*ദി ലാസ്റ്റ് ഇംപ്രഷൻ*

‘First impression is the best impression, but the last impression is the lasting impression’ എന്നു ഇംഗ്ലീഷിൽ സാദാരണ പറയാറുണ്ട്. ഒരു സംഭവം എങ്ങിനെ ആരംഭിച്ചു എന്നുള്ളതല്ല, മറിച്ചു അതു എങ്ങിനെ അവസാനിപ്പിച്ചു എന്നുള്ളതാണ് പ്രധാനം. ഒരു സിനിമയുടെ കാര്യത്തിൽ അതിന്റെ ക്ലൈമാക്സാണ് ഏറ്റവും പ്രധാനമായി നമ്മൾ കണക്കാക്കുന്നത്. ഒരു ക്രിക്കറ്റ് മാച്ച് എടുത്തു നോക്കിയാൽ അതിലെ അവസാനത്തെ ഓവറുകളാണ് നിർണായകമായി വരുന്നത് . ഒരു ഫുട്‌ബോൾ മാച്ചിൽ ആകട്ടെ കളിയിലെ അവസാന മിനിറ്റുകളാണ് അതിന്റെ ഗതി നിർണ്ണയിക്കുന്നത്. എന്നു വച്ചാൽ ഏതൊരു കാര്യവും എങ്ങിനെ ആരംഭിച്ചു എന്നതിലുപരി, എങ്ങനെ അവസാനിപ്പിച്ചു എന്നതാണ് പ്രധാനം.

മനുഷ്യന്റെ കാര്യവും ഏറെക്കുറെ അങ്ങനെ തന്നെ.ഗ്രീക്ക് തത്വചിന്ത അനുസരിച്ച് ഒരാളെ ഭാഗ്യവാനായി കണക്കാക്കുന്നത് അദ്ദേഹം ജീവിച്ചിരിക്കുമ്പോഴല്ല. മറിച്ച് അയാളുടെ മരണത്തോട് കൂടിയാണ്. കാരണം ജീവിതത്തെക്കാൾ ഉപരിയായി ഒരാളുടെ മരണമാണ് അയാളുടെ ജീവിതത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഒരുവന്റെ ജീവിതത്തിന്റെ ആരംഭത്തിനെക്കാൾ അവസാനമാണ് അയാളെ വിലയിരുത്തുന്ന മാനദണ്ഡം എന്നു ചുരുക്കം.

അതുകൊണ്ടു തന്നെ അത്ര നല്ലതല്ലാത്ത രീതിയിൽ ജീവിതം ആരംഭിച്ചവർക്കും നന്മയിലേക്കുള്ള ഒരു സാധ്യത അവരുടെ അവസാനം വരെ കാത്തു കിടക്കുന്നുണ്ട്.’Every saint has a past and every sinner has a future’ എന്നു പറയാറുണ്ട്. വി. പാദ്രെ പിയോ പറയുന്നുണ്ട് : “വിശുദ്ധർ എല്ലാവരും നന്നായി ആരംഭിച്ചവരല്ല, അവരും നമ്മെപ്പോലെ മനുഷ്യരായിരുന്നു. അവർ വീണുപോയിട്ടുണ്ട്. എന്നാൽ വീണിടത്തുനിന്നും എണീറ്റ് മുന്നോട്ടു പോകുവാനും നന്നായി അവസാനിപ്പിക്കാനും അവർക്ക് സാധിച്ചു അതുകൊണ്ട് അവർ വിശുദ്ധരായി.”എന്ന്.ജീവിതം നന്നായി അവസാനിപ്പിക്കാൻ സാധിക്കുക വലിയ കാര്യമാണ്.

അംഗുലീമാലൻ എന്ന ആ കാട്ടാളനെ ഓർക്കുക. വഴിയാത്രക്കാരെ ആക്രമിച്ചു കവർച്ച നടത്തുകയും അവരുടെ വിരലുകൾ മുറിച്ചു നീക്കി അതു കഴുത്തിൽ മാലയാക്കി തൂക്കിയവൻ ആയിരുന്നു. എന്നിട്ടും ” നീ ഇത് ആർക്കുവേണ്ടി ചെയ്യുന്നു ? നീ ചെയ്യുന്ന പാതകത്തിന്റെ ശിക്ഷ അനുഭവിക്കാൻ അവർ നിനക്കു ഒപ്പമുണ്ടാകുമോ എന്ന് ബുദ്ധൻറെ ചോദ്യത്തിനു മുന്നിൽ അയാൾക്ക്‌ ബോധോദയം ഉണ്ടാകുന്നു . ഒരു ആത്മീയ മനുഷ്യനായും ബുദ്ധ ഭിക്ഷുവായും അയാൾ രൂപാന്തരപ്പെടുന്നു. ഏതാണ്ട് ഇതുപോലെ തന്നെയാണ് ഈശോയുടെ കുരിശിന്റെ വലതു വശത്തുള്ള കള്ളന്റെയും അവസ്‌ഥ . കാര്യം അവൻ ഒരു കള്ളൻ ആയിരുന്നെങ്കിലും അവന്റെ ജീവിതത്തിന്റെ അവസാന ഏതാനും നിമിഷങ്ങളിൽ അയാൾ എടുത്ത ചില നിലപാടുകൾ മൂലം ‘നല്ല കള്ളൻ’ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.

എന്നാൽ വളരെ നന്നായി ജീവിതം ആരംഭിച്ചവർ പലരും യാത്രയിൽ വീണു പോകുന്ന ഒരുപാട് ഉദാഹരണങ്ങളും നമുക്ക് കാണാൻ കഴിയും. നമ്മുടെ കാലത്തിലെ വളരെ കഴിവേറിയ ഒരു കലാകാരന്റെ ഏറെ ദാരുണമായ അന്ത്യം മലയാളികളെ ഏവരെയും ഏറെ ദുഃഖിപ്പിച്ചു. ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിന്റെ ചിത്രത്തെ കുറിച്ചു എങ്ങനെ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനം യൂദാസിനെ വരക്കാൻ വളരെ ക്രൂരമായ മുഖഭാവം തേടി അലഞ്ഞ ഡാവിഞ്ചി ഒടുവിൽ അങ്ങനെ ഒരാളെ കണ്ടെത്തി. അയാളുമായി തന്റെ ചിത്ര മുറിയിൽ പ്രവേശിക്കുന്നു. ആ മുറിയിൽ കയറി ചിത്രം വരക്കാൻ തുടങ്ങുമ്പോൾ അയാൾ പയ്യെ വിതുമ്പാൻ തുടങുന്നു. കാരണം അന്വേഷിച്ചപ്പോൾ അദ്ദേഹം പറയുന്നു.” സർ , ഞാൻ ഈ ചിത്ര മുറിയിൽ വർഷങ്ങൾക്കു മുൻപ് വന്നിട്ടുണ്ട്. പക്ഷേ അന്ന് നിങ്ങൾ ക്രിസ്തുവിന്റെ ചിത്രമാണ് എന്നിൽ നിന്നും വരച്ചെടുത്തുത്. ക്രിസ്തുവിൽ നിന്നും ഞാൻ എങ്ങിനെയാണ് യൂദാസിലേക്കു അധഃപതിച്ചത്..?” അയാൾക്ക് തന്റെ വിതുമ്പൽ അടക്കാൻ കഴിഞ്ഞില്ല…..

പലപ്പോഴും ഇങ്ങനെ ഒരപകടം നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. നന്നായി ആരംഭിച്ച നമ്മുടെ ബന്ധങ്ങൾ, യാത്രകൾ , ഉത്തര വാദിത്തങ്ങൾ, ജീവിതം എല്ലാം പയ്യെ പയ്യെ താറുമാറാകുന്ന ഒരവസ്ഥ. അതുകൊണ്ടു തന്നെ നന്നായി ആരംഭിച്ച കാര്യങ്ങൾ എല്ലാം നന്നായി അവസാനിപ്പിക്കുവാനും ഒരു നിതാന്ത ജാഗ്രത നമുക്ക് ആവശ്യമാണ്. ഓർക്കുക ‘ the last impression is the lasting impression. നിങ്ങൾ എങ്ങിനെ ആരംഭിച്ചു എന്നുള്ളതല്ല, മറിച്ചു എങ്ങിനെ അവസാനിപ്പിക്കുന്നു എന്നുള്ളതാണ് പ്രധാനം….

ഫാ. നൗജിൻ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്