എറണാകുളത്ത് ബസലിക്കാ ദേവാലയത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല, ഇത് സീറോ മലബാർ സഭയുടെ മുഴുവൻ പ്രശ്നമാണ്. ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് അതിൻ്റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവം ഒരു രൂപതയിലെ മാത്രം ആഭ്യന്തര വിഷയമല്ല.

ആഗോളതലത്തിൽ ചിതറിപ്പാർക്കുന്ന മുഴുവൻ സീറോമലബാർ വിശ്വാസികളെയും വേദനിപ്പിച്ച സംഭവമാണിത്.

ദിവ്യബലി അർപ്പണത്തെ ധിക്കരിച്ചതും ഇതിന് കൂട്ടുനിന്നതും പുരോഹിതരാണ് എന്നത് ഈ വിഷയത്തിൻ്റെ ഗൗരവം അത്യന്തം വർദ്ധിപ്പിക്കുന്നു.

ഈ വാർത്ത പ്രചരിച്ചതു മുതൽ വിമതപക്ഷവും ഔദ്യോഗിക പക്ഷവും വ്യത്യസ്തമായ വാദങ്ങളാണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എറണാകുളം ബസലിക്കയിൽ വാസ്തവമായി എന്താണ് നടന്നത് എന്നും ആരാണ് ഇതിന് ഉത്തരവാദി എന്നും അറിയാൻ സീറോ മലബാർ സഭയിലെ ഓരോ വിശ്വാസിക്കും അവകാശമുണ്ട്. അതിനാൽ സഭാ നേതൃത്വം ഔദ്യോഗികമായി അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം.

കുറ്റവാളികൾ ആരുതന്നെ ആയിരുന്നാലും സഭാ നിയമം വ്യവസ്ഥ ചെയ്യുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ ആ മഹാപാപികൾക്ക് നൽകി അവർ ഇനി വിശുദ്ധയിടത്ത് പ്രവേശിക്കില്ല എന്ന് സഭ ഉറപ്പാക്കണം. മാനസാന്തരപ്പെട്ട് മടങ്ങി വരാത്ത പക്ഷം ഈ അധമൻമാരുടെ ആത്മാക്കൾ “ക്രിസ്തുവിൻ്റെ ദിനത്തിൽ രക്ഷപ്രാപിക്കട്ടെ” (1 കൊരി 5:5)എന്ന് ശപിച്ച് ഇവരെ സഭയ്ക്ക് പുറത്തേക്ക് തള്ളണം.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്