*സിനഡും സിനഡാത്മകതയും*

2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡും അതിലെ മുഖ്യ വിഷയമായ സിനഡാത്മകതയുമാണ് ആഗോള കത്തോലിക്കാ സഭയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കുടുംബ-ഇടവകാ തലം മുതൽ ഭൂഖണ്ഡതലം വരെ ഇതിനു ഒരുക്കത്തിനായിട്ടുള്ള ചർച്ചകളും അഭിപ്രായ ശേഖരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മെത്രാൻമാരുടെ സിനഡും അതിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരാനിരിക്കുന്ന സാധാരണ സിനഡിനെ കുറിച്ചും അതിന്റെ അടിസ്ഥാന പ്രമേയമായ സിനഡാത്മകത (Synodality) യെക്കുറിച്ചുമുള്ള അല്പം അറിവ് നല്ലതാണ്.

*എന്താണ് സിനഡ്?*

‘സിനഡ്’ (Synod) എന്ന ഇംഗ്ലീഷ് പദം ‘സിൻ’ (Syn), ‘ഹോദോസ്’ (Hodos) എന്നിങ്ങനെയുള്ള രണ്ട് ഗ്രീക്ക് പദങ്ങൾ യോജിച്ചു ഉണ്ടായതാണ്. ‘സിൻ’ (Syn) എന്നാൽ ‘ഒന്നിച്ച്’, ‘ഒപ്പം’, ‘കൂടെ’ എന്നൊക്കെയാണ് അർത്ഥം . ‘ഹോദോസ്’ ( Hodos) എന്നാൽ ‘വഴി’ ‘മാർഗ്ഗം’ ഇതെല്ലാമാണ് അർത്ഥം. അതുകൊണ്ട് ‘ഒന്നിച്ച് വഴിയിൽ’ , അല്ലെങ്കിൽ ‘കൂടെ വഴിയിൽ’, ‘ഒരേ വഴിയിൽ’ എന്നല്ലാമാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ‘ഒന്നിച്ച് നടക്കുക’ (Walking Together) എന്നതാണ് ‘സിനഡ്’ എന്നതിന് നൽകാവുന്ന വാച്യ അർത്ഥം. ‘സിൻ’ , ‘ഹോദോസ്’ എന്നീ പദങ്ങൾ കൂട്ടി ചേർത്ത് ‘സൂനഹദോസ്’ എന്ന പദമാണ് സിനഡിനെ സൂചിപ്പിക്കുവാനായി സാധാരണ മലയാളത്തിൽ ഉപയോഗിക്കാറുള്ള വാക്ക്.

*ചരിത്ര പശ്ചാത്തലം*

അപ്പോസ്തലന്മാരായ പത്രോസിന്റെയും യാക്കോബിന്റെയും ഒപ്പം പൗലോസിന്റെയും നേതൃത്വത്തിൽ എ.ഡി 49ൽ ജെറുസലേമിൽ കൂടിയ സമ്മേളനം ആണ് (അപ്പ. പ്രവർത്തനം 15) സഭയുടെ ചരിത്രത്തിലെ ആദ്യ സൂനഹദോസ് ആയി പരിഗണിക്കുന്നത്. വിജാതീയരെ സഭയിലേക്ക് സ്വീകരിക്കുമ്പോൾ പരിച്ഛേദന കർമ്മം തുടരേണ്ടതുണ്ടോ എന്നുള്ള തർക്കത്തിൽ നിന്നുമാണ് ഇത്തരമൊരു സമ്മേളനം കൂടുന്നതും അതിൻറെ ഫലമായി സഭ ഒന്നാകെ ഒരു തീരുമാനത്തിലേക്ക് എത്തുന്നതും. ജെറുസലേം സമ്മേളനം മാറ്റി നിർത്തിയാൽ എ.ഡി 325ൽ നിഖ്യായിൽ കൂടിയ സൂനഹദോസ് (Synod) ആണ് സർവത്രിക സഭയിലെ ആദ്യ സൂനഹദോസ് ആയി കണക്കാക്കുന്നത്. നിഖ്യാ സൂനഹദോസ് മുതൽ ഏറ്റവും ഒടുവിൽ നടന്ന രണ്ടാം വത്തിക്കാൻ സൂനഹദോസ് ( 1962-65) ഉൾപ്പെടെ 24 സർവ്വത്രിക സൂനഹദോസുകളാണ് ( Eccumenical Council) ഇതുവരെ ആഗോള കത്തോലിക്കാസഭയിൽ നടന്നിട്ടുള്ളത്.

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ അവസാന ഘട്ടത്തിൽ പോൾ ആറാമൻ മാർപാപ്പ സാർവ്വത്രിക സൂനഹദോസുകൾ വിളിച്ചു കൂട്ടുന്നതിന്റെ പ്രായോഗികമായ തടസ്സങ്ങൾ ഏറിയതിനാൽ ഒരു പുതിയ സംവിധാനം നിലവിൽ കൊണ്ടുവന്നു. അതാണ് ‘Synodus Episcoporum’ അഥവാ ‘മെത്രാന്മാരുടെ സിനഡ്’ . അത് പിന്നീട് മെത്രാന്മാരുടെ ‘പൊതുസംഘം’ അഥവാ ‘General Assembly of Bishops’ എന്ന പേരിൽ അറിയപ്പെട്ടു. ആദ്യകാലങ്ങളിൽ രണ്ടുവർഷം കൂടുമ്പോഴും ഇപ്പോൾ മൂന്ന് വർഷത്തിലൊരിക്കലും ആണ് മാർപാപ്പ ഇത്തരമൊരു ബിഷപ്പുമാരുടെ സിനഡ് വിളിച്ചുകൂട്ടുന്നത്. അങ്ങനെ 15 സാധാരണ സിനഡുകൾ ( Ordinary Synods) ആണ് രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം സഭയിൽ നടന്നിട്ടുള്ളത്. പതിനാറാമത്തെ സിനഡാണ് 2023 ഒക്ടോബർ മാസത്തിൽ റോമിൽ വെച്ച് നടക്കാനായി ഒരുങ്ങുന്നത്. സാദാരണ സിനിഡിനു പുറമെ അത്യാവശ്യ സന്ദർഭങ്ങളിൽ ചില അസാധാരണ സിനഡുകളും (Extra Ordinary Synods) മാർപാപ്പ വിളിച്ചു കൂട്ടാറുണ്ട്. 2019ൽ വിളിച്ചുകൂട്ടി ‘ആമസോൺ മെത്രാൻ സിനഡ്’ ഇതിനു ഒരു ഉദാഹരണമാണ്.

*സിനഡിന്റെ വിഷയം*

റോമിൽ വച്ചു നടക്കുന്ന പതിനാറാമത് സാധാരണ സിനഡിന്റെ വിഷയമായി മാർപാപ്പ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു സിനഡാത്മക സഭയ്ക്ക് വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം പ്രേക്ഷിതത്വം എന്ന വിഷയമാണ്.

*കൂട്ടായ്മ (Koinonia)*

കത്തോലിക്ക തിരുസഭ എന്നത് 23 പൗരസ്ത്യ സഭകളും (ഗ്രീക്ക്- സുറിയാനി) ഒരു പാശ്ചാത്യ സഭയും അടങ്ങുന്ന 24 വ്യക്തിഗത സഭകളുടെയും (Sui iuris) ഒരു കൂട്ടായ്മയാണ്. ‘സഭ’ എന്നതിന് തത്തുല്യമായ ഗ്രീക്ക് പദം ‘Ecclesia’ എന്നതാണ്. ‘അസംബ്ലി’ അഥവാ ‘കൂട്ടായ്മ’ എന്നാണ് ആ വാക്കിനർത്ഥം. അതിന് തുല്യമായ ഹീബ്രു പദം ‘Kahal Yahway’ ‘യഹോവയുടെ സമൂഹം’ എന്നാണ്. എന്ന് പറഞ്ഞാൽ സഭയുടെ അടിസ്ഥാന സ്വഭാവ സവിശേഷതയായി നിൽക്കേണ്ടത് ഈ കൂട്ടായ്മയാണ് എന്നർത്ഥം. ഈ സഭാ കൂട്ടായ്മയിലെ അംഗമാകുന്ന ഒരു വ്യക്തി , സഭയുടെ ദൈവ ശാസ്ത്രം, ആരാധനക്രമം, ആധ്യാത്മികത, ഭരണക്രമം, അച്ചടക്കം എന്നിവയെല്ലാം കാത്തുസൂക്ഷിക്കുവാൻ ബാധ്യസ്ഥനാണ്.

*പങ്കാളിത്തം (Participation)*:

കൂട്ടായ്മയോട് ചേർന്ന് നിൽക്കുന്ന ഒന്നു തന്നെയാണ് പങ്കാളിത്തം. തീർത്ഥാടകയായ സഭയുടെ സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കിയുള്ള ഒന്നിച്ചുള്ള സഞ്ചാരത്തിൽ പങ്കുചേരുവാൻ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ട്. സഭ എന്നാൽ മെത്രാന്മാരുടെയും വൈദികരുടെയും മാത്രം ഒരു ഗണമല്ല. മറിച്ചു ഓരോ വിശ്വാസിക്കും അതിൽ വ്യക്തമായ സ്ഥാനവും ഉത്തരവാദിത്വമുണ്ട്. അവർ തങ്ങൾക്ക് നൽകപ്പെട്ട കടമ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് പൂർത്തിയാക്കണം. അതുകൊണ്ടുതന്നെ പങ്കാളിത്തം (Participation) എന്ന് പറയുന്നത് കൂട്ടായ്മയുടെ ( Koinonia) മറുവശമാണ്.

*പ്രേക്ഷിതത്വം (Mission)*:

സഭ സ്വഭാവത്താൽ പ്രേക്ഷിതയാണ് (AG 2 )എന്നാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് നമ്മെ പഠിപ്പിക്കുന്നത്. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” ( മർക്കോസ് 16:15) എന്നാണ് ഈശോ അവസാനമായി ശിക്ഷ്യന്മാർക്ക് നൽകിയ ഉപദേശം. എന്നു വച്ചാൽ മാമോദിസ സ്വീകരിച്ച ഏതൊരു ക്രൈസ്തവനും ക്രിസ്തു സന്ദേശം ലോകത്തെ അറിയിക്കുവാനുള്ള ഉത്തരവാദിത്തമുണ്ട് .അടിസ്ഥാനപരമായി ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണെന്ന് ചുരുക്കം.

*’ലോഗോ’ എന്ത് സൂചിപ്പിക്കുന്നു?*

സ്വർഗ്ഗീയ ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തുന്ന ഒരു ഗണത്തെയാണ് സിനഡിന്റെ ലോഗോയിൽ നമുക്ക് കാണാനാവുക.*ആകാശം മുട്ടുന്ന ഒരു വൃക്ഷവും രണ്ട് ശാഖകളും:-* വൃക്ഷം ഈശോയുടെ കുരിശിൻറെ പ്രതീകമാണ്. ശാഖകൾ ആകട്ടെ പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്നു.

*സൂര്യൻ:*

വൃക്ഷത്തിൽ നിന്നും ഉയർന്നുവരുന്ന സൂര്യൻ ലോകത്തിന്റെ പ്രകാശവും ദിവ്യകാരുണ്യവുമായ ഈശോയെ സൂചിപ്പിക്കുന്നു ഈ കുരിശിൽ നിന്നാണ് സഭ യാത്ര തുടരുന്നത്.*യാത്രക്കാർ*:- 15 പേരുടെ ഒരു ഗ്രൂപ്പാണ് യാത്രയിൽ നമുക്ക് കാണാൻ കഴിയുന്നത്. അതിൽ വ്യത്യസ്തമായിട്ടുള്ള പ്രായക്കാർ ലിംഗത്തിൽ ഉള്ളവർ , സന്യസ്തർ, മെത്രാൻ , ശാരീരിക അവശത അനുഭവിക്കുന്നവർ കുട്ടി , യുവാവ് ഇങ്ങനെ ജീവിതത്തിൻറെ വ്യത്യസ്ത തലങ്ങളിലുള്ളവരെയും കണ്ടുമുട്ടുന്നു. ഇവരെല്ലാവരും ചേർന്നതാണ് സഭ

*വ്യത്യസ്തമായ നിറം*:-

ഇത് സൂചിപ്പിക്കുന്നത് സഭയുടെ സന്തോഷത്തിന്റെയും വ്യത്യസ്തതയുടെയും പ്രതീകമായിട്ടാണ്. വ്യത്യസ്തതകൾ എല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് സഭ മുന്നോട്ടു നീങ്ങുന്നത് എന്ന് ചുരുക്കം. നീതി സൂര്യനായ ഈശോയുടെ കുരിശിന്റെ ചുവട്ടിൽ നിന്നും സ്വർഗത്തിലേക്ക് തീർത്ഥാടനം നടത്തുന്ന വ്യത്യസ്തതകൾ ഏറെയുള്ള സഭയെ ആണ് ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

*’സിനഡാത്മകത’ അഥവാ ‘ഒന്നിച്ചുള്ള നടക്കൽ’*

രണ്ടാം വത്തിക്കാൻ സൂനഹദോസിസ് മുന്നോട്ടു വച്ച ഒരു പ്രധാന ദർശനം ലോകത്തോടുള്ള ശുശ്രൂഷയിലും ദൗത്യത്തിലും മാർപാപ്പയുടെയും മെത്രാൻമാരുടെ തിരുസംഘത്തിന്റെയും കൂട്ട ഉത്തരവാദിത്തമാണ്. ഇതിനെയാണ് സംഘാത്മകത ( Collegiality of Bishops) എന്ന് പറയുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള മെത്രാന്മാർ മാർപാപ്പയോട് ചേർന്നുനിന്ന് ലോകത്തിൻറെ വെല്ലുവിളികളെ പഠിച്ച് കർമ്മപദ്ധതികൾ രൂപീകരിക്കുന്നതിനോട് ഒപ്പം തന്നെ സഭയിലെ ഓരോ അംഗത്തേയും തുല്യപ്രാധാനത്തോടെ പരിഗണിച്ച് മുന്നോട്ട് പോകുന്ന സഭ എന്നതാണ് സിനഡാത്മകത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് സഭ എന്നത് കേവലം മാർപാപ്പയുടെയും മെത്രാൻമാരുടെയും ‘സംഘാത്മകത’ എന്നതിലുപരി സകല വിശ്വാസികളെയും തുല്യതയോടെ പരിഗണിക്കുന്ന കൂട്ടായ്മയായി കണക്കാക്കുന്നതാണ് സിനഡാത്മകത (Synodality) . സഭയിലെ എല്ലാ അംഗങ്ങളും പങ്കാളികളാകാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ പ്രേഷിത ദൗത്യമാണ് ഈ സിനഡാത്മകത എന്നതിന്റെ കാതൽ.

*ശ്രവിക്കുന്ന സഭയും സഹഗമിക്കുന്ന സഭയും*

പരസ്പരം ശ്രവിക്കുക എന്നതാണ് സിനഡാത്മക സഭയുടെ സവിശേഷതകളിൽ ഒന്നായി മാർപാപ്പ ചൂണ്ടി കാണിക്കുന്നത്. ഈശോ എല്ലാവരെയും ശ്രവിക്കാനായിട്ട് തയ്യാറാകുന്നു. അവിടുന്ന് സമരിയക്കാരി സ്ത്രീയെ ( യോഹ 4) അന്ധനായ യാചകനെ (മർക്കോസ് 10) നല്ല കള്ളനെ ( ലൂക്ക 23) അങ്ങനെ എല്ലാവരെയും കേൾക്കാൻ തയ്യാറാകുന്നു. അത്തരത്തിൽ മറ്റുള്ളവരെ ശ്രവിക്കാൻ നമുക്ക് പറ്റണം. നേതാക്കന്മാരുടെയും ഭൂരിപക്ഷത്തിന്റെയും ശബ്ദത്തിന് മാത്രമല്ല സഭയിൽ പ്രാധാന്യം മറിച്ച് ഒറ്റപ്പെട്ടവരുടെയും അണികളുടെയും പിന്നിൽ നിൽക്കുന്നവരുടെയും ശബ്ദത്തിന് കാതോർക്കുവാൻ സഭ പഠിക്കണം. അതുകൊണ്ടു സിഡാത്മകത എന്നുള്ളത് അടിസ്ഥാനപരമായി ഒരു ആത്മീയ പക്രിയ കൂടിയാണ്. പരസ്പരം ശ്രവിക്കാനും അഭിപ്രായ വ്യത്യാസങ്ങളെ പരസ്പരമുള്ള തുറന്ന് പറച്ചിലിലൂടെയും ചർച്ചയിലൂടെയും പരിഗണിച്ച് പരിശുദ്ധാത്മാവിനാൽ പ്രചോദനത്താൽ സമുന്ന്വയിപ്പിച്ച് മുന്നോട്ടുപോകാൻ സഭക്ക് സാധിക്കണം. വെറും ഭൂരിപക്ഷ അഭിപ്രായത്തിന് മാറി എല്ലാവർക്കും തുല്യപ്രാധാനം നൽകുന്ന സഭയെയാണ് ഈ സിനഡ് ലക്‌ഷ്യം വക്കുന്നത്. അതായത് ഒരു ‘പിരമിഡ് മോഡൽ’ സഭയിൽ നിന്ന് ഒരു ‘വൃത്താകൃതി’യായ സഭയാണ് മൂന്നാം സഹസ്രത്തിലേക്ക് നീങ്ങുമ്പോൾ മാർപാപ്പ മുന്നിൽ കാണുന്നത് എന്ന് ചുരുക്കം

*തല തിരിഞ്ഞ ചിന്ത*

‘ബാംഗ്ലൂർ ഡേയ്സ്’ സിനിമയിൽ വീൽചെയറിൽ സഞ്ചരിക്കുന്ന നടി, തന്റെ പിന്നാലെ വന്നു ശല്യം ചെയ്യുന്ന ചെറുപ്പക്കാരനോട് ചോദിക്കുന്ന ചോദ്യമുണ്ട് . “നിങ്ങൾ എന്തിനാണ് എൻറെ പിന്നാലെ ഇങ്ങനെ നടക്കുന്നത്..?” അതിനു അവന്റെ മറുപടി ഇതാണ്. “എനിക്ക് നിന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് ഇഷ്ടം ” എന്ന്.

സിനഡ് എന്താണ് എന്ന ചോദ്യത്തിനു നൽകാവുന്ന ഒറ്റഉത്തരം ഈ ‘ഒപ്പം നടക്കൽ’ എന്നല്ലാതെ മറ്റെന്താണ്…!!!

ഫാ. നൗജിൻവിതയത്തിൽ

നിങ്ങൾ വിട്ടുപോയത്