സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു

കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ മിഷൻ ക്വിസ്സ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു.

വിദ്യാർഥികളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സാന്റിന സിജോ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗാസാ ബെന്നി രണ്ടാം സ്ഥാനവും ഉജ്ജയിൻ രൂപതയിലെ ജോയൽ ജോജോ മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ സോഫി ജോസഫ് ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി അതിരൂപതയിലെ റോഷിന ജോസഫ് രണ്ടാം സ്ഥാനവും ചിക്കാഗോ രൂപതയിലെ പിന്റോ അക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.

വിജയികൾക്കായുള്ള സമ്മാനത്തുകയും പ്രശസ്തിപത്രവും അതതു രൂപതകളിലെ മെത്രാന്മാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിൽനിന്ന് ഏറ്റുവാങ്ങി. മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാർ വിശാസികളെ സഭാപരമായ പഠനങ്ങൾക്കായി ഒരേ വേദിയിൽ കൊണ്ടുവരാൻ മിഷൻ ക്വസ്റ്റിനു സാധിച്ചത് അഭിനന്ദനാർഹമാണെന്ന് മേജർ ആർച്ച്ബിഷപ്പ് പരാമർശിച്ചു. നവംബർ 20-ാം തിയതി ഓൺലൈനായി നടത്തിയ ക്വിസ്സ് മത്സരം അഞ്ച് ഭാഷകളിൽ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്. വി. മത്തായിയുടെ സുവിശേഷം, ഇന്ത്യയും വി. തോമാശ്ലീഹായും, വി. ലാസറസ്സ് ദൈവസഹായം: ഇന്ത്യയുടെ ആദ്യത്തെ അൽമായ വിശുദ്ധൻ, സീറോമലബാർ സഭയെ കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷൻ ക്വിസ്സ് തയ്യാറാക്കിയത്.

www.syromalabarmission.com എന്ന വെബ്‌സൈറ്റിൽ രൂപതാതലത്തിലും ആഗോളതലത്തിലുമുള്ള വിജയികളുടെ വിശദശാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത് എം.എസ്.ടി. , വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ തോമസ് മേൽവെട്ടത്ത്, സി. മെർലിൻ ജോർജ്, സി. ജിൻസി ചാക്കോ, രൂപതാ മതബോധന കമ്മിഷൻ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ അടിക്കുറിപ്പ്: സീറോമലബാർ മിഷൻ ക്വിസിൽ വിദ്യാർഥികളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയ ചങ്ങനാശ്ശേരി അതിരൂപതയ്ക്കുള്ള അവാർഡ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്നും ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വീകരിക്കുന്നു.

ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

ജനുവരി 12, 2023

നിങ്ങൾ വിട്ടുപോയത്