ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട് കമ്മീഷനുകളെ നിയമിക്കുമെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ മത വേർതിരിവ് ഇല്ലാതെ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു. മതം അടിസ്ഥാനമാക്കിയ വോട്ട് ബാങ്ക് ഇന്ത്യയിൽ ഒരു യാഥാർഥ്യം ആയതിനാൽ മതപ്രീണനം ലക്ഷ്യമാക്കി നടത്തുന്ന ചെപ്പടി വിദ്യകൾ മാത്രമാണ് കമ്മീഷനുകൾ.

https://twitter.com/aimim_national/status/1213079236807757826/photo/1

സച്ചാർ കമ്മറ്റി റിപ്പോർട്ട് അനുസരിച്ചു മുസ്ലിം വിഭാഗക്കാരുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കണം എന്ന് പറഞ്ഞാൽ മുസ്ലിം വിഭാഗക്കാർക്ക് വേണ്ടി മാത്രമായി സർക്കാർ സ്‌കൂളുകൾ തുടങ്ങാൻ സാധിക്കില്ല. മുസ്ലിം വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പൊതുവായ സ്‌കൂളുകൾ തുടങ്ങാൻ മാത്രമേ സാധിക്കുകയുള്ളു. സർക്കാർ ജോലിയിൽ മുസ്ലിം വിഭാഗക്കാർ കുറവ് ആണെങ്കിൽ ജോലി ലഭിക്കാൻ കോച്ചിങ് നടത്താൻ വേണ്ട സ്ഥാപനങ്ങൾ മുസ്ലിം വിഭാഗക്കാർ കൂടുതലായി ഉള്ള പ്രദേശങ്ങളിൽ പൊതുവായി തുടങ്ങാൻ സാധിക്കും.

ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ തുടങ്ങുന്ന സ്ഥാപനങ്ങൾ ആണെങ്കിലും, സ്‌കോളർഷിപ്പുകൾ ആണെങ്കിലും ന്യൂനപക്ഷ വിഭാഗത്തിലെ എല്ലാവർക്കും ജനസംഖ്യാനുപാതികമായി അവകാശം ഉണ്ട്. ഒബിസി വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി അനുവദിക്കുന്ന ആനുകൂല്യങ്ങളിൽ മത വ്യത്യാസം ഇല്ലാതെ ഒബിസി വിഭാഗത്തിൽ പെട്ട എല്ലാവർക്കും ജനസംഖ്യാനുപാതികമായി അവകാശം ഉണ്ട്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങളും പൊതുവായി മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു.

ക്രിസ്ത്യൻ വിഭാഗത്തിന്റെ സാമൂഹിക പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ ജെബി കോശി കമ്മീഷനെ കഴിഞ്ഞ ഇടത് സർക്കാർ നിയമിച്ചിട്ടുണ്ട്. ജെബി കോശി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചു ക്രിസ്ത്യൻ വിഭാഗത്തിൽ കൂടുതലും കർഷകർ ആയതിനാൽ അവരെ സഹായിക്കാൻ വേണ്ടി ഉള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കും. ക്രിസ്ത്യാനികൾക്ക് മാത്രം അല്ല കർഷകർ ആയിട്ടുള്ള എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും അതിന്റെ ഗുണം ലഭിക്കും. റബറിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ഫാക്ടറികൾ സർക്കാർ ഉടമസ്ഥതയിൽ തുടങ്ങിയാൽ അതിന്റ ഗുണം റബർ കർഷകർ ആയിട്ടുള്ള എല്ലാവർക്കും ലഭിക്കും.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല. ന്യൂനപക്ഷം, പിന്നോക്കവിഭാഗം, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിങ്ങനെ മത വ്യത്യാസം ഇല്ലാതെ പദ്ധതികൾ അനുവദിക്കാൻ സാധിക്കും. മുസ്ലിംലീഗ് എന്ന മതം അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിന് ഇതിനെ കുറിച്ച് വ്യക്തമായി അറിവ് ഉള്ളത് കൊണ്ടാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ സുപ്രിം കോടതിയിൽ അപ്പീലിന് ശ്രമിക്കാതെ സാമുദായിക വേർതിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നത്.

ജസ്റ്റിൻ ജോർജ്

നിങ്ങൾ വിട്ടുപോയത്