ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം മനസിലാക്കുന്നത്. വി. ലൂക്കാ സുവിശേഷകൻ മാത്രം നമ്മുടെ കർത്താവ് ഒരിക്കൽമാത്രം ഗലീലിയിൽ നിന്നു ജറൂസലേത്തേക്കു പോയതായിട്ട് അവതരിപ്പിക്കുന്നു. ഈ ഏകയാത്രയിലാണ് വി. ലൂക്കാ നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിലെ എല്ലാ സംഭവങ്ങളും നടന്നതായി രേഖപ്പെടുത്തുന്നത്. ഒരു കാര്യം വ്യക്തമാണ്. നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനത്തിന് അതിന്റേതായ അർത്ഥമുണ്ട്.

ഈ ജറുസലം പ്രവേശനവും ദൈവാലയശുദ്ധീകരണവും നമ്മുടെ കർത്താവ് ആലോചിച്ചു ബോധപൂർവ്വം ചെയ്ത കാര്യമാണ്. നാല് സുവിശേഷങ്ങളും ഈശോയുടെ ജറുസലം പ്രവേശനം രേഖപ്പെടുത്തുന്നുണ്ട്. സമാന്തരസുവിശേഷങ്ങൾ വി. മത്തായി, വി. മർക്കോസ്, വി. ലൂക്കാ ഇവ മൂന്നിലും ഈശോ രണ്ട് ശിഷ്യന്മാരെ വിട്ടു കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവരുവാൻ പറയുന്നതു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം കഴുതപ്പുറത്തുള്ള കർത്താവിന്റെ വരവു കണ്ടാണു ജനങ്ങൾ വഴിയുടെ രണ്ടു വശത്തും ഓടിക്കൂടി വസ്ത്രങ്ങൾ വിരിച്ചും മരച്ചില്ലകൾ നിരത്തിയും ഈശോയെ വരവേറ്റത്. ജനം ആർത്തുവിളിച്ചു: “ദാവിദിന്റെ പുത്രന് ഓശാന; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ, ഉന്നതങ്ങളിൽ ഓശാന.”

എന്തുകൊണ്ടു കർത്താവ് ഇപ്രകാരം ഒരു ആഘോഷപൂർവ്വമായ വരവേൽപിനു തയ്യാറാകുന്നു? പരസ്യജീവിതത്തിൽ മറ്റൊരവസരത്തിലും അവിടന്നു ജനങ്ങളിൽ നിന്ന് ഒരംഗീകാരവും ഏറ്റു വാങ്ങിയിട്ടില്ല. ഒരവസരത്തിൽ ജനങ്ങൾ ‘തന്നെ രാജാവാക്കാനാഗ്രഹിക്കുന്നു’ എന്നു മനസിലാക്കിയ ഈശോ അവരുടെ ഇടയിൽനിന്നു മാറിപോകുന്നുണ്ട്. യോഹന്നാൻ സുവിശേഷകനാണ് അതു രേഖപ്പെടുത്തുന്നത്. അഞ്ച് ബാർലി അപ്പവും രണ്ട് മീനും വർദ്ധിപ്പിച്ചു ജനക്കൂട്ടത്തിനു തൃപ്തിവരുവോളം ഭക്ഷണം നൽകിയ ഈശോയെക്കുറിച്ചു ജനങ്ങൾ പറഞ്ഞു: “ലോകത്തിലേക്കു വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്.” പിന്നീടു യോഹന്നാൻ രേഖപ്പെടുത്തുന്നു: “അവർ വന്ന് തന്നെ രാജാവാക്കാൻ വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാൻ ഭാവിക്കുന്നു എന്ന് മനസിലാക്കിയ ഈശോ വീണ്ടും തനിയെ മലമുകളിലേക്ക് പിന്മാറി” (യോഹ. 6: 14-15).

ഓശാന വരവേൽപ്പിനു ശേഷം നടക്കാനിരുന്ന പീഡാസഹനം, മരണം, ഉത്ഥാനം എന്നീ സംഭവങ്ങളുടെ മുന്നോടിയായിട്ടാണു കർത്താവ് ആഘോഷമായി ജറൂസലത്തു പ്രവേശിക്കുന്നത്. കർത്താവിന്റെ സഹനവും മരണവും ഉത്ഥാനവുമാകുന്ന മനുഷ്യരക്ഷയുടെ സംഭവങ്ങൾ എല്ലാം അരങ്ങേറുന്നതു ജറൂസലമിൽ ആണ്. സഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും കർത്താവ് കടന്നുപോയത് ഉത്ഥാനത്തിലെ വിജയത്തിലേക്കാണ്. ഈ വിജയവും ഓശാന ഞായറിലെ വരവേൽപ്പിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. സഹനവും മരണവും ഉത്ഥാനവും വഴി മനുഷ്യവംശത്തിന്റെ രക്ഷയും വിശുദ്ധീകരണവുമാണ് ഈശോ സാധിച്ചത്. ജറൂസലം ദൈവാലയത്തിന്റെ ശുദ്ധീകരണം മനുഷ്യസമൂഹത്തിന്റെ ശുദ്ധീകരണത്തെതന്നെയാണ് അർത്ഥമാക്കുന്നത്. ലോകാരംഭം മുതൽ ലോകാവസാനംവരെ തന്നിൽനിന്ന് അകന്നുപോകുന്ന മനുഷ്യനെ തന്നിലേക്ക് അടുപ്പിക്കുന്ന ദൈവത്തിന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. ആദവും ഹവ്വയും ദൈവം കൽപ്പിച്ച പ്രമാണം ലംഘിച്ചു പാപം ചെയ്തപ്പോൾ ദൈവം ഇറങ്ങിവന്ന് അവരുടെ തെറ്റു ബോധ്യപ്പെടുത്തുകയും രക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കായേൻ ആബേലിനെ വധിച്ചപ്പോഴും കർത്താവ് ഇറങ്ങിവന്ന് ‘നിന്റെ സഹോദരൻ എവിടെ’ എന്ന് കായേനോടു ചോദിക്കുന്നുണ്ട്. ഇതുപോലെ മനുഷ്യരുടെ വ്യക്തിജീവിതങ്ങളിൽ മന:സാക്ഷിയുടെ സ്വരമായി ദൈവം ഇറങ്ങിവന്നു മനുഷ്യരെ പാപത്തിൽ നിന്നു പിൻതിരിപ്പിക്കുന്നുണ്ട്. താൻ തെരഞ്ഞടുത്ത ജനമായ ഇസ്രായേലിനെ തന്നോടു ചേർത്തുനിർത്താനും തിന്മയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനും ദൈവം പ്രവാചകന്മാരെ അയച്ച് അവരെ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നുണ്ട്. ഈജിപ്തിലെ അടിമത്തത്തിൽനിന്നുള്ള ഇസ്രായേൽ ജനത്തിന്റെ മോചനവും ദൈവത്തിന്റെ രക്ഷാകരമായ പ്രവർത്തനത്തിന് ഉദാഹരണമാണ്. ഇപ്രകാരമുള്ള ദൈവത്തിന്റെ ഇറങ്ങിവരവുകളിൽ, ദൈവവും മനുഷ്യനുമായ ഈശോമിശിഹായിലൂടെയുള്ള ഇറങ്ങിവരവാണ് ഏറ്റവും പ്രധാനപ്പെട്ടത്. നമ്മുടെ രക്ഷയ്ക്കായി മനുഷ്യജന്മമെടുത്തു മനുഷ്യവംശത്തോടൊപ്പം ജീവിച്ച കർത്താവ് നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും വഴി അതു പൂർത്തീകരിക്കുകയും ചെയ്തു. മനുഷ്യവംശത്തിന്റെ രക്ഷാകരമായ ഈ ശുദ്ധീകരണമാണ് ഓശാന ഞായറിലെ ശുദ്ധീകരണകർമ്മത്തിൽ കർത്താവ് മുൻകൂറായി അടയാളപ്പെടുത്തുന്നത്. അന്നത്തെ ജറൂസലം നിവാസികളോടൊപ്പം മനുഷ്യവർഗം മുഴുവനും സന്നിഹിതമാകുന്നുവെന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ നമ്മുടെ ഓശാന ഞായർ ആഘോഷത്തിലും നമ്മുടെ എല്ലാ തിരുക്കർമ്മങ്ങളിലും നാം പ്രാർത്ഥിക്കുമ്പോൾ, നാം വി. കുർബാന അർപ്പിക്കുമ്പോൾ, പ്രിയമുള്ളവരേ, ദൈവാലയത്തിൽ സമ്മേളിക്കുന്ന നാം മാത്രമല്ല, നമ്മോടൊപ്പം മനുഷ്യവംശം മുഴുവൻ സന്നിഹിതമാണ്. അതുപോലെതന്നെ, സ്വർഗവാസികളും ഭൂവസികളുമായിട്ടുള്ള സകലരും ഒന്നിച്ചാണു നാം ആരാധനാശുശ്രൂഷകൾ നിർവഹിക്കുന്നത്. കർത്താവായ ഈശോമിശിഹായിൽ മനുഷ്യവംശം മുഴുവൻ ആയിരിക്കുന്നു, ചരിക്കുന്നു, ജീവിക്കുന്നു. അതിനാൽത്തന്നെ നമ്മുടെ ജീവിതം സകലമനുഷ്യർക്കും വേണ്ടിയിട്ടുള്ള ഒരു സമർപ്പണമാകണം. കർത്താവായ ഈശോമിശിഹായോട് ഒപ്പമുള്ള ഒരു സമർപ്പണം. അപ്രകാരമുള്ള സമർപ്പണത്തിൽ നമുക്കു സഹനങ്ങളും കുരിശിന്റെ അനുഭവങ്ങളും ഉണ്ടാകും. മരണത്തിനു ശേഷം അവനോടൊപ്പം ഉത്ഥാനം ചെയ്യുകയും ചെയ്യും. എല്ലാം ക്രിസ്തുവിലൂടെ, എല്ലാം ക്രിസ്തുവിനോടുകൂടെ, എല്ലാം ക്രിസ്തുവിൽതന്നെ. ഈ ആഴ്ചയിലെ എല്ലാ തിരുക്കർമ്മങ്ങളിലും ഈ വിശ്വാസവീക്ഷണത്തോടെ നമുക്കു സംബന്ധിക്കാം.

എന്തുകൊണ്ട് ആഘോഷപൂർവ്വമായ വരവേൽപ്പിനു കർത്താവ് കഴുതപ്പുറത്ത് വരുന്നു? കർത്താവിന്റെ വിനയാന്വിതമായ ജീവിതത്തിന്റെ പ്രകാശനമാണ് ഇതുവഴി സംഭവിച്ചതെന്നു നാം മനസിലാക്കുന്നു. ‘മനുഷ്യപുത്രൻ വിനയന്വാതിനായി കഴുതപ്പുറത്തു, കഴുതക്കുട്ടിയുടെ പുറത്തു കയറിവരുന്നു’ എന്ന സക്കറിയ പ്രവാചകന്റെ വാക്കുകളും ഇവിടെ അന്വർത്ഥമാവുകയാണ്. പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാം സ്വീകരിക്കേണ്ട ഒരു പാഠവും കർത്താവിന്റെ വിനയപൂർവ്വമായ ഈ പ്രവൃത്തിയിൽ നമുക്കു കാണാം. ആഘോഷങ്ങൾ ഏറ്റവും ആഢംബരപൂർണമാക്കുവാനാണു നാം ആഗ്രഹിക്കുന്നത്. അപ്രകാരമാണു സമൂഹത്തിൽ പൊതുവേ ആഘോഷങ്ങൾ നടന്നുവരുന്നതും. ‘എന്റെ മകന്റെ അഥവാ മകളുടെ വിവാഹം ഏറ്റവും ആഢംബരപൂർണമാകണമെന്ന്’ ആഗ്രഹിച്ചു നടത്തുന്ന ആഘോഷങ്ങൾ ധൂർത്തിന്റെ പര്യായയങ്ങളായി മാറുന്നില്ലേ? എന്നാൽ ഭാഗ്യമെന്നുപറയട്ടെ, ഇന്നു പല യുവതീയുവാക്കന്മാരും ഈ പ്രവണതക്ക് എതിരെ ആദർശനിഷ്ഠയോടെ വിനയപൂർവ്വമായ വിവാഹാഘോഷങ്ങൾ നടത്തി നല്ല മാതൃക സമൂഹത്തിനു നൽകുന്നുണ്ട്. നമ്മുടെ ജൂബിലി ആഘോഷങ്ങളും കർത്താവിന്റെ ഒാശാന ഞായറിലെ വരവേൽപ്പിലെ ലാളിത്യവും മിതത്വവും നിറഞ്ഞതാകാൻ ശ്രദ്ധിക്കണമെന്നു കർത്താവ് നമ്മോട് ആവശ്യപ്പെടുന്നു. നമ്മുടെ ആഘോഷങ്ങളുടെ മിതത്വം നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങളിലും അത്യാവശ്യങ്ങളിലും അവരെ സഹായിക്കാൻ നമുക്ക് ഉപകരിക്കും. കർത്താവിന്റെ കാരുണ്യവും സ്നേഹവുമാണു നമ്മുടെ എല്ലാ ജീവിതവ്യാപാരങ്ങളിലും നിരന്തരം പ്രകാശിതമാകേണ്ടത്.

പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിലുമുണ്ട് ഓശാനകൾ. നമ്മുടെ ജന്മദിനാഘോഷങ്ങൾ, വിവാഹാഘോഷങ്ങൾ, യാത്രയയപ്പ് സമ്മേളനങ്ങൾ, ഷഷ്ട്യബ്ദപൂർത്തി, അശീതി, നവതി ആഘോഷങ്ങൾ ഇങ്ങനെ പലതും. ഈ സന്ദർഭങ്ങളിലൊക്കെ നമുക്കു മറ്റുള്ളവർ ഓശാന പാടും, ആശംസകൾ അർപ്പിക്കും. അവയിലൊന്നും മതിമറന്നു പോകാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. ദൈവതിരുമുമ്പാകെ നാം എന്തായിരിക്കുന്നുവോ അതു മാത്രമാണ് നമ്മെ വലിയവരാക്കുന്നത്. നമ്മെക്കുറിച്ചുതന്നെ നമുക്കു യാഥാർത്ഥ്യബോധമുള്ളവരാകാം. നമ്മുടെ ആഘോഷങ്ങളെല്ലാം തികച്ചും ലളിതവും മറ്റുള്ളവർക്കു നന്മവരുത്തുന്നതും ആകുവാൻ നമുക്കു ശ്രദ്ധിക്കാം. നമ്മുടെ ശുദ്ധീകരണവും ഓശാന ഞായർ നൽകുന്ന സന്ദേശമാണ്. കർത്താവ് ജറുസലം ദൈവാലയത്തെ ശുദ്ധീകരിച്ചതുപോലെ നാമാകുന്ന ദൈവാലയത്തെ നാം ശുദ്ധീകരിക്കണം. ദൈവത്തോടും സഹോദരങ്ങളോടും നാം അനുരജ്ഞനപ്പെടണം. ഈ വലിയ ആഴ്ചയിൽ അനുരജ്ഞനത്തിന്റെ കൂദാശ സ്വീകരിക്കുവാനും നമുക്കു പ്രത്യേകം സൗകര്യങ്ങൾ ലഭിക്കുമല്ലോ. അവയെ നമുക്കു പ്രയോജനപ്പെടുത്താം. നമ്മെയും നമ്മുടെ കുടുംബങ്ങളെയും ഇടവകയെയും സമൂഹത്തെയും ദൈവത്തിനു യോജിച്ച വാസസ്ഥലങ്ങളാക്കി മാറ്റുവാൻ നമുക്കു പരിശ്രമിക്കാം. ദൈവത്തോടും സഹോദരങ്ങളോടും അനുരജ്ഞിതരായി ജീവിക്കുവാൻ ഉള്ള കൃപ കാരുണ്യവാനായ കർത്താവ് നമുക്കു നൽകുമാറാകട്ടെ. ഏവർക്കും നല്ല വലിയ ആഴ്ച ആശംസിക്കുന്നു. ദൈവത്തിനു സ്തുതി! ആമ്മേൻ.

നിങ്ങൾ വിട്ടുപോയത്