മഴ വീണു കുതിര്‍ന്ന പകലായിരുന്നിട്ടും അവരെത്തി : ഇരിങ്ങാലക്കുട രൂപതയുടെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നിന്നും. ദൈവം തന്ന പൊന്നോമനകളെ നെഞ്ചോടുചേര്‍ത്ത് 201 കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍. രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും മറ്റുള്ളവരും ‘സഹൃദയ’ എന്‍ജിനിയറിംഗ് കോളജിന്റെ മനോഹരമായ അങ്കണത്തില്‍ ഇരുകയ്യും നീട്ടി അവരെ സ്വീകരിച്ചു.

ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴുണ്ടായ ആദ്യപതര്‍ച്ചയില്‍ നിന്നു കുരുന്നുകളും അവരുടെ കുഞ്ഞേട്ടന്മാരും ചേച്ചിമാരും അതിവേഗം സ്‌നേഹത്തിന്റെ വലിയ കൂട്ടായ്മയില്‍ ലയിച്ചു ചേര്‍ന്നു. മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെട്ടുകൊണ്ടിരിക്കെ, കുഞ്ഞുങ്ങള്‍ ഓടിക്കളിച്ചും പൊട്ടിച്ചിരിച്ചും എന്‍ജിനിയറിംഗ് കോളജിന്റെ പ്രൗഢമായ അന്തരീക്ഷം ഉല്‍സവ പ്രതീതിയിലാക്കി. മാതാപിതാക്കള്‍ക്ക് കുടുംബമെന്ന സ്വര്‍ഗത്തെപ്പറ്റി ക്ലാസ്. അതേസമയം കുഞ്ഞുങ്ങള്‍ക്ക് കളിയും പാട്ടും നൃത്തവും. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തില്‍ കൊച്ചു മാലാഖമാരെപ്പോലെ, ഓണത്തുമ്പികളെപ്പോലെ അവര്‍ ഓടി നടന്നു. പിന്നെ സ്‌നേഹവിരുന്നും ആദരവിന്റെ നിമിഷങ്ങളും. ഓരോ കുടുംബവും സ്വര്‍ണപ്പതക്കം ഏറ്റുവാങ്ങിയപ്പോള്‍, വലിയ കുടുംബത്തിനുള്ള ആദരവില്‍ രൂപതയിലെ മുഴുവന്‍ വിശ്വാസികളും അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും വര്‍ഷിച്ച് അവരോടൊപ്പം അദൃശ്യരായി അവിടെ സന്നിഹിതരായിരുന്നു.

ചെടിയുടെ പുതുനാമ്പ് നുള്ളിക്കളയുന്ന ലാഘവത്തോടെ ഉദരത്തില്‍ അങ്കുരിക്കുന്ന നവജീവനെ അടര്‍ത്തിക്കളയുന്ന പുത്തന്‍ സംസ്‌ക്കാരത്തിനു മുന്നില്‍ ഈ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഒരേ സ്വരത്തില്‍ പറയുകയായിരുന്നു, ദൈവമേ നന്ദി! നീ തന്ന അമൂല്യമായ ഞങ്ങളുടെ പൊന്നുമക്കള്‍ക്കുവേണ്ടി, ശിശുവധമെന്ന അപരാധം ചെയ്യാതിരിക്കാന്‍ തന്ന മനോധൈര്യത്തിന്, മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞിനെ നുള്ളിക്കളയാന്‍ ശാരീരിക അവസ്ഥകളും മറ്റു പല പ്രേരണകളുമുണ്ടായിട്ടും അതിനു വഴങ്ങാതിരിക്കാന്‍ അങ്ങു തന്ന വിശ്വാസസ്ഥൈര്യത്തിന്, ഇപ്പോള്‍ ഞങ്ങള്‍ക്കു തുണയായി സഭയും സമൂഹവും കൂടെയുണ്ടെന്ന തിരിച്ചറിവിന്… ഒപ്പമൊരു പ്രാര്‍ഥന കൂടി : പൊട്ടിച്ചിരിയും കുഞ്ഞുകരച്ചിലും കലപില ശബ്ദങ്ങളും മഴക്കാര്‍ പരക്കുന്ന കൊച്ചുപിണക്കങ്ങളും മഴവില്‍ വിരിയുന്ന ഇണക്കങ്ങളും അലയടിക്കുന്ന ഞങ്ങളുടെ കൊച്ചുസ്വര്‍ഗത്തില്‍ അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാകണേ…

നിങ്ങൾ വിട്ടുപോയത്