങ്ങി.

പക്ഷെ അവൻ്റെ എല്ലാ പ്രതീക്ഷകളെയയും തകർത്തുകൊണ്ട് രാജ്യത്ത് യുദ്ധകാഹളം മുഴങ്ങി.
“യുവാക്കളെല്ലാം സൈന്യത്തിൽ ചേരണം” എന്ന ചക്രവർത്തിയുടെ കല്ലേൽ പിളർക്കുന്ന കല്പനയിറങ്ങി.

അവനും അങ്ങനെ പട്ടാള ക്യാമ്പിലെത്തി. കടുത്ത മാനസിക സംഘർഷമാകാം
രണ്ടാം ദിനം ദീനം.
ചികിത്സാർത്ഥം വീട്ടിലേക്ക് പോന്നെങ്കിലും മൂന്നുമാസം കഴിഞ്ഞപ്പോൾ വീണ്ടും നിർബന്ധിത സൈനിക സേവനം.

കഠിന പരിശീലനങ്ങൾ.
നിദ്രാവിഹീനമായ ദിനരാത്രങ്ങൾ.
ഇതെല്ലാം അവനെ കൂടുതൽ ക്ഷീണിതനാക്കി. ഒടുവിൽ
ക്യാമ്പുപേക്ഷിച്ച് അവൻ ഓടിപ്പോയി. ദിവസങ്ങളോളം ഒരു വയ്ക്കോൽ കൂനയ്ക്കുള്ളിലായിരുന്നു വാസം.
ആ കച്ചിത്തുറുവിനുള്ളിൽ മറ്റു ചിലരും ഉണ്ടായിരുന്നു.

വിശപ്പും ദാഹവും സഹിച്ച് ഒളിവിൽ കഴിഞ്ഞ അവർക്ക് ആ പ്രദേശത്തെ അധികൃതരാണ് ഭക്ഷണവും വെള്ളവും നൽകിയത്. യുദ്ധമവസാനിച്ചപ്പോൾ
ക്യാമ്പിൽ നിന്ന് ഒളിച്ചു പോയവർക്കെല്ലാം ചക്രവർത്തി മാപ്പു നൽകിയത്
അവർക്ക് ആശ്വാസമായി.

പതിനാലു മാസം ഒളിവിൽ കഴിഞ്ഞ
ആ യുവാവ് തുടർന്ന്
സെമിനാരിയിൽ ചേർന്നു.
തോറ്റും ജയിച്ചും പഠനം തുടർന്നു.
അവസാന പരീക്ഷയ്ക്ക് തോറ്റതിനാൽ ഒരു പുരോഹിതനാകുക സാധ്യമല്ലെന്നായിരുന്നു ഗുരുഭൂതരുടെ തീരുമാനം.

ജപമാല കരങ്ങളിലേന്തി കണ്ണീരോടെ അവൻ പ്രാർത്ഥിച്ചു:
“പരിശുദ്ധ അമ്മേ,
എന്നെ ഒരു പുരോഹിതനായി മാറ്റണമേ. മരണം വരെ ഞാൻ അമ്മയുടെയും അമ്മയുടെ മകനായ ഈശോയുടെയും സ്വന്തമായിരിക്കും.”

അവനുവേണ്ടി സ്വർഗ്ഗം തുറക്കപ്പെട്ടു.
“പാണ്ഡിത്യമുള്ള വൈദികർ മാത്രമല്ല
ദൈവഭക്തിയും പ്രാർത്ഥനയുമുള്ള വൈദികർ സഭയ്ക്ക് വേണം. അങ്ങനെയൊരു വൈദികനെ
ഇവനിൽ ഞാൻ കാണുന്നു”
എന്നായിരുന്നു മെത്രാനച്ചൻ്റെ തീർപ്പ്!

ആ വാക്കുകൾക്കുമേൽ
ദൈവത്തിൻ്റെ കൈയൊപ്പു പതിഞ്ഞു.
ആ മകനിലൂടെയാണ് സഭയ്ക്ക്
വിശുദ്ധിയുടെ നിറകുടമായ
ജോൺ മരിയ വിയാനി എന്ന
അച്ചനെ ലഭിച്ചത്!

ദൈവം പ്രതിസന്ധികളെ അയക്കുന്നത് അദ്ഭുതങ്ങൾക്ക് മുന്നൊരുക്കമായാണ്.
ഒരാൾ ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ അദ്ഭുതങ്ങൾ ആരംഭിക്കുന്നത്.

സഭയിലും സമൂഹത്തിലും പ്രതിസന്ധികൾ ഏറിവരുന്ന ഇക്കാലയളവിൽ,
“വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തൻ്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍”
(മത്തായി 9 : 37-38)
എന്ന ക്രിസ്തു വചനം നെഞ്ചേറ്റി
വിശുദ്ധരായ വൈദികരും സന്യസ്തരും അല്മായരും ഉണ്ടാകുവാൻ വേണ്ടിയാവട്ടെ നമ്മുടെ പ്രാർത്ഥന.

അതുപോലെ തന്നെ ഇന്നേ ദിവസം എല്ലാ വൈദികർക്കുവേണ്ടിയും
നമുക്ക് പ്രാർത്ഥിക്കാം.

വൈദികരുടെ മധ്യസ്ഥനായ
വി.ജോൺ മരിയ വിയാനിയുടെ
തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്
ആഗസ്റ്റ് 4-2021.