ന്യൂഡല്‍ഹി: ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി പൊളിച്ചുനീക്കിയതില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിന്നു വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവം അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയെ മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ കത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി കഴിഞ്ഞ ചൊവ്വാഴ്ച ലോക്‌സഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അടുത്തയാഴ്ച നേരിട്ടു സംസാരിക്കാമെന്ന് അമിത് ഷാ ഇന്നലെ തന്നോടു പറഞ്ഞുവെന്നും ചാഴികാടന്‍ അറിയിച്ചു.

സംഭവത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നും കത്തോലിക്കാ സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതായി കൊടിക്കുന്നില്‍ അറിയിച്ചു. വിഷയം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഇന്നോ നാളെയോ കിട്ടുമെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബിഷപ്പിനെയും വിശ്വാസീ സമൂഹത്തെയും അറിയിക്കാന്‍ മന്ത്രി അമിത് ഷാ തന്നെ ചുമതലപ്പെടുത്തിയെന്നും കൊടിക്കുന്നില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂനപക്ഷ സമൂഹങ്ങളുടെ ഭരണഘടനാദത്തമായ ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ ആശങ്കയുളവാക്കുന്ന നേര്‍ക്കാഴ്ചയാണ് അന്ധേരിയ മോഡിലെ കത്തോലിക്കാ ദേവാലയം തകര്‍ത്ത നടപടിയെന്ന് അമിത് ഷായെ കൊടിക്കുന്നില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരും പഞ്ചാബിലെ അകാലിദള്‍ എംപിമാരും ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക എംഎല്‍എയും കോണ്ഗ്രിസ് പിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ നേരത്തെ അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സന്ദര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 12നാണ് നാനൂറോളം കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിശ്വാസികള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്. പള്ളി പൊളിച്ച സംഭവം ഡൽഹിയിലും രാജ്യത്തുടനീളവും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായിരിന്നു.

നിങ്ങൾ വിട്ടുപോയത്