ജീവിതത്തിൽ മനസിനെയും ,ശരീരത്തെയും തകർക്കുന്ന അനേകം ആശങ്കകളിലൂടെയും, ആകുലങ്ങളിലൂടെയും നമ്മൾ കടന്നു പോകുന്നു. നമ്മളിൽ പലരും ഇവയിൽ നിന്ന് മോചനം നേടാനാകാതെ സ്വന്തം ബുദ്ധിയിൽ മുന്നോട്ടു പോകുന്നു. ജീവിതത്തിൽ നാം പലപദ്ധതികളും കണക്കുകൂട്ടുന്നു. എന്നാൽ ഒരു ശാസ്ത്രത്തിനും മനുഷ്യ ബുദ്ധിക്കും നമ്മെ രക്ഷിക്കുവാൻ കഴിയില്ല എന്ന് മനസിലാക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ നമ്മൾ കടന്നു വരുന്നു. ദൈവമക്കളായ നാം എല്ലാ കാര്യങ്ങളും നമ്മുടെ കർത്താവിൽ ഭരമെൽപ്പിക്കണം എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

കർത്താവിന്റെ കരങ്ങളിൽ നമ്മുടെ കാര്യങ്ങൾ നാം സമർപ്പിക്കുമ്പോൾ ദൈവം പ്രവർത്തിച്ചു കൊളളും എന്ന ഉത്തമ വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം.നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിൻ (യോഹന്നാൻ 14 :1) കർത്താവിൽ സമർപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് ആശങ്കപെടുകയോ, ആകുലനാവുകയോ ചെയ്യേണ്ട കാര്യം ഇല്ല. നമ്മുടെ സകല കാര്യങ്ങളും കർത്താവിൽ ഭരമേൽപ്പിക്കുക. ധൈര്യമായി ഇരിക്കുക. കർത്താവ് നമുക്കായി പ്രവർത്തിക്കും. നമ്മളുടെ ജീവിതത്തിൽ പ്രതിസന്ധികൾ വരുന്നത് ദൈവത്തിന്റെ പദ്ധതിയിലേയ്ക്ക് വഴി നടത്താനാണ്.

ലോകം നോക്കുന്നത് കഴിവുകളെയാണ്, എന്നാൽ യേശു നോക്കുന്നത് നമ്മളുടെ ഹൃദയ ചിന്തകളെയാണ്. ഭാവികാര്യങ്ങളെ ക്രമപ്പെടുത്തുമ്പോളും, ജോലിക്കുവേണ്ടി പ്രയത്നിക്കുമ്പോളും, മൽസര പരീക്ഷകൾ എഴുതുമ്പോളും, നമ്മളുടെ പ്രയത്നങ്ങളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുക. ദൈവം വിജയം നൽകും. നമ്മുടെ ജീവിതത്തിലും പലതരം പ്രതിസന്ധികൾ ഉണ്ടാകും. അപ്പോഴെല്ലാം ദൈവത്തിൽ ആശ്രയിച്ചാൽ നമുക്കും വിജയം നേടാൻ എളുപ്പമാകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്